നായയുടെ ഉടമയായ ചെന്‍ പറയുന്നു, ഒരു കാര്‍ ആക്സിഡന്‍റിലാണ് നായയ്ക്ക് കാലിന് പരിക്കേറ്റത്. അതിനുശേഷം ദേഹത്ത് പിടിപ്പിച്ച ഉപകരണത്തിന്‍റെ സഹായത്തോടെയാണ് അത് നടന്നിരുന്നത്.

ബെയ്ജിങ്: കാല് വയ്യാത്ത തന്‍റെ നായയ്ക്ക് ചിറക് വെച്ച് കൊടുത്ത ഈ കുഞ്ഞാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. മാലാഖച്ചിറകുകള്‍ വെച്ച നായക്കുട്ടിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒരു കാലിന് വയ്യാത്തതിനാല്‍ കൃത്രിമമായി വെച്ച ഉപകരണത്തിന്‍റെ സഹായത്തോടെ ആയിരുന്നു നായ നടന്നിരുന്നത്. അതിന്‍റെ കൂടെ രണ്ട് ചിറകുകള്‍ കൂടി നായയ്ക്ക് വച്ചുകൊടുത്തതായി ചിത്രത്തില്‍ കാണാം. 

നായയുടെ ഉടമയായ ചെന്‍ പറയുന്നു, ഒരു കാര്‍ ആക്സിഡന്‍റിലാണ് നായയ്ക്ക് കാലിന് പരിക്കേറ്റത്. അതിനുശേഷം ദേഹത്ത് പിടിപ്പിച്ച ഉപകരണത്തിന്‍റെ സഹായത്തോടെയാണ് അത് നടന്നിരുന്നത്. നായയെ ദൂരെക്കളയാമെന്നാണ് ചെന്‍ ആദ്യം കരുതിയിരുന്നത്. പക്ഷെ, അദ്ദേഹത്തിന്‍റെ മകള്‍ ജിയാ ജിയ അത് സമ്മതിച്ചില്ല. 

ചിറകുകള്‍ വെച്ച് നൃത്തം ചെയ്യുന്ന തന്‍റെ വീഡിയോ ജിയാ ജിയ ടിക്ടോക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. അതിന് ഒരുപാട്പേര്‍ അഭിനന്ദനമറിയിച്ചിരുന്നു. അപ്പോഴാണ് തന്‍റെ നായക്കും ചിറക് വച്ചുകൊടുക്കണമെന്ന് അവള്‍ക്ക് തോന്നിയത്. അങ്ങനെ ചെയ്താല്‍ അവനും ഒരുപാട് അഭിനന്ദനങ്ങളും സ്നേഹവും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ജിയാ ജിയ അത് ചെയ്തത്. 

അതുപോലെ സംഭവിച്ചു. നിരവധി പേരാണ് നായയുടെ ഫോട്ടോയും വീഡിയോയും എടുത്തത്. ജിയയെ സംബന്ധിച്ച് അവനൊരു അരുമമൃഗം മാത്രമല്ല. അവളുടെ അടുത്ത സുഹൃത്ത് കൂടിയാണ്. അവള്‍ പറയുന്നത്, അവന്‍റെ ഒരുപാട് ഫോട്ടോയും വീഡിയോയും ഇനിയും അവള്‍ ടിക്ടോകില്‍ പോസ്റ്റ് ചെയ്യുമെന്നാണ്. കൂടാതെ, അവള്‍ കരുതുന്നത് ആ ചിറകുകള്‍ വേഗത്തിലോടാന്‍ തന്‍റെ പ്രിയപ്പെട്ട നായക്കുട്ടിയെ സഹായിക്കുമെന്നാണ്.