Asianet News MalayalamAsianet News Malayalam

കളിയൊഴിഞ്ഞ നേരത്ത് ഓവല്‍!

സച്ചിനും കോലിയ്ക്കും ഒരിക്കല്‍ പോലും സെഞ്ച്വറി നേടാന്‍ കഴിയാത്ത ഇവിടെ പക്ഷെ, ശാസ്ത്രിയും ഗവാസ്‌കറും കുംബ്ലെയും രാഹുലും പന്തും വരെ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നിരുന്നാലും ഇവിടെ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ ഇന്ത്യന്‍ താരം ദ്രാവിഡ് ആണ്. മൂന്ന് ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും ആണ് ദ്രാവിഡ് ഇവിടെ കുറിച്ചത്. 146 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന അവസാന ഇന്നിങ്‌സില്‍ കാണികളിലൊരാള്‍ ഇങ്ങനെ എഴുതിക്കാട്ടി 'Oval: Its England vs Dravid'.

london travelogue nidheesh nandanam part 4
Author
Thiruvananthapuram, First Published Feb 26, 2019, 5:24 PM IST

പവലിയനില്‍ നിന്നും ഞങ്ങള്‍ സ്റ്റേഡിയത്തിലേക്കിറങ്ങി. രണ്ടു സ്റ്റാന്റുകളില്‍ ആയി 25500 ഇരിപ്പിടങ്ങള്‍. ECB യുടെ പുതിയ നിബന്ധനകള്‍ പ്രകാരം ക്രിക്കറ്റ് മത്സരങ്ങള്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്നതിനാല്‍ കിയ, ഒ സി എസ് എന്നീ രണ്ടു സ്റ്റാന്റുകള്‍ക്ക് പുറമെ പുതിയ രണ്ട് സ്റ്റാന്റുകള്‍ കൂടി പണിത് ഇരിപ്പിടങ്ങള്‍ നാല്‍പ്പതിനായിരത്തിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു.

london travelogue nidheesh nandanam part 4

ദി കിയ ഓവല്‍. ഈ പേര് പരിചിതമായി വരുന്നതേയുള്ളൂ. 'കെന്നിങ്ടണ്‍ ഓവല്‍' എന്ന് പറഞ്ഞാല്‍ കൂടുതല്‍ അറിയും.  കാലെടുത്തു വയ്ക്കുന്നത് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്കാണ്. പാരമ്പര്യവും പ്രൗഢിയും പറഞ്ഞാല്‍ ലോകത്തെ മറ്റേത് കളിക്കളവും തോറ്റുപോകും. 178 വര്‍ഷത്തെ യൗവനം പേറുന്ന ഓവലിന് അത്രയ്ക്കുണ്ട് വീരചരിതങ്ങള്‍.

ലണ്ടന്‍ ട്യൂബിലെ ഓവല്‍ സ്‌റ്റേ സ്റ്റേഷനില്‍ നിന്നും കഷ്ടിച്ച് 200 അടി നടന്നെത്താവുന്ന ദൂരമേയുള്ളൂ. ഒരു സ്റ്റേഡിയത്തിന്റെ ആകാരമല്ല മുന്‍വശം. പ്രൗഢമായ ഒരു കോട്ടയുടെയോ കൊട്ടാരത്തിന്റെയോ മുന്‍വശം. അത്രയേ തോന്നൂ. ഇരുമ്പഴികളുള്ള വലിയ ഗേറ്റിന്റെ തൂണുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റില്‍ ആഷസ് ട്രോഫിയുടെ രൂപം.

ആഷസ് എന്ന ബദ്ധ വൈരത്തിന്‍റെ കഥ അന്ന് അവിടെ തുടങ്ങുകയായിരുന്നു

1870 -ല്‍ ഇംഗ്ലീഷ് മണ്ണിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഓവലിന്റെ ഈ മണ്ണില്‍ ടോസുയരുമ്പോള്‍ ക്രിക്കറ്റിന്റെ കണക്കു പുസ്തകത്തില്‍ അതൊരു താള്‍ മാത്രമായിരുന്നു. കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ആദ്യമായി അന്താരാഷ്ട്ര ഫുട്ബാളില്‍ അരങ്ങേറിയപ്പോഴും ആരവമുയര്‍ന്നത് ഇതേ ഓവലില്‍. ആദ്യ ക്രിക്കറ്റ് മത്സരം 5 വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോള്‍ സ്‌കോട്‌ലണ്ടിനോടുള്ള ആദ്യ ഫുട്‌ബോള്‍ മത്സരം ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു.

പിന്നെയും 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരെ വെറും 85 റണ്‍സ് ചേസ് ചെയ്ത ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 52 എന്ന നിലയില്‍ നിന്നും 78 റണ്‍സിന് ഓള്‍ ഔട്ട് ആയി. അവിശ്വസനീയമായി തോറ്റതിന്റെ പിറ്റേന്നാള്‍, കൃത്യമായി പറഞ്ഞാല്‍ 1882 ആഗസ്റ്റ് 29 -ന് സ്‌പോര്‍ട്‌സ് ടൈംസ് പത്രം ഇങ്ങനെ എഴുതി- 'ഓവലില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചിരിക്കുന്നു... ആ ദീപ്തസ്മരണയ്ക്ക് നിത്യശാന്തി.. മൃതദേഹം സംസ്‌കരിച്ച ശേഷം ചിതാഭസ്മം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകും...' ആഷസ് എന്ന ബദ്ധ വൈരത്തിന്‍റെ കഥ അന്ന് അവിടെ തുടങ്ങുകയായിരുന്നു. ആ ആഷസ് ഇന്നും അതേ കളിമണ്‍ കോപ്പയില്‍ ലോര്‍ഡ്‌സിലെ MCC മ്യുസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

london travelogue nidheesh nandanam part 4

ചിലയിടങ്ങള്‍ അങ്ങനെയാണ്. കഥകള്‍ തികട്ടി വരും. എന്നോ വായിച്ചു മറന്ന പത്രത്താളുകളും ചിത്രങ്ങളും വീണ്ടും മനസ്സില്‍ മിന്നി മറയും.

11 മണിക്ക് ചെല്ലാന്‍ പറഞ്ഞിടത്ത് 10.30 -നേ അകത്തു കയറി. അതും ഒരു തവണ പുറത്തുകൂടി സ്റ്റേഡിയത്തെ വലം വച്ചതിനു ശേഷം. അകത്ത് റിസപ്ഷനിസ്റ്റിന്റെ ഹൃദ്യമായ സ്വീകരണം. ഇന്ത്യയില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ അതിയായ സന്തോഷം. വെയില്‍സ് രാജകുമാരന്റെ താല്‍പര്യപ്രകാരം ഓവല്‍ നിര്‍മിച്ചതില്‍ നിന്നിന്നോളം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയുടെ ഹോം ഗ്രൗണ്ടാണിത്. അതുകൊണ്ടു തന്നെ ഷെല്‍ഫ് നിറയെ സറേയുടെ ട്രോഫികള്‍ നിരന്നിരിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനം കൗണ്ടി ചാംപ്യന്‍ഷിപ്പാണ്. കോലിയുടെ വരവ് കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും കോലി ഇല്ലാതെ തന്നെ സറേ ഇത്തവണ ചാംപ്യന്‍ഷിപ് നേടി.

ആദ്യമേ തന്നെ ഞങ്ങളെ കൊണ്ടുപോയത് കമ്മിറ്റി റൂമിലേക്കാണ്.. മത്സര ദിവസങ്ങളില്‍ അതിവിശിഷ്ട വ്യക്തികളെ സല്‍ക്കരിക്കുന്നയിടം. ഐസിസി പ്രസിഡന്റുമാര്‍ മുതല്‍ വിവിധ രാഷ്ട്രത്തലവന്മാര്‍ വരെ മത്സരങ്ങള്‍ ആസ്വദിച്ച ജനാലയ്ക്കരികില്‍ കയ്യിലൊരു കപ്പ് ചായയുമായി നില്‍ക്കുമ്പോള്‍ ഓവലിലെ പുല്‍ക്കൊടികള്‍ പുഞ്ചിരിക്കുകയായിരുന്നു.

ഒന്നേ മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ട ഇവിടുത്തെ ചുവരിലെങ്ങും ക്രിക്കറ്റിന്റെ ചരിത്രം. ഓരോ ചിത്രങ്ങള്‍ക്കും നമ്മുടെയുള്ളിലെ ഓരോ അണുവിനെയും ത്രസിപ്പിക്കുന്ന, ഓരോ രോമത്തെയും എഴുന്നു നില്‍പ്പിക്കുന്ന ഒരു കഥ പറയാനുണ്ടാവും. നീട്ടിപ്പിടിച്ച ചൂണ്ടു വിരലുകളുടെ ചിത്രം ഇടയില്‍ ശ്രദ്ധിച്ചു. നിരന്തര ബൗളിംഗിനെ തുടര്‍ന്ന് ഒരു കയ്യിലേത് കുറച്ചധികം നീണ്ടു പോയിരിക്കുന്നു. ആളെ പറഞ്ഞാല്‍ നിങ്ങള്‍ അറിയും. ജിം ലേക്കര്‍. കുംബ്ലെയ്ക്കു മുന്നേ 'ഓള്‍ ടെന്‍' നേടിയ ആള്‍. ഒരു ടെസ്റ്റില്‍ 19 വിക്കറ്റ് എന്ന ഇന്നും തകരാതെ റെക്കോര്‍ഡിന്റെ ഒരേയൊരാവകാശി.

ഡോണ്‍ ബ്രാഡ്മാന്‍ എന്ന അതിമാനുഷന്‍ വെറും മനുഷ്യനായി

ചായയ്ക്ക് ശേഷം ഞങ്ങള്‍ ചെന്നത് മ്യൂസിയത്തിലേക്കായിരുന്നു. പരമ്പരാഗതമായി ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളുടെ അവസാന മത്സരം ഓവന് അവകാശപ്പെട്ടതാണ്. ഓരോ ബാറ്റിലും ഇതിഹാസങ്ങള്‍ പേരെഴുതി ഒപ്പിട്ടിരിക്കുന്നു. പേരെഴുതി സ്റ്റഫ് ചെയ്തുവച്ച ഓരോ പന്തും 5 വിക്കറ്റ് നേട്ടങ്ങളാകുന്നു. അങ്ങനെ തകര്‍ത്തതും തകര്‍ക്കപ്പെടാത്തതുമായ എത്രയെത്ര വീര ചരിതങ്ങള്‍.

london travelogue nidheesh nandanam part 4

തൊട്ടടുത്ത ക്ലബ് ലൈബ്രറിയില്‍ ക്രിക്കറ്റിനെക്കുറിച്ചെഴുതപ്പെട്ട എല്ലാ പുസ്തകങ്ങളും കാണാം. താഴെ ടേബിളില്‍ വിന്‍ഡ്‌സര്‍ മാഗസിന്റെ കഴിഞ്ഞ ലക്കങ്ങള്‍ നിരത്തി വച്ചിരിക്കുന്നു.

ഓവലിലെ ഏറ്റവും വലിയ മുറിയായ ലോങ് റൂമിനു പുറത്തിറങ്ങിയാല്‍ അരികിലായി 'ബ്രാഡ്മാന്‍സ് ഡോര്‍' കാണാം. ഗൈഡ് അത് വിശദീകരിക്കുന്നത് കേട്ടാല്‍ ചരിത്രം നമുക്ക് മുന്‍പില്‍ പുനരവതരിക്കുന്നത് പോലെ തോന്നും.

london travelogue nidheesh nandanam part 4

1948 -ല്‍ ഓവലില്‍ തന്റെ അവസാന ഇന്നിംഗ്സിനിറങ്ങുമ്പോള്‍ 100 ആയിരുന്നു ബ്രാഡ്മാന്റെ ശരാശരി. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന് ആ ഇന്നിങ്‌സില്‍ 4 റണ്‍സ് എടുത്താല്‍ കരിയര്‍ ആവറേജ് 100 -ല്‍ നിലനിര്‍ത്താമായിരുന്നു. ലോകം ആ നിമിഷത്തിന് കാതോര്‍ത്തു നിന്നു. കാണികള്‍ ആരവം മുഴക്കി. എറിക് ഹോളിസിന്റെ ആദ്യ പന്തില്‍ റണ്‍സില്ല. പിന്നീടെറിഞ്ഞ ലെഗ്‌സ്പിന്‍ ബ്രാഡ്മാന്റെ ബാറ്റിലുരസി വിക്കറ്റില്‍ പതിച്ചപ്പോള്‍ ഓവല്‍ നിശബ്ദമായി. കമന്ററി ബോക്‌സില്‍ ജോണ്‍ അര്‍ലോട്ടിന്റെ തൊണ്ടയിടറി. ഡോണ്‍ ബ്രാഡ്മാന്‍ എന്ന അതിമാനുഷന്‍ വെറും മനുഷ്യനായി, സംപൂജ്യനായി പവലിയനിലേക്ക് തിരിച്ചു കയറിയപ്പോള്‍ സ്‌റ്റേഡിയം ഒന്നാകെ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. അന്ന് ബ്രാഡ്മാന്‍ കയറിപ്പോയ ആ വാതായനം പില്‍ക്കാലത്ത് 'ബ്രാഡ്മാന്‍സ് ഡോര്‍' എന്നറിയപ്പെട്ടു.

പവലിയനില്‍ നിന്നും ഞങ്ങള്‍ സ്റ്റേഡിയത്തിലേക്കിറങ്ങി. രണ്ടു സ്റ്റാന്റുകളില്‍ ആയി 25500 ഇരിപ്പിടങ്ങള്‍. ECB യുടെ പുതിയ നിബന്ധനകള്‍ പ്രകാരം ക്രിക്കറ്റ് മത്സരങ്ങള്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്നതിനാല്‍ കിയ, ഒ സി എസ് എന്നീ രണ്ടു സ്റ്റാന്റുകള്‍ക്ക് പുറമെ പുതിയ രണ്ട് സ്റ്റാന്റുകള്‍ കൂടി പണിത് ഇരിപ്പിടങ്ങള്‍ നാല്‍പ്പതിനായിരത്തിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു.

1889 -ല്‍ ഫ്‌ളഡ്‌ലൈറ്റു സ്ഥാപിക്കപ്പെട്ട ഇവിടം ലോകത്താദ്യമായി കൃത്രിമ വെളിച്ച സംവിധാനം ഉപയോഗപ്പെടുത്തിയ മൈതാനമാകുന്നു. ഗ്രൗണ്ടിന് പുറകില്‍ കാണുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള കൂറ്റന്‍ ഗ്യാസ് ഹോള്‍ഡര്‍ ഓവലിന്റെ ഐക്കണ്‍ സിംബല്‍ ആകുന്നു.

സച്ചിനും കോലിയ്ക്കും ഒരിക്കല്‍ പോലും സെഞ്ച്വറി നേടാന്‍ കഴിയാത്ത ഇവിടെ പക്ഷെ, ശാസ്ത്രിയും ഗവാസ്‌കറും കുംബ്ലെയും രാഹുലും പന്തും വരെ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നിരുന്നാലും ഇവിടെ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ ഇന്ത്യന്‍ താരം ദ്രാവിഡ് ആണ്. മൂന്ന് ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും ആണ് ദ്രാവിഡ് ഇവിടെ കുറിച്ചത്. 146 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന അവസാന ഇന്നിങ്‌സില്‍ കാണികളിലൊരാള്‍ ഇങ്ങനെ എഴുതിക്കാട്ടി 'Oval: Its England vs Dravid'.

പിന്നെ ഞങ്ങള്‍ പോയത് പ്രസ് റൂമിലേക്കാണ്. 94 റിപ്പോര്‍ട്ടേഴ്‌സിന് ഇരുന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുന്ന ഇടം. ഈ ചില്ലു ജാലകത്തിലൂടെ എത്രയെത്ര കളിയെഴുത്തുകാര്‍ മത്സരങ്ങള്‍ വീക്ഷിച്ചിരിക്കുന്നു. എത്രയെത്ര മധുരനിമിഷങ്ങള്‍ വാക്കുകളിലേക്കും വരികളിലേക്കും പകര്‍ത്തി എഴുതിയിരിക്കുന്നു. അതിനിരുപുറവും രണ്ടു കമന്ററി ബോക്സുകള്‍. ഒന്ന് മത്സരത്തിന്റെ ഇടവേളകളില്‍ കളി പറയാനായി തയ്യാറാക്കി വച്ചിരിക്കുന്ന ബോക്‌സ് റൂം. മറ്റൊന്ന് റേഡിയോ കമന്ററി റൂം. ഈ സീറ്റിലിരുന്ന് ബാറ്റില്‍ നിന്നും പുറപ്പെട്ട കവര്‍ഡ്രൈവിന്റെ വശ്യതയെ പറ്റി ഗവാസ്‌കറും ബോര്‍ഡറും നാസര്‍ ഹുസൈനുമൊക്കെ എത്ര തവണ ആശ്ചര്യപ്പെട്ടിരിക്കുന്നു. സീല്‍ക്കാരത്തോടെ മൂളിപ്പറന്ന എത്ര പന്തുകളെ കീറിമുറിച്ചിരിക്കുന്നു.

എത്രയോ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ മുറി പങ്കിട്ടയിടം

പ്രസ് ബോക്‌സിനു മുകളിലെ വി വി ഐ പി ഏരിയയാണ് അടുത്തത്. ഒരു ദിവസം 900 പൗണ്ട് വരും അവിടെയിരുന്നു കളി കാണാന്‍. ചിലപ്പോഴൊക്കെ വെയില്‍സ് രാജകുടുംബാംഗങ്ങളും കൂട്ടിനുണ്ടാകും...

അടുത്തതായി ഡ്രെസിങ് റൂം. എത്രയോ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ മുറി പങ്കിട്ടയിടം. സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും ഗെയിലും ഡിവില്ലിയേഴ്‌സും മാത്രമല്ല, നാമറിയുന്ന മിക്ക താരങ്ങളും ഇവിടെ കയ്യൊപ്പു ചാര്‍ത്തിയിരിക്കുന്നു. ഓരോന്നിന്റെയും കൂടെ അവരുടെ പേരും കരിയര്‍ ഹിസ്റ്ററിയും എഴുതി ചേര്‍ത്തിരിക്കുന്നു. തൊട്ടടുത്തായി സറേയുടെ ഡ്രെസിങ് റൂം. കഴിഞ്ഞ സീസണില്‍ സാം കുറനും സംഗക്കാരയും ജാസന്‍ റോയിയും ആരോണ്‍ ഫിഞ്ചും ഒക്കെ ബാക്കിവച്ച കളിയടയാളങ്ങള്‍ ഇപ്പോഴും അവിടിരിക്കുന്നു.

ഓവലിന്റെ ചിത്രം പതിപ്പിച്ച ഒരു ചായക്കോപ്പയും വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ മനസ്സ് നിറഞ്ഞിരുന്നു.. ക്രിക്കറ്റിനെ തൊട്ടിലാട്ടിയ, കാറ്റില്‍ പോലും ക്രിക്കറ്റിന്റെ മണമുള്ള, ഓരോ പുല്‍ക്കൊടിയും കഥകളായിരം പറയുന്ന ഓവലില്‍ ഇപ്പോഴും ബാറ്റില്‍ പന്ത് തൊടുന്ന ശബ്ദം മുഴങ്ങുന്നത് പോലെ. അവ ആരവങ്ങളിലെങ്ങോ ലയിച്ചു ചേരുന്നത് പോലെ.


 

Follow Us:
Download App:
  • android
  • ios