മുംബൈ: റെയില്‍വേ സ്‌റ്റേഷനില്‍ നിരവധി പേര്‍ നോക്കി നില്‍ക്കെ യുവാവ് മറ്റൊരാളെ കുത്തിക്കൊന്നു. കുത്തേറ്റ പരിക്കുകളോടെ ഏറെ നേരം സഹായാഭ്യര്‍ത്ഥന നടത്തിയ ഇര ഏറെ നേരം അതേ അവസ്ഥയില്‍ കിടന്ന ശേഷം ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. ആരെയും അടുക്കാന്‍ സമ്മതിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

മുംബൈയിലെ വിരാര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. 40കാരനായ ഒരാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല. 30കാരനായ മഹേന്ദ്ര സിംഗ് എന്നയാളാണ് കൊലപാതകം നടത്തിയത്. പ്ലാറ്റ് ഫോമിലേക്ക് പോവാനുള്ള മേല്‍പ്പാലത്തിലായിരുന്നു കൊലപാതകം. കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ അടുത്ത് നിലയുറപ്പിക്കുകയായിരുന്നു. കുത്തേറ്റയാള്‍ സഹായത്തിനുവേണ്ടി ആളുകളോട് യാചിച്ചു കൊണ്ടിരുന്നു. എന്നാല്‍, ആരെയും അടുത്തേക്ക് വരാന്‍ അനുവദിക്കാതെ കൊലവിളിയുമായി യുവാവ് നിലയുറപ്പിച്ചു. ഊരിപ്പിടിച്ച കത്തിയുമായി പാലത്തില്‍ നിലയുറപ്പിച്ച ഇയാള്‍ യാത്രക്കാരെയും വൈകി എത്തിയ പൊലീസിനെയും പല തവണ ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട്, സാഹസികമായി ഇയാളെ പൊലീസ് കീഴടക്കുകയായിരുന്നു. അപ്പോഴേക്കും ചോര വാര്‍ന്ന് മരണം സംഭവിച്ചിരുന്നു. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒരു യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു.