അമേരിക്കൻ ഐക്യനാടുകളിൽ ഏകദേശം 3,800 -ത്തോളം ആൾതാമസമില്ലാത്ത നഗരങ്ങളുണ്ട്. മിക്കതും 19, 20 നൂറ്റാണ്ടുകളിൽ ഉപേക്ഷിക്കപ്പെട്ടവയാണ്. ചിലത് ദേശീയ പാർക്കുകളായി മാറ്റപ്പെട്ടപ്പോൾ, മറ്റ് ചിലത് ഇപ്പോഴും ഉപേക്ഷിക്കപ്പെട്ട നിലയിൽത്തന്നെ കിടക്കുന്നു. ചിലവ ആഡംബര അവധിക്കാല ഇടങ്ങളായി വികസിപ്പിച്ചെടുത്തു. കാലിഫോർണിയയിലെ ഡെത്ത് വാലിക്ക് സമീപമുള്ള മലനിരകളിൽ സ്ഥിതി ചെയ്യുന്ന പഴയ വെള്ളി ഖനന നഗരമായ സെറോ ഗോർഡോ അത്തരത്തിലൊന്നാണ്. 2018 -ൽ രണ്ട് സംരംഭകരാണ് ഇത് വാങ്ങിയത്. ഇത് സഞ്ചാരികൾക്കുള്ള ഒരു റിസോർട്ടായി മാറ്റാൻ അവർ പദ്ധതിയിട്ടു. എന്നാൽ, അവരുടെ സ്വപ്‍നങ്ങൾ കാറ്റിൽ പറത്തികൊണ്ട് അവിടെ അവരെ കാത്തിരുന്നത് ദുരിതങ്ങളുടെ പെരുമഴയായിരുന്നു.  
 

2018 -ൽ ഏകദേശം പത്തുകോടിക്കുമേലെ ചെലവഴിച്ചാണ് ബ്രെന്‍റ് അണ്ടർ‌വുഡും സുഹൃത്ത് ജോൺ ബിയറും അത് വാങ്ങിയത്.  ഈ മാർച്ചിൽ, സംരംഭകരിലൊരാളായ ബ്രെന്‍റ് അണ്ടർവുഡ് ഏകാന്തമായ ആ സ്ഥലത്തേക്ക് ഒരു യാത്ര പുറപ്പെട്ടു. ഒന്നോ രണ്ടോ ആഴ്‍ചയിലേക്ക് മാത്രമായാണ് പോയത്. എന്നാൽ, അദ്ദേഹം അവിടെ എത്തിയപ്പോഴേക്കും അവിടം ലോക്ക്ഡൗണിലേയ്ക്ക് നീങ്ങി. അങ്ങനെ അണ്ടർവുഡ് ആ പ്രേതനഗരത്തിൽ കുടുങ്ങിപ്പോയി. ഇതിനുപുറമെ, ഒന്നും കാണാനാവാത്ത രീതിയിൽ അവിടെ കനത്ത മഞ്ഞുവീഴ്‍ചയുമുണ്ടായി. നഗരത്തിൽ അഞ്ചടി ഉയരത്തിൽ മഞ്ഞ്‌ വന്ന് മൂടിയപ്പോൾ അണ്ടർ‌വുഡ് വല്ലാതെ ദുരിതത്തിലായി. അടുത്ത പട്ടണം ഏഴ് മൈൽ അകലെയാണ്. എന്തെങ്കിലും പലചരക്ക് സാധങ്ങൾ വാങ്ങണമെങ്കിൽ അദ്ദേഹത്തിന് കാറിൽ മൂന്ന് മണിക്കൂർ വണ്ടി ഓടിച്ച് പോകണം. എന്നാൽ, മഞ്ഞുവീഴ്‍ചയതിനാൽ അദ്ദേഹത്തിന് പുറത്തുപോകാൻ പോലും കഴിഞ്ഞില്ല. കൈയിൽ ഉണ്ടായിരുന്ന അരിയും ടിന്നിലടച്ച ട്യൂണയും കഴിച്ച് അദ്ദേഹം ജീവൻ നിലനിർത്തി. പോരാത്തതിന് താമസസ്ഥലത്ത് വെള്ളവും ഉണ്ടായിരുന്നില്ല. മഞ്ഞ് ഉരുകുമ്പോഴാണ് അദ്ദേഹം വെള്ളം കണ്ടെത്തിയത്. നീണ്ട ഒറ്റപ്പെടലിന്റെ ദിനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അണ്ടർവുഡ് അവിടെ അനിശ്ചിതമായി തുടരാൻ നിർബന്ധിതനായി.  

എന്നാൽ, ഇതിനെല്ലാം പുറമെ മറ്റൊരു പ്രശ്‍നവും അണ്ടർവുഡിനെ അലട്ടുന്നുണ്ടായിരുന്നു. സെറോ ഗോർഡോ പ്രേതബാധയുള്ള നഗരമാണ് എന്ന് പൊതുവെ കരുതപ്പെടുന്നത്. തന്റെ താമസത്തിനിടയിൽ പല ഭയപ്പെടുത്തുന്ന അനുഭവങ്ങളും ഉണ്ടായെന്ന് അണ്ടർ‌വുഡ് വെളിപ്പെടുത്തുന്നു. "വീട്ടിലെ വസ്‍തുക്കളുടെ സ്ഥാനം ഇടക്കിടക്ക് തനിയെ മാറുന്നു, കാറ്റില്ലെങ്കിലും കർട്ടനുകൾ ചലിക്കുന്നു, രാത്രിയിൽ രൂപങ്ങൾ കാണുന്നു.” അദ്ദേഹം പറയുന്നു. അതുപോലെ തന്നെ വീടിനകത്ത് സാധങ്ങൾ വീണുടയുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും അവരും താനും അന്യോന്യം ഉപദ്രവിക്കാതെ കഴിഞ്ഞുകൂടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അണ്ടർവുഡിന്റെ പ്രിയപ്പെട്ട കെട്ടിടം പട്ടണത്തിന്റെ മധ്യഭാഗത്തുണ്ടായിരുന്ന ഹോട്ടലായിരുന്നു. അദ്ദേഹം പകൽ സമയം കൂടുതലും ചെലവഴിച്ചിരുന്നത് അവിടെയാണ്. 

സെറോ ഗോർഡോ എന്ന നഗരത്തിന് ഒട്ടും സുഖകരമല്ലാത്ത ഒരു ഭൂതകാലമാണ് ഉള്ളത്. കാലിഫോർണിയ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ് സെറോ ഗോർഡോ. ലോസ് ഏഞ്ചൽസിനെ ഇന്നത്തെ അവസ്ഥയിലേക്ക് വികസിപ്പിക്കാൻ സഹായിച്ചത് ഈ നഗരത്തിലെ വെള്ളി ഖനികളാണ്. അക്രമത്തിനും കൊലപാതകത്തിനും പ്രസിദ്ധമായിരുന്നു ആ നഗരം. പണ്ട് അവിടെ 500 പേർ താമസിച്ചിരുന്നു. അവിടെ ആഴ്‍ചയിൽ ഒരു കൊലപാതകമെങ്കിലും നടക്കുമായിരുന്നു. വഴിതെറ്റിയ വെടിയുണ്ടകളിൽ നിന്ന് സ്വയം രക്ഷനേടാൻ നാലടി ഉയരത്തിലുള്ള സാൻഡ്ബാഗുകളാൽ ചുറ്റപ്പെട്ട കട്ടിലുകളിലാണ് വെള്ളി ഖനിത്തൊഴിലാളികൾ ഉറങ്ങിയിരുന്നത്. 1800 -കളുടെ അവസാനത്തിൽ, ചൈനയിൽ നിന്ന് കുടിയേറിയ 30 ഖനിത്തൊഴിലാളികളെ ഒരു ഖനിത്തൊട്ടിയിൽ അടക്കം ചെയ്യുകയുമുണ്ടായത്രെ. എന്നാൽ, ഇപ്പോൾ അവിടെ ആകെ ബാക്കിയുള്ളത് കുറച്ച് വീടുകളും, ഒരു പള്ളിയും, ഒരു ചെറിയ തിയേറ്ററും, ഒരു ജനറൽ സ്റ്റോറും, മ്യൂസിയവും മാത്രമാണ്. അവയെല്ലാം പ്രേതനഗരത്തിലെ പ്രേതക്കാഴ്‍ച്ചകൾ മാത്രമാണ് ഇന്ന്. മരിച്ചവർ അവിടം വിട്ട് പോയില്ലയെന്നും, ഇപ്പോഴും അവിടെയെല്ലാം അലഞ്ഞുനടക്കുന്നുവെന്നും എല്ലാവരും വിശ്വസിച്ചു. ഇത് തന്നെയായിരുന്നു അണ്ടർവുഡിനെ ആകർഷിച്ചതും. ഒറ്റപ്പെട്ട ഈ കോണിൽ സന്ദർശകർക്ക് രുചികരമായ ഭക്ഷണവും, ഹോട്ടലിൽ രാത്രി താമസവും ഇതിനിടയിൽ വിവിധ സവാരികളും മനോഹരമായ ആകാശകാഴ്ചകളും ഒരുക്കുക എന്നതായിരുന്നു അവരുടെ പദ്ധതി.

എന്നാൽ, ആ സ്വപ്‍നമാണ് കഴിഞ്ഞമാസം തകർന്നടിഞ്ഞത്. ജൂൺ 15 -ന് പുലർച്ചെ മൂന്നുമണിക്ക് വലിയ ഒരൊച്ച കേട്ടാണ് അണ്ടർവുഡ് ഉണർന്നത്. ഹോട്ടൽ തീപിടിച്ചതോടെ പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ച ഒച്ചയായിരുന്നു അത്.  എങ്ങനെയാണ് അവിടെ തീപിടിത്തമുണ്ടായതെന്നത് ഇപ്പോഴും ഒരു ദുരൂഹതയാണ്. മറ്റൊരു അതിശയകരമായ കാര്യം, അമേരിക്കൻ ഹോട്ടൽ 1871 ജൂൺ 15 -നാണ് ആരംഭിച്ചത്. കൃത്യം 149 വർഷത്തിനുശേഷം 2020 ജൂൺ 15 -ന് അത് നിലംപൊത്തി. അതിനോടൊപ്പം ഒരു വീടും, ഐസ് ഹൗസും ചാരമായി. "ഈ തീപിടുത്തം  വല്ലാത്തൊരു ആഘാതമാണ് ഉണ്ടാക്കിയത്. കാരണം, എനിക്ക് ഈ സ്ഥലത്തോട് ആഴത്തിലുള്ള വൈകാരിക അടുപ്പമുണ്ടായിരുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും ഞാൻ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല” അണ്ടർവുഡ് പറഞ്ഞു. ദുരന്തങ്ങൾ ഒന്നൊന്നായി അദ്ദേഹത്തെ വേട്ടയാടുമ്പോഴും തോൽക്കാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. സെറോ ഗോർഡോയ്‌ക്കായി വലിയ പദ്ധതികളാണ് തങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും വൈകാതെ ആ സ്വപ്‍നപദ്ധതി നടപ്പില്‍ വരുത്തുമെന്നു തന്നെയാണ് അദ്ദേഹവും ചുറ്റുമുള്ളവരും പ്രതീക്ഷിക്കുന്നത്.