Asianet News MalayalamAsianet News Malayalam

'പ്രേതത്തെ' കണ്ടോടിയ ഒരൊമ്പതു വയസ്സുകാരിയും ഇക്കാക്കയും!

ഞാനൊന്നം ആക്കൂലാ വെല്ലുപ്പാ എന്നും പറഞ്ഞ് ടോർച്ചെടുത്ത് നടക്കുമ്പോൾ ഒരു നെടുവീർപ്പോടെ വെല്ലുപ്പ പറയുന്നുണ്ടാകും" എന്‍റെ മൊയ്തീശേഖ് തങ്ങളേ എന്‍റെ മക്കളെ കാത്തോളണേ എന്ന് ". മൂന്ന് മണിക്കും, നാല് മണിക്കുമുള്ള ഞങ്ങളുടെ യാത്രകൾ തുടങ്ങിയിട്ട് കുറച്ചധികം കാലമായിരുന്നു. സ്കൂളിൽ പോകുമ്പോഴുള്ള ബസ് കാശിനും, പുസ്തകം വാങ്ങാനും ചിലവിനുമൊക്കേയുള്ള കാശ് ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. മാനസി പി കെ എഴുതുന്നു

memories manasi pk
Author
Thiruvananthapuram, First Published Aug 15, 2018, 2:54 PM IST

പുലരും മുമ്പേയുള്ള ഈ പരാക്രമങ്ങൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒരു കട്ടൻ ചായയും കൂടിച്ച് രണ്ട് കിലോമീറ്റർ അപ്പുറത്തേക്കുള്ള മദ്രസയിലേക്കോടി എത്തുമ്പോഴേക്കും വയറ് കത്തിക്കാളാൻ തുടങ്ങും. വിശപ്പിനെ അടിച്ചമർത്തി ചുണ്ടിലൊരു ചിരി വിടർത്തി യൂനസ് ഉസ്താദിന്‍റെ അഞ്ചാം ക്ലാസിലെ നല്ല കുട്ടിയായി ഞാൻ 'താരീഹിലെ ഇസ്ലാമിക് ചരിത്രം' ഉറക്കെ വായിക്കുമ്പോൾ, മദ്രസ പഠനം നിർത്തിയ ഇക്കാക്ക കുമാരേട്ടന്‍റെ പീടികയിൽ പോയി അടക്ക വിറ്റ പൈസ പോക്കറ്റിലിട്ട് കൊണ്ട് മദ്രസയുടെ അടുത്തുള്ള വഴിയിൽ വന്ന് എന്നെ കാത്തിരിക്കും. മാനസി പി കെ എഴുതുന്നു

 

വീരംകുണ്ട് നടന്ന് കഴിഞ്ഞ് സുരേട്ടന്‍റെ പറമ്പിലേക്ക് കാലെടുത്തു വെച്ചതും വെല്ലുപ്പാപ്പാന്‍റെ എവറെഡി ടോർച്ച് മിന്നൽ പണിമുടക്ക് തുടങ്ങി. ബാറ്ററി തീരാറായി വെളിച്ചം മങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇക്കാക്കാന്‍റെ നടത്തത്തിന് സ്പീഡ് കൂടി. 'ഇഞ്ഞി ഒന്ന് വേഗം വരുന്നുണ്ടെങ്കിൽ വാ' എന്നും പറഞ്ഞ് ഇക്കാക്ക ഓട്ടം തുടങ്ങി.
പുറകെ ഞാനും ഓടി. 'സുബ്ഹി ബാങ്ക് കൊടുത്തിറ്റ് എറങ്ങിയാ മതീന്ന് ഉമ്മ നൂറ് വട്ടം പറഞ്ഞിട്ടും ഇഞ്ഞി കേക്കാത്തോണ്ട് തന്നേയാ ടോർച്ചിന്‍റെ വെളിച്ചം കെട്ടുപോയതെ'ന്ന് ഞാൻ ഓട്ടത്തിനിടെ പിറുപിറുത്തെങ്കിലും ഇക്കാക്ക ഓട്ടം നിർത്തിയില്ല. 'ബാങ്ക് കൊടുത്ത് നേരം വെളുത്താൽ പെറുക്കാൻ അടക്ക ഇന്‍റെ ഉപ്പ ആടെ  കൊണ്ട് വെച്ചിട്ടുണ്ടാകുമോ കൊച്ചേ' (കൊച്ച= കൊക്ക് "വട്ടപ്പേര്) എന്നും ചോദിച്ചോണ്ട് ഓൻ പിന്നേം ഓടി. 'കൊച്ച നിന്‍റെ വാപ്പ കുറുക്കാ' (ഓന്‍റെ വട്ടപ്പേര്) എന്നും പറഞ്ഞ് ഞാനും ഓന്‍റെ പിറകേ ഓടി. 

എന്നും കവുങ്ങിന്‍റെ മണ്ടേൽ ടോർച്ചടിച്ചു നോക്കിയാണ് അടക്ക പെറുക്കാറെങ്കിലും അന്ന് അതിനൊന്നും നേരം കിട്ടിയില്ല. പാറാടൻ (വവ്വാൽ ) ചപ്പിയിട്ട അടക്കകൾക്ക് 25 പൈസയും, അല്ലാത്തതിന് 20 പൈസയും വച്ചാണ് പീടികയിലെ കുമാരേട്ടൻ ഇക്കാക്ക് പൈസ നൽകാറ്. ഒരു ദിവസം മൂന്ന് രൂപ മുതൽ അഞ്ച് രൂപ വരെ കിട്ടും. അസിസ്റ്റന്‍റായത് കൊണ്ട് മൂന്നിലൊന്നാണ് എന്‍റെ വിഹിതം. 3 ഉറുപ്പിക കിട്ടിയാൽ എനിക്ക് ഒരുറുപ്പിക, 5 കിട്ടിയാൽ ഒന്നര ഉറുപ്പികയോ, ചിലപ്പോൾ രണ്ടുറുപ്പികയോ തരും.  അന്ന് കയ്യിലുള്ള ടോർച്ച് പോലും സ്വന്തമായിരുന്നില്ല. രാത്രി കിടക്കാൻ നേരത്ത് വെല്ലുപ്പാന്‍റെ അടുത്തിങ്ങനെ പറ്റിക്കൂടുമ്പോൾ മൂപ്പര് പറയും " ടോർച്ചെടുക്കാനാ ഇഞ്ഞി ഇങ്ങനെ മണ്ടി നിക്കുന്നേന്ന് എനിക്കറിയാം. പാത്തുമ്മ (ഉമ്മാമ്മ) കാണാണ്ട് എടുത്തിറ്റ് ബേം വിട്ടോ. ഓളെ അനിയൻ ഉമ്മർ തന്ന  ടോർച്ചായോണ്ട് ഓക്ക് അയിന് വെല്ല്യ കണക്കുണ്ടാകും.''

ഞാനൊന്നം ആക്കൂലാ വെല്ലുപ്പാ എന്നും പറഞ്ഞ് ടോർച്ചെടുത്ത് നടക്കുമ്പോൾ ഒരു നെടുവീർപ്പോടെ വെല്ലുപ്പ പറയുന്നുണ്ടാകും" എന്‍റെ  മൊയ്തീശേഖ് തങ്ങളേ എന്‍റെ മക്കളെ കാത്തോളണേ എന്ന് ". മൂന്ന് മണിക്കും, നാല് മണിക്കുമുള്ള ഞങ്ങളുടെ യാത്രകൾ തുടങ്ങിയിട്ട് കുറച്ചധികം കാലമായിരുന്നു. സ്കൂളിൽ പോകുമ്പോഴുള്ള ബസ് കാശിനും, പുസ്തകം വാങ്ങാനും ചിലവിനുമൊക്കേയുള്ള കാശ് ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. ജീവിതത്തിൽ ഏറ്റവും ദാരിദ്ര്യം അറിഞ്ഞു തുടങ്ങിയ നാളുകളായിരുന്നു അന്ന്. 

സുബ്ഹി ബാങ്ക് കൊടുക്കും വരെ പുറത്തിറങ്ങി നടക്കരുതെന്നും, അത് വരെ ഇബ് ലീസിന്റെ (ചെകുത്താൻ) ശല്ല്യം ഉണ്ടാകുമെന്നും. ബാങ്ക് കേട്ടാൽ  ഇബ് ലീസ് പേടിച്ചോടുമെന്നും, എന്‍റെ മക്കൾ അപ്പോ പോയാ മതീന്നുമൊക്കെ ഉമ്മ പറയുമെങ്കിലും ആ സമയത്ത് പോയാൽ അടക്ക പോയിട്ട് ഒരു മച്ചിങ്ങ പോലും കിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നത് കൊണ്ടും ഇരുട്ടും ഇബ്ലീസുമൊന്നും ഞങ്ങൾക്കൊരു പ്രശ്നമേ അല്ലായിരുന്നു.  അയലത്തെ വീട്ടിലെ അസ്ക്കറും, ഷമീസുമൊക്കെ ഞങ്ങൾ പോകുന്ന പറമ്പിൽ എത്തും മുമ്പേ   അവിടെ എത്താൻ വേണ്ടിയുള്ള  ഞങ്ങളുടെ പടയോട്ടങ്ങളിൽ പലതും നിരാശകളുടെ പടുകുഴിയിൽ ചെന്നവസാനിക്കാറുമുണ്ടായിരുന്നു. ഓരോ പറമ്പിലേയും, അടക്ക പറിച്ചു കഴിഞ്ഞാൽ പിന്നേയുണ്ടാകുന്ന ശൂന്യമായ പറമ്പുകളായിരുന്നു ഞങ്ങൾക്കാ നിരാശകൾ എന്നും നൽകാറ്. എങ്കിലും അടക്കയോ, തേങ്ങയോ കിട്ടിയാലും, ഇല്ലെങ്കിലും ഒരു ദിവസം പോലും പരസ്പരം കൂട്ടിമുട്ടിയാൽ പോലും കാണാത്ത അത്ര ഇരുട്ടിലും ഒരു പറമ്പിലെങ്കിലും കയറാതെ ഞങ്ങൾ തിരിച്ചു വരാറില്ലായിരുന്നു. ഈ സമയങ്ങളിലൊന്നും മങ്ങിയ ടോർച്ചിന്‍റെ വെളിച്ചത്തിൽ നടക്കുമ്പോൾ  ഒരിക്കൽ പോലും ഒന്നിനോടും ഭയം തോന്നിയിരുന്നില്ല എന്നത് സത്യമാണ്.

പുലരും മുമ്പേയുള്ള ഈ പരാക്രമങ്ങൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒരു കട്ടൻ ചായയും കൂടിച്ച് രണ്ട് കിലോമീറ്റർ അപ്പുറത്തേക്കുള്ള മദ്രസയിലേക്കോടി എത്തുമ്പോഴേക്കും വയറ് കത്തിക്കാളാൻ തുടങ്ങും. വിശപ്പിനെ അടിച്ചമർത്തി ചുണ്ടിലൊരു ചിരി വിടർത്തി യൂനസ് ഉസ്താദിന്‍റെ അഞ്ചാം ക്ലാസിലെ നല്ല കുട്ടിയായി ഞാൻ 'താരീഹിലെ ഇസ്ലാമിക് ചരിത്രം' ഉറക്കെ വായിക്കുമ്പോൾ, മദ്രസ പഠനം നിർത്തിയ ഇക്കാക്ക കുമാരേട്ടന്‍റെ പീടികയിൽ പോയി അടക്ക വിറ്റ പൈസ പോക്കറ്റിലിട്ട് കൊണ്ട് മദ്രസയുടെ അടുത്തുള്ള വഴിയിൽ വന്ന് എന്നെ കാത്തിരിക്കും. വത്സലേട്ടന്റെ പീടികയിലെ പൊറോട്ട തിന്നണമെന്ന് മനസ്സ് പറയുമെങ്കിലും ഇക്ക തരുന്ന ഒരുറുപ്പിക കൊണ്ട് ബാലേട്ടന്‍റെ പീടികേന്ന് ഒരു മസാല ബന്ന് കഴിച്ച് വിശപ്പടക്കുമ്പോഴും ആ ഒരുറുപ്പിക്ക ചേർത്ത് വെച്ച് സ്കൂളിലെ സഞ്ചയ്കയിൽ ചേരണമെന്നുള്ള അതിമോഹം രാവിലത്തെ ഈ വിശപ്പ് കാരണം നടക്കുന്നില്ലല്ലോ എന്ന സങ്കടത്തിലായിരിക്കും ഞാൻ.

അങ്ങനെ വെള്ളപ്പൊക്കന്‍ പ്രത്യക്ഷപ്പെടുന്നു
    
ഓരോ ദിവസവും അടക്ക പെറുക്കാൻ പോകുന്നതിന്‍റെ തലേനാൾ വൈകുന്നേരം സ്കൂൾ വിട്ട് വന്നാൽ ഇക്കാക്ക എന്നെ കൂട്ടാതെ എന്നും  നാട്ടിലെ ഓരോ പറമ്പിലും കയറിയിറങ്ങും. ഏതൊക്കെ കവുങ്ങിലാണ് നല്ല പഴുത്ത അടക്കകളുള്ളതെന്നും, ഏതൊക്കെ തെങ്ങിലാണ് ഉണങ്ങിയ തേങ്ങകളുള്ളതുമെന്ന അന്വേഷണത്തിനായിരുന്നു ആ പോക്ക്. ഓരോ പറമ്പിലെ തെങ്ങിനും, കവുങ്ങിനും ഓരോ അടയാളം വെച്ച് തിരിച്ചു വന്നാൽ പിറ്റേന്ന് പുലർച്ചേ ഇരുട്ടത്ത് എല്ലാ തെങ്ങും, കവുങ്ങും കയറി പരതേണ്ട ആവശ്യമില്ലല്ലോ എന്നാണ് അന്ന് ഇക്കാക്ക പറയാറ്. 

അങ്ങനെ ആരാന്‍റെ പറമ്പിലുളള ഞങ്ങളുടെ ഈ ലീലാവിലാസങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയത്താണ് നാട്ടിൽ ഒരു വാർത്ത പരന്നത്.'' വെള്ളപ്പൊക്കൻ " ഇറങ്ങീട്ടുണ്ട് പോലും. വെള്ള ഷർട്ടും, മുണ്ടും ഇട്ട് രാത്രിയിൽ മാത്രം പുറത്തിറങ്ങുന്ന വെള്ളപ്പൊക്കൻ വർഷങ്ങൾക്ക് മുമ്പ് പ്രണയനൈരാശ്യത്താൽ ആത്മഹത്യ ചെയ്ത അയൽനാട്ടുകാരനായ ഒരാളാണെന്നും, അയാളുടെ പ്രണയവിവാഹത്തെ എതിർത്ത ഞങ്ങളുടെ നാട്ടുകാരോടുള്ള അടങ്ങാത്ത പകയാൽ അയാൾ വർഷങ്ങളായി അലഞ്ഞു നടക്കുകയാണെന്നും, രാത്രി കാലങ്ങളിൽ ഒരു ചിരിയോടെ ഓരോരുത്തരുടേയും അടുത്ത് വന്ന്  'ഒരു ചൂട്ട തരുമോ' എന്ന് ചോദിച്ചതിന് ശേഷം തലയില്ലാത്ത ഉടൽ കാട്ടി അവരെ ഭയപ്പെടുത്തുമെന്നും, അയാളെ കണ്ടിട്ടുള്ളോരൊക്കെ പിന്നീട് ഭ്രാന്തന്മാരായി പോയിട്ടുണ്ടെന്നും ചൂടൻ മൊയ്തൂക്കാക്ക് ഭ്രാന്ത് വന്നത് അങ്ങനേണെന്നുമൊക്കെയുള്ള ഊഹാപോഹങ്ങൾ നാട്ടിലെങ്ങും പരന്നു. ഇത്തരം വിശ്വാസങ്ങളുടെ മൊത്തക്കച്ചവടക്കാരിയായ ഉമ്മാമ്മ അതേറ്റ് പിടിച്ച് വൈകുന്നേരം 6 മണിയാകുമ്പോഴേക്കും വാതിലടച്ച് വീട്ടിനുള്ളിൽ കഴിഞ്ഞോളണമെന്ന് ഞങ്ങളെ താക്കീത് ചെയ്തു.

വെള്ളപ്പൊക്കനെ കുറിച്ചുള്ള കഥകൾ കേട്ട് തുടങ്ങിയതോടെ ഇക്കാക്കയ്ക്ക് അടക്ക പെറുക്കാൻ പോകാൻ പേടിയായി തുടങ്ങി. ഉള്ളിൽ നല്ല ഭയമുണ്ടായിട്ടും ഞാനത് പുറത്ത് കാണിച്ചതേയില്ല. വെള്ളപ്പൊക്കനല്ല ഓന്‍റെ ഉപ്പാപ്പ വന്നാലും ഞാൻ പേടിക്കൂല എന്ന യമണ്ടൻ ഡയലോഗും പറഞ്ഞ് പേടിയില്ലെന്ന് കാണിക്കാൻ രാത്രി ഒൻപത് മണിക്കും, പത്ത് മണിക്കുമൊക്കെ ഞാൻ കൂട്ടുകാരി ജംഷീറയുടെ വീട്ടിൽ പോകാനും, വരാനുമൊക്കെ തുടങ്ങി. അനുസരണക്കേട് കാണിക്കുന്നത് കണ്ട്, 'ഏത് നേരത്താണ് ഈ കുരിപ്പുണ്ടായി പോയതെ'ന്ന് പറഞ്ഞ് ഉമ്മാമ പ്രാകി തുടങ്ങുമ്പോൾ നട്ടുച്ചയായിരിക്കും എന്ന് പറഞ്ഞ് എന്നെ നോക്കി കൊണ്ട് കണ്ണുറിക്കി കൊണ്ട് വെല്ലുപ്പാപ്പ പൊട്ടിച്ചിരിക്കും.

അങ്ങനെ വെള്ളപ്പൊക്കന്‍റെ കഥകൾ വിഹരിക്കുന്ന ആ സമയത്താണ് സ്കൂളിൽ കലോത്സവം വന്നത്. ഒപ്പനക്കും, നാടകത്തിനുമൊക്കെ വളയും, മാലയും, മറ്റ് സാധനങ്ങളും വാങ്ങണമെങ്കിൽ കയ്യിൽ അഞ്ചിന്‍റെ പൈസയില്ല. അടക്ക പെറുക്കൽ പുനരാരംഭിക്കണമെന്ന ഹർജിയുമായി ഇക്കാക്കയുടെ മുന്നിലെത്തിയപ്പോൾ എന്നെ പോലെ തന്നെ നട്ടം തിരിയുകയായിരുന്ന ഇക്കാക്ക അപ്പോൾ തന്നെ ഹർജി പരിഗണിച്ചു. അങ്ങനെ ഞങ്ങൾ വീണ്ടും പെറുക്കിത്തരം തുടങ്ങി. പക്ഷെ പണ്ടത്തെ പോലെ ഒരു ഉത്സാഹം പിന്നീടതിൽ വന്നതേയില്ല. 

കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് മഴയുള്ളൊരു ദിവസം ഞങ്ങൾ വീരംകുണ്ടും കഴിഞ്ഞ് ഓലക്കലിലെ ഒരു പറമ്പിലേക്ക് കടക്കുവാൻ വേണ്ടി നിക്കുകയായിരുന്നു. ഇഴജന്തുക്കളെ പേടിക്കാതിരിക്കാൻ 'നൂഹ് നബി അലൈസലാമി'നെ ഇക്ക ദിക്റ് ചൊല്ലി കൂട്ടിന് വിളിച്ചിട്ടുണ്ടായിരുന്നു. നൂഹ് നബിയുടെ നോട്ടം കിട്ടിയാൽ ഇഴ ജന്തുക്കൾ ഉപദ്രവിക്കില്ലെന്ന് ഉമ്മയാണ് ഓന് പറഞ്ഞു കൊടുത്തത്. ഓലക്കലിലെ പറമ്പിലേക്ക് പോകാൻ കാലെടുത്ത് കുത്താനൊരുങ്ങിയപ്പോൾ  മീശ നാണുവേട്ടന്‍റെ പറമ്പിലേക്ക് അറിയാതെ എന്‍റെ നോട്ടമൊന്ന് പോയി. എന്തോ അനങ്ങുന്നുണ്ടെന്ന് തോന്നിയപ്പാൾ വാഴക്കൈയായിരിക്കുമെന്ന് കരുതി ഞാൻ സമാധാനിക്കാൻ ശ്രമിച്ചെങ്കിലും അത് വാഴക്കൈ അല്ലെന്നും ഒരു മനുഷ്യനാണെന്നും, അയാൾ ഇട്ടിരിക്കുന്ന വസ്ത്രം വെള്ളയാണെന്നും കൂടി എനിക്ക് മനസ്സിലായി. അവ്യക്തമായ ആ രൂപത്തിന് തലയിൽ ഒരു കെട്ടുണ്ടെന്നും, താടിയെല്ലിനോട് കൂടിയാണ് ആ കെട്ടുള്ളതുമെന്ന് മനസ്സിലായപ്പോൾ അലറിപ്പാഞ്ഞ് വന്നൊരു നിലവിളി പേടി കൊണ്ട് തൊണ്ടയിൽ കുരുങ്ങി കിടന്നു.

ഒരു നോട്ടം കൂടി അങ്ങോട്ടേക്കയച്ചപ്പോൾ പെട്ടെന്നൊരു വെളിച്ചം അയാളുടെ നെഞ്ചിൽ നിന്ന് മുഖത്തേക്ക് വ്യാപിച്ചതും ശബ്ദമില്ലാത്തൊരു  ചിരി അയാളിലുണ്ടായി. വെളിച്ചം കൂടി വന്ന് അയാളുടെ തല പൊട്ടിത്തെറിക്കും പോലെ എനിക്ക് തോന്നിയപ്പോൾ ഒരലർച്ചയോടെ ഞാൻ തിരിഞ്ഞോടി. പലതും പറഞ്ഞ് കൊണ്ട് അലറിയെങ്കിലും വെള്ളപ്പൊക്കൻ എന്ന് മാത്രമേ പുറത്ത് വന്നുള്ളൂ. ഓട്ടത്തിനിടയിൽ ഉരുണ്ട് വീണ് കാലിന്‍റെ മുട്ട് പൊട്ടി. ചെരുപ്പില്ലാത്ത കാല് കൊണ്ട് പിന്നേം ഓടി. സലാത്ത് ചൊല്ലിയും, ദിക്റ് ചൊല്ലിയും കരഞ്ഞ് കൊണ്ട് ഇക്കാക്ക പുറകേയും ഓടി. വീട്ടിലെത്തുമ്പോഴേക്കും ബോധം നശിക്കാറായ ഞങ്ങളെ കണ്ട് ഉമ്മ വാവിട്ട് നിലവിളിച്ചു. മക്കളെ ഇങ്ങനെ ദുരിതങ്ങളിലേക്ക് തള്ളി വിടേണ്ടി വന്ന നിസ്സഹായതയെ ഓർത്ത് ഉമ്മ കരഞ്ഞ് കൊണ്ടേയിരുന്നു.

നാല് ദിവസത്തോളം കഥയും, ബോധവുമില്ലാണ്ട് ഞാൻ പനിച്ചു കിടന്നു. ഇനി ഒരിക്കലും രാത്രി എവിടേയും പോകില്ലെന്ന് ഉമ്മാന്‍റെ തലയിൽ തൊട്ട് ഇക്കാക്ക സത്യം ചെയ്തു. പനിയൊന്ന് കുറഞ്ഞ അഞ്ചാം ദിവസം വെല്ലുപ്പാപ്പ എന്നേയും കൊണ്ട് പാലോട്ട് പള്ളിയിൽ പോയി ചരട് മന്ത്രിച്ച് കഴുത്തിൽ കെട്ടിത്തന്നു. എന്‍റെ തലയുഴിഞ്ഞ് ഉസ്താദിന് 10 ഉറുപ്പിക കൊടുത്ത് തളർന്ന് കിടന്ന എന്നേയും കൊണ്ട് യാസീൻ ഓതി മന്ത്രിച്ചു കൊണ്ട് വെല്ലുപ്പാപ്പ ഒരു പാട് നേരം അവിടെ ഇരുന്നു.

ഇരുപത് പൈസയുടെ അടക്കയ്ക്കും, 2 ഉറുപ്പികയുടെ തേങ്ങയ്ക്കും വേണ്ടിയുള്ള അലച്ചിൽ പകൽ നേരങ്ങളിലേക്ക് മാറ്റുന്നതിന്‍റെ കൂടെ കശുവണ്ടി പെറുക്കലും, പൊള്ള് ( കുരുമുളകിന്റെ മൂക്കാത്ത ഭാഗം) പെറുക്കലുമൊക്കേയായി നിർലോഭം തുടർന്നെങ്കിലും ഇരുട്ടിൽ അലയാൻ ഞങ്ങൾ പിന്നെ പോയിട്ടേയില്ല. വിശപ്പിന്‍റെയും, ദാരിദ്ര്യത്തിന്‍റെയും വിളികൾ പിന്നീടും ഒരു പാട് കാലം ഞങ്ങളെ പല സ്ഥലങ്ങളിലും എത്തിച്ചിട്ടുണ്ട്. പക്ഷെ പിന്നീടെങ്ങോ വെള്ളപ്പൊക്കൻ ഒരു കെട്ടു കഥയാണെന്നും, ഞങ്ങളെ പറ്റിക്കാൻ അടക്ക പെറുക്കാൻ പോണ മറ്റ് കൂട്ടുകാര് പറ്റിച്ച പണിയാണതെന്നുമൊക്കെ പിന്നീട് അറിഞ്ഞിട്ടും ഭയന്ന് വിറച്ച്, മുഖത്ത് രക്തം വറ്റിപ്പോയ പെറ്റിക്കോട്ടിട്ട ഒരു ഒൻപതു വയസ്സുകാരിയേയും, അവളുടെ പതിനൊന്ന് വയസ്സുള്ള ഇക്കാക്കയേയും ഞാനിന്നും സ്വപ്നം കാണാറുണ്ട്. വിശപ്പിന്‍റെ രണ്ട് നിലവിളികളാണ് അന്ന് ജീവനും കൊണ്ടോടിയതെന്ന് ഞാനിന്നുമോർക്കാറുണ്ട്.

ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നിന്ന് ശിവപുരം ഹൈസ്കൂളിലേക്ക് നടന്നു പോകുന്ന  വിശപ്പെന്ന ഒരു പെൺകുട്ടിക്ക് ഒരു ദിവസത്തെ കുഞ്ഞ് മോഷണത്തിന്റെ പങ്ക് കൊടുത്ത് ആഹാരം വാങ്ങി കൊടുക്കാൻ കാത്തിരിക്കുന്ന മെലിഞ്ഞുണങ്ങിയ ആ സഹോദരനേയും ഞാനിന്നും ഓർമ്മയിലിട്ട് താലോലിക്കാറുണ്ട്.

Follow Us:
Download App:
  • android
  • ios