കുഞ്ഞുങ്ങള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായാലെന്ത് ചെയ്യും?

അവരെ വിഷാദവും, ഉത്കണ്ഠയും നിരാശയുമെല്ലാം കീഴടക്കിയാലോ?

അവള്‍ നിരന്തരം അമ്മയോട് എനിക്ക് മരിക്കണമെന്ന് ആവശ്യപ്പെട്ടാലോ?

യു.കെയില്‍ നിന്നുള്ളൊരു അമ്മയുടെ കഥയാണിത്. സ്നേഹവും പരിചരണവുമായി അവര്‍ മകള്‍ക്കൊപ്പം നിന്നു. ഷാലഹ് എന്നാണ് ആ അമ്മയുടെ പേര്. പന്ത്രണ്ട് വയസുള്ളപ്പോഴാണ് മകളുടെ മാനസിക നില തകരാറിലാവുന്നത്. അവള്‍ക്കിപ്പോള്‍ 21 വയസായി. വിഷാദവും, അമിത ഉത്കണ്ഠയുമടക്കമുള്ള ഒരുപാട് പ്രശ്നങ്ങള്‍ ഇപ്പോഴും അവള്‍ക്കുണ്ട്. എങ്കിലും അവള്‍ക്കിന്ന് ഒരുപാട് മാറ്റമുണ്ട്.

ഷാലഹ് പറയുന്നു: 2010 ജനുവരിയിലാണ് മകള്‍ തൂക്കം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍ പെട്ടത്. അങ്ങനെ, ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. പക്ഷെ, അവരത് സീരിയസായി കേള്‍ക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. അതുകഴിഞ്ഞ് പെട്ടെന്ന് തളര്‍ന്നുപോയ അവളെ ഒരുദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. അതുകഴിഞ്ഞ് ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പ്രശ്നമുണ്ടെന്ന് തോന്നി അതിനുള്ള വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അത് കഴിഞ്ഞാണ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സൈക്യാട്രിക് വാര്‍ഡില്‍ മോളെ പ്രവേശിപ്പിക്കുന്നത്. അടുത്ത് ഏഴ് മാസം അവള്‍ അവിടെത്തന്നെ കഴിഞ്ഞു. atypical anorexia എന്ന അവസ്ഥയാണ് അവള്‍ക്കെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ അവള്‍ക്ക് 21 വയസായി. മറ്റ് അസുഖങ്ങളുമുണ്ട്. അതില്‍ വിഷാദവും അമിത ഉത്കണ്ഠയുമുണ്ട്. അടുത്തിടെ അവളുടെ നില വളരെ മോശമായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അവളുടെ ആരോഗ്യനില വളരെ മോശമായി. എല്ലാവരും അവളുടെ ആരോഗ്യത്തിനായി പരിശ്രമിച്ചു. 

അവളിപ്പോള്‍ ശരിയായ നിലയിലാണ്. നിങ്ങളവളെ കണ്ടാല്‍ അവള്‍ മിടുക്കിയും സുന്ദരിയുമാണെന്ന് തോന്നും. അവള്‍ തമാശക്കാരിയാണ്. അവള്‍ മൃഗങ്ങളെ വളര്‍ത്തുന്നു. നോക്കൂ, ഈ പെയിന്‍റിങ് അവളെനിക്ക് വേണ്ടി ചെയ്തതാണ്. അതിലുള്ളത് എന്‍റെ ഇഷ്ടപാട്ടിലെ ചില വരികളാണ്. അതിനവസാനം അവളെന്നെ സ്നേഹിക്കുന്നുവെന്നണ് എഴുതിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഈ പെയിന്‍റിങ് കാണുന്നത് എനിക്ക് എന്ത് സന്തോഷമാണെന്നോ. 

മാനസികമായി പ്രശ്നങ്ങളുള്ള കുട്ടികളുണ്ടാവുമ്പോള്‍ ഒരുപാട് പ്രതിസന്ധികളുണ്ടാകും. അത് നിങ്ങളുടെ ദിവസങ്ങളെയാകെ തകിടം മറിച്ചേക്കാം. ജോലികളെ ബാധിച്ചേക്കാം. ബന്ധങ്ങളെ സ്വാധീനിച്ചേക്കാം. പലവിധ വേദനകളിലൂടെ കടന്നുപോകുമ്പോഴും ചില സന്തോഷസമയങ്ങളുണ്ടാകും. കൂട്ടുകാരെയും അവരുടെ കുട്ടികളേയും കാണുമ്പോള്‍ സങ്കടം വരും. കാരണം, എന്‍റെ മകളെന്താണ് മിസ് ചെയ്യുന്നതെന്ന് അപ്പോള്‍ എനിക്ക് മനസിലാകും. എല്ലാവരും അവരുടെ മക്കള്‍ സന്തോഷത്തോടെയിരിക്കാനാണ് ആഗ്രഹിക്കുക. 

ഞാന്‍, അവളുടെ പിറകെ തന്നെ നടന്നു. ചിലപ്പോഴവളെ ഒരു കൂട്ടിലടച്ച പോലെ നോക്കി. തകര്‍ന്നുപോയ നേരങ്ങളുണ്ട്. ഒറ്റയ്ക്ക് പറ്റില്ലെന്ന് തോന്നിയപ്പോഴാണ് പ്രൊഫഷണല്‍സിന്‍റെ സഹായം തേടുന്നത്. ചിലപ്പോഴൊക്കെ പ്രതീക്ഷ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. പക്ഷെ, അപ്പോഴും പ്രതീക്ഷ പൂര്‍ണമായും തകര്‍ന്നിട്ടില്ല. എപ്പോഴെങ്കിലും നല്ലതു സംഭവിക്കുമെന്ന പ്രതീക്ഷ തന്നെയാണ് എന്നെ അപ്പോഴും നിലനിര്‍ത്തിയത്. 

മകള്‍ കടന്നുപോയ വഴികളെ കുറിച്ച് ഷാലഹ് ഒരു കവിത എഴുതിയിട്ടുണ്ട്. അതില്‍ പലതവണ മരിക്കണമെന്നാഗ്രഹിച്ച മകളെ കുറിച്ചുള്ള ഒരമ്മയുടെ വേവലാതിയുണ്ട്. അവള്‍ തിരിച്ചുവരുമെന്ന, അവളെന്നെങ്കിലും സന്തോഷത്തോടെ, ഉള്‍ക്കരുത്തോടെ ഈ ലോകത്തെ നോക്കുമെന്ന പ്രതീക്ഷയും. 

'ചില അവസ്ഥകളെങ്ങനെ വിവരിക്കണമെന്നറിയില്ല. ആലോചിച്ചു നോക്കൂ, നിങ്ങളുടെ മകള്‍ നിങ്ങളോട് എനിക്ക് മരിക്കണം എന്ന് നിരന്തരം പറയുന്ന അവസ്ഥ. അത് ഹൃദയം തകരുന്ന അവസ്ഥ തന്നെയാണ്' ഷാലഹ് പറയുന്നു. 

എന്നാലും മകളിപ്പോള്‍ കുറേയേറെ ഹാപ്പിയാണ്. അവള്‍ക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം അവള്‍ ചെയ്യുന്നു. ഷാലഹ് അതില്‍ സന്തോഷിക്കുന്നു. 

 

കടപ്പാട്: ബിബിസി