Asianet News MalayalamAsianet News Malayalam

കുരങ്ങിന്‍കൂട്ടത്തിന്‍റെ വിളയാട്ടം, മനുഷ്യരുടെ മരണത്തിന് കാരണമാകുന്നത് വര്‍ധിക്കുന്നോ?

"80 -കളുടെ അവസാനം മുതൽ ഇന്ത്യയുടെ അവസ്ഥ ഇതാണ്. മുമ്പ്, മനുഷ്യരും കുരങ്ങുകളും സംഘട്ടനങ്ങളില്ലാതെ സമാധാനപരമായി ജീവിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി വ്യത്യസ്‍തമാണ്”

Monkey gangs killing people in cities
Author
Agra, First Published Oct 17, 2020, 11:02 AM IST

ഒക്ടോബർ ആറിന് യുപിയിലെ ആഗ്ര നഗരത്തിൽ നടക്കുന്ന ഒരു കെട്ടിടനിർമ്മാണത്തിന്‍റെ മേൽനോട്ടം വഹിക്കുകയായിരുന്നു സ്വർണവ്യാപാരിയായ ലക്ഷ്മൺ തുളസിയാനിയും, കെയർടേക്കറായ വീരയും. കുരങ്ങുകളുടെ ഒരു വലിയ കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. അവരുടെ കടിപിടിയിൽ പ്രതീക്ഷിക്കാതെ ഒരു മതിൽ ഇടിഞ്ഞ് രണ്ടുപേരുടെയും മേലെ വീണു. ലക്ഷ്മണനെയും, വീരയെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്ഷിക്കാനായില്ല. എന്നാൽ, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അഞ്ച് കോടിയിലേറെ കുരങ്ങുകളുള്ള നമ്മുടെ രാജ്യത്ത്, 2015 മുതൽ ഇതുപോലെ കുറഞ്ഞത് 13 മരണങ്ങളുണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നഗരങ്ങളിൽ പ്രതിദിനം ആയിരത്തിലധികം ആളുകൾക്കാണ് അവയിൽ നിന്ന് കടിയേൽക്കുന്നതെന്ന് സർക്കാർ നടത്തുന്ന പ്രൈമേറ്റ് ഗവേഷണ കേന്ദ്രം പറയുന്നു.  

"80 -കളുടെ അവസാനം മുതൽ ഇന്ത്യയുടെ അവസ്ഥ ഇതാണ്. മുമ്പ്, മനുഷ്യരും കുരങ്ങുകളും സംഘട്ടനങ്ങളില്ലാതെ സമാധാനപരമായി ജീവിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി വ്യത്യസ്‍തമാണ്” ഇന്ത്യയിലെ കുരങ്ങുകളെക്കുറിച്ച് 40 വർഷക്കാലമായി പഠിക്കുന്ന പ്രൈമറ്റോളജിസ്റ്റ് ഡോ. ഇക്ബാൽ മാലിക് പറഞ്ഞു. അതിന് പല കരണങ്ങളുണ്ടാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "മനുഷ്യരുടെയും കുരങ്ങുകളുടെയും എണ്ണം നിയന്ത്രിക്കാത്തത്, കുരങ്ങുകളുടെ ആവാസകേന്ദ്രങ്ങളായ വനമേഖലകളുടെ കുറവ്, ഒറ്റക്കൃഷിയിലേക്കുള്ള മാറ്റം എന്നിവ കുരങ്ങുകൾക്കിടയിൽ ശത്രുതയും ആക്രമണവും വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്" അദ്ദേഹം പറയുന്നു.   

വനനശീകരണവും വ്യവസായവൽക്കരണവും മൂലം 2002 -നും 2018 -നും ഇടയിൽ ഇന്ത്യക്ക് 310,624 ഹെക്ടർ വനവിസ്തൃതി നഷ്ടമായിട്ടുണ്ട്. നാശനഷ്ടത്തിന്റെ തോതും സ്വഭാവവും അനുസരിച്ച് സംസ്ഥാന സർക്കാരുകൾ ഈ പ്രശ്നം പരിഹരിക്കുന്നതിന് വിവിധ ആശയങ്ങൾ മുന്നോട്ട് വയ്ക്കുകയുണ്ടായി. ദില്ലി സർക്കാർ കുരങ്ങുകളെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാൻ ശ്രമിക്കുകയാണ് ഇന്ന്. ഡൽഹിയിൽ നിന്ന് കുരങ്ങുകളെ അയൽസംസ്ഥാനങ്ങളിലെ വനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 2016 -ൽ ഉത്തരേന്ത്യൻ സംസ്ഥാനമായ ഹിമാചൽപ്രദേശ് കുരങ്ങുകളെ ഉപദ്രവകാരികളായി പ്രഖ്യാപിക്കുകയും ആളുകളെ അവയെ കൊല്ലാൻ അനുവദിക്കുകയും ചെയ്‍തിരുന്നു. 2019 -ൽ ഉത്തരാഖണ്ഡ് സംസ്ഥാനവും ഇത് പിന്തുടർന്നു.  

ഈ പ്രശ്‍നം കൈകാര്യം ചെയ്യുന്നതിൽ പ്രാദേശിക നഗര സംഘടനകളുടെ പങ്കും അവഗണിക്കാൻ സാധിക്കില്ല. “നഗരങ്ങളിൽ, ഭക്ഷണമാലിന്യങ്ങൾ ശരിയായി നീക്കം ചെയ്യാത്ത സ്ഥലങ്ങളിലാണ് സാധാരണയായി കുരങ്ങുകളെ കാണപ്പെടുന്നത്” പെറ്റ ഇന്ത്യയുടെ മുഖ്യ അഭിഭാഷക ഓഫീസർ ഖുഷ്ബൂ ഗുപ്ത പറഞ്ഞു. വനസംരക്ഷണം, ചവറ്റുകുട്ടകൾ സ്ഥാപിക്കൽ, പതിവായ മാലിന്യശേഖരണം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഇവയെ ഒരുപരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വന്ധ്യകരണം ഒരു പരിഹാരമല്ലായെന്നും, മറിച്ച് അവയെ പിടികൂടുന്നത് കൂടുതൽ അസ്വസ്ഥതയ്ക്ക് കാരണമാകുമെന്നും മൃഗസംരക്ഷകർ പറഞ്ഞു. "കുരങ്ങുകളല്ല പ്രശ്നം. ഈ മൃഗങ്ങൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ച മനുഷ്യരാണ് യഥാർത്ഥ പ്രശ്‌നക്കാർ” ഗുപ്ത പറഞ്ഞു. ഇത് തുടക്കത്തിലേ നിയന്ത്രിച്ചില്ലെങ്കിൽ, കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് പ്രവർത്തകർ പറയുന്നു. 

Follow Us:
Download App:
  • android
  • ios