അന്താരാഷ്ട്ര തലത്തില്‍ സാഹിത്യത്തിനും സംസ്കാരത്തിനും പരസ്പര വിനിമയത്തിനുള്ള വേദിയായിരിക്കും ഇത്. അവിടെ സെമിനാര്‍, സംവാദം ഒക്കെ സംഘടിപ്പിക്കുന്നതിനായി ഒരു മുറിയുണ്ടാകും. ഭാവിയില്‍ ഒരു സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. 

ടോക്കിയോ: ലോക പ്രശസ്ത സാഹിത്യകാരന്‍ ഹാരുകി മുറകാമി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടു. അതിനൊരു പ്രത്യേകതയുമുണ്ട്. നീണ്ട 37 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നത്. തന്‍റെ കൃതികളും മ്യൂസിക് ശേഖരവുമെല്ലാം പൂര്‍വവിദ്യാലയത്തില്‍ സൂക്ഷിക്കാന്‍ അദ്ദേഹം അനുമതി നല്‍കുകയും ചെയ്തു. അതില്‍ അദ്ദേഹത്തിന്‍റെ ഏറ്റവുമധികം വിറ്റഴിച്ച പുസ്തകങ്ങളും, നോവലുകളുടെ കയ്യെഴുത്തുപ്രതികളും, വിപുലമായ സംഗീതശേഖരവും എല്ലാം ഉണ്ടാകും. അമ്പതോളം ഭാഷകളിലേക്ക് ജാപ്പനീസ് എഴുത്തുകാരനായ മുറകാമിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് പ്രതികളാണ് ഇവ വിറ്റഴിക്കപ്പെട്ടത്. 

37 വര്‍ഷത്തെ നിശബ്ദത ഭേദിച്ചാണ് മുറകാമി മാധ്യമങ്ങളെ കണ്ടത്. അതും വീഡിയോ എടുക്കാന്‍ പാടില്ലെന്ന നിര്‍ബന്ധത്തോടെ. 'കയ്യെഴുത്തുപ്രതികളും തന്‍റെ പുസ്തകങ്ങളും വിപുലമായ സംഗീതശേഖരവും തനിക്കുശേഷം നശിക്കരുതെന്ന് ആഗ്രഹമുണ്ട്. തന്‍റെ മരണത്തിന് ശേഷം അത് സൂക്ഷിക്കാന്‍ മക്കളുമില്ല. അതിനാല്‍ അത് ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന സര്‍വകലാശാലയോട് നന്ദിയുണ്ടെ'ന്ന് മുറകാമി അറിയിച്ചിരുന്നു.

ഇതാണ് പ്രധാനമായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍:

മുറകാമി ലൈബ്രറി എങ്ങനെ ആയിരിക്കും?

അന്താരാഷ്ട്ര തലത്തില്‍ സാഹിത്യത്തിനും സംസ്കാരത്തിനും പരസ്പര വിനിമയത്തിനുള്ള വേദിയായിരിക്കും ഇത്. അവിടെ സെമിനാര്‍, സംവാദം ഒക്കെ സംഘടിപ്പിക്കുന്നതിനായി ഒരു മുറിയുണ്ടാകും. ഭാവിയില്‍ ഒരു സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. സംഗീതശേഖരങ്ങള്‍ കാണാനും അത് പരിശീലിക്കാനും ഉള്ള സൗകര്യവുമുണ്ടാകും. എന്‍റെ വര്‍ക്കുകള്‍ പഠിക്കാനുള്ള ഒരു സ്ഥലം മാത്രമായിരിക്കില്ല അത്. അത് ഒരു കോളേജ് കാമ്പസ് പോലെ ആയിരിക്കം. 

സാഹിത്യത്തിന് ഇന്നത്തെ കാലത്തുള്ള പ്രസക്തി എന്താണ്?

നോവലിന്‍റെ പ്രധാന കരുത്ത് അത് ആഖ്യാനരൂപത്തിലാണ് എന്നുള്ളതാണ്. അത്തരമൊരു സാഹിത്യകൃതിക്ക് ഒരാളുടെ ഹൃദയത്തിലേക്ക് നേരിട്ട് കയറിച്ചെല്ലാനുള്ള കഴിവുണ്ട്. അതിന് ഭാഷ പോലും തടസമല്ല. അത് ഒറ്റ സംസ്കാരത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് ലോകത്തിലാകെ, പലതരത്തില്‍ പെട്ട മനുഷ്യരില്‍ ജീവിക്കുന്നു.

താങ്കളുടെ കൃതികളെ സംഗീതത്തില്‍ നിന്ന് വേര്‍തിരിച്ച് കാണുക സാധ്യമല്ല?

ഞാന്‍ രാവിലെ നാല് മണിക്ക് എഴുന്നേറ്റ് ജോലി തുടങ്ങും. രാത്രി തന്നെ രാവിലെ കേള്‍ക്കേണ്ട സംഗീതം ഞാന്‍ തയ്യാറാക്കി വയ്ക്കും. അതെന്‍റെ തലയണക്കരികില്‍ തന്നെയുണ്ടാകും. ഞാന്‍ സംഗീതം കേള്‍ക്കും, അതെന്‍റെ സന്തോഷമാണ്. അത് എന്‍റെ കൃതികളിലുമുണ്ട്.

താങ്കളെ സംബന്ധിച്ച്, എന്താണ് വിവര്‍ത്തനം?

മറ്റു ഭാഷകള്‍ ഞാന്‍ വായിച്ചു തുടങ്ങിയത് എന്‍റെ കൗമാരകാലത്താണ്. ഒരു ജനാല തുറന്ന് പുതിയൊരു വായു ശ്വസിക്കുന്നത് പോലെയും പുതിയ കാഴ്ച കാണുന്നതുപോലെയുമായിരുന്നു അത്. എന്‍റെ മാതാപിതാക്കള്‍ ജപ്പാനീസ് സാഹിത്യത്തിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ വിവര്‍ത്തനം ചെയ്യാനിഷ്ടപ്പെട്ടു. ഇപ്പോഴും വിവര്‍ത്തനം ഞാന്‍ ജോലി ആയിട്ടല്ല ചെയ്യുന്നത്. അതെന്‍റെ വിനോദമാണ്. വിവര്‍ത്തനം എപ്പോഴും നോവലെഴുതാന്‍ സഹായകമാകും. ഞാനെഴുതുമ്പോള്‍ അത് ലോകത്തിന്‍റെ എല്ലാ ഭാഗത്തുമിരുന്ന് ആളുകള്‍ എങ്ങനെ വായിക്കുമെന്ന് ചിന്തിക്കാറുണ്ട്.