'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

മൊത്തമായും ചില്ലറയായും തകർന്നടിഞ്ഞു നിക്കുമ്പോൾ, ഏറുകൊണ്ട പട്ടിയുടെ ആവേശത്തിൽ കേറിച്ചെന്നൂർജം വീണ്ടെടുക്കാൻ വേണ്ടി മാത്രം കൂട്ടിയിട്ട കുറച്ചു പാട്ടുകളെങ്കിലുമില്ലാത്ത മനുഷ്യരില്ല. മേല്പറഞ്ഞതരം ഇമോഷണൽ പ്ലേലിസ്റ്റിലേക്ക്, എന്റെ അത്രയൊന്നും വിശാലമല്ലാത്ത ഇഷ്ടഗാനങ്ങളുടെ ലിസ്റ്റിൽനിന്നും കേട്ടയുടനേ കേറിക്കൂടിയ പാട്ടാണ്, "ഓമലാളേ നിന്നെയോർത്ത്..."എല്ലാ തരത്തിലും ഏകപക്ഷീയമായിരുന്നൊരു പ്രണയത്തിന്റെ ഹാങ്ങോവറിൽ നിന്നും തിരിച്ചിറങ്ങിത്തുടങ്ങുന്ന കാലത്താണീ പാട്ട് കിട്ടുന്നത്.

"ഓമലാളേ നിന്നെയോർത്ത്,
കാത്തിരിപ്പിൻ സൂചിമുനയിൽ
മമകിനാക്കൾ കോർത്തുകോർത്ത്
ഞാൻ നിനക്കൊരു മാല തീർത്തു..."

പിന്നെയങ്ങോട്ടുള്ള സകല വരികളുമയാൾക്കു പൊട്ടിക്കരയാനുള്ള പ്രലോഭനങ്ങളാകുന്നു

ആദ്യവരി തന്നെ അതിഗംഭീരമായി പൂർവ്വകാമുകിയുടെ (പറയാനും, വായിക്കാനും, പറഞ്ഞുമനസ്സിലാക്കാനുമുള്ള എളുപ്പത്തിനുവേണ്ടി തൽക്കാലം കാമുകിയെന്നുതന്നെ വിളിക്കാം) ഓർമ്മകളെ ഒളിച്ചു കടത്തുന്നുണ്ട്. പാട്ടെഴുതിയ ആൾ അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ലെങ്കിലും. ഒരു ശരാശരി നിരാശാകാമുകന് കേറി പായവിരിക്കാൻ ഈ നാലുവരി കൊടുക്കുന്ന സ്പേസ് തന്നെ ധാരാളം. പിന്നെയങ്ങോട്ടുള്ള സകല വരികളുമയാൾക്കു പൊട്ടിക്കരയാനുള്ള പ്രലോഭനങ്ങളാകുന്നു.

കേറിവരാനിരിക്കുന്ന കാമുകിയിലേക്കൊരു കിളിവാതിൽ പണിതുവെയ്ക്കുന്നിടത്താണീ പാട്ടിന്റെ നിത്യതയത്രയും

ഘടനാപരമായെങ്കിലും, തൊട്ടുരുമ്മി നിൽക്കുന്നത് നൈരാശ്യത്തിലകപ്പെട്ട സമ്മർദ്ദഹൃദയങ്ങളോടാണെങ്കിലും ഭാവിയിലെന്നോ കേറിവരാനിരിക്കുന്ന കാമുകിയിലേക്കൊരു കിളിവാതിൽ പണിതുവെയ്ക്കുന്നിടത്താണീ പാട്ടിന്റെ നിത്യതയത്രയുമിരിക്കുന്നത്. 

പ്രണയാനന്തര വായനയിലെ വരികളൊരു നിരാശാകാമുകനാണെങ്കിൽ, കാമുകിയില്ലായ്മയിലെ (താൽക്കാലികമായെങ്കിലും) വരികൾ പ്രത്യാശയുടെ സത്യസായിബാബയാകുന്നു. അതുകൊണ്ടാണ് ഞാൻ പറയുന്നത്, നിരാശനെങ്കിലും പ്രത്യാശകൈവിടാത്ത കാമുകന്മാർക്കൊരു രാജ്യമുണ്ടായാൽ, അവിടെയൊരു ദേശീയഗാനത്തിന്റെ ദൗത്യമീ പാട്ടുതന്നെ നിർവ്വഹിക്കട്ടെ.

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം