Asianet News MalayalamAsianet News Malayalam

നോക്കൂ, നിങ്ങള്‍ക്ക് ഒരു അപൂര്‍വ്വ രോഗമാണ്!

My fight against TTP Thrombotic thrombocytopenic purpura first part
Author
Thiruvananthapuram, First Published Jun 2, 2017, 4:21 PM IST

My fight against TTP Thrombotic thrombocytopenic purpura first part

മിസിസോഗയിലെ ക്രെഡിറ്റ് വാലി ഹോസ്പിറ്റലിലെ ഹീമറ്റോളജിസ്റ്റ് വല്ലാതെ  പരിഭ്രമിച്ച മുഖത്തോടെ ചുറ്റും  നോക്കി. ഒരു ഭാരിച്ച ദിവസത്തിന്റെ ക്ഷീണമുണ്ടായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. അദ്ദേഹത്തിന്റെ നരച്ച മുടിച്ചുരുളുകള്‍ മെരുക്കമില്ലാതെ പാറിപ്പറന്നിരുന്നു. എമര്‍ജെന്‍സിയിലെ വെയ്റ്റിങ്ങ് റൂമില്‍  ഇരിക്കുകയായിരുന്നു ഞാനും കുടുബവും.

രാവിലെ മുതലുള്ള കാത്തിരിപ്പ് ശരിക്കും മടുപ്പിച്ചിരുന്നു.

മായ സ്‌റ്റെര്‍ലി. അദ്ദേഹം എന്റെ പേരാണ് വിളിച്ചത്. കാത്തിരിപ്പിന് വിരാമമായതിന്റെ ആശ്വാസത്തോടെ ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി. അവിടെ തന്നെ ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ച് അദ്ദേഹം എന്റെ അരികിലേക്ക് ഓടി വന്നു. എന്റെ കാല്‍ക്കല്‍ വെറും നിലത്തിരിക്കാന്‍ ഉദ്യമിച്ചു!

ഗുരുക്കന്മാരേയും ഡോക്ടര്‍മാരേയുമൊക്കെ തൊഴുതു നില്‍ക്കുന്ന ശീലങ്ങളില്‍ നിന്നും വന്ന ഞങ്ങള്‍ ശരിക്കും അമ്പരന്നു.

സ്റ്റെര്‍ലി ചാടി എഴുന്നേറ്റ് എനിക്കരികിലുള്ള കസേര അദ്ദേഹത്തിനു ഒഴിഞ്ഞു നല്‍കി മകളോടൊപ്പം അപ്പുറത്തേക്ക് മാറിയിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ പരിഭ്രമിച്ച മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി.

'മായാ..ഞാനിപ്പോളാണ് നിങ്ങളുടെ ലാബ് റിസല്‍ട്ട് കാണുന്നത്. കണ്ട നിമിഷം ഇങ്ങോട്ട് ഓടി വരികയാണ്.

'മായാ..ഞാനിപ്പോളാണ് നിങ്ങളുടെ ലാബ് റിസല്‍ട്ട് കാണുന്നത്. കണ്ട നിമിഷം ഇങ്ങോട്ട് ഓടി വരികയാണ്. ഐ ആം എക്‌സ്ട്രീമിലി വറീഡ് അബൗട് യൂ.. നിങ്ങളിപ്പോള്‍ വല്ലാത്ത  ഗുരുതരാവസ്ഥയിലാണ്.നിങ്ങള്‍ക്ക്  ടി ടി പി അതായത്  ത്രോംബൊറ്റിക് ത്രോംബോ സൈറ്റൊപെനിക്ക് പര്‍പറ എന്ന അപൂര്‍വരോഗമാണ്. എത്രയും പെട്ടെന്ന് നമുക്ക് എന്തെങ്കിലും ചെയ്‌തേ പറ്റൂ'

'വാട്ട്?'

എനിക്ക് മുപ്പത്തേഴ് വയസ്സായിരുന്നു. ആറു വയസ്സുള്ള ഒരു മകളും കൂട്ടുകാരനെ പോലൊരു ഭര്‍ത്താവും അടങ്ങിയ ഒരു കൊച്ചു കുടുംബത്തിന്റെ സന്തോഷങ്ങളെല്ലാം എനിക്ക് സ്വന്തമായിരുന്നു.

ഡോക്ടര്‍ വളരെ പതുക്കെയാണ് എന്നോട് സംസാരിച്ചത്. പക്ഷെ ആ മുറി മുഴുവനും അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകമ്പനം കൊള്ളുകയാണെന്ന് എനിക്ക് തോന്നി. ഡോക്ടര്‍ പറയുന്നത് എന്നെ കുറിച്ചാണെന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.  മറ്റാരുടെയെങ്കിലും ബ്ലഡ് സാമ്പിള്‍ നോക്കിയാണോ ഇങ്ങനെയൊക്കെ പറയുന്നതെന്നു പോലും ഞാന്‍ സംശയിച്ചു. എന്റെ പ്ലേറ്റ് ലെറ്റ് ലെവല്‍ വളരെ  താഴെയാണെന്നും രക്തത്തില്‍ ഉടനീളം അപകടകരമാം വിധം 'ക്ലോട്ടുകള്‍' നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'യൂ  ആര്‍ നോട് ഗോയിങ് ഹോം'

അതിലധികവും എന്റെ തലയുടെ മുകളിലൂടെ പോയി. 

ഒന്നു ചിന്തിക്കാന്‍ പോലുമിട തരാത്ത വിധത്തില്‍ തുരു തുരെ ചോദ്യങ്ങള്‍ ചോദിച്ചു.

ചിലതിനൊക്കെ ഞാന്‍ മറുപടി പറഞ്ഞു.

പലതിനും   ഉത്തരം കിട്ടാതെ ഞാന്‍ അമ്പരന്നു.

'ഇനിയും ചില റ്റെസ്റ്റുകള്‍ ചെയ്യേണ്ടതുണ്ട്. എതായാലും ഇന്നു നിങ്ങള്‍  വീട്ടില്‍ പോകുന്നില്ല' എന്നു പറഞ്ഞു അദ്ദേഹം എഴുന്നേറ്റ് പോയി.

'യൂ  ആര്‍ നോട് ഗോയിങ് ഹോം'

ആ  ചുട്ടുപൊള്ളുന്ന  വാക്കുകള്‍ മാത്രം അദ്ദേഹം പോയിട്ടും എന്റെ ചെവിക്ക് ചുറ്റും കിടന്ന് അതിദ്രുതം വട്ടം ചുറ്റി  കൊണ്ടിരുന്നു.

'നിങ്ങള്‍ക്ക് തീര്‍ച്ചയായും പോകാം. മായ ഇവിടെ  നില്‍ക്കട്ടെ'

'ഡോക്ടര്‍ എന്തു പറഞ്ഞു?

ഇനി പോകാമല്ലോ  എന്ന മട്ടില്‍  സ്‌റ്റെര്‍ലി നില്ക്കുന്നു. ഞാന്‍ അമ്പരപ്പോടെ സ്‌റ്റെര്‍ലിയെയും മോളെയും നോക്കി. 

'ഇന്നു വീട്ടില്‍ പോണ്ടെന്ന്. കൂടുതല്‍ എന്തോ ടെസ്റ്റുകള്‍ വേണമെന്ന്'. 

അത്രയേ ..എനിക്ക് പറയാന്‍ കഴിഞ്ഞുള്ളൂ. ആകാംക്ഷയോടെ രണ്ട് കുഞ്ഞു കണ്ണുകള്‍ എന്റെ മുഖത്ത് പറ്റി നില്‍ക്കുമ്പോള്‍ അതില്‍ കൂടുതലെന്താണ് ഞാന്‍ പറയുക ?

ഭര്‍ത്താവ് ഡോക്ട്ടറുടെ പുറകെ ഓടി. 

'ഇന്നു വീട്ടില്‍ പോകാന്‍ കഴിയില്ലേ'

'നിങ്ങള്‍ക്ക് തീര്‍ച്ചയായും പോകാം. മായ ഇവിടെ  നില്‍ക്കട്ടെ'

അവളെ മടിയിലിരുത്തി പട്ടുമുടിയിഴകളില്‍ തഴുകുമ്പോള്‍ എന്റെ വിരല്‍ത്തുമ്പുകള്‍ വിറച്ചു.

അതെ. ഞാനിപ്പോള്‍ കാനഡയിലാണ്. രോഗത്തിന്റെ കാഠിന്യം രോഗിയുടെ അടുത്ത ബന്ധുക്കളറിയുകയും രോഗി മാത്രം എന്തൊക്കെയോ ഊഹാപോഹങ്ങളിലും സങ്കല്‍പ്പങ്ങളിലും  കഴിഞ്ഞു കൂടുന്ന ഒരു കാലത്തിലോ സ്ഥലത്തോ അല്ല. രോഗത്തെ കുറിച്ചെല്ലാം അറിയുക രോഗിയുടെ അവകാശമാണിവിടെ. അത് മറ്റാരെങ്കിലുമറിയണോ എന്നത് രോഗിയുടെ മാത്രം തീരുമാനവുമാണ്.

'അമ്മ വീട്ടില്‍ വരണം. കുഞ്ഞാവ  അമ്മില്ലാണ്ട് ഉറങ്ങില്ല'- മകള്‍ കരയാന്‍ തുടങ്ങി.

അവളെ മടിയിലിരുത്തി പട്ടുമുടിയിഴകളില്‍ തഴുകുമ്പോള്‍ എന്റെ വിരല്‍ത്തുമ്പുകള്‍ വിറച്ചു.

മഴവില്‍ നിറങ്ങള്‍ പൂശിയ ദിവസങ്ങളിലൂടെ ഓടിയോടി ഞാന്‍ വന്നത്  ഈ നിമിഷത്തിലേക്കായിരുന്നോ?

'ഇന്നൊരു രാത്രിയല്ലേ. ഒരു ടെസ്റ്റുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. അതു കഴിഞ്ഞാല്‍ അമ്മ വരില്ലേ'

പിടയ്ക്കുന്ന ഹൃദയം അടക്കിപ്പിടിച്ച് ഒരുറപ്പുമില്ലാത്ത വാക്കുകള്‍ കൊണ്ട് അവളെ ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

'റ്റിറ്റി പി അതാണ് രോഗത്തിന്റെ പേര്. ഗൂഗിള്‍ ചെയ്തു നോക്ക്'

ഞാന്‍ സ്റ്റെര്‍ലിയോട് പറഞ്ഞു. എന്റെ കൈയ്യിലെ ഫോണെടുത്ത് അത് പരിശോധിക്കാനുള്ള മനസ്സാന്നിദ്ധ്യം അപ്പോളുണ്ടായില്ല. ത്രോംബോടിക്ക് ത്രോംബോ സൈറ്റോപെനിക്ക് പര്‍പറ എന്ന രോഗത്തെക്കുറിച്ച് എനിക്ക് കേട്ട് കേള്‍വി പോലുമില്ല. ഇതു കൊണ്ടെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും ഒരു ധാരണയുമില്ല.  

മരണത്തെ മുഖത്തോട് മുഖം കാണുമ്പോള്‍ എനിക്കെന്താണ് തോന്നുക?

ഏത് നിമിഷവും മരിക്കാവുന്ന ഒരു അവസ്ഥയിലാണോ ഞാന്‍? 

അതോ, ദിവസങ്ങള്‍, മാസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ചികിത്സകള്‍ക്കും യാതനകള്‍ക്കുമൊടുവിലാണോ? 

ചോദ്യങ്ങള്‍ പലതായി മനസ്സില്‍ കെട്ടുപിണഞ്ഞുകൊണ്ടിരുന്നു.

മരണം. 

കുട്ടിക്കാലം മുതല്‍ എന്നെ ഭ്രമിപ്പിക്കുകയും കൊതിപ്പിക്കുകയും ഭയപ്പെടുത്തുകയും തീവ്രമായി നോവിക്കുകയുമൊക്കെ ചെയ്തിട്ടുള്ള മരണത്തെ മുഖത്തോട് മുഖം കാണുമ്പോള്‍ എനിക്കെന്താണ് തോന്നുക?

 

(കടപ്പാട്: സംഘടിത മാസിക)

Follow Us:
Download App:
  • android
  • ios