2016 മെയ് മാസം കേന്ദ്ര സർക്കാറിന് കീഴിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ 2016 ഇക്കാര്യം വിശദമായി പറയുന്നുണ്ട്. തൊണ്ണൂറ്റിയൊമ്പതാം പേജില്‍, നാലാമത്തെ അധ്യായത്തില്‍ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ദുരന്ത സമയത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം തേടേണ്ടതെന്ന് കൃത്യമായി പറയുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനങ്ങളിൽ ഉണ്ടാവുന്ന ഭീകരമായ പ്രകൃതിദുരന്തങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ പൂർണ അധികാരം സൈന്യത്തിനു നൽകണോ? കഴിഞ്ഞ മൂന്ന് ദിവസമായി കേരളം ഉറക്കെ തർക്കിച്ചു കൊണ്ടിരിക്കുന്ന വിഷയമാണിത്.
രക്ഷാപ്രവർത്തന ചുമതല പൂർണ്ണമായി സൈന്യത്തെ ഏൽപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയും ആവശ്യപ്പെടുന്നത്. എന്നാൽ, സൈന്യത്തിന് പൂർണ ചുമതല നൽകേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. സമാന ദുരന്തം നടന്ന പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാന സർക്കാറുകൾ തന്നെയാണ് രക്ഷാപ്രവർത്തനം നയിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നു.
വ്യത്യസ്ത കക്ഷികൾ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ഇക്കാര്യത്തിൽ ചേരി തിരിഞ്ഞുള്ള തർക്കങ്ങൾ വ്യാപകമായിരിക്കുന്നു. പലതരം ന്യായവാദങ്ങൾ ഇരു പക്ഷവും ഉയർത്തുന്നു. ശരിയും തെറ്റുമായ പലതരം വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നു.
എന്താണ് ഇതുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങൾ? സംസ്ഥാനങ്ങളിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ അനുവർത്തിക്കേണ്ട ഫെഡറൽ ചട്ടങ്ങൾ എന്തൊക്കെയാണ്?
2016 മെയ് മാസം കേന്ദ്ര സർക്കാറിന് കീഴിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ 2016 ഇക്കാര്യം വിശദമായി പറയുന്നുണ്ട്. തൊണ്ണൂറ്റിയൊമ്പതാം പേജില്‍, നാലാമത്തെ അധ്യായത്തില്‍ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ദുരന്ത സമയത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം തേടേണ്ടതെന്ന് കൃത്യമായി പറയുന്നുണ്ട്.
ദുരന്തസമയത്തുണ്ടാകുന്ന തയ്യാറെടുപ്പുകളും ചുമതലയും:
ഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, സുനാമി പോലുള്ള വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ജീവൻ അത്യാഹിതങ്ങളും വസ്തുവകകൾക്കും അടിസ്ഥാനസൌകര്യങ്ങള്‍ക്കും വലിയ തകർച്ചയും ഉണ്ടാവുന്നു. കേന്ദ്ര സര്‍ക്കാരിന്, അത്തരം ദുരന്ത സമയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെയോ കേന്ദ്രഭരണ പ്രദേശത്തെയോ സഹായിക്കാനും, സേവനം നല്‍കാനും കൃത്യമായ സംവിധാനമുണ്ട്.
അത്തരം ദുരന്തങ്ങൾക്ക് ഇരയാകുന്ന സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൃത്യസമയത്ത് കാര്യക്ഷമമായ രീതിയിൽ അവശ്യ സേവനങ്ങളും വിഭവങ്ങളും എത്തിക്കുന്നതിനും സഹായാഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നതിനും ഇന്ത്യാ ഗവണ്‍മെന്‍റ് വ്യക്തതയും കാര്യക്ഷമതയുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
