ഓരോ യാത്രയിലും, ഭൂപടത്തിന്റെ ഏതോ ഒരു കോണില്‍ നിന്നും, ഒരിക്കല്‍ പോലും സഞ്ചരിയ്ക്കാനിടയില്ലാത്ത ഒരു രാജ്യത്തിന്റെ സംസ്‌കാരത്തില്‍ നിന്നും, ചരിത്രത്തില്‍ നിന്നും, അവര്‍ ഒരു കാറുമായി വരുന്നു. കവിള്‍ നിറയെ ഇനിയും അറ്റുപോയിട്ടില്ലാത്ത അവരുടെ വേരുകളും സ്മരണകളുമായി അവര്‍ ഒപ്പം സഞ്ചരിക്കുന്നു. സവാരിയിലുടനീളം അവരെക്കുറിച്ചും അവരുടെ രാഷ്ട്രത്തെ കുറിച്ചും ഗതകാല ഗദ്ഗദങ്ങളോടെ അവര്‍ ആംഗലേയത്തില്‍ ഓര്‍ത്തെടുക്കുന്നു. ചേര്‍ത്തു വച്ച പ്രതീക്ഷകളോടെ, കുടിയേറ്റ ജീവിതത്തിന്റെ ഏറ്റവും പുതിയ പരിഭ്രമങ്ങളെ കുറിച്ച് അവര്‍ പറയാതെ പറയുന്നു. ഇടയ്‌ക്കെപ്പോഴോ നിശ്ശബ്ദമാവുന്നു. സര്‍വരാജ്യ പൗരന്മാരെയും കണ്ടുമുട്ടുക അങ്ങനെയാണ്, അവിടെയാണ്, ഊബര്‍ കാറിന്റെ ഡ്രൈവര്‍ സീറ്റുകളില്‍.

അവധി ദിവസത്തിന്റെ ആലസ്യത്തില്‍ അടഞ്ഞു കിടക്കുകയായിരുന്ന ഒരു ശനിയാഴ്ചയുടെ വാതില്‍ തള്ളി തുറന്ന് അവന്റെ വിളി വരുന്നു. ഇന്നത്തെ ഇന്ത്യാ-പാക് ക്രിക്കറ്റ് ഫൈനല്‍ ഇവിടെ കാണാം, നീ ഇങ്ങോട്ടു പോരെ. 

ഊബര്‍ പറഞ്ഞാല്‍ പറഞ്ഞതാണ്. കൃത്യനിഷ്ഠയില്ലാത്ത നമ്മളെ പോലെയുള്ളവര്‍ക്കു കൃത്യസമയത്തു തന്നെ എത്തി അവര്‍ പണി തന്നുകളയും. ആരാദ്യം പറയും നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയിലൂടെ നിശ്ശബ്ദത പാലിച്ചു കടന്നു പോകുന്നു. 

'ക്രിക്കറ്റ് കാണാറുണ്ടോ' ഡ്രൈവര്‍ സീറ്റില്‍ നിന്നും എന്നോടാണ്. 

ആകസ്മികതയുടെ ജീവിതസന്ദര്‍ഭങ്ങള്‍ ആരോ പറഞ്ഞുറപ്പിച്ചത് പോലെ ക്വട്ടേഷനെടുത്തതു പോലെ സംഭവിക്കുകയാണ്. 

ഇന്നത്തെ അവസാനത്തെ ട്രിപ്പ് ആണ്. വണ്ടിയൊതുക്കിയിട്ടു ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയാണ് എതിരാളി. വിരാട് കൊഹ്‌ലിയെ തളയ്ക്കാതെ രക്ഷയില്ല. എന്നാലും അഫ്രീദി ഫോമിലായാല്‍ കളി ജയിക്കും. 

കുടുംബപരിപാലനത്തിന്റെ നേരിയ ചുളിവുകള്‍ വീഴ്ത്തിയ ക്ഷീണിച്ച മുഖമുള്ള പാകിസ്ഥാന്‍കാരനായ ആ മധ്യവയസ്‌കന്‍ മനസ്സ് തുറന്നു. 

എന്നെയിറക്കി കടന്നു പോകുമ്പോള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു, ഞാന്‍ ഇന്ത്യയുടെ വിജയം ആഗ്രഹിക്കുന്നുണ്ട്. ഒരു നല്ല ദിവസത്തിനൊപ്പം വിജയാശംസകള്‍ കൂടി നേര്‍ന്നു ഇനി ഒരിക്കലും കണ്ടുമുട്ടാന്‍ ഇടയില്ലാത്തവരുടെ ഒരു പുഞ്ചിരി പകുത്തു നല്‍കി ആ വെളുത്ത ഹോണ്ടാ സിവിക് മടങ്ങിപ്പോയി.

അദ്ദേഹത്തിന് അറിയാമായിരുന്നു, ഞാന്‍ ഇന്ത്യയുടെ വിജയം ആഗ്രഹിക്കുന്നുണ്ട്.

പിന്നീടൊരിക്കല്‍ ഇറാനില്‍ നിന്നുള്ള മൊഹ്‌സിന്‍, എന്റെ ഹോബി ചോദിച്ചു കൊണ്ടാണ് ട്രിപ്പ് സ്റ്റാര്‍ട്ട് ചെയ്തതു തന്നെ. സ്റ്റാമ്പ് കലക്ഷന്‍, കോയിന്‍ കലക്ഷന്‍ എന്നൊക്കെ തട്ടിവിടാന്‍ വല്ലാത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും ഞാന്‍ സ്വയം നിയന്ത്രിച്ചു. വര്‍ത്തമാനം എപ്പോഴോ സിനിമയ്ക്ക് വഴിമാറി. മക്മല്‍ ബഫിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു, 'ദി സൈക്ലിസ്റ്റ് കണ്ടിട്ടുണ്ടോ?'

'ഉണ്ട്, അതെന്റെ ഫേവറിറ്റ് ആണ'. 

'എന്റെ പിതാവ് അതുപോലെ ഒരു സൈക്ലിസ്റ്റ് ആയിരുന്നു. ഞാന്‍ തെരുവില്‍, കാര്‍ണിവല്‍ നടക്കുന്ന ഇടങ്ങളില്‍ ഉപ്പയ്‌ക്കൊപ്പം സഹായിയായി കൂട്ട് പോയിട്ടുണ്ട്. എനിക്കാ സിനിമ മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല, കരഞ്ഞുപോകും. എന്റെ ജീവിതം ആണത'

 ഇടറുന്നത് ആ ശബ്ദം മാത്രമല്ല ആ ഹൃദയം തന്നെയെന്ന് എനിക്ക് തോന്നി. ഇറങ്ങാന്‍ നേരം എന്നോട് പറഞ്ഞു മക്മല്‍ ബഫിന്റെ മകള്‍ സമീറയുടെ ഒരു സിനിമയുണ്ട്, ബ്‌ളാക്ക്‌ബോര്‍ഡ്, പറ്റിയാല്‍ അതും കൂടി ഒന്ന് കാണൂ. ഞങ്ങളെ നിങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാവും.

എന്റെ പിതാവ് അതുപോലെ ഒരു സൈക്ലിസ്റ്റ് ആയിരുന്നു

ഊബര്‍ അങ്ങനെയാണ്, ഡ്രൈവറുടെയും കാറിന്റെയും പേരും നമ്പറുമാണ് ആദ്യം വരിക, പിന്നാലെ കാറും. എപ്പോഴും പേര് നോക്കി രാജ്യം ഊഹിച്ച് വയ്ക്കും. അന്നതിനൊന്നും തോന്നിയില്ല. വെറും നാല് മിനിട്ട്. വിശപ്പും തണുപ്പും കൂരിരുട്ടും കൂടി കെട്ടുപിണഞ്ഞു കിടന്ന ആ അര്‍ദ്ധരാത്രിയില്‍ അതുപോലും ദുസഹമായിരുന്നു. സിഗ്‌നലില്‍ പച്ചയും ചുവപ്പും നിലച്ചിരിക്കുന്നു. മഞ്ഞ മാത്രം പതിഞ്ഞ താളത്തില്‍ കത്തിയണയുന്നു. തണുപ്പിന്റെ ആലിംഗനങ്ങളോട് വഴങ്ങുക മാത്രം ചെയ്ത് അവന്റെ വരവും കാത്തു അക്ഷമയില്‍ ചവിട്ടി ഞാന്‍ നിന്നു. 

അല്‍ജിബ്രാന്‍. 'കടന്നുവരൂ സുഹൃത്തേ', ഡോര്‍ തുറന്നതും എന്നെ പുഞ്ചിരിയോടെ അവന്‍ അഭിവാദ്യം ചെയ്തു,  ചാടിക്കയറുന്നതിനിടയില്‍ എന്റെ കൈയില്‍ നിന്നും വഴുതി അടയാന്‍ തുടങ്ങിയ ഡോറിനിടയിലൂടെ അത് പുറത്തെ തണുപ്പില്‍ തട്ടി താഴെ വീണു.

വൈകിപ്പോയ ചില രാജ്യാന്തര കോളുകള്‍ ഞാന്‍ വേഗത്തില്‍ ആരംഭിച്ചു. എന്റെ മലയാളം മുഴുവന്‍ അവന്‍ ക്ഷമയോടെ കേട്ടിരുന്നു. ഫോണ്‍ വച്ചതും എന്നോട് ഇന്ന് വൈകിയതിന്റെ കാരണം ആരാഞ്ഞു, എനിക്ക് പറയാന്‍ കഴിയുമെങ്കില്‍ മാത്രം. അവന്റെ സൗഹാര്‍സ്സപരമായ എല്ലാ ചോദ്യങ്ങളോടും പ്രതികരിച്ചു എന്ന് വരുത്തുക മാത്രം ചെയ്തു ഞാന്‍ മിണ്ടാതിരുന്നു. ഇന്ത്യയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ അവന്‍ കൂടുതല്‍ ഉത്സാഹിയായി എന്റെ അമ്മയുടെ നാട്ടുകാരന്‍! അപ്പോള്‍, അപ്പോള്‍ മാത്രം എനിക്ക് അവനോടു സംസാരിക്കണം എന്ന് ആദ്യമായി തോന്നി.

 അമേരിക്കന്‍ ഉച്ചാരണത്തിന്റെ പരകോടിയില്‍ നിന്നുകൊണ്ട് അവന്‍ പറഞ്ഞു തുടങ്ങി. 'അമ്മയുടെ നാട് ഹൈദരാബാദാണ്, ആന്ധ്ര. അച്ഛന്റെ നാടും ഹൈദരാബാദാണ്, പാകിസ്താന്‍. ആ അര്‍ത്ഥത്തില്‍ അവര്‍ രണ്ടുപേരും ഒരേ നാട്ടുകാരാണ്' (ചിരി). 

'ഭായി എനിക്കൊരു സഹായം ചെയ്യാമോ, ഇനി ഇന്ത്യയില്‍ പോകുമ്പോള്‍?'

'ഇവിടെ പഠിക്കാനായി വന്ന അവര്‍ പ്രണയിച്ചു, വിവാഹിതരായി. ഞാന്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്, എന്റെ ചെറുപ്പത്തില്‍ പലതവണ. എനിക്ക് വളരെ ഇഷ്ടമാണ്. രണ്ടു വര്‍ഷം മുന്‍പ് പാകിസ്താനിലും പോയിരുന്നു. ഞങ്ങളുടെ ബന്ധുക്കള്‍ ഡല്‍ഹിയിലും ബോംബയിലും കറാച്ചിയിലും ലാഹോറിലും ഉണ്ട്. എന്റെ വേരുകള്‍ അവിഭക്ത ഇന്ത്യയിലാണ്'

'ഭായി ഇനി എന്ത് ചെയ്യാന്‍ പോകുന്നു'. എന്നോട് ചോദിച്ചു. 

'ഡിന്നര്‍ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തണം, ഉറങ്ങണം'.  അവനു പറയാനുള്ളതിനു ഞാന്‍ പച്ച സിഗ്‌നല്‍ തെളിച്ചു കൊടുത്തു.

'എന്റെ ഉമ്മയുടെ ഉമ്മ അവിടെ ഒരു ഓള്‍ഡ് ഏജ് ഹോമിലാണ്, ആന്ധ്രാപ്രദേശില്‍, ഹൈദരാബാദില്‍. ഇപ്പോള്‍ കാഴ്ചയും കേള്‍വിയും ഒക്കെ കുറവാണ്. ഉടനെ എങ്ങും എനിക്ക് പോയി കാണാന്‍ കഴിയില്ല. ഒരിക്കല്‍ കൂടി കാണണം എന്നുണ്ട്. അറിയില്ല, ഇനി എന്നെങ്കിലും കാണുമോ എന്ന്'. 

ഉറക്കം നഷ്ടപ്പെട്ട്, മറുപടികള്‍ നഷ്ടപ്പെട്ട് ഞാനിരുന്നു. 

'ഭായി എനിക്കൊരു സഹായം ചെയ്യാമോ, ഇനി ഇന്ത്യയില്‍ പോകുമ്പോള്‍?'

 ഞാന്‍ ആ ചോദ്യം കേട്ടു. 

അപ്പോള്‍ വന്ന മറ്റൊരു കോള്‍ എടുക്കാനായി ഞാന്‍ അവന്റെ സംഭാഷണത്തെ അനുവാദം ചോദിക്കാതെ കട്ട് ചെയ്തു. പിന്നെ ഒരിക്കലും ആ സംഭാഷണത്തിലേക്കു തിരിച്ചു വരാന്‍ നീണ്ടു പോയ ആ കോള്‍ അനുവദിച്ചില്ല. അവനു ശുഭരാത്രി ആശംസിച്ച് വീട്ടിലേക്കു നടക്കുമ്പോള്‍ ഇരുട്ടിന്റെ വേറെയേതോ കോണില്‍ നിന്നും മറ്റൊരു യാത്രികന്റെ റിക്വസ്റ്റ് അവന്റെ ഐ ഫോണില്‍ വന്നു പതിക്കുന്നതിന്റെ ശബ്ദം കാറിനു പുറത്തേക്കു ചാടി എന്റെ കാതിനു പിന്നില്‍ വന്ന് അണച്ച് നിന്നു.

അപ്പോഴൊക്കെയും എനിക്ക് നിന്നെ ഓര്‍മ വരുന്നൂ, അല്‍ജിബ്രാന്‍

'എന്തായിരുന്നു നിനക്ക് എന്നോട് ആവശ്യപ്പെടാന്‍ ഉണ്ടായിരുന്നത്? എന്ത് സഹായമായിരുന്നു ഞാന്‍ നിനക്കും നിന്റെ ഉമ്മൂമ്മയ്ക്കും വേണ്ടി ചെയ്യേണ്ടിയിരുന്നത്? എന്താണ് നീ പറഞ്ഞു മുഴുമിപ്പിക്കാതെ പോയത്?'

 അന്ന് രാത്രി ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയിലുള്ള മുറിഞ്ഞുപോയ ഏതോ ഒരു നിമിഷത്തില്‍, ആ ചോദ്യം ഞെട്ടി എഴുന്നേറ്റ് ഉണര്‍ന്നിരുന്നു. ഫോണ്‍ തപ്പിപ്പിടിച്ചു ഊബര്‍ റിക്വസ്റ്റില്‍ നിന്നും നമ്പര്‍ കണ്ടെത്തി വിളിച്ചെങ്കിലും നിന്റെ ഫോണ്‍ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. 

'നാട്ടിലേക്ക് ഉടനെ പോകുന്നുണ്ട്, എന്തൊക്കെയോ വാങ്ങുന്നുണ്ട്, അപ്പോഴൊക്കെയും എനിക്ക് നിന്നെ ഓര്‍മ വരുന്നൂ, അല്‍ജിബ്രാന്‍. ചെയ്യാന്‍ കഴിയുമായിരുന്ന എന്തോ ഒന്ന്. പിന്നീടൊരിക്കലും നീ എന്റെ ഫോണ്‍വിളി കേള്‍ക്കാഞ്ഞതെന്താണ്? ഇപ്പോള്‍ നിന്റെ നമ്പറും ഫോണ്‍ മാറ്റത്തിനൊപ്പം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു'
 
അല്‍ജിബ്രാന്‍, അന്ന് രാത്രി നിന്റെ പേരിനു എന്തെങ്കിലും ഒരു അര്‍ത്ഥമുണ്ടാകാം എന്ന് എന്തുകൊണ്ടോ എനിക്ക് അങ്ങനെ തോന്നി. ഫോണ്‍ വീണ്ടും കണ്ടെടുത്തു ആ ഇരുട്ടില്‍ ഞാന്‍ ഗൂഗിള്‍ ദേവതയോട് ചോദിച്ചു. 

അപ്പോള്‍ വിക്കിപീഡിയ എന്നോട് ഇങ്ങനെ വായിക്കാന്‍ പറഞ്ഞു Algebra (from Arabic 'aljabr' meaning 'reunion of broken parts'[1]).

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!