'പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു'-ചോറ് ഉരുളകളാക്കി വായില്‍ വെച്ച് തന്ന് കൊണ്ട് ഉമ്മമ്മ കഥ പറയാന്‍ തുടങ്ങി.

'രാജാവിന്റെ കഥയും പുലിയുടെ കഥയും ഇനി വേണ്ട നിക്ക് പുതിയ കഥപറഞ്ഞ് തരണം'. ഞാന്‍ വാശിപിടിച്ചു.'ഇന്ന് ആ ഭ്രാന്തനെ കുറിച്ച് പറഞ്ഞാ മതി!'.

കേട്ട് മടുത്ത പഞ്ചതന്ത്ര കഥകള്‍ക്കും പഴമയുടെ മാത്രം ഗന്ധമുള്ള രാജാവിന്റെ കഥക്കും ഇന്നൊരവസാനമുണ്ടാകുമെന്ന് കരുതി ഞാനാ കണ്ണിലേക്ക് നോക്കിയിരുന്നു. അന്നാണ് ആദ്യമായി ഞാനയാളെ കുറിച്ച് കേള്‍ക്കുന്നത്. കണ്ടിട്ടുണ്ട് ഒരു പാട് പ്രാവശ്യം സ്‌കൂളു വിട്ടു വരുമ്പോള്‍ മദ്രസ വിട്ട് വരുമ്പോള്‍ കയ്യിലുള്ള പുസ്തകവും കവറും സ്വന്തം കയ്യിലിരിപ്പുകൊണ്ട് മാത്രം വെവ്വേറെയാക്കി ചുറ്റി കെട്ടിയ മക്കന കയ്യില്‍ പിടിച്ച് കൂട്ടുകാരോടപ്പം വരുമ്പോള്‍ ഇടവഴിയിലൂടെ അയാളിറങ്ങി വരും.

'ഭ്രാന്തന്‍..!'  ഓടിക്കോന്നും പറഞ്ഞ് എല്ലാവരും ഒറ്റ ഓട്ടമായിരിക്കും. സ്വന്തം ഭാരം കൊണ്ടും കയ്യിലെ ഭാരം കൊണ്ടും അവരുടെ ഒപ്പമെത്തിയില്ലെങ്കിലും ഞാനും ഓടും . അങ്ങനെ ചില മത്സരപ്പാച്ചിലുകള്‍ക്കൊടുവില്‍ സന്ധ്യയാകും മുന്‍പേ വീടണയും.

'ആ ഭ്രാന്തനും വീടും ഭാര്യയും മക്കളുമാക്കെ ഉണ്ടായിരുന്നു.ഒരിക്കല്‍ എന്തോ അപകടം സംഭവിച്ച് അവരൊക്കെ മരിച്ച് പോയി.അതില്‍ പിന്നെ അയാളങ്ങനെയാണ്.  സമനില തെറ്റിയതില്‍ പിന്നെ അയാളുടെ പേര് തന്നെ എല്ലാരും മറന്നു. ഒരു ഇടിയും മഴയും കാറ്റും ഒരുമിച്ച് വന്ന് തകര്‍ത്തതാണ് അയാളുടെ ജീവിതമെന്നയാള്‍ വിശ്വസിക്കുന്നുണ്ടാവണം..'.

ഉമ്മമ്മ പറയുന്നു. 

'അതോണ്ടായിരിക്കും മഴ വരുമ്പോള്‍ അയാളോടിയൊളിക്കും..'. അവസാന ഉരുളയും വായില്‍ വെച്ച് തന്ന് കൊണ്ട് ഉമ്മമ്മ നിര്‍ത്തി.

'ഭ്രാന്തന്‍..!'  ഓടിക്കോന്നും പറഞ്ഞ് എല്ലാവരും ഒറ്റ ഓട്ടമായിരിക്കും.

അന്ന് രാത്രിയില്‍ അയാളെന്റെ അടുത്തേക്ക് വരുന്നതായും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നെ കൊല്ലുന്നതായും ഞാന്‍ സ്വപ്നം കണ്ടു. നട്ടപ്പാതിരക്ക് ഞെട്ടി എഴുന്നേറ്റ എന്റെ നേര്‍ക്ക് ഉപ്പും മുളകും ഉഴിഞ്ഞിട്ട് കണ്ണേറ് മാറ്റി ഉമ്മമ്മ വീണ്ടുമെന്നെ ഉറക്കി. അന്ന് ഞാനൊരു മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയമായിരുന്നു. രാവിലെ നേരത്തെ എഴുനേറ്റ് പാലപ്പൂവ് പറിക്കാന്‍ പോകും മഞ്ഞിന്റെ തണുപ്പിനെ വകവെക്കാതെ ഞാനും മുബിയും മത്സരിച്ച് പെറുക്കിയ പൂക്കള്‍ ഒന്നിച്ച് കോര്‍ത്ത് പൂമാലകളാക്കി മുടിയില്‍ പിന്നിയിടും. അന്ന് പാലയുടെ മുകളിലെ യക്ഷിയേക്കാളും, എപ്പോള്‍ വേണമെങ്കിലും  ചാടി വീഴാവുന്ന ഭ്രാന്തന്റെ ആദ്യശ്യമായ സാന്നിധ്യത്തെയാണ് ഞാന്‍ ഭയന്നത്.

ഒരിക്കല്‍ ദീപ ടീച്ചര്‍ ക്ലാസില്‍, മനുഷ്യന്‍ കുരങ്ങനില്‍ നിന്നും രൂപാന്തരപ്പെട്ട്  മനുഷ്യനായി പരിണമിച്ചതിനെ കുറിച്ച് പറഞ്ഞു.ചിത്രവും കഥയുമൊക്കെയായി ക്ലാസ് നീണ്ടപ്പോള്‍ ജഡ പിടിച്ച മുടിയും, ഉന്തിയ പല്ലുകളും, പാതി മുറിഞ്ഞ പാന്റും, എല്ലുന്തിയ ശരീരവുമുള്ള ഭ്രാന്തനോട് ആദിമ മനുഷ്യരെ ഞാന്‍ താരതമ്യം ചെയ്തു.

മുട്ടിക്കുടിയന്‍ മാങ്ങയില്ലാത്ത ഒരു മാമ്പഴക്കാലം അന്നില്ലായിരുന്നു. വൈകുന്നേരം വീശുന്ന കാറ്റിന്റെ വേഗത കൂടണേയെന്ന് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ കുട്ടികള്‍ സ്ഥിരമായി വിട്ടില്‍ നിന്നും കുറച്ചുകലെയുള്ള മാവിന്റെ ചോട്ടില്‍ പോയിരിക്കും. കാറ്റ് വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ ഓടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എല്ലാവരും ഒരു കാല്‍ താഴെയമര്‍ത്തി ചവിട്ടി വെക്കും. ഓട്ടത്തില്‍ കേമന്മാരായ ഒരു പാട് പേര്‍ ഉള്ളതു കൊണ്ട് തന്നെ ആദ്യം വീഴുന്ന മാങ്ങകളാക്കെ അവര്‍ സ്വന്തമാക്കും.

പേടി നന്നേ ബാധിച്ചതു കൊണ്ട് രണ്ട് ദിവസത്തെ പനിയും, രണ്ട് കാല്‍ മുട്ടില്‍ മുറിയും സ്വന്തമായി.

അങ്ങനെയിരിക്കുമ്പഴാണ് ഒരു ദിവസം ആദ്യമായി ഓടിയെത്തി ഞാനൊരു മാമ്പഴം എന്റെ കയ്യിലാക്കിയത്. മാമ്പഴത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച എന്റെ ചുറ്റുമുള്ളവരൊന്നും ഓടിയത് ഞാനറിഞ്ഞിരുന്നില്ല. സന്തോഷം കൊണ്ട് തുള്ളിച്ചാടി തിരിഞ്ഞുനോക്കിയപ്പോള്‍ ഭ്രാന്തന്‍ ഇടവഴിയില്‍ നിന്നിറങ്ങി വരുന്നു. 'ഒരു വലിയ മഴ പെയ്യിച്ച് അയാളോടിയൊളിക്കണേ പടച്ചോനെ' എന്ന് ആത്മാര്‍ത്ഥമായി അപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഞെട്ടിയോടിയ എന്റെ കാലില്‍ ഏതോവള്ളിച്ചെടി കുടുങ്ങി അവിടെ വീണു. വീണതിന്റെ ആഴമൊന്നുമറിയാതെ ഞാന്‍ തൊട്ടടുത്ത വീടിന്റെ കുളിമുറിയില്‍ ഒളിച്ചു നിന്നു. പേടി നന്നേ ബാധിച്ചതു കൊണ്ട് രണ്ട് ദിവസത്തെ പനിയും, രണ്ട് കാല്‍ മുട്ടില്‍ മുറിയും സ്വന്തമായി. മുറി പഴുത്ത് വന്നു അതിന്മേല്‍ വന്നിരുന്ന ഈച്ചകളെയൊന്നും ആട്ടിയകറ്റാതെ ഞാനെന്റെ മാംസത്തില്‍ നിന്ന് അവയ്ക്ക് അന്നമേകി അഭിമാനിച്ചു. പേടി കാരണം അന്നത്തെ മാമ്പഴക്കാലത്തിന്റെ മാധുര്യം എനിക്ക് നഷ്ടമായി.

ചെറിയ കുട്ട്യോള്‍ക്ക് രാവിലെയും നാലാം ക്ലാസുമുതല്‍ രാത്രിയുമായിരുന്നു അക്കാലത്ത് മദ്രസ ഉണ്ടായിരുന്നത്.

മുഹമ്മദ് മോല്യാരുടെ അറ്റം വണ്ണമുള്ള ചൂരല്‍ കഷായത്തിന്റെ വേദനയോര്‍ത്ത് മുടങ്ങാതെ ഞാനും രാത്രി മദ്രസക്ക് പോവാന്‍ തുടങ്ങി. മഗ് രിബിന്  ശേഷം തുടങ്ങിയാല്‍ രാത്രി ഒമ്പതു ഒക്കെയാകുമ്പോഴേ കഴിയുമായിരുന്നുള്ളു. പിന്നീടൊരു മത്സര ഓട്ടമായിരിക്കും. ക്ലാസില്‍ ആരോടെങ്കിലും പിണങ്ങിയിട്ടുണ്ടെങ്കില്‍ അവരെ പിച്ചി ഒറ്റ ഓട്ടം. വേഗം വീട്ടിലെത്തുക, ഒമ്പതരക്ക് ഓഫാക്കുന്ന ടി.വിക്ക് മുന്നിലിരിക്കുക, കഥയും കേട്ട് ഉമ്മമ്മയുടെ ഉരുളന്‍ ചോറ് കഴിക്കുക. അതായിരിക്കും പ്രധാന ലക്ഷ്യം.രാത്രിയായത് കൊണ്ട് തന്നെ കുറുക്കു വഴിയിലൂടെ വരരുതെന്ന പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നു.

റോഡിലൂടെ ഓടി വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറും മുന്‍പ് അധികം വെള്ളമില്ലാത്ത എന്നോളം ആഴമുള്ള ഒരു തോടുണ്ട്. അതിന്റെ മുകളില്‍ അധികം വിശാലമല്ലാത്ത പാലവും.  വഴിവിളക്കില്ലാത്ത ആ വഴിയിലൂടെ, അന്ന് ചെറിയ രണ്ട് ചുവന്ന പൊട്ടുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പോക്കറ്റ് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍, പാലമാണെന്ന് കരുതി ശൂന്യതയിലേക്ക് കാല് വെച്ച് തോട്ടിലേക്ക് ഞാന്‍ മൂക്കും കുത്തി വീണു.

പാലമാണെന്ന് കരുതി ശൂന്യതയിലേക്ക് കാല് വെച്ച് തോട്ടിലേക്ക് ഞാന്‍ മൂക്കും കുത്തി വീണു.

തൊട്ടടുത്ത് തന്നെയുള്ള മുത്തശ്ശിപ്പാറയില്‍ നിന്ന് മുടി നീട്ടിവളര്‍ത്തിയ പ്രേത മുത്തശ്ശി എന്റെ രക്തം വലിച്ചു കുടിക്കുമായിരിക്കും. അല്ലെങ്കില്‍ ഈ തോട്ടിലെ നീര്‍ക്കോലികളുടെ രാത്രി ഭക്ഷണമാകാനാവും എന്റെ വിധി. ഞാന്‍ നിലവിളിച്ചു.

ആരും കേട്ടില്ല.

അവസാനമണി മുഴങ്ങുന്നതിനു മുമ്പേ ഞാനോടിയത് കൊണ്ട് ആരും എന്റെ ഒപ്പമെത്തിയിട്ടില്ല. ഖുര്‍ആനും പുസ്തകങ്ങളുമെല്ലാം വെള്ളം തട്ടാതിരിക്കാന്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. പെട്ടെന്നാരോ എന്നെ തട്ടി വിളിച്ചു. എന്റെ നേര്‍ക്ക് കൈകള്‍ നീട്ടി. ഇരുട്ടിന്റെ അവ്യക്തകള്‍ക്കിടയില്‍  നീട്ടിയ കൈകളുടെ ഉടമസ്ഥനെ ഞാന്‍ കണ്ടില്ല. രണ്ട് തിളങ്ങുന്ന കണ്ണുകള്‍ അയാള്‍ക്കുണ്ടായിരുന്നു. അയാളുടെ പരുപരുത്ത കൈകളില്‍ ഞാനമര്‍ത്തി പിടിച്ചു.

അത് അയാളായിരുന്നു!

ഭ്രാന്തനെന്ന് വിളിച്ച് ഞങ്ങള്‍ ഓടിയൊളിച്ചിരുന്ന ആ മനുഷ്യന്‍. ഞങ്ങളുടെ പേടി സ്വപ്‌നം. 

എന്നെ കരക്കെത്തിച്ച് ഒന്നുമറിയാത്ത പോലെ നടന്നു നീങ്ങുന്ന അയാളെ ഞാന്‍ നോക്കി നിന്നു. അപ്പോഴേക്കും എല്ലാവരും എത്തിയിരുന്നു.അടുത്ത വീട്ടിലെ ഇക്കാക്ക എന്നെ വീട് വരെ എത്തിച്ച് തന്നു. ഏങ്ങിക്കരയുന്ന എന്റെ മുകളില്‍ രണ്ട് കുടം വെള്ളം കമിഴ്ത്തി ഉമ്മമ്മ കുളിപ്പിച്ചപ്പോഴും തലപറിഞ്ഞ് പോരുന്നതു വരെ തുവര്‍ത്തി രാസ്‌നാദി പൊടി തിരുമ്മിയപ്പോഴും ഞാനയാളെ കുറിച്ച് മാത്രം ആലോചിച്ചു.

അലിവിന്റെ കണ്ണുകളോടെ അയാളെന്റെ നേരെ കൈകള്‍ നീട്ടിയപ്പോള്‍ അവിടെ ഞാനൊരു ഭ്രാന്തും ദര്‍ശിച്ചിരുന്നില്ല. പിന്നീടയാളെ കാണുമ്പോഴെന്നും ഞാന്‍ ഓടിയൊളിച്ചില്ല.പ്രതീക്ഷ വറ്റിയ കണ്ണുകളോടെ നടന്ന വഴികളിലൂടെ ആവര്‍ത്തിച്ച് നടക്കുന്ന ആ രൂപത്തെ ഞാന്‍ നോക്കി നിന്നു.വിശപ്പിന്റെ പ്രതീകമായി നിന്ന ഒട്ടിയ വയറിലേക്ക് അയാള്‍ക്കാരും ഭക്ഷണം നല്‍കുന്നത് ഞാന്‍ കണ്ടില്ല.

അന്നെന്റെ കൈയില്‍ നിന്നും താഴെ വീണ് അയാളെടുത്ത മാമ്പഴമല്ലാതെ ഞാനൊന്നും അയാള്‍ക്ക് കൊടുത്തിരുന്നുമില്ല. കൊടുക്കാനെന്റെ  കൈയിലൊന്നുമുണ്ടായിരുന്നില്ല. ഉമ്മയുടെ വീട്ടില്‍ നിന്ന് ഉപ്പയുടെ വീട്ടിലേക്കും അഞ്ചാം ക്ലാസിലേക്കുമായി ഞാന്‍ പറിച്ചു നടപ്പെട്ടു. പിന്നീടെപ്പെഴെങ്കിലുമുള്ള വിരുന്നു പോക്കില്‍ എന്റെ കണ്ണുകള്‍ അയാളെ തിരഞ്ഞു. വഴിയില്‍ കാണുന്ന ഓരോ സമനില തെറ്റിയ മനുഷ്യരിലും അലിവു വറ്റാത്ത വെളുത്ത ഹൃദയം ഞാന്‍ കണ്ടു. എല്ലാവര്‍ക്കു പിന്നിലും ഹൃദയം നുറുങ്ങുന്ന കഥകളുണ്ടാകുമെന്ന് ഞാന്‍ സ്വയം വിശ്വസിച്ചു. ഇന്നിന്റെ കാലത്ത് വികാരങ്ങളുടെയും നേട്ടങ്ങളുടെയും സഫലീകരണത്തിന് വേണ്ടി അറിഞ്ഞ് കൊണ്ട് വേഷം കെട്ടുന്ന മനുഷ്യരേക്കാള്‍ മനോനിലതെറ്റിയവരാണ് നല്ലതെന്നെനിക്കിപ്പഴും തോന്നാറുണ്ട്. 

'അയാളെയിപ്പൊ ഇവിടെങ്ങും കാണാറില്ല,

ഇടവഴി മാറി റോഡുകളായി.

മുട്ടിക്കുടിയന്‍മാങ്ങകള്‍ ചിതറിയരഞ്ഞ് കിടക്കുന്നു. വീഴുന്ന മാമ്പഴത്തെ ഓടിപ്പിടിക്കാന്‍ കുട്ടികളെ ഇപ്രാവശ്യം ഉമ്മാടെ വീട്ടില്‍ പോയപ്പോള്‍ ഞാന്‍ കണ്ടില്ല. ഞങ്ങളുടെ ഉള്ളം വിറപ്പിച്ചിരുന്ന മുത്തശ്ശിപ്പാറയും ഇപ്പൊ അവിടില്ല. പാലം കോണ്‍ക്രീറ്റിട്ട് വിശാലമാക്കിയിരുന്നു. അന്നെന്നോടൊപ്പം ഓടി നടന്ന് ചോറ് വാരിതന്നിരുന്ന കാലുകളിലെ വേദന പറഞ്ഞ് ഉമ്മമ്മ സങ്കടപ്പെട്ടു. 

അതിനിടെ ഞാനയാളെക്കുറിച്ച് ചോദിച്ചു. നീയൊന്നും മറന്നില്ലേയെന്ന ഭാവത്തില്‍ ചിരിച്ചു കൊണ്ട് ഉമ്മമ്മ മറുപടി പറഞ്ഞു.'അയാളെയിപ്പൊ ഇവിടെങ്ങും കാണാറില്ല, കൊറേ കാലം അങ്ങനെ നടക്കണത് കണ്ടിരുന്നു.ഇപ്പൊ കുറച്ചായി ഇവടന്ന് പോയിതോന്നുണു'. 

ബാല്യത്തിന്റെ മധുരത്തേക്കാള്‍ ചില പേടികള്‍ വേരുകളായി ആഴ്ന്നിറങ്ങും അതൊരു കൗതുകമായങ്ങനെ നിലനില്‍ക്കുന്നതിനും ഒരു രസമുണ്ട്. അപ്പുറത്തെ തൊടിയില്‍ പാല പൂത്ത മണം. ഇടവഴിയില്‍ നിന്നിറങ്ങിവരാനും പേടിപ്പെടുത്താനും ഭ്രാന്തനോ ഇടവഴികളോ ഇന്നില്ല. ഒക്കെ മാറിയിരിക്കുന്നു.പക്ഷെ, കാരുണ്യത്തിന്റെ കരങ്ങള്‍, അതാരില്‍നിന്നുമാവട്ടെ, മനസ്സിന്റെ കോണിലത് തങ്ങി നില്‍ക്കും.

ഇന്ന് ഓരോ ജഡപിടിച്ച മുടികള്‍ക്കിടയിലും ആ കണ്ണുകള്‍ ഞാന്‍ തിരയാറുണ്ട്. കാലമതെത്ര കഴിഞ്ഞ് പോയാലും തിരുത്തപ്പെട്ട വിശ്വാസങ്ങള്‍ക്കും ലഭിക്കപ്പെട്ട ദയക്കും നല്ല മധുരമാണ്. ബാല്യത്തില്‍ പഠിച്ച വലിയ പാഠത്തിന്റെ മനുഷ്യത്വത്തിന്റെ പേരില്ലാത്ത മധുരം.

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...