അതിനു മുമ്പ് സ്ത്രീ ഭക്തര്‍ സുഗമമായി ശബരിമലയില്‍ പോയ്‌ക്കൊണ്ടിരുന്നതാണ്. 1972 ലെ സ്ത്രീ പ്രവേശന നിരോധന ഉത്തരവ് പോലും കാര്യമായ ഫലം ചെയ്തിരുന്നില്ലെന്നും എന്‍ എസ് മാധവന്‍ പറയുന്നു. 

കൊച്ചി: നൂറ്റാണ്ടുകളായി ശബരിമലയില്‍ പിന്തുടരുന്ന ആചാരങ്ങളാണ് സുപ്രീംകോടതി ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിലൂടെ തകര്‍ന്നത് എന്നാണ് പ്രധാനമായും ഉയര്‍ന്ന ആരോപണം. ഇത്തരത്തില്‍ ആചാരനുഷ്ഠാനങ്ങളുടെ പേരില്‍ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരോട് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ചില മറുചോദ്യങ്ങള്‍ ചോദിക്കുകയാണ്. 

കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നിന്നും എന്‍ എസ് മാധവന്‍ ചെയ്തിരിക്കുന്ന ട്വീറ്റുകളിലാണ് ശബരിമല വിധിയെ എതിര്‍ക്കുന്നവരുടെ പലവാദങ്ങളെയും പൊളിക്കുന്ന വസ്തുതകള്‍ എന്‍എസ് മാധവന്‍ പുറത്തുവിടുന്നത്. 1972 ല്‍ മാത്രമാണ് നിയമം മൂലം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിട്ടുള്ളത്. ചില പുരുഷഭക്തന്മാര്‍ക്കുണ്ടായ എതിര്‍പ്പില്‍ നിന്നായിരുന്നു ആ വിലക്ക്. 

അതിനു മുമ്പ് സ്ത്രീ ഭക്തര്‍ സുഗമമായി ശബരിമലയില്‍ പോയ്‌ക്കൊണ്ടിരുന്നതാണ്. 1972 ലെ സ്ത്രീ പ്രവേശന നിരോധന ഉത്തരവ് പോലും കാര്യമായ ഫലം ചെയ്തിരുന്നില്ലെന്നും എന്‍ എസ് മാധവന്‍ പറയുന്നു. അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് 1986 ല്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി പതിനെട്ടാം പടിയില്‍ ഒരു നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്നതാണ്. ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിട്ടുമുണ്ട്. 

അതേ സമയം എന്‍എസ് മാധവന്‍റെ ട്വീറ്റിന് ചുവട് പിടിച്ച് ചില സോഷ്യല്‍ മീഡിയ ഹാന്‍റിലുകള്‍ ഈ സിനിമയും വീഡിയോയും കണ്ടുപിടിച്ചു. 1986-ൽ ഇറങ്ങിയ "നമ്പിനാൽ കെടുവതില്ലൈ എന്ന ചിത്രത്തിൽ യുവതിയായ നായിക പതിനെട്ടാം പടിയിൽ പാട്ടുപാടുന്ന രംഗമുണ്ട്. നായികയുടെ പേര് ജയശ്രീ. സിനിമയിൽ രണ്ട് നായികമാരുണ്ട്. ജയശ്രീയും സുധാചന്ദ്രനും. സുധാചന്ദ്രൻ സന്നിധാനത്ത് നിൽക്കുന്ന നിരവധി രംഗങ്ങളുമുണ്ട് ചിത്രത്തിൽ. ചിത്രീകരണാനുമതിക്കായി ദേവസ്വം ബോർഡ് 7500 രൂപയും വാങ്ങിയിരുന്നു. എന്നാണ് രാഹുല്‍ സനല്‍ വീഡിയോ അടക്കം പോസ്റ്റ് ചെയ്തത്.

1990 ല്‍ ആണ് കേരള ഹൈക്കോടതി 10-50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി വിധി നടത്തുന്നതെന്നും എന്‍ എസ് മാധവന്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഏക ജഡ്ജിയായ ഇന്ദു മല്‍ഹോത്രയോട് എന്‍ എസ് മാധവന്‍ പറയുന്നത്, കോടതി ചുമത്തിയ നിരോധനം മാറ്റാന്‍ സുപ്രീം കോടതിക്ക് അവകാശം ഉണ്ടെന്നാണ്.

അയ്യപ്പന്‍റെ ഉറക്ക് പാട്ട് എന്ന അര്‍ത്ഥത്തില്‍ കാലപ്പഴക്കമുള്ള ആചാരമായി പറയുന്ന ഹരിവരാസം ആരംഭിക്കുന്നത് 1955 ല്‍ മാത്രമായിരുന്നുവെന്നും എന്‍ എസ് മാധവന്‍ പറയുന്നു. സംഗീതസംവിധായകന്‍ ദേവരാജന്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയതെന്നു കൂടി അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ചില പ്രത്യേക കാര്യങ്ങളില്‍ ആചാരം ഒരു വിഷയമല്ലാതായി മാറിയിട്ടുണ്ടെന്നും എന്‍ എസ് മാധവന്‍. 

ഇപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് ഒരു ബ്രാഹ്മണ കുടുംബമായിരുന്നു. ഇതുപോലെ തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് മറ്റൊരു കുടുംബവും ഉണ്ടായിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ഈഴവ കുടുംബം. അയ്യപ്പനെ ആയോധന കല പഠിപ്പിച്ചത് ഈ കുടുംബക്കാര്‍ ആണെന്നാണ് പറയുന്നത്. 

ഈ കുടുംബത്തിനായിരുന്നു ശബരിമലയിലെ വെടിവഴിപാടിന്‍റെ കുത്തക. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ അവകാശം ബലമായി പിടിച്ചുവാങ്ങി ലേല സമ്പ്രദായത്തിലാക്കി. ശബരിമലയില്‍ ലിംഗപരമായ വിവേചനം മാത്രമല്ല, സവര്‍ണാധിപത്യമുണ്ടെന്നും എന്‍ എസ് മാധവന്‍ കുറ്റപ്പെടുത്തുന്നു.