മൂന്നുമാസം വീടിനകത്തു തന്നെയിരുന്നു അന്നത്തെ രാത്രി മിലിറ്ററി ഓപ്പറേഷന് എന്ന പോലെയാണ് തയ്യാറെടുത്തത്  ഭയം വിട്ടുമാറയതേയില്ല 

അവളുടെ അനുഭവം: എട്ട് വയസുള്ളപ്പോഴാണ് എനിക്ക് ആദ്യമായി ഉത്കണ്ഠ അനുഭവപ്പെടുന്നത്. അങ്കിള്‍ അപ്രതീക്ഷിതമായി മരിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതേ സമയം തന്നെ ഞാന്‍ സ്കൂളിലെ വഴക്കാളി കൂടി ആയതോടെ അവിടെയും ഞാന്‍ ഒറ്റപ്പെട്ടുപോയി. 

പത്താമത്തെ വയസിലാണ് എനിക്ക് ആദ്യമായി പാനിക് അറ്റാക്ക് (panic attack) വരുന്നത്. അന്നുതൊട്ടിന്നുവരെ ഉത്കണ്ഠാ രോഗം എന്നെ വിട്ട് പോയിട്ടില്ല. എനിക്കിപ്പോള്‍ 22 വയസുണ്ട്. ആദ്യത്തെ പാനിക് അറ്റാക്കിന്‍റെ വിവരങ്ങളൊന്നും വിശദമായി എനിക്കോര്‍മ്മയില്ല. പക്ഷെ, അതിനെത്തുടര്‍ന്ന് കുറേക്കാലം എനിക്ക് സ്കൂളില്‍ പോവാനേ കഴിഞ്ഞിരുന്നില്ലെന്ന് ഓര്‍മ്മയുണ്ട്. 

ഹൈസ്കൂള്‍ സമയത്താകട്ടെ ഈ ഉത്കണ്ഠയും ഭയവും കാരണം ഞാന്‍ പരീക്ഷകളിലെല്ലാം തോറ്റുതുടങ്ങി. അതെന്‍റെ ജീവിതത്തെ ആകെ ബാധിച്ചു. ദിവസങ്ങളോളം, പുറത്ത് പോവാതെ സോഫയില്‍ത്തന്നെ ഇരിക്കാന്‍ ഞാനിഷ്ടപ്പെട്ടുതുടങ്ങി. 

പാനിക് അറ്റാക്ക് പലര്‍ക്കും പലതരത്തിലായിരിക്കും വരിക. എന്നെ സംബന്ധിച്ച് ഞാന്‍ മരിക്കാന്‍ പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അതിനു ശേഷം ഞാന്‍ വല്ലാതെ ഭയമുള്ളവളായി. അടുത്ത പാനിക് അറ്റാക്ക് എപ്പോ വേണമെങ്കിലും വരാമെന്ന ഭയമെന്നെ തളര്‍ത്തി. അത് വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഞാനെടുത്തു. അതിന്‍റെ ഭാഗമായി എവിടേയും ഇറങ്ങാതെ സോഫയില്‍ തന്നെ കിടക്കുകയാണ് ഞാന്‍ ചെയ്തത്. 

മേയ് 2015 വരെ ഞാന്‍ വീട്ടിനകത്ത് അച്ഛന്‍റെയും അമ്മയുടേയും കൂടെത്തന്നെ കഴിഞ്ഞു. ഉത്കണ്ഠയുടെ ഭാഗമായി എനിക്ക് വേറൊരു അസുഖം കൂടി വന്നു തുടങ്ങി. ഛര്‍ദ്ദി. എപ്പോഴും ഛര്‍ദ്ദിക്കണെമന്ന തോന്നലുണ്ടായിത്തുടങ്ങി. അതൊഴിവാക്കാനും എനിക്ക് കഴിയും പോലെയെല്ലാം ഞാന്‍ ചെയ്തു. ഇതുകാരണം, മൂന്നു മാസത്തോളം എന്‍റെ വാതിലിനപ്പുറത്തേക്ക് ഞാന്‍ പോയില്ല. 

അതൊരു വേനല്‍ക്കാലമായിരുന്നു. സൂര്യന്‍റെ ഇളം ചൂടും മറ്റുമെല്ലാം എന്‍റെ അവസ്ഥയില്‍ ചെറിയൊരു മാറ്റമുണ്ടാക്കി. പക്ഷെ, അപ്പോഴേക്കും എനിക്ക് അടുത്ത ഭയം വന്നു തുടങ്ങി. ഈ ചൂടെന്നെ അസുഖക്കാരിയാക്കുമോയെന്ന്. ഞാന്‍ ഛര്‍ദ്ദിക്കേണ്ടി വരുമോയെന്ന്. എനിക്ക് അത്രയും സുരക്ഷിതമെന്ന് തോന്നുന്ന ഭക്ഷണം, ബ്രെഡ്, സാലഡ് ഇതൊക്കെ മാത്രം ഞാന്‍ കഴിച്ചു. ചെമ്മീനൊക്കെ എനിക്ക് പേടിസ്വപ്നമായിരുന്നു. 

ടിവിയില്‍ പുതിയതായി ഒന്നും കാണാനും കഴിയാത്ത അവസ്ഥ. അതു വരെ എന്നില്‍ ഉത്കണ്ഠയും ഭയവുമുണ്ടാക്കി. അതില്‍ ആര്‍ക്കെങ്കിലും അസുഖം വരുന്നതോ ആരെങ്കിലും ഛര്‍ദ്ദിക്കുന്നതോ കണ്ടാല്‍ ഞാനാകെ പേടിച്ചുപോവും. അതിലെന്താണ് സംഭവിക്കുന്നതെന്ന് സുഹൃത്തുക്കളിലൂടെയും മറ്റും അറിഞ്ഞ ശേഷം മാത്രമാണ് ഞാന്‍ ഓരോ പരിപാടിയും കണ്ടത്. 

സോഷ്യല്‍ മീഡിയ എന്നെ സഹായിച്ചു

ഇതില്‍ നിന്നും പുറത്തുകടക്കാന്‍ എന്നെ സഹായിച്ചത് സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള സുഹൃത്തുക്കളാണ്. ഞാന്‍ യൂട്യൂബില്‍ എന്‍റെ അതേ അവസ്ഥയിലുള്ളവരെ കണ്ടുതുടങ്ങി. സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളോട് സംസാരിച്ചു. അവര്‍ക്കെന്നെ മനസിലാകുന്നുണ്ടായിരുന്നു. അവരെ ഞാന്‍ നേരില്‍ കണ്ടത് എന്‍റെ വീട്ടിലേക്ക് വന്നതിനു ശേഷമാണ്. സോഷ്യല്‍മീഡിയയിലെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. 

ആ സമയത്ത് എനിക്കൊരു കാമുകനുണ്ടായിരുന്നു. അവനും എന്നെ കുറേ സഹായിച്ചു. ആറ് വര്‍ഷക്കാലം ഞങ്ങളൊരുമിച്ചുണ്ടായിരുന്നു. അവനെന്നെ മനസിലാക്കി. ചിലപ്പോള്‍, അവനെന്നെ കാണാന്‍ വരുമ്പോള്‍ എനിക്ക് ഉത്കണ്ഠ അടക്കാന്‍ പറ്റാതെ വരും. അവനെ കാണണ്ട എന്ന് ഞാന്‍ പറയും. ഞാന്‍ ഓക്കേ ആകുന്നതുവരെ അവന്‍ ക്ഷമയോടെ കാത്തുനില്‍ക്കും. പലതവണ ഞാനവനോട് മിണ്ടാതെ പോലും ഇരുന്നിട്ടുണ്ട്. 

ഒരിക്കല്‍ അമ്മയും അച്ഛനും ഒരു കല്ല്യാണത്തിനു പോയി. ഞാന്‍ വീട്ടിലൊറ്റക്കാകുമെന്ന് എനിക്ക് മനസിലായി. ഞാന്‍ ഭയന്നു. എനിക്ക് പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാല്‍ എന്നെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ലല്ലോ എന്നൊക്കെയുള്ള ഉത്കണ്ഠ എന്നെ കീഴടക്കാന്‍ തുടങ്ങി. അവര്‍ക്കാണെങ്കില്‍ ആ കല്ല്യാണം ഒഴിവാക്കാനും പറ്റില്ല. എനിക്ക് കുറ്റബോധം വന്നുതുടങ്ങി. ഞാന്‍ കാരണം അവര്‍ക്ക് അതിന് പോവാന്‍ കഴിയാതെ വരുമോയെന്ന്. അങ്ങനെ ഞാന്‍ ഒറ്റയ്ക്ക് ആ സന്ദര്‍ഭം നേരിടാന്‍ തീരുമാനിച്ചു. 

ആ രാത്രി ഒറ്റയ്ക്ക് കഴിയുകയെന്നത് എന്നെ സംബന്ധിച്ച് ഒരു മിലിറ്ററി ഓപ്പറേഷന്‍ നടത്തുന്നതു പോലെയായിരുന്നു. അച്ഛനും അമ്മയും ഞാനും ചേര്‍ന്ന് എന്തൊക്കെ ചെയ്യണം, എന്തൊക്കെ കഴിക്കണം എന്നൊക്കെ വലിയൊരു പ്ലാന്‍ തന്നെ എനിക്കായി എഴുതി വച്ചിട്ടുണ്ടായിരുന്നു. 

അന്നാണ് എനിക്ക്, എന്തുകൊണ്ട് ഒരു വ്ലോഗ് ചെയ്തു കൂടാ എന്ന് തോന്നിയത്. അന്ന് വൈകുന്നേരം ഞാന്‍ എന്‍റെ ഫോണെടുത്ത് എനിക്ക് പറയാനുള്ളതെല്ലാം ഷൂട്ട് ചെയ്തു. എനിക്ക് എന്താണ് തോന്നുന്നത് എന്ന്. അമിതമായ ഉത്കണ്ഠ എന്ന രോഗമെന്താണെന്ന്. അത് വേറെ ആരെങ്കിലും കാണുന്നത് എനിക്ക് ഗുണം ചെയ്യുമെന്നും എനിക്ക് തോന്നി. അമ്മയുമച്ഛനും വരുമ്പോഴേക്കും ആറ് വീഡിയോ ഞാന്‍ ചെയ്തിരുന്നു. അന്നത്തെ എന്‍റെ ബോയ്ഫ്രണ്ട് അത് എഡിറ്റ് ചെയ്യാനും മറ്റും എന്നെ സഹായിച്ചു. 

പക്ഷെ, അപ്പോഴും ഉത്കണ്ഠ എന്നെ വിട്ട് പോയിരുന്നില്ല. അച്ഛനും അമ്മയും അടുത്തില്ലാത്തപ്പോള്‍ എനിക്കെന്തെങ്കിലും അസുഖം വരുമോ എന്നൊക്കെയുള്ള ഭയം എനിക്കെപ്പോഴുമുണ്ടായി. അങ്ങനെ ഒരു ദിവസം ഒറ്റയ്ക്ക് ഞാനൊരു സുഹൃത്തിനെ കാണാന്‍ തീരുമാനിച്ചു. അഞ്ച് മിനിറ്റ് ദൂരം മാത്രമേ അവളുടെ വീട്ടിലേക്കുണ്ടായിരുന്നുള്ളൂ. മുറ്റത്തിറങ്ങിയപ്പോള്‍ എനിക്ക് ഭീകര ഉത്കണ്ഠ വന്നു തുടങ്ങി. പോവാന്‍ പറ്റില്ലെന്ന് തന്നെ തോന്നി. പക്ഷെ, ഞാന്‍ പോയി. വളരെ കുറച്ചുസമയമേ ഞാനവിടെ ചിലവഴിച്ചുള്ളൂ. പക്ഷെ, അതൊരു തുടക്കമായിരുന്നു. പിന്നീട് ഞാന്‍ എനിക്ക് ചെയ്യേണ്ടതിനെ കുറിച്ചെല്ലാം എഴുതി വച്ചു. അതില്‍, ഷോപ്പിങ്ങും സഹൃത്തുക്കളെ കാണുന്നതുമെല്ലാം ഉണ്ടായിരുന്നു. വീടിന്‍റെ അടുത്ത് തന്നെ വേറൊരു വീടെടുത്ത് മിക്കപ്പോഴും ഒറ്റയ്ക്ക് താമസിച്ചു തുടങ്ങി. 

ഒരിക്കലും എനിക്കൊരു ജോലി കിട്ടില്ലെന്നും ജോലി ചെയ്യാന്‍ കഴിയില്ലെന്നുമാണ് ഞാന്‍ കരുതിയത്. പിന്നീട് ജോലിക്ക് കയറി. ഒരു ലോക്കല്‍ പബ്ബില്‍. എന്‍റെ മുകളിലുള്ളവര്‍ എന്‍റെ അവസ്ഥ മനസിലാകുന്നവരാണ്. എനിക്ക് എങ്ങനേയും ജോലിക്ക് പോവാന്‍ പറ്റില്ലെന്ന് തോന്നിയാല്‍ അവരെന്നെ ഷിഫ്റ്റ് മാറാന്‍ അനുവദിച്ചു.

വ്ലോഗിങ് എന്‍റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. ഞാന്‍ മാത്രമല്ല ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോകുന്നയാളെന്ന് എനിക്ക് മനസിലായി. ഇപ്പോഴെനിക്ക് നല്ല പ്രതീക്ഷയുണ്ട്.എവിടെയൊക്കെ പോകണമെന്നും എന്തൊക്കെ ചെയ്യണമെന്നും ധാരണയുണ്ട്. സോഷ്യല്‍ മീഡിയയില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷെ, ഇപ്പോള്‍ എന്‍റെ തന്നെ മാറ്റങ്ങള്‍ ഞാന്‍ ആസ്വദിക്കുകയാണ്.