Asianet News MalayalamAsianet News Malayalam

വൈറല്‍ വീഡിയോയില്‍ നമ്മള്‍ കണ്ട 'പപ്പടം അമ്മൂമ്മ' ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിന് ഒരു കാരണമുണ്ട്

ആരാരുമറിയാതെ ജീവിച്ചിരുന്ന അമ്മൂമ്മയിപ്പോള്‍ ലോകമാകെ ആളുകള്‍ അന്വേഷിക്കുന്ന ആളാണ്. പല ഭാഗത്തുനിന്നും ഫോണ്‍ വരുന്നു. അമേരിക്കയില്‍ കഴിയുന്ന മലയാളികളും ഗള്‍ഫിലുള്ളവരും ഒക്കെ അതിലുണ്ട്. എന്ത് പറയണമെന്ന അങ്കലാപ്പായിരുന്നു ആദ്യം. പിന്നെയത് അലോസരമായി. ആകെ പേടി മുറുകി. അങ്ങനെ ഫോണ്‍ അമ്മൂമ്മ സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്. 

pappadam ammommas phone switched off because there is a reason behind that
Author
Trivandrum, First Published Aug 8, 2018, 6:25 PM IST

തിരുവനന്തപുരം: ഇന്നലെ മുതല്‍ ഓണ്‍ലൈന്‍ ലോകം അന്വേഷിക്കുന്ന വസുമതി അമ്മൂമ്മ ഇപ്പോള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്. ഓണ്‍ലൈനില്‍ വൈറലായ ഒരു വീഡിയോയിലെ നായികയായ അമ്മൂമ്മയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിന് ഒരു കാരണമുണ്ട്. 

അമ്മൂമ്മ ആകെ ആശങ്കയിലാണ്. ആരാരുമറിയാതെ ജീവിച്ചിരുന്ന അമ്മൂമ്മയിപ്പോള്‍ ലോകമാകെ ആളുകള്‍ അന്വേഷിക്കുന്ന ആളാണ്. പല ഭാഗത്തുനിന്നും ഫോണ്‍ വരുന്നു. അമേരിക്കയില്‍ കഴിയുന്ന മലയാളികളും ഗള്‍ഫിലുള്ളവരും ഒക്കെ അതിലുണ്ട്. എന്ത് പറയണമെന്ന അങ്കലാപ്പായിരുന്നു ആദ്യം. പിന്നെയത് അലോസരമായി. ആകെ പേടി മുറുകി. അങ്ങനെ ഫോണ്‍ അമ്മൂമ്മ സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്. 

ഇന്നലെ വൈകുന്നേരത്തോടെയാണ് വസുമതി അമ്മൂമ്മയുടെ വീഡിയോ 'തിരുവനന്തപുരം-ലെറ്റ്‌സ് മേക്ക് ഔവര്‍ സിറ്റി ദ് ബെസ്റ്റ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ബിജൂസ് സൈലബ്ദിന്‍ എന്ന തിരുവനന്തപുരം സ്വദേശിയാണ് അമ്മൂമ്മയുടെ വീഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്തത്.  അമ്മൂമ്മയെ അറിയുന്നവരും ഒരു തവണയെങ്കിലും അമ്മൂമ്മയുടെ പക്കല്‍ നിന്ന് പപ്പടം വാങ്ങിയവരും ഓടിയെത്തിയത് വളരെപ്പെട്ടെന്നായിരുന്നു. നോക്കി നില്‍ക്കേ വീഡിയോ വൈറലായി. അമ്മൂമ്മയുടെ ഫോണ്‍നമ്പറുള്‍പ്പെടെ സെല്‍ഫിയും കൂടി പോസ്റ്റ് ചെയ്തപ്പോള്‍ നിമിഷങ്ങള്‍ക്കകം അമ്മൂമ്മയ്ക്ക് വിളി വന്നു തുടങ്ങി. വല്ലപ്പോഴും മക്കളോ കൊച്ചു മക്കളോ വിളിക്കുന്ന ഫോണ്‍ നിര്‍ത്താതെ മണിയടിച്ചപ്പോള്‍, വസുമതി അമ്മൂമ്മ ആ ഫോണങ്ങ് സ്വിച്ചോഫ് ചെയ്തു. വീഡിയോയും വിവരങ്ങളും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ബിജൂസ് സൈലബ്ദിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 

എണ്‍പത്തിയേഴ് വയസ്സുണ്ട് വസുമതി അമ്മൂമ്മയ്ക്ക്. ആറ്റുകാല്‍ ക്ഷേത്രത്തിനടുത്ത് ഇന്ദ്രപുരി കല്യാണമണ്ഡപത്തിന് സമീപം ചിറമുക്കില്‍ കഞ്ഞിപ്പുരയാണ് താമസ സ്ഥലം. ആറ്റുകാല്‍ പ്രദേശവാസികള്‍ക്ക് വസുമതി 'പപ്പടം അമ്മൂമ്മ'യാണ്. അങ്ങനെ പറഞ്ഞാലേ അറിയൂ. കഴിഞ്ഞ നാല്‍പത് വര്‍ഷമായി ചാല മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമായി പപ്പടം വില്‍ക്കുന്നു. ഈ പ്രായത്തിലും എന്തിനാണിങ്ങനെ കഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ വസുമതി അമ്മൂമ്മയ്ക്ക് പറയാന്‍ കാരണങ്ങളുണ്ട്. നാല്‍പത്തഞ്ചാമത്തെ വയസ്സില്‍ ഭര്‍ത്താവ് മരിക്കുമ്പോള്‍ പറക്കമുറ്റാത്ത എട്ടു മക്കളായിരുന്നു ആകെയുണ്ടായിരുന്ന സമ്പാദ്യം. അതില്‍ രണ്ടുപേര്‍ അകാലത്തില്‍ മരിച്ചു. ആറു മക്കളെ വളര്‍ത്താനും പഠിപ്പിക്കാനും പപ്പടം ഉണ്ടാക്കി വില്‍ക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് പപ്പട നിര്‍മ്മാണത്തിലേക്ക് എത്തിയത്. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ത്ഥയുണ്ടെന്ന് വസുമതി അമ്മൂമ്മ പറയുന്നു. ഉഴുന്ന് വാങ്ങി പൊടിച്ച് പരത്തി ഉണക്കി പപ്പടം ഉണ്ടാക്കുകയാണ് പതിവ്. 

നല്ല തിരക്കുണ്ടായിരുന്നു അന്ന് ആ ചന്തയില്‍. ഓരോരുത്തരും വളരെ തിരക്കിട്ട് എങ്ങോട്ടൊക്കെയോ പോയിവന്നു കൊണ്ടിരുന്നു. ഇവരുടെയെല്ലാം കാതുകളിലേക്ക് ഒരു പക്ഷേ ആ ശബ്ദം എത്തിയിട്ടുണ്ടാകും. ആരും ശ്രദ്ധിക്കാത്തതാണ്. ഇരുപത്തഞ്ച് പപ്പടം ഇരുപത് രൂപയെന്ന് വാര്‍ദ്ധക്യത്താല്‍ ചിലമ്പിപ്പോയ ശബ്ദത്തില്‍ വസുമതി അമ്മൂമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആരും കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ ഈ ശബ്ദം കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്തു. 

വസുമതി അമ്മയുടെ കഥ ഒരുപാടുണ്ട് പറയാന്‍. ഒരു മകളുടെ ഭര്‍ത്താവ് ആക്‌സിഡന്റില്‍ മരിച്ചതോടെ ആ കുടുംബം അനാഥമായി. മകള്‍ക്കും രണ്ട് പേരക്കുട്ടികള്‍ക്കുമൊപ്പമായി പിന്നീട് താമസം. വലിയ ലാഭമോ നഷ്ടമോ ഇല്ലാതെ പപ്പട കച്ചവടം പച്ച പിടിക്കുന്നതിനിടയിലാണ് അമ്മൂമ്മ ഹൃദ്രോഗ ബാധിതയായത്. അതോടെ പപ്പടം ഉണ്ടാക്കുന്നത് നിര്‍ത്തി മറ്റുള്ളവരില്‍ നിന്ന് വാങ്ങി വില്‍പന നടത്താന്‍  തുടങ്ങി. ചില ദിവസങ്ങളില്‍ നല്ല ലാഭം കിട്ടും. ചിലപ്പോള്‍ ഒന്നും കിട്ടാറില്ല. എന്നാലും ചെയ്യുന്ന ജോലിയില്‍ മായം കലര്‍ത്താന്‍ വസുമതി അമ്മൂമ്മ തയ്യാറല്ല. തൊണ്ണൂറാം വയസ്സിന്റെ പടിവാതില്‍ക്കലും ആരുടെയും മുന്നില്‍ കൈനീട്ടാനും തയ്യാറല്ല. പപ്പടം വാങ്ങി സഹായിച്ചാല്‍ മതി എന്നാണ് അമ്മൂമ്മയുടെ നിലപാട്. ആരോഗ്യമുള്ളിടത്തോളം കാലം പപ്പടവില്‍പ്പനയുമായി മുന്നോട്ട പോകുമെന്ന് തന്നെ വസുമതി അമ്മൂമ്മ ഉറച്ചശബ്ദത്തില്‍ പറയുന്നു.

നിരവധി പേരാണ് അമ്മൂമ്മയെ കാണാനെത്തി പപ്പടത്തിന് ഓര്‍ഡര്‍ നല്‍കി പോകുന്നത്. താനുണ്ടാക്കുന്ന പപ്പടത്തിന്റെ ഒത്ത വൃത്തമോ മിനുസമോ ജീവിതത്തിനില്ലെങ്കിലും വസുമതി അമ്മൂമ്മ സംതൃപ്തയാണ്. തന്റെ പപ്പടത്തിന്റെ ഗുണനിലവാരത്തില്‍ ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഒരു ബ്രാന്‍ഡ് നെയിമില്‍ ഈ ഉത്പന്നം വിപണിയിലിറക്കണമെന്ന കൊച്ചു മോഹവുമുണ്ട് വസുമതി അമ്മൂമ്മ എന്ന പപ്പടം അമ്മൂമ്മയ്ക്ക്. 

Follow Us:
Download App:
  • android
  • ios