Asianet News MalayalamAsianet News Malayalam

മരംകോച്ചുന്ന തണുപ്പത്ത്, ആ ഡിസംബര്‍ മദ്ധ്യാഹ്നത്തില്‍...

സ്വപ്‌നം പോലൊരു യാത്ര! ലക്ഷ്മി പദ്മ എഴുതുന്ന പാരീസ് യാത്രാ കുറിപ്പുകള്‍. ആദ്യ ഭാഗം. 

Paris travelogue by Lakshmi padma
Author
Paris, First Published Feb 6, 2019, 4:30 PM IST

എന്നിട്ടും യൂറോപ്പിലേക്ക് ഒരു യാത്രയ്ക്ക് സാധ്യയുണ്ടെന്ന് കേട്ടറിഞ്ഞതോടെ ഇരിക്കപ്പൊറുതിയില്ലായായി. പണ്ടത്തേതിനേക്കാള്‍ നുറു മടങ്ങ് ശക്തിയോടെ പാരീസ് എന്നെ മാടി വിളിക്കാന്‍ തുടങ്ങി. ഇത്തവണ നിഷേധിക്കാനാവാത്തത്ര ശക്തിയുണ്ടായിരുന്നു ആ വിളിക്ക്. ഒരു വിദേശയാത്രയ്ക്ക് അവശ്യം വേണ്ട പാസ്‌പോര്‍ട്ട്  പോലും കയ്യിലില്ലാതിരുന്നിട്ടും ഞാന്‍ ആ യാത്ര സ്വപ്നം കണ്ടു തുടങ്ങി. നിങ്ങള്‍ ഒരു സ്വപ്‌നത്തിനു വേണ്ടി തീവ്രവും ആത്മാര്‍ഥവുമായി ആഗ്രഹിച്ചാല്‍, ഈ പ്രപഞ്ചം മുഴുവനും ആ സ്വപ്‌നസാഫല്യത്തിനായി ഗൂഢാലോചന നടത്തുമെന്നാണല്ലോ പൗലോ കൊയ്‌ലോ 'ആല്‍ക്കെമിസ്റ്റില്‍' പറയുന്നത്. അതുകൊണ്ടു തന്നെ പിന്നെ എല്ലാം വളരെ വേഗമായിരുന്നു.

Paris travelogue by Lakshmi padma

പറഞ്ഞുകേട്ട ഒരു കഥയുണ്ട്. ഒരു സ്ത്രീ പാരീസ് നഗരത്തില്‍ നിന്നും വസ്ത്രം വാങ്ങി വീട്ടില്‍ ചെന്ന് അതുടുത്ത് തിരിച്ച് നഗരത്തിലേക്ക് വന്നപ്പോഴേക്കും അതിന്റെ ഫാഷന്‍ മാറിപ്പോയെന്ന്. ലോകത്തിലെ ഫാഷന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരത്തിലെ മാറ്റത്തിന്റെ വേഗത കാണിക്കാനാവണം അങ്ങനെ ഒരു കഥ ഉണ്ടായത്. എന്നാല്‍ എനിക്ക് പാരീസ് ഫാഷന്റെ മാത്രം നഗരമായിരുന്നില്ല, സ്വാതന്ത്ര്യത്തിന്റെയും വിപ്ലവങ്ങളുടെയും ചരിത്രത്തിന്റെയും കൂടി നഗരം. സാഹിത്യത്തിന്റെയും കലയുടെയും നഗരം. പാബ്ലോ പിക്കാസൊയുടെയും വിക്തര്‍ ഹ്യൂഗോയുടെയും ഴാങ് പോള്‍ സാര്‍ത്രിന്റെയും സിമോണ്‍ ദ് ബുവയുടെയും നഗരം. ഹെമിംഗ് വേയെയും മാര്‍ക്കേസിനെയും കാഫ്കയെയും മാടി വിളിച്ച നഗരം. സമരം, സ്വാതന്ത്ര്യം, സമത്വം എന്നിവയുടെ സംഗമഭൂമി. അതുകൊണ്ടുതന്നെ യാത്ര എന്നോര്‍ക്കുമ്പോഴൊക്കെ പാരീസ് എന്നെ കൊതിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഇതിനകം എത്രയോ യാത്രികര്‍ ഈ യൂറോപ്യന്‍ നഗരത്തിന്റെ സൗന്ദര്യം വര്‍ണ്ണിച്ചിരിക്കുന്നു. പാരീസ് എന്ന യവനസുന്ദരിയുടെ പേരിലറിയപ്പെടുന്ന നഗരത്തിന്റെ പല ഭാവങ്ങള്‍ നോവലുകളിലൂടെയും ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഞാനും കണ്ടാസ്വദിച്ചിരിക്കുന്നു. എത്രയോ രാത്രികളില്‍ ഞാനതിന്റെ തിരക്കു നിറഞ്ഞ തെരുവുകളിലൂടെ അലസമായി സ്വപ്നയാത്ര നടത്തിയിരിക്കുന്നു. എന്നാല്‍ അപ്പോഴൊന്നും 'യൂറോപ്പ് യാത്ര' എന്ന ബാലി കേറാമല പ്രാപ്യമാണെന്ന് തോന്നിയിട്ടേയില്ല. വിസ മുതല്‍ യാത്രാച്ചിലവു വരെ ഒരു സാധാരണക്കാരിയ്ക്ക് ചാടിക്കടക്കാന്‍ പ്രയാസമുള്ള കടമ്പകളുടെ നീണ്ട പട്ടികയാണ് മുന്‍ യാത്രികരുടെ വിവരണങ്ങളില്‍ നിന്നൊക്കെ ലഭിച്ചത്. പിന്നെന്തിനു വെറുതെ സ്വപ്നം കണ്ട് നിരാശയാവണം?

എത്രയോ രാത്രികളില്‍ ഞാനതിന്റെ തിരക്കു നിറഞ്ഞ തെരുവുകളിലൂടെ അലസമായി സ്വപ്നയാത്ര നടത്തിയിരിക്കുന്നു.

Paris travelogue by Lakshmi padma

എന്നിട്ടും യൂറോപ്പിലേക്ക് ഒരു യാത്രയ്ക്ക് സാധ്യയുണ്ടെന്ന് കേട്ടറിഞ്ഞതോടെ ഇരിക്കപ്പൊറുതിയില്ലായായി. പണ്ടത്തേതിനേക്കാള്‍ നുറു മടങ്ങ് ശക്തിയോടെ പാരീസ് എന്നെ മാടി വിളിക്കാന്‍ തുടങ്ങി. ഇത്തവണ നിഷേധിക്കാനാവാത്തത്ര ശക്തിയുണ്ടായിരുന്നു ആ വിളിക്ക്. ഒരു വിദേശയാത്രയ്ക്ക് അവശ്യം വേണ്ട പാസ്‌പോര്‍ട്ട്  പോലും കയ്യിലില്ലാതിരുന്നിട്ടും ഞാന്‍ ആ യാത്ര സ്വപ്നം കണ്ടു തുടങ്ങി. നിങ്ങള്‍ ഒരു സ്വപ്‌നത്തിനു വേണ്ടി തീവ്രവും ആത്മാര്‍ഥവുമായി ആഗ്രഹിച്ചാല്‍, ഈ പ്രപഞ്ചം മുഴുവനും ആ സ്വപ്‌നസാഫല്യത്തിനായി ഗൂഢാലോചന നടത്തുമെന്നാണല്ലോ പൗലോ കൊയ്‌ലോ 'ആല്‍ക്കെമിസ്റ്റില്‍' പറയുന്നത്. അതുകൊണ്ടു തന്നെ പിന്നെ എല്ലാം വളരെ വേഗമായിരുന്നു.

പറഞ്ഞു കേട്ട ഒരു പ്രയാസവും ഇല്ലാതെ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സലേറ്റില്‍ നിന്നും വിസ അനുവദിച്ചുകിട്ടി. അപ്പോള്‍  മാത്രമാണ് ശരിക്കും ഞാന്‍ പാരീസില്‍ പോകുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനായത്. ഒരിക്കലും നടക്കില്ല എന്ന വിചാരത്തോടെ കാണുന്ന ചില സ്വപ്നങ്ങള്‍ തീര്‍ത്തും അവിചാരിതമായി നടക്കാറില്ലേ..? അതുപോലെ തന്നെയായിരുന്നു ഇതും. അങ്ങനെയാണ് അക്ഷരാര്‍ത്ഥത്തില്‍ മരംകോച്ചുന്ന തണുപ്പത്ത്, ഒരു ഡിസംബര്‍ മദ്ധ്യാഹ്നത്തില്‍ ഞാന്‍ എന്റെ സ്വപ്നനഗരിയില്‍ വിമാനമിറങ്ങുന്നത്.

കരുതിയിരുന്ന വസ്ത്രങ്ങള്‍ ഒന്നും മതിയാവുമായിരുന്നില്ല പാരീസിന്റെ തണുപ്പിനെ ചെറുക്കാന്‍.

Paris travelogue by Lakshmi padma

സ്വപ്‌നവഴികള്‍
ചെന്നിറങ്ങിയത് നട്ടുച്ചയ്ക്കായിരുന്നെങ്കിലും കൈയ്യില്‍ കരുതിയിരുന്ന വസ്ത്രങ്ങള്‍ ഒന്നും മതിയാവുമായിരുന്നില്ല പാരീസിന്റെ തണുപ്പിനെ ചെറുക്കാന്‍. പെട്ടിതുറന്ന് അധികവസ്ത്രങ്ങള്‍ കൂടി ധരിച്ചതിനു ശേഷമേ എയര്‍പോര്‍ട്ടിനു വെളിയിലേക്കിറങ്ങാന്‍ കഴിഞ്ഞുള്ളൂ. എയര്‍പ്പോര്‍ട്ടില്‍ നിന്നും ഇത്തിരി ദൂരെയായിരുന്നു ഹോട്ടല്‍. അതൊരു അനുഗ്രഹമായിട്ടാണ് ഞാന്‍ കണ്ടത്. ആ യാത്രാനേരമത്രയും എന്റെ പ്രിയപ്പെട്ട നഗരത്തെ കണ്ണു നിറച്ച് കാണാമല്ലോ. 

കൊതിച്ചിരുന്ന കാഴ്ചകള്‍ പലതും കണ്ണില്‍ നിറയുമ്പോള്‍ ഒരു അത്ഭുതവും ശേഷിപ്പിക്കാറില്ല എന്നതായിരുന്നു പതിവ്. അങ്ങനെ ഒരു ഭയം എനിക്ക് പാരീസിനെക്കുറിച്ചും ഉണ്ടായിരുന്നു. എന്നാല്‍ ആ നഗരം ആ പതിവു തെറ്റിച്ചു. പ്രിയപ്പെട്ടവരെ ഭ്രമിപ്പിക്കാതെ പാരീസ് തിരിച്ചയക്കില്ലെന്ന് ആദ്യ കാഴ്ചകള്‍ തന്നെ സൂചന നല്‍കി. വിസ്താരമേറിയ വീഥികള്‍, പൗരാണിക കെട്ടിട സമുച്ചയങ്ങള്‍, വെടിപ്പുള്ള നടപ്പാതകള്‍, നൂറു കിലോമീറ്റര്‍ സ്പീഡിനു മുകളില്‍ പായുമ്പോഴും നിരതെറ്റാതെ ഒഴുകുന്ന വാഹനങ്ങള്‍, ശിശിരത്തിലെ ഇല പൊഴിഞ്ഞ മരങ്ങള്‍, യൂറോപ്പ് അതിന്റെ പ്രൗഢിയില്‍ തന്നെ കണ്‍മുന്നില്‍ വന്നു നിറഞ്ഞു.

ഹോട്ടല്‍ മുറി യൂറോപ്യന്‍ സാഹചര്യങ്ങളില്‍ മികച്ചതും മനോഹരവുമായിരുന്നു.

Paris travelogue by Lakshmi padma

മരിച്ചവരുടെ പൂന്തോപ്പ്
നാടന്‍ ധാരാളിത്തം വച്ച് അളന്നാല്‍ ഇത്തിരി ചെറുതെന്ന് തോന്നുമെങ്കിലും ഹോട്ടല്‍ മുറി യൂറോപ്യന്‍ സാഹചര്യങ്ങളില്‍ മികച്ചതും മനോഹരവുമായിരുന്നു. ഭിത്തിയില്‍ മനോഹരമായ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് അവരതിനെ കൂടുതല്‍ കലാപരമാക്കിയിരിക്കുന്നു. മുറിയിലെത്തി ജനാലയുടെ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ അദ്ഭുതകരമായ ഒരു ദൃശ്യത്തിലേക്കാണ് മിഴിതുറന്നത്. ഏക്കറു കണക്കില്‍ വ്യാപിച്ചു കിടക്കുന്ന ഒരു സെമിത്തേരി!.

മരിച്ചവരെയും മരണത്തെയും ഓര്‍ക്കുക എന്നത് ഇത്തരമൊരു യാത്രയ്ക്ക് ചേരുന്നതല്ലെങ്കിലും ആ സെമിത്തേരിയുടെ കാഴ്ചയില്‍ നിന്ന് കണ്ണെടുക്കാന്‍ ആവുമായിരുന്നില്ല. കാരണം അത് അത്രമേല്‍ നിഗൂഢവും വശ്യവുമായിരുന്നു. എത്ര അടുക്കോടും ചിട്ടയോടും കുടിയാണ് മരിച്ചവരെ ഉറക്കാന്‍ കിടത്തിയിരിക്കുന്നത്. എത്ര മനോഹരമായിട്ടാണ് മരിച്ചവരുടെ ആ ഇടം പൂന്തോട്ടങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നത്. പാരീസ് നഗരത്തിലെ ഒരു ശ്മശാനത്തിനു പോലും മനസ്സ് കവരാനാകുമെന്ന് ഞാനപ്പോള്‍ തിരിച്ചറിഞ്ഞു.

അത്രമേല്‍ നിഗൂഢവും വശ്യവുമായിരുന്നു ആ സെമിത്തേരി

Paris travelogue by Lakshmi padma

ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. പുറത്ത് തണുപ്പെന്ന് കരുതി മുറിയില്‍ ചൂടുകൊണ്ടിരിക്കാനോ യാത്രക്ഷീണം പറഞ്ഞ് മണിക്കൂറുകള്‍ നഷ്ടപ്പെടുത്താനോ അവസരമുണ്ടായിരുന്നില്ല. ആ ഭൂഖണ്ഡത്തിലെ ഓരോ നിമിഷങ്ങള്‍ക്കും യൂറോക്കണക്കിനു വിലയുണ്ട്. അതിനെ അലസമായി നഷ്ടപ്പെടുത്താനാകില്ല. 

(രണ്ടാം ഭാഗം നാളെ)

Follow Us:
Download App:
  • android
  • ios