സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടുത്ത 20 വർഷത്തിനുള്ളിൽ ഏകദേശം മൂന്നിരട്ടിയാകുമെന്നാണ് അടുത്തകാലത്തായി നടത്തിയ ഒരു പഠനം പറയുന്നത്. വർഷാവർഷം സമുദ്രത്തിലേക്ക് പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് കാണുമ്പോൾ അതിൽ വലിയ അത്ഭുതമില്ല എന്ന് തോന്നാം. അതേസമയം ഇത് തടയാൻ വേണ്ടരീതിയിൽ സാധിച്ചിട്ടില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു. മുമ്പത്തെ കണക്കുകൾ പ്രകാരം ഓരോ വർഷവും സമുദ്രങ്ങളിൽ എത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഏകദേശം 8 മെട്രിക് ടൺ ആണ്. എന്നാൽ, യഥാർത്ഥത്തിൽ അത് ഏകദേശം 11 മെട്രിക് ടണ്ണാണ് എന്നാണ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നത്.

നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ, സമുദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് 2040 ആകുന്നതോടെ പ്രതിവർഷം 29 മെട്രിക് ടണ്ണായി വളരുമെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ തീരമേഖലയിൽ ഓരോ മീറ്ററിലും 50 കിലോഗ്രാം മാലിന്യത്തിന് തുല്യമാണ് ഇത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വെട്ടിക്കുറയ്ക്കാൻ സർക്കാരുകളും കമ്പനികളും ഇതുവരെ നടത്തിയ എല്ലാ പ്രവർത്തനങ്ങൾക്കും 2040 ആകുമ്പോഴേക്കും 7% മാലിന്യം മാത്രമേ കുറയ്ക്കാൻ സാധിക്കൂ എന്നാണ് ഗവേഷകർ പറയുന്നത്. ഈ കണ്ടെത്തലുകൾ പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചുള്ള ആഴത്തിലുള്ള വിലയിരുത്തലുകളിൽ ഒന്നായി കണക്കാക്കാം. ഇത് പ്ലാസ്റ്റിക്ക്, പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, പൊതിയാനായി ഉപയോഗിക്കുന്ന ഫിലിം പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന വിനാശകരമായ ആഘാതത്തെ തുറന്ന് കാണിക്കുന്നു.  

ഒരിക്കൽ പ്ലാസ്റ്റിക് സമുദ്രത്തിലായിക്കഴിഞ്ഞാൽ, അതിൽ ഭൂരിഭാഗവും എന്നെന്നേക്കുമായി അവിടെ തന്നെ നിലനിൽക്കുന്നു. തുടർന്ന്, മറ്റ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന മൈക്രോപ്ലാസ്റ്റിക്കുകളായി വിഘടിക്കുന്നു. ഇതിനെതിരെ കൂടുതൽ കർശനമായ നടപടികൾ വേണ്ടിവരുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. മാലിന്യ ശേഖരണം മെച്ചപ്പെടുത്തുക, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, കൂടുതൽ മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുക, ബദൽ വസ്‍തുക്കൾ കണ്ടെത്തുക, ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുക തുടങ്ങിയവ അവയിൽ ചിലതാണ്.  

കഴിഞ്ഞ അഞ്ചുവർഷമായി പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിച്ചതും, പ്ലാസ്റ്റിക് ബാഗിന് പിഴ ഈടാക്കിയതും, ചിലതരം മൈക്രോപ്ലാസ്റ്റിക്ക് നിരോധിച്ചതുമെല്ലാം കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നില്ല എന്നാണ് പ്യൂ ചാരിറ്റബിൾ ട്രസ്റ്റുകളിലെ അന്താരാഷ്ട്ര പരിസ്ഥിതി ഡയറക്ടർ സൈമൺ റെഡ്ഡി പറയുന്നത്. അദ്ദേഹമാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്. “ഈ പ്രബന്ധത്തിൽ നിന്നുള്ള പ്രധാന സന്ദേശം, ഇത്രയൊക്കെ ചെയ്‍തിട്ടും വലിയ മാറ്റങ്ങളോന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതാണ്. കരയിലും സമുദ്രത്തിലുമുള്ള പ്ലാസ്റ്റിക് മലിനീകരണം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്” പോർട്ട്സ്‌മൗത് സർവകലാശാലയിലെ സമുദ്രനയ പ്രൊഫസറായ സ്റ്റീഫൻ ഫ്ലെച്ചർ പറഞ്ഞു.

നിലവിലുള്ള സാങ്കേതിക സംവിധാനങ്ങൾ വഴി പ്ലാസ്റ്റിക് പുനരുപയോഗിക്കാനും പുനരുത്പാദിക്കാനും കഴിഞ്ഞാൽ ആഗോള പ്ലാസ്റ്റിക് വ്യവസായം ഒരു വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് വഴിയൊരുക്കും എന്നവർ പറഞ്ഞു. അത്തരം പരിവർത്തനം സംഭവിക്കുകയാണെങ്കിൽ, അത് ഒരു വലിയ കാര്യമാകും, പ്യൂവിന്റെ വിദഗ്ധർ പറഞ്ഞു. ഇതുവഴി സമുദ്രങ്ങളിലേക്കുള്ള വാർഷിക പ്ലാസ്റ്റിക് മാലിന്യങ്ങൾ അടുത്ത രണ്ട് ദശകങ്ങളിൽ 80 ശതമാനം കുറയ്ക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. എന്നാൽ, അഞ്ചുവർഷത്തെ കാലതാമസം പോലും 80 ദശലക്ഷം മെട്രിക് ടൺ മാലിന്യങ്ങൾ കടൽത്തീരത്ത് വന്നടിയാൻ കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു. എല്ലെൻ മാക് ആർതർ ഫൗണ്ടേഷൻ, കോമൺ സീസ് ചാരിറ്റികൾ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ലീഡ്സ് യൂണിവേഴ്സിറ്റി എന്നിവയിലെ അക്കാദമിക് വിദഗ്ദ്ധരും 17 ലോക വിദഗ്ദ്ധരുടെ പാനലുമായി സഹകരിച്ച് പ്യൂ ചാരിറ്റബിൾ ട്രസ്റ്റുകളും, സിസ്റ്റമിക് എന്ന കൺസൾട്ടൻസിയുമാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്.