രോമമുള്ളത് നല്ലതാണെന്ന് കാണിച്ചുകൊണ്ട് റേസര്‍ കമ്പനി പരസ്യം ചെയ്യുമോയെന്നതിനും അവര്‍ക്ക് മറുപടിയുണ്ട്. 'എന്ന് രോമം നീക്കം ചെയ്യണമെന്ന് തോന്നുന്നുവോ, നമ്മളിവിടെ ഉണ്ട്' എന്നാണ് മറുപടി.

സ്ത്രീകളുടെ കക്ഷത്തിലെ രോമം പോലും അശ്ലീലമാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍, സ്ത്രീ ശരീരത്തിലെ രോമങ്ങള്‍ കാണിച്ചുകൊണ്ട് ഒരു പരസ്യം ഇറക്കിയിരിക്കുകയാണ് റേസര്‍ കമ്പനി. ബില്ലി റേസര്‍ കമ്പനിയുടെ പരസ്യമാണ് ഓണ്‍ലൈനില്‍ അഭിനന്ദനങ്ങളേറ്റുവാങ്ങുന്നത്. 'ബോഡി ഹെയര്‍, എവരിവണ്‍ ഹാസ് ഇറ്റ്' എന്നതാണ് പരസ്യത്തിന്‍റെ ടാഗ് ലൈന്‍ തന്നെ. അമേരിക്കയില്‍ ഒരു വലിയ ചര്‍ച്ചയ്ക്ക് തന്നെ വഴിവെച്ചിരിക്കുകയാണ് പരസ്യം. 

സാധാരണ റേസര്‍ കമ്പനികളുടെ പരസ്യത്തില്‍ രോമം നീക്കിയ കാലുകളും കൈകളുമൊക്കെയാണ് കാണിക്കാറ്. എന്നാല്‍, ഈ പരസ്യത്തില്‍ സ്ത്രീകളുടെ ശരീരത്തിലെ രോമങ്ങള്‍ കാണിച്ചിരിക്കുന്നു. അത് നീക്കുന്നതും കാണാം. സോഷ്യല്‍മീഡിയയിലെ പലരും പരസ്യത്തെ അഭിനന്ദിച്ചു. 'ഞാന്‍ റേസറേ ഉപയോഗിക്കാറില്ല. പക്ഷെ, ഈ പരസ്യം എന്നെ ആകര്‍ഷിച്ചു' എന്നാണ് ഒരു സ്ത്രീ എഴുതിയിരിക്കുന്നത്. എന്നാല്‍ രോമമുള്ളത് നല്ലതാണെന്ന് കാണിച്ചുകൊണ്ട് റേസര്‍ കമ്പനി പരസ്യം ചെയ്യുമോയെന്നതിനും അവര്‍ക്ക് മറുപടിയുണ്ട്. 'എന്ന് രോമം നീക്കം ചെയ്യണമെന്ന് തോന്നുന്നുവോ, നമ്മളിവിടെ ഉണ്ട്' എന്നാണ് ആ മറുപടി. 

ഫേസ് ബുക്കില്‍ കമ്പനി പോസ്റ്റ് ചെയ്ത പരസ്യത്തിനു താഴെ, 'സാധാരണ രോമം നീക്കം ചെയ്ത കാലുകളാണ് കാണിക്കാറ്. എന്നാല്‍, ഇത് രോമമുള്ളതും ഇല്ലാത്തതുമായ ശരീരങ്ങളുടെ ആഘോഷമാണ്' എന്നെഴുതിയിട്ടുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ രോമം പോലും അശ്ലീലമായിക്കാണുന്നതിനെതിരെയുള്ള പ്രതികരണമെന്ന രീതിയിലും പരസ്യത്തിന്‍റെ രീതിയെ കുറിച്ച് പറയുന്നുണ്ട്.