Asianet News MalayalamAsianet News Malayalam

കിട്ടുന്ന പെൻഷൻതുക മുഴുവനും പാവപ്പെട്ടവർക്കായി ചെലവഴിക്കുന്ന ഒരു റിട്ട. ചീഫ് എഞ്ചിനീയർ

പ്രതിമാസം 1.2 ലക്ഷം രൂപ പെൻഷൻ ലഭിക്കുന്ന അദ്ദേഹം വെറും 10,000 രൂപ മാത്രമാണ് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ബാക്കിവരുന്ന തുക മുഴുവൻ അദ്ദേഹം ആതുരസേവനങ്ങൾക്കായി വിനിയോഗിക്കുകയാണ്.

Retd. Chief engineer spends his pension amount to help the poor
Author
Andhra Pradesh, First Published Feb 11, 2020, 12:34 PM IST

മുൻ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ (എപിഎസ്ഇബി) ചീഫ് എഞ്ചിനീയറായിരുന്നു സിവിഎൻ മൂർത്തി. 15 വർഷം മുൻപ്‌ വരെ അദ്ദേഹത്തിൻ്റെ ജീവിതം മറ്റെല്ലാവരുടേയും ജീവിതം പോലെത്തന്നെയായിരുന്നു. ജോലി ചെയ്‍ത് കുടുംബം നോക്കുന്ന ഒരു സാധാരണ വ്യക്തിയായിരുന്നു ആ കാലം വരെ അദ്ദേഹം. എന്നാൽ, അദ്ദേഹത്തിനു സംഭവിച്ച ഒരപ്രതീക്ഷിത നഷ്ടം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അദ്ദേഹം ജീവനുതുല്യം സ്നേഹിച്ച, ഓമനിച്ചു വളർത്തിപ്പോന്ന ഏക മകൾ കാൻസർ പിടിപെട്ട് മരണപ്പെട്ടു. മകളുടെ പേര് സി.വി.നാഗജ്യോതി എന്നായിരുന്നു. അവളുടെ മരണം ജീവിതത്തെകുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

മകളുടെ വേദനിപ്പിക്കുന്ന ഓർമ്മകളിൽനിന്ന് രക്ഷനേടാൻ അദ്ദേഹം പതുക്കെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്വയം മുഴുകി. ഇപ്പോൾ അദ്ദേഹം തൻ്റെ പെൻഷൻ്റെ 90 ശതമാനവും എല്ലാ മാസവും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി ചെലവിടുകയാണ്. അതുംപോരാതെ ജില്ലാ ആസ്ഥാന നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദിനംപ്രതി 120 -ലധികം യാചകർക്ക് ആഹാരം നൽകാൻ 30,000 രൂപയോളം അദ്ദേഹം ചെലവഴിക്കുന്നു. 

പക്ഷേ, ഇതിലൊന്നും ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സേവന മഹിമ. പ്രതിമാസം 1.2 ലക്ഷം രൂപ പെൻഷൻ ലഭിക്കുന്ന അദ്ദേഹം വെറും 10,000 രൂപ മാത്രമാണ് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ബാക്കിവരുന്ന തുക മുഴുവൻ അദ്ദേഹം ആതുരസേവനങ്ങൾക്കായി വിനിയോഗിക്കുകയാണ്. അതുകൂടാതെ മൂർത്തി മകളുടെ സ്മരണയ്ക്കായി ഏഴ് വർഷം മുമ്പ് സിവി നാഗജ്യോതി വെൽഫെയർ ആൻഡ് സർവീസ് സൊസൈറ്റിയ്ക്ക് രൂപം കൊടുക്കുകയുണ്ടായി. ശ്രീകാകുളത്ത് 2018 ജൂലൈയിൽ 70 ലക്ഷം രൂപ മുടക്കി സി.വി നാഗജ്യോതി ആനന്ദ നിലയം എന്ന പേരിൽ ഒരു വൃദ്ധസദനം അദ്ദേഹം നിർമ്മിക്കുകയും ചെയ്‍തു. ഇത് നിർമിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ സ്വന്തം വീടുകളിലൊന്ന് അദ്ദേഹം വിൽക്കുകയായിരുന്നു. വൃദ്ധസദനം പണിയുക മാത്രമല്ല, അതിൻ്റെ നടത്തിപ്പിനായി പ്രതിമാസം 50,000 രൂപ നീക്കി വെയ്ക്കാനും അദ്ദേഹം മറന്നില്ല.  

ഒരു മുതിർന്ന ഡോക്ടറുടെ സഹായത്തോടെ റെഡ് ക്രോസ് മെഡിസിൻ ബാങ്കിലും പിഎൻ കോളനിയിലെ പഞ്ചായതാന സിദ്ദി വിനായക ക്ഷേത്രത്തിലും പാവപ്പെട്ട രോഗികൾക്കായി സായാഹ്ന ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ വരുന്ന ദരിദ്രർക്കായി മൂർത്തി ഏകദേശം 15,000 രൂപ വിലവരുന്ന മരുന്നുകളും സൗജന്യമായി നൽകുന്നു.

ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനും മറ്റ് ആത്മീയ പ്രവർത്തനങ്ങൾക്കുമായി, തന്റെ സ്ഥിര നിക്ഷേപത്തിൽ നിന്ന് സ്വരൂപിച്ച പലിശ മൂർത്തി ചെലവഴിക്കുന്നു. ഗ്രീൻ മേഴ്‌സി എന്ന എൻ‌ജി‌ഒയുമായി സഹകരിച്ച് പരിക്കേറ്റ മൃഗങ്ങളെ പോറ്റുകയും, ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ വഴിതെറ്റിയ നായ്ക്കളുടെ ക്ഷേമവും അദ്ദേഹം നോക്കുന്നു. “സ്വത്ത് മുഴുവനും ദരിദ്രർക്കുവേണ്ടി ചെലവഴിക്കാൻ തീരുമാനിച്ചു. റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ പി ജഗൻ മോഹൻ റാവുവിന്റെ പിന്തുണയോടെയാണ് അത് പാവപ്പെട്ടവര്‍ക്കിടയിലേക്കെത്തിക്കുന്നത്.” മൂർത്തി പറയുന്നു.

ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ തളർന്നിരിക്കുകയല്ല വേണ്ടത്, മറിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ടു പോവുകയാണ് വേണ്ടത് എന്ന് മൂർത്തി തന്റെ ജീവിതത്തിലൂടെ കാണിച്ചു തരുന്നു. കൂടുതൽ കരുത്തോടെ, ആർദ്രതയോടെ സഹജീവികളെ സ്നേഹിക്കാൻ ഇത്തരം അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. 

Follow Us:
Download App:
  • android
  • ios