Asianet News MalayalamAsianet News Malayalam

കേരളത്തെ കരകയറ്റിയത് ഈ ടെക്കിപ്പട്ടാളം കൂടിയാണ്; നമ്മളറിയാത്ത രക്ഷാപ്രവര്‍ത്തകരുടെ അദൃശ്യലോകം

വിവരങ്ങളുടെ കുത്തൊഴുക്കായിരുന്നു പ്രളയത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഓണ്‍ലൈന്‍ കണ്ടത്. കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ കിട്ടാവുന്ന എല്ലാ വഴികളും ഉപയോഗിച്ച് തങ്ങളുടെ അവസ്ഥ പുറത്തെത്തിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ ഈ വിവരങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിച്ചു. മാധ്യമങ്ങളെയും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍, ഒരേ സന്ദേശങ്ങള്‍ തന്നെയായിരുന്നു ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തിരുന്നത്. 

role of techies in rescue operation
Author
Thiruvananthapuram, First Published Aug 21, 2018, 8:08 PM IST

റിനി രവീന്ദ്രന്‍

തിരുവനന്തപുരം: കുടുങ്ങിക്കിടക്കുന്നവരുടെ ലൊക്കേഷനും ദയനീയാവസ്ഥയും പറയുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍. സഹായാഭ്യര്‍ത്ഥനയുമായെത്തുന്ന വാട്ട്സാപ്പ് ഫോര്‍വേഡുകള്‍. ഇവയൊക്കെ എങ്ങനെയാണ് രക്ഷാപ്രവര്‍ത്തകരിലേക്ക് എത്തിയത്? 

ദുരിതാശ്വാസപ്രവര്‍ത്തനവുമായി ഓണ്‍ലൈനില്‍ സജീവമായി നമ്മള്‍ കണ്ടവരല്ല അത് ചെയ്തത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ രാപ്പകലില്ലാതെ, അദൃശ്യമായി രക്ഷാപ്രവര്‍ത്തനം നടത്തിയ ആയിരക്കണക്കിന് മനുഷ്യരാണ്. പരസ്പരം അറിയാത്ത അനേകം മനുഷ്യരെ രക്ഷാപ്രവര്‍ത്തനം എന്ന ഒരൊറ്റ ചരടില്‍ കോര്‍ത്തുകെട്ടിയ ആസൂത്രിതവും അതേ സമയം അദൃശ്യവുമായ പ്രവര്‍ത്തനമാണ് ആ ദൗത്യം നിര്‍വഹിച്ചത്. ഐ.ടി പ്രൊഫഷനലുകള്‍ മുതല്‍ ടെക്‌നോളജി രംഗത്ത് പലനിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ അതില്‍ പങ്കാളികളായി. 

അതൊരു സംഘം ആയിരുന്നില്ല. പരസ്പരം അറിയാത്ത അനേകം ഗ്രൂപ്പുകള്‍ അതില്‍ സജീവമായി പ്രവര്‍ത്തിച്ചു. ആയിരക്കണക്കിനാളുകള്‍ ഉള്ള ഗ്രൂപ്പുകള്‍ മുതല്‍ നാലഞ്ച് പേരുള്ള സംഘങ്ങള്‍ വരെ. ഓണ്‍ലൈന്‍ മലയാളികളുടെ 'കലക്ടര്‍ ബ്രോ' പ്രശാന്ത് നായര്‍ നേതൃത്വം നല്‍കിയ 'കംപാഷനേറ്റ് കേരള'യാണ് അവരില്‍ മിക്കവരെയും കോ ഓര്‍ഡിനേറ്റ് ചെയ്തത്. കേരള റെസ്‌ക്യൂ.കോം തുടങ്ങി ശക്തമായി പ്രവര്‍ത്തിച്ച മറ്റ് നിരവധി സംഘങ്ങളുമുണ്ട്. 

സജീവ വളണ്ടിയര്‍മാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനമാണ് കംപാഷനേറ്റ് കേരള ഗ്രൂപ്പ് ഒരുക്കിയത്. മറ്റ് ചില ഗ്രൂപ്പുകളും സമാനമായ കോള്‍ സെന്റര്‍ സംവിധാനം ഒരുക്കി. വിവിധ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളായും ഫേസ്ബുക്ക് ഗ്രൂപ്പുകളായും പ്രവര്‍ത്തിച്ച സംഘങ്ങളില്‍ പലതിനെയും കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമാക്കാന്‍ കംപാഷനേറ്റ് കേരള' ടീമിന് കഴിഞ്ഞു.  വിവിധ വ്യക്തികള്‍, എന്‍.ജി.ഒകള്‍, ട്രസ്റ്റുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവയെ എല്ലാം പരസ്പരം ബന്ധിപ്പിച്ചു. വേണ്ട സ്ഥലത്ത്, വേണ്ട പോലെ, ആവശ്യമായവയെല്ലാം എത്തിക്കാന്‍ ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു.

വിവരങ്ങളുടെ കുത്തൊഴുക്കായിരുന്നു പ്രളയത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഓണ്‍ലൈന്‍ കണ്ടത്. കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ കിട്ടാവുന്ന എല്ലാ വഴികളും ഉപയോഗിച്ച് തങ്ങഴുടെ അവസ്ഥ പുറത്തെത്തിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ ഈ വിവരങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിച്ചു. മാധ്യമങ്ങളെയും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍, ഒരേ സന്ദേശങ്ങള്‍ തന്നെയായിരുന്നു ആയിരക്കണക്കിനാളുകള്‍ ഷെയര്‍ ചെയ്തിരുന്നത്. പലരും ഈ വിവരം ശരിയാണോ എന്നുപോലും ഉറപ്പുവരുത്താതെ ഷെയര്‍ ചെയ്യലില്‍ മാത്രം ശ്രദ്ധിച്ചു. തെറ്റായ വിവരങ്ങളും തെറ്റായ ലൊക്കേഷനുകളും ഇങ്ങനെ ഷെയര്‍ ചെയ്യപ്പെട്ടു. 

ഈ സാഹചര്യത്തിലാണ് ടെക്കികളുടെ മുന്‍കൈയില്‍ ഈ ഗ്രൂപ്പുകള്‍ രംഗത്തുവന്നത്. വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുകയായിരുന്നു ആദ്യപടി. ഫോണ്‍ നമ്പറുകളില്‍ വിളിച്ച് വിവരങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം അവ രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ക്ക് എത്തിക്കുകയായിരുന്നു ഇവര്‍. അതിലൊതുങ്ങിയില്ല ഇവരുടെ പ്രവര്‍ത്തനം. രക്ഷിക്കപ്പെട്ടവരുടെ വിവരങ്ങളും അവര്‍ എത്തിച്ചേര്‍ന്ന ക്യാമ്പുകളും രേഖപ്പെടുത്തപ്പെട്ടു. ഈ ഡാറ്റകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ഗുണകരമായി. അതോടൊപ്പം, ഫീല്‍ഡിലുള്ള മാധ്യമങ്ങളുമായി കണ്ണിചേര്‍ന്ന്, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ശ്രമങ്ങള്‍ നടന്നു. അതിന്റെ വിജയമായിരുന്നു, എല്ലാ പരാതികള്‍ക്കിടയിലും ലക്ഷക്കണക്കിനാളുകളെ രക്ഷപ്പെടുത്തിയ പ്രവര്‍ത്തനം. 

രക്ഷാപ്രവര്‍ത്തനം മുറുകുന്ന മുറയ്ക്ക്, അവരുടെ ശ്രദ്ധ പുതിയ വിവരങ്ങളിലേക്കും മാറി. ലോകമെങ്ങും നിന്നുള്ള സഹായങ്ങളുടെ വിവരങ്ങള്‍ വന്നു തുടങ്ങിയിരുന്നു. ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കള്‍ക്കായി ദുരന്തബാധിത പ്രദേശങ്ങളില്‍നിന്നും ക്യാമ്പുകളില്‍നിന്നുമുള്ള മുറവിളികളും ഉയര്‍ന്നിരുന്നു. ആവശ്യക്കാരെയും സഹായദാതാക്കളെയും കണ്ണിചേര്‍ക്കുന്ന പുതിയ പ്രവര്‍ത്തനത്തിലേക്ക് ഇതോടെ ഈ ഗ്രൂപ്പുകള്‍ മാറി. ഡാറ്റകള്‍ പരമാവധി സൂക്ഷ്മമവും സുതാര്യവും കൃത്യവുമാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ സഹായം എത്തിക്കാനുള്ള ജാഗ്രത്തായ പ്രവര്‍ത്തനങ്ങളിലാണ് ഈ ഗ്രൂപ്പുകള്‍ ഇപ്പോള്‍. 

അവിശ്വസനീയമായിരുന്നു ഈ കൂടിച്ചേരലെന്ന് കംപാഷനേറ്റ് കേരളയുടെ ഊര്‍ജസ്രോതസ്സായ പ്രശാന്ത് നായര്‍ ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'പണി ശരിക്കും നടന്നത് ആരും കാണാത്ത ഇടങ്ങളിലാണ്. മിനിമം ആറായിരത്തോളം പേര്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമായി ജോലി ചെയ്തു. പല രാജ്യത്തെയും പല ടൈം സോണുകളിലാണ് ഇവര്‍ വര്‍ക്ക് ചെയ്തത്. ജര്‍മ്മനിയിലും അമേരിക്കയിലുമൊക്കയുള്ള നിരവധി പേര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വലിയ വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നവരായിരുന്നു അവരില്‍ പലരും.  ഇപ്പോഴാണ് അവരില്‍ പലരും ഒന്നുറങ്ങുന്നത് തന്നെ'-പ്രശാന്ത് നായര്‍ പറയുന്നു. 

പരസ്പരം അറിയാത്തവരാണ് കണ്ണി ചേര്‍ന്നതെന്നും അദ്ദേഹം പറയുന്നു. 'അതുപോലെ അനേകം പേര്‍, അനേകം ഗ്രൂപ്പുകള്‍. പ്രത്യക്ഷത്തില്‍ ബന്ധം തോന്നിയില്ലെങ്കിലും അവയെല്ലാം ഒരുമിച്ചു ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. വിവിധ രാജ്യങ്ങളിലിരുന്ന് അവര്‍ നമ്മള്‍ കൈമാറുന്ന സന്ദേശമോരോന്നും വേണ്ടയിടത്തെത്തിച്ചു, ഉറങ്ങാതെ നിന്ന് ഓരോ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും കൃത്യമായി ഫില്‍ട്ടര്‍ ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കി'. 

ആളുകള്‍ വല്ലാതെ ഭയന്നിരിക്കുന്ന സമയത്ത് ഗവണ്‍മെന്റ് നല്‍കിയ ഫോണ്‍ നമ്പറുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതിയുയര്‍ന്നിരുന്നു. പല ഫോണുകളും വൈദ്യുതി ഇല്ലാത്തതിനാല്‍ നിര്‍ജീവമായിരുന്നു. കവറേജ് പ്രശ്‌നവും തടസ്സമായി.  അപ്പോഴും ഈ സംഘങ്ങള്‍ മടുക്കാതെ, തളരാതെ ജോലി തുടര്‍ന്നതിന്റെ കൂടി റിസല്‍ട്ടാണ് രക്ഷാപ്രവര്‍ത്തനത്തിലെ വിജയം. 'കാള്‍സെന്റര്‍ വഴി കോളുകളെത്തുന്നില്ലെന്ന് മനസിലായതോടെ നൂറ് കാള്‍സെന്ററുകള്‍ വേറെ സ്ഥാപിച്ചു. ചെന്നൈ വെള്ളപ്പൊക്ക സമയത്ത് കാള്‍സെന്ററുകളെ നിയന്ത്രിച്ച ഭൂമിക ട്രസ്റ്റണ് ഇവിടെയും സഹായിച്ചത്'-പ്രശാന്തിന്റെ വാക്കുകള്‍. 

'ഈ നമ്പറിലേക്ക് വിളിക്കാം. ഫോണ്‍ ഓഫായിപ്പോയാലും ലൊക്കേഷന്‍ ട്രെയ്‌സ് ചെയ്തശേഷം രക്ഷാപ്രവര്‍ത്തകര്‍ അരികിലെത്തും' നമ്മളിലെത്രയോ പേര്‍ ഷെയര്‍ ചെയ്ത മെസേജാണ്. ഓരോ കാള്‍ കട്ടാകുമ്പോഴും കൃത്യമായ ലൊക്കേഷനുകള്‍ ലാന്‍ഡ് മാര്‍ക്കടക്കം ട്രെയ്‌സ് ചെയ്തതും അത് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറിയതും ഈ മനുഷ്യര്‍ തന്നെയായിരുന്നു. ആവശ്യമുള്ള വളണ്ടിയര്‍മാരുടെ വിവരങ്ങള്‍, ഭക്ഷണസാധനങ്ങളുടെ വിവരങ്ങള്‍ എല്ലാം ക്രോഡീകരിച്ചെടുത്തുമെല്ലാം ഇവര്‍ തന്നെയായിരുന്നു. 

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. അതിജീവനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുകയാണ് ഇവരിപ്പോഴും. ഡാറ്റകളുടെ കേന്ദ്രീകൃത സ്വഭാവം ഉറപ്പുവരുത്തുക, കൃത്യമായ വിവരങ്ങള്‍ വേണ്ടപ്പെട്ടവരില്‍ എത്തിക്കുക, അവസാനത്തെ ആവശ്യക്കാരുടെയും തുണയ്ക്ക് എത്തുക എന്ന ലക്ക്ഷ്യം തന്നെയാണ് ഇവരെ നയിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios