സംസ്ഥാനം കണ്ട ഏറ്റവും വലിയ മാധ്യമപ്രവര്‍ത്തകരുടെ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു അത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലക്യഷ്ണന്‍ എന്നിവര്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. 


സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം നടക്കുമ്പോഴാണ് 2002 ല്‍ തലസ്ഥാനത്ത് അവകാശപ്പോരാട്ടത്തിനായി നടത്തിയ സമരം ഓര്‍മ്മയില്‍ വരുന്നത്. 

അന്ന് വക്കം പുരുഷോത്തമനാണ് സ്പീക്കര്‍ . എ.കെ ആന്റണി മുഖ്യമന്ത്രി. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മാത്രമാണ് ഇന്നത്തെ പോലെ അന്നും ക്യാമറകള്‍ക്ക് പ്രവേശനം. ആദിവാസി ഭൂപ്രക്ഷോഭം കത്തി നില്‍ക്കുന്ന സമയം. പ്രതിപക്ഷം ദിവസവും സഭ പ്രക്ഷുബ്്ധമാക്കുന്നു. 

പതിവ് പോലെ രാവിലെ എട്ടേ കാലിന് നിയമസഭയുടെ ഗ്യാലറിയിലെത്തിയ എന്നെപ്പോലുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകരോടും ക്യാമറാമാന്‍മാരോടും വാച്ച് ആന്റ് വാര്‍ഡ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. സഭയില്‍ ബഹളമുണ്ടാകുമ്പോള്‍, സ്പീക്കറുടെ, അതായത് ചെയറിന്റെ, ക്ലോസ് അപ്പ് മാത്രമേ എടുക്കാവു എന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, പ്രതിപക്ഷ ബഹളം എടുക്കരുതെന്ന്!

അന്ന് വക്കം പുരുഷോത്തമനാണ് സ്പീക്കര്‍ . എ.കെ ആന്റണി മുഖ്യമന്ത്രി.

നിയമസഭാ കോമ്പൗണ്ടില്‍ പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങളോ ബൈറ്റോ എടുക്കരുത് തുടങ്ങി വലിയ നിര്‍ദ്ദേശങ്ങളുടെ പട്ടിക പിന്നാലെ വന്നു. ഇത് ഏഷ്യാനെറ്റ് ന്യൂസ്, സൂര്യ ടിവി, കൈരളി ടിവി, എ സി വി എന്നീ സ്ഥാപനങ്ങളെ രേഖാമൂലം അറിയിച്ചു. 

മാധ്യമ പ്രവര്‍ത്തകര്‍ ആദ്യം സ്പീക്കറെ കാണാന്‍ ശ്രമിച്ചു. പുതിയ തീരുമാനമല്ല, നേരത്തെ ഉള്ളത് ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മുഖ്യമന്ത്രി എ.കെ ആന്റണിയോട് ഇടപെണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നിയമസഭയിലെ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാട് അറിയിച്ചു. 

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങി. സംസ്ഥാനം കണ്ട ഏറ്റവും വലിയ മാധ്യമപ്രവര്‍ത്തകരുടെ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു അത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലക്യഷ്ണന്‍ എന്നിവര്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. 

വിഷയം സഭയില്‍ അവതരിപ്പിച്ചതും ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ആയ കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു. ദ്യശ്യ മാധ്യമ വിലക്കില്‍ പ്രതിഷേധവുമായി തലസ്ഥാനത്തെ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്നു. 

സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജും ധരിച്ചാണ് പങ്കെടുത്തത്. ആ ആഴ്ചയിലെ മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിക്കാനുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ വായ് മുടിക്കെട്ടി വന്നതിനാല്‍ മുഖ്യമന്ത്രി എ.കെ ആന്റണി വാര്‍ത്താ സമ്മേളനം റദ്ദാക്കി. 

'മുത്തങ്ങ' എന്ന് ഒരു വാക്ക് നിയമസഭയില്‍ മിണ്ടരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് നിര്‍ദ്ദേശിച്ചു.

മുത്തങ്ങ പ്രശ്‌നം കത്തി നിന്നപ്പോള്‍ 'മുത്തങ്ങ' എന്ന് ഒരു വാക്ക് നിയമസഭയില്‍ മിണ്ടരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് നിര്‍ദ്ദേശിച്ചു. അന്ന് ജലസേചന മന്ത്രി ടി എം ജേക്കബിനോട് ചോദ്യോത്തരവേളയില്‍ മുത്തങ്ങയിലെ ജലസേചന പദ്ധതികള്‍ മാത്രം ചോദിച്ചാണ് എം വി ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷം മാതൃകാപരമായി പ്രതികരിച്ചത് (ആ എം വി ജയരാജന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ്)

പ്രതിഷേധം ശക്തമായപ്പോള്‍ സ്പീക്കര്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയി. നിയമസഭയില്‍ മീഡിയാ റൂമില്‍ സൗകര്യങ്ങള്‍ കൂടി. തൊഴില്‍ ചെയ്യാനും ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിനുമായി നടത്തിയ പ്രക്ഷോഭത്തില്‍ ഒപ്പം നിന്നതിന് കോടിയേരി ബാലകൃഷ്ണന് മാധ്യമ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചു.

പുഴുക്കുത്തുകളെ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വരുമ്പോള്‍ ഇതൊക്കെ സ്വാഭാവികം മാത്രം.

സാമാജികരെ നിയന്ത്രിച്ച് ക്യത്യം ഒന്നേ മുക്കാലിന് സഭാ നടപടികള്‍ അവസാനിപ്പിച്ചിരുന്ന വക്കത്തിന് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. 

മാധ്യമ നിയന്ത്രങ്ങള്‍ പുതുമയല്ല. പുഴുക്കുത്തുകളെ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വരുമ്പോള്‍ ഇതൊക്കെ സ്വാഭാവികം മാത്രം. ഇത്തരം എതിര്‍പ്പുകള്‍ നമുക്ക് പ്രചോദനമാണ്. വിജയിക്കട്ടെ ജനാധിപത്യം!