പ്രണയമുള്ള സ്ത്രീയോടൊപ്പം സെക്സ് ചെയ്യുക എന്നതും ഏതെങ്കിലും ഒരു സ്ത്രീയോടൊപ്പം സെക്സ് ചെയ്യുക എന്നതും രണ്ടു വ്യത്യസ്തമായ പാഷനാണെന്നു മാത്രമല്ല അവ തികച്ചും വിപരീതദിശയിലുള്ളതുമാണ് എന്ന് പറഞ്ഞതും മിലൻ കുന്ദേരയാണ് ( The Unbearable Lightness of Being). ഇത്തരം കാര്യങ്ങൾ വിവാഹത്തിന് മുൻപ് മനുഷ്യർ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ് . അതിനാൽ ശബരിയും ദിവ്യയും മിലൻ കുന്ദേരയെ വായിക്കുന്നത് ഞാൻ സ്വാഗതം ചെയ്യുന്നു . എന്തെങ്കിലുമൊക്കെ വായിക്കട്ടെ .... എന്ത് വായിച്ചാലും നല്ലതാണു എന്നാണ് എന്റെ അഭിപ്രായം. മിഠായി പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പർ വായിച്ചാലും നല്ലതു തന്നെ .

സാധാരണ പ്രണയികൾ എന്ത് മാത്രം അബദ്ധധാരണകളോടെയാവും വിവാഹത്തിലേക്ക് കാലൂന്നുന്നത് . പ്രണയം എന്താണെന്നും സെക്സ് എന്താണെന്നും രണ്ടു മനുഷ്യർ തമ്മിൽ എന്തെല്ലാം ബന്ധങ്ങൾ ഉണ്ടാകാമെന്നും ഒക്കെ മനസ്സിലാക്കി തന്നെയാണ് മനുഷ്യർ വിവാഹിതരാവേണ്ടത്. പണ്ട് എന്റെ അമ്മമ്മ പിണ്ണാക്കും ശർക്കരയുമൊക്കെ കടയിൽ നിന്നും പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പർ ഞങ്ങളെല്ലാവരും തല്ലു കൂടി പിച്ചി പറിച്ചു വായിക്കുമായിരുന്നു . ചിലപ്പോൾ അത് മനോരാജ്യത്തിന്റെയോ മനോരമയുടെയോ ഏതെങ്കിലും പത്രത്തിന്റെയോ കഷ്ണമായിരിക്കും . ചില ദിവസം അമ്മമ്മ തേങ്ങാ പിണ്ണാക്ക് വാങ്ങും. അപ്പോൾ തേങ്ങാ പിണ്ണാക്കും കടിച്ചു കൂട്ടി പേപ്പർ വായിക്കും. അത്രയൊക്കെയേ ഉള്ളു കുന്ദേരയെ വായിക്കുന്നതും . നാലക്ഷരം കൂട്ടി വായിക്കാൻ കഴിയുന്ന എന്ത് വായിച്ചാലും നല്ലതാണ്.

നിങ്ങള്‍ വായിക്കു ബ്രോസ്. ഓഷോയെ. ജിദ്ദുവിനെ. റൂമിയെ. ഗാന്ധിജിയെ. ചെഗുവേരയെ. അങ്ങനെ കയ്യിൽ കിട്ടുന്ന എന്തും വായിക്കൂ. വായിച്ചിട്ട് മനസ്സിൽ സ്പർശിക്കുന്നത് മാർക്ക് ചെയ്തു ബുക്ക് മറ്റേയാൾക്കു കൊടുക്കു. അതൊക്കെ തന്നെയാണ് പ്രണയം.

എന്നിട്ട് യാഥാർഥ്യബോധ്യത്തോടെ ജീവിതം തുടങ്ങു. കല്യാണം എന്ന് വച്ചാൽ കഴിച്ചാൽ മാത്രം മനസ്സിലാവുന്ന ഒരു മായ ആണ്. വല്യ സംഭവം ഒന്നുമല്ല . എല്ലാരും കഴിക്കുന്നു . അതിനാൽ നമ്മളും കഴിക്കുന്നു . അത്രേള്ളൂ . എന്നാൽ പ്രണയം ഒരു മാജിക് തന്നെയാണ് . ഒരു കാലത്തും ഒരാൾക്കും പിടികിട്ടാത്ത മാജിക് . ലോകം മുഴുവൻ നിലാവുദിച്ചു നിൽക്കുന്നതായി തോന്നുന്ന മാജിക്. വിവാഹാശംസകൾ.

NB: കുന്ദേരയുടെ പുസ്തകങ്ങൾ വായിക്കുന്ന രാഷ്ട്രീയ നേതാവ് കേരളത്തിലൊ എന്നു ദിവ്യ ചോദിച്ചതാണ് വിവാദം ...
ദിവ്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . പല രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരോടും പൊതു ജനങ്ങളോടും പെരുമാറുന്നത് കണ്ടാൽ അക്ഷരാഭ്യാസം ഇല്ലെന്നു മാത്രമല്ല എവിടുന്നോ നൂലിൽ കെട്ടിയിറക്കിയ പ്രാകൃത മനുഷ്യരാണെന്നു തോന്നും . അവൾ ഭംഗിയായി രാഷ്ട്രീയക്കാരെ ട്രോളിയതാണെന്നു കൂട്ടിക്കോ വിമർശകരെ ...