Asianet News MalayalamAsianet News Malayalam

മനുഷ്യരുടെ ഉത്ഭവം ഈ ഇത്തിരിക്കുഞ്ഞന്‍ പുഴുവില്‍ നിന്നോ?

കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത്  കണ്ടെത്തിയത്. ഈ രീതിയിൽ കണ്ടെത്തിയ ആദ്യത്തെ ഫോസ്സിലാണ് ഇത്. മൃഗങ്ങളുടെ ജീവിതത്തിന്റെ പരിണാമത്തിലെ നിർണായക ഘട്ടമായിരുന്നു ഈ വികസനം എന്ന് ഇതിന് പിന്നിലെ ശാസ്ത്രജ്ഞർ പറയുന്നു. 

Scientists discovered fossil worm from which human beings evolved
Author
Australia, First Published Mar 27, 2020, 10:10 AM IST

ഈ ഭൂമിയും, മനുഷ്യരും ഇതിൽ കാണുന്ന ജീവജാലങ്ങളും എങ്ങനെ ഉണ്ടായി എന്നത് ഇന്നും നമ്മെ വിസ്മയിപ്പിക്കുന്ന ഒരു കാര്യമാണ്.  പലരും പല കണ്ടെത്തലുകളും നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും അതിനെ കുറിച്ചുള്ള ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. മനുഷ്യൻ സർവ്വജ്ഞനാണ് എന്ന് വിശ്വസിക്കുമ്പോഴും അവന് വിശദീകരിക്കാൻ കഴിയാത്ത അനവധി കാര്യങ്ങൾ പ്രപഞ്ചത്തിൽ ഇനിയും ബാക്കിയുണ്ട്. ഏകദേശം 13 .8 മില്യൺ വർഷങ്ങൾക്ക് മുൻപ് ഒരു മഹാവിസ്ഫോടനത്തില്‍ നിന്നാണ് ഭൂമിയുണ്ടായതെന്നാണ് 'ബിഗ് ബാങ് തിയറി' പറയുന്നത്. എന്നാൽ അതിന് മുൻപ് എന്തായിരുന്നു എന്ന് ഇന്നും ശാസ്ത്രജ്ഞർക്ക് പിടികിട്ടാത്ത ഒരു കാര്യമാണ്. ഈ അടുത്തകാലത്തായി ജീവിവർഗ്ഗത്തിന്റെ ഉത്ഭവത്തെ കുറിച്ച് ഗവേഷകർ ഒരു പുതിയ കണ്ടെത്തൽ നടത്തുകയുണ്ടായി. ഏകദേശം 555 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ഒരു പുഴുവിൽനിന്നാണ് മനുഷ്യരുൾപ്പെടുന്ന ജീവിവർഗ്ഗം പരിണമിച്ചത് എന്നാണവർ കണ്ടെത്തലിനെ അധികരിച്ച് പറയുന്നത്.   

ഒരു ധാന്യമണിയുടെ വലുപ്പമുള്ള ഒരു പുഴുവിന്റെ ഫോസ്സിൽ അവർ ഓസ്‌ട്രേലിയയിൽനിന്നും കണ്ടെത്തുകയുണ്ടായി. ഈ ഇത്തിരിക്കുഞ്ഞനിൽ നിന്നാണ് നമ്മളും ബാക്കി സകല മൃഗങ്ങളും ഉണ്ടായതെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. വംശനാശം സംഭവിച്ച ഈ ജീവി അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന 'ബിലാറ്റേറിയൻ' ആണ്. അതായത് വായയും, മലദ്വാരവും വയർ വഴി ബന്ധിപ്പിച്ചിരിക്കുന്ന ജീവിവർഗ്ഗം. അതിന്റെ ഈ പ്രത്യേകത മൂലം മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യത്തെ പൊതുവായ പൂർവ്വികനായി ആ ജീവിയെ കണക്കാക്കുന്നു.   

കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇത്  കണ്ടെത്തിയത്. ഈ രീതിയിൽ കണ്ടെത്തിയ ആദ്യത്തെ ഫോസ്സിലാണ് ഇത്. മൃഗങ്ങളുടെ ജീവിതത്തിന്റെ പരിണാമത്തിലെ നിർണായക ഘട്ടമായിരുന്നു ഈ വികസനം എന്ന് ഇതിന് പിന്നിലെ ശാസ്ത്രജ്ഞർ പറയുന്നു. 
ഇത് ജീവജാലങ്ങൾക്ക് ലക്ഷ്യബോധത്തോടെ സഞ്ചരിക്കാനുള്ള കഴിവും അവരുടെ ശരീരത്തെ ഒരുമിപ്പിക്കാനുള്ള കഴിവും നൽകി. പുഴുക്കൾ മുതൽ പ്രാണികൾ വരെ, ദിനോസറുകൾ മുതൽ മനുഷ്യർ വരെയുള്ള നിരവധി മൃഗങ്ങൾക്കും ഇതേ അടിസ്ഥാന ബിലാറ്റേറിയൻ രൂപം തന്നെയാണ് ഉള്ളത്. സർവകലാശാലയിലെ സ്കോട്ട് ഇവാൻസും സഹപ്രവർത്തകരും ഈ ജീവിക്ക് ഇക്കാരിയ വാരിയൂട്ടിയ എന്ന് പേരിട്ടു.   

555 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന എഡിയാകരൻ കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നതെന്ന് വിശ്വസിക്കുന്നു. ജീവികളിൽ കോശവിഭജനം കൂടുതൽ സങ്കീർണ്ണമായ കാലമായിരുന്നു അത്. 15 വർഷം മുമ്പ് ദക്ഷിണ ഓസ്‌ട്രേലിയയിലെ നില്പെനയിലെ പാറയുടെ ചെറിയ മാളങ്ങളിൽ ഇവയെ കണ്ടെത്തിയതോടെയാണ് ഇതിനെ കുറിച്ചുള്ള ഗവേഷണം ആരംഭിച്ചത്. ജൈവവസ്തുക്കളെ ഭക്ഷണമാക്കിയിരുന്ന ഇക്കറിയ വാരിയൂട്ടിയ,  സമുദ്രനിരപ്പിലെ മണൽ പാളികളിലാണ് ജീവിച്ചിരുന്നത്. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പിയർ റിവ്യൂഡ് ജേണൽ പ്രൊസീഡിംഗ്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Follow Us:
Download App:
  • android
  • ios