Asianet News MalayalamAsianet News Malayalam

അന്ന് 30 രൂപ മാസശമ്പളത്തിന് മുടിവെട്ടി; ഇന്ന് ബോളിവുഡ് താരങ്ങള്‍ വരെ കാണാന്‍ വരിനില്‍ക്കുന്നു

സലൂണുകളുടെ എണ്ണം പിന്നെയും കൂടി, ഒന്ന്, രണ്ട്, മൂന്ന്... എന്നിങ്ങനെ 20 സലൂണുകള്‍. ബാല്‍ താക്കറെയെപോലുള്ളവര്‍ സലൂണന്വേഷിച്ചെത്തി. പക്ഷെ, വിദ്യാഭ്യാസമോ പ്രത്യേക പരിശീലനമോ  നേടിയിരുന്നില്ല ശിവരാമ. 

success story shivas saloon owner shivarama
Author
Mumbai, First Published Sep 26, 2018, 3:57 PM IST

മുംബൈ: ശിവാസ് സലൂണ്‍ എന്ന പേരില്‍ മുംബൈ നഗരത്തില്‍ ഇരുപത് സലൂണുകളുണ്ട്. ശിവരാമ ഭണ്ഡാരി എന്ന ചെറുപ്പക്കാരനാണ് അതിന്‍റെ ഉടമ. ശിവാസ് ഹെയര്‍ ഡിസൈനേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ്ങ് ഡയറക്ടര്‍.

സലൂണുകളില്‍ മുന്നൂറോളം ജീവനക്കാര്‍... ഹെയര്‍ സ്റ്റൈലിങ്ങിനായി ശിവരാമയുടെ മുന്നിലെത്തുന്നവരില്‍ കരീന കപൂറും റീമാ സെന്നും. എന്നാല്‍ ശിവരാമയുടെ വളര്‍ച്ച എവിടെനിന്നാണ് എന്നതാണ് അദ്ഭുതം. കഠിനാധ്വാനത്തിന്‍റെയും അര്‍പ്പണമനോഭാവത്തിന്‍റെയും പ്രതീകമാണ് ശിവരാമ. അതുകൊണ്ടാണ് ഈ കാണുന്നതെല്ലാം സ്വന്തമാക്കിയതും. 

നാലാമത്തെ വയസില്‍ ശിവക്ക് അച്ഛനെ നഷ്ടപ്പെട്ടു. അന്നവര്‍ മുംബൈയിലായിരുന്നു. എന്നാല്‍, ഭര്‍ത്താവിന്‍റെ മരണത്തോടെ, അയല്‍ക്കാരെല്ലാം പിരിച്ചെടുത്തു നല്‍കിയ പൈസയും കൊണ്ട് രണ്ട് മക്കളുമായി ശിവരാമയുടെ അമ്മ ഗ്രാമത്തിലേക്ക് തന്നെ മടങ്ങി. പക്ഷെ, അച്ഛന്‍റെ വീട്ടില്‍ നിന്ന് അവിടെ നില്‍ക്കാനാകില്ലെന്ന് പറഞ്ഞ് അവരെ ഇറക്കിവിട്ടു. അമ്മയുടെ വീട്ടിലും ആരും ഉണ്ടായിരുന്നില്ല. പിന്നെ, ഓരോ ബന്ധുക്കളുടെ വീട്ടിലായി അവരുടെ താമസം. പക്ഷെ, അതുമാത്രം പോരാ എന്ന് തോന്നിയ അമ്മ പലരുടെയും സഹായത്തോടെ താമസിക്കാനായി ഒരു ടെന്‍റുണ്ടാക്കി. അവിടെ കറണ്ടോ, ശുചിമുറിയോ ഒന്നുമില്ലായിരുന്നു.

അമ്മയുടെ ഈ കഷ്ടപ്പാടുകള്‍ ശിവയും കാണുന്നുണ്ടായിരുന്നു. അങ്ങനെ അഞ്ചാം ക്ലാസോടെ ശിവരാമ പഠനം നിര്‍ത്തി. അമ്മയുടെ കൂടെ ജോലികള്‍ ചെയ്തു തുടങ്ങി. പച്ചക്കറി ചന്ത, സൈക്കിള്‍ റിപ്പയറിങ്ങ് കട അങ്ങനെ... അങ്ങനെ... അവന്‍റെ ജീവിതം ഒരു ജോലിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്നു.

1979ലാണ് ശിവ മുംബൈയിലേക്ക് തിരികെയെത്തിയത്. 30 രൂപ മാസ ശമ്പളത്തില്‍ അന്ന് നഗരത്തിനടുത്തുള്ള ചെറിയ ചെറിയ മുടിവെട്ടുഷോപ്പുകളില്‍ ജോലിക്കു നിന്നു. 1984 ആയപ്പോഴേക്കും മുടിവെട്ടായി ശിവരാമയുടെ ജോലി. അന്ന് നേരെ ഖത്തറിലേക്ക്. ഒരു സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടി ഹെയര്‍ സ്റ്റൈലിങ്ങിനായാണ് ഖത്തറിലേക്ക് പോയത്. അതായിരുന്നു തുടക്കം....

പിന്നീട്, ബ്രസീല്‍, കൊറിയ, സുഡാന്‍ എന്നിവിടെയൊക്കെയുള്ള കായികപ്രേമികള്‍ക്കായി ഹെയര്‍സ്റ്റൈല്‍ പരീക്ഷണങ്ങള്‍. അപ്പോഴേക്കും ലോകത്തിന്‍റെ ഹെയര്‍സ്റ്റൈല്‍ ഇഷ്ടങ്ങളെല്ലാം ശിവരാമ പഠിച്ചെടുത്തിരുന്നു. അതിനിടെ ഖത്തറിലെ ദേശീയ ഫുട്ബോള്‍ ടീമിനു വേണ്ടി മുടിവെട്ടാനുള്ള അവസരം. നിരവധി അഭിനന്ദനങ്ങളും സമ്മാനങ്ങളും പ്രതിഫലത്തിനു പുറമേ ആ ചെറുപ്പക്കാരനെ തേടിവന്നുകൊണ്ടിരുന്നു. ശിവയുടെ നേരമായിരുന്നു പിന്നങ്ങോട്ട്. അപ്പോഴേക്കും സ്വന്തമായി സലൂണെന്ന സ്വപ്നം ഉള്ളില്‍ താലോലിക്കുന്നുണ്ടായിരുന്നു ശിവരാമ. കാര്യങ്ങളപ്പോഴും മുഴുവനായി അനുകൂലമായിരുന്നില്ല. സഹോദരി മരിച്ചു. അമ്മ മുംബൈയിലെത്തി ശിവരാമക്കൊപ്പം താമസം തുടങ്ങിയിരുന്നു.

1988ലാണിത്. അങ്ങനെ സ്വപ്നങ്ങളുടെ അവസാനം താനെയില്‍ ശിവരാമ തന്‍റെ സലൂണ്‍ തുടങ്ങി. അതിലന്നുണ്ടായിരുന്നത് സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളായിരുന്നുവെങ്കിലും, ഇടം കുറവായിരുന്നുവെങ്കിലും, വൃത്തിയുടെയോ, പെര്‍ഫെക്ഷന്‍റെയോ കാര്യത്തില്‍ ശിവരാമ വിട്ടുവീഴ്ച ചെയ്തില്ല. അതുകൊണ്ട് തന്നെ ദൂരങ്ങളില്‍ നിന്നുപോലും ആളുകള്‍ ശിവാസ് സലൂണ്‍ തിരക്കിയെത്തി. രാവിലെ അഞ്ചുമണി മുതല്‍ പാതിരാത്രി വരെ ശിവരാമ ജോലി ചെയ്തു. ശിവാസ് സലൂണിനെ കുറിച്ച് കേട്ടറിഞ്ഞ് ആളുകളെത്തിയതോടെ ഒറ്റയ്ക്ക് കാര്യങ്ങള്‍ നടക്കില്ലെന്ന് ശിവരാമക്ക് ബോധ്യമായി. കുറച്ചുപേരെ ജോലിക്ക് നിര്‍ത്തി. 

സലൂണുകളുടെ എണ്ണം പിന്നെയും കൂടി, ഒന്ന്, രണ്ട്, മൂന്ന്... എന്നിങ്ങനെ 20 സലൂണുകള്‍. ബാല്‍ താക്കറെയെപോലുള്ളവര്‍ സലൂണന്വേഷിച്ചെത്തി. പക്ഷെ, വിദ്യാഭ്യാസമോ പ്രത്യേക പരിശീലനമോ  നേടിയിരുന്നില്ല ശിവരാമ. എന്നിട്ടും, ബോളിവുഡില്‍ നിന്നും വരെ ശിവരാമക്ക് വിളിയെത്തി. 1998ല്‍ സലൂണ്‍ ഇന്‍റര്‍നാഷണല്‍ ഇവന്‍റില്‍ പങ്കെടുക്കുമ്പോള്‍ വേള്‍ഡ് ഹെയര്‍ ഡ്രസിങ് കമ്മീഷണര്‍ ക്രിസ്റ്റഫര്‍ മാവാണ് വിദേശത്ത് അഡ്വാന്‍സ് കോഴ്സ് ചെയ്യണമെന്ന് ശിവയോട് പറയുന്നത്. ശിവ നേരെ ലണ്ടനിലേക്ക്. ഭാഷപോലും അറിയില്ലെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കി. പല പ്രശസ്തരേയും പരിചയപ്പെട്ടു. 

പിന്നീടങ്ങോട്ട്, തിരക്കുകളായി... അപ്പോഴും പഠനം തുടര്‍ന്നു. തായ്ലാന്‍ഡില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. കൂടെയുള്ളവരെയും പഠിപ്പിക്കാനയച്ചു. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സംരംഭകത്വ നൈപുണ്യ വികസന പദ്ധതിയിലും ശിവാസ് അക്കാദമി പങ്ക് വഹിക്കുന്നു. അതിന് പുരസ്കാരങ്ങളും തേടിയെത്തി. 

തന്‍റെ ജീവിതം എഴുതാനുള്ള ശ്രമത്തിലാണിപ്പോള്‍ ശിവ. ആത്മകഥ പുറത്തിറക്കണം. തീര്‍ന്നില്ല, തന്‍റെ ജീവനക്കാര്‍ക്ക് അദ്ദേഹം നല്‍കുന്ന ഉപദേശം തന്നെപോലും പ്രതിയോഗിയായിക്കണ്ട് അധ്വാനിക്കാനും സ്വന്തം സലൂണ്‍ തുടങ്ങാനുമാണ്. കഠിനാധ്വാനവും ചെയ്യുന്ന ജോലിയോട് സ്നേഹവുമുണ്ടെങ്കില്‍ ഈ ലോകത്ത് എന്തും സ്വന്തമാക്കാം എന്ന് തന്നെയാണ് ശിവരാമയുടെ ജീവിതം പഠിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios