പുതുവർഷദിനത്തിൽ പ്ലാസ്റ്റിക്കിനോട് 'കടക്ക് പുറത്തെ'ന്ന് പറഞ്ഞ് നമ്മുടെ സർക്കാർ വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവരികയുണ്ടായി. എന്നാൽ, പിന്നെയും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കാനാണ് ഉദ്ദേശമെങ്കിൽ കടുത്ത പിഴ നൽകേണ്ടതായും വരും. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ് നമ്മൾ. ആ നിലക്ക് ഈ  തീരുമാനത്തെ സ്വാഗതം ചെയ്യേണ്ടതാണ്. എന്നാൽ, അതിന് പകരമായി ഉപയോഗിക്കുന്ന തുണിസഞ്ചിയും മറ്റും എളുപ്പത്തിൽ ലഭ്യമല്ല എന്നതും ഒരു പ്രശ്നം തന്നെയാണ്. ഇപ്പോൾ കടയിൽ പോയി സാധങ്ങൾ വാങ്ങാനും, വീടുകളിൽ മാലിന്യം സൂക്ഷിക്കാനും എന്ത് വഴി എന്നോർത്ത് തല പുകയ്ക്കുകയാണ് ജനങ്ങൾ. 

എന്നാൽ കേരളത്തിൽ മാത്രമല്ല പലയിടത്തും ഇതുപോലെ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. തായ്‌ലൻഡും അതിലൊരു രാജ്യമാണ്. പക്ഷേ, തായ്‌ലൻഡിലെ ആളുകൾക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചതിനുശേഷം, തായ്‌ലൻഡിലെ ആളുകൾ സാധങ്ങൾ വാങ്ങാൻ വിചിത്രവും രസകരവുമായ മാർഗ്ഗങ്ങൾ പരീക്ഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അതിൻ്റെ ചിത്രങ്ങൾ ഒരുപാട് പേരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. 

അതിലൊരു ചിത്രം പലചരക്ക് സാധനങ്ങൾ നിറയ്ക്കാൻ ഒരാൾ പൂപ്പാത്രം കൊണ്ടുവന്നതാണ്. മറ്റൊരാൾ വീൽ ബാരോയിലാണ് സാധനങ്ങൾ നിറച്ചത്.  പ്ലാസ്റ്റിക് നിരോധനത്തെ നേരിടാൻ തായ്‌ലൻഡിലെ ആളുകൾ കണ്ടെത്തുന്ന ഇത്തരം നൂതന മാർഗ്ഗങ്ങൾ കുറച്ചൊന്നുമല്ല ആളുകളെ രസിപ്പിക്കുന്നത്. ട്വിറ്ററിൽ അതിൻ്റെ ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലാവുകയാണ്. 

നമ്മുടെ നാട്ടിലും ഇതുപോലെയുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആളുകൾ.