Asianet News MalayalamAsianet News Malayalam

ലോകാവസാനം എന്നാണ്? ന്യൂട്ടന്‍ ഇങ്ങനെ പ്രവചിച്ചിരുന്നോ?

1643 ൽ ജനിച്ച ന്യൂട്ടന് മതത്തിനെ കുറിച്ചും, ജീവിതത്തിന്റെ നിലനിൽപ്പിനെ കുറിച്ചും അറിയാൻ അതീവ താല്പര്യം ഉണ്ടായിരുന്നു

The end of the world by Isaac Newton
Author
England, First Published Jun 1, 2020, 9:29 AM IST

മനുഷ്യൻ ഉണ്ടായ കാലം മുതല്‍ ആളുകള്‍ ഭയക്കുന്ന ഒരു വിഷയമാണ് ലോകാവസാനം. എപ്പോഴാണ് ലോകാവസാനം? എങ്ങനെയായിക്കും ലോകം അവസാനിക്കുക? ഇതിനെ സംബന്ധിച്ച് മുൻകാലങ്ങളിൽ പലരും പല പ്രവചനങ്ങളും നടത്തിയിട്ടുമുണ്ട്. മത പണ്ഡിതന്മാർ, സാധാരണക്കാർ, ശാസ്ത്രജ്ഞർ തുടങ്ങി അനവധി ആളുകൾ പല അവകാശവാദങ്ങളും ഉന്നയിച്ചിട്ടുണ്ടെങ്കിലും, ലോകം ഇപ്പോഴും അതുപോലെ ഒക്കെ തന്നെ പോകുന്നു എന്നതാണ് വാസ്തവം.  

ലോകത്തെ ഭയപ്പെടുത്തിയ അത്തരം പ്രവചനങ്ങളിൽ ഒന്നായിരുന്നു 2012 ഡിസംബർ 21 -ന് ലോകം അവസാനിക്കും എന്ന മായൻ കലണ്ടറിലെ പരാമർശം. ജ്യോതിഷപരമായും സംഖ്യാശാസ്ത്രപരമായും ഉള്ള നിരവധി വിശ്വാസങ്ങളുടെ പിന്തുണ ഈ ആശയത്തിന് ലഭിക്കുകയും ചെയ്‍തിരുന്നു. ഇത് വെറും അന്ധവിശ്വാസമാണ് എന്ന് 2012 ഡിസംബർ 21 കഴിഞ്ഞതോടെ നമുക്ക് മനസ്സിലായി. എന്നാൽ ലോകം കണ്ട പ്രശസ്ത ശാസ്ത്രജ്ഞരിൽ ഒരാളായ ഐസക്ക് ന്യൂട്ടനും ലോകാവസാനത്തെ കുറിച്ച് പ്രവചനം നടത്തിയിരുന്നു. ഗുരുത്വാകർഷണം കണ്ടെത്തിയ ആ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ, ക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ചും ലോകാവസാനത്തെ കുറിച്ചും എഴുതിയിരുന്നു. 2060 -ടെ ലോകം അവസാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ക്രിസ്തീയ ദൈവശാസ്ത്രത്തിൽ, ഈ സങ്കല്പത്തെ യേശുക്രിസ്തുവിന്റെ രണ്ടാം വരവെന്നും, ഭൂമിയിലെ ദൈവരാജ്യമെന്നും പറയപ്പെടുന്നു. മരണാനന്തരം പ്രസിദ്ധീകരിച്ച ന്യൂട്ടന്റെ "Observations upon the Prophecies of Daniel, and the Apocalypse of St. John" എന്ന പുസ്തകത്തിൽ ബൈബിൾ പ്രവചനം അവസാനകാലം വരെ ആർക്കും മനസ്സിലാകില്ലെന്നും, അപ്പോഴും ദുഷ്ടന്മാർ അതിനെ അംഗീകരിക്കില്ലെന്നും എഴുതിയിരുന്നു.

1643 -ൽ ജനിച്ച ന്യൂട്ടന് മതത്തിനെ കുറിച്ചും, ജീവിതത്തിന്റെ നിലനിൽപ്പിനെ കുറിച്ചും അറിയാൻ അതീവ താല്പര്യം ഉണ്ടായിരുന്നു. ഭാവിയിലെ സംഭവങ്ങൾ എല്ലാം ദൈവ തീരുമാനമാണെന്നും, പ്രവാചകരുടെ പ്രവചനങ്ങൾ ശരിയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. Jehovah Sanctus Unus എന്ന തന്റെ അപരനാമത്തിലാണ് അദ്ദേഹം ഈ പ്രവചനങ്ങൾ എഴുതിയിട്ടുള്ളതെന്നും ദ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഏക ദൈവം എന്നർത്ഥം വരുന്ന ഒരു ലാറ്റിൻ പദമാണ് അത്. ഓസ്ട്രിയൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഫ്ലോറിയൻ ഫ്രീസ്റ്റെറ്റർ ന്യൂട്ടനെ കുറിച്ചുള്ള "Isaac Newton: The A**hole Who Reinvented The Universe" എന്ന തന്റെ പുസ്തകത്തിലാണ് ഈ കാര്യം എഴുതിട്ടുള്ളത്.  “മതഗ്രന്ഥങ്ങളുടെ പഠനത്തിനായി ന്യൂട്ടൺ വളരെയധികം സമയം ചെലവഴിച്ചിരുന്നു. ഒപ്പം ആ സംഭവങ്ങളെല്ലാം തരംതിരിക്കാനും അവ കാലത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കാനും അദ്ദേഹം താല്പര്യം കാണിച്ചിരുന്നു,” ഫ്രീറ്റ്‌സ്റ്റെറ്റർ പറഞ്ഞു.  

ലോകാവസാനത്തെ കുറിച്ച് പ്രവചിച്ച ഒരേയൊരു ശാസ്ത്രജ്ഞനല്ല ന്യൂട്ടൺ. ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനും, പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗ് മരണത്തിന് രണ്ടാഴ്ച മുമ്പ് ലോകാവസാനത്തെ കുറിച്ചുള്ള സ്വന്തം സിദ്ധാന്തം പൂർത്തിയാക്കിയിരുന്നു. ഒരു ഗണിതശാസ്ത്ര പ്രബന്ധത്തിൽ അദ്ദേഹം "മൾട്ടിവേഴ്സ്" എന്ന സിദ്ധാന്തത്തെ കുറിച്ച് പറയുന്നുണ്ട്. നമ്മുടെ ഈ ഒരു പ്രപഞ്ചത്തെ കൂടാതെ മറ്റനേകം വ്യത്യസ്ത പ്രപഞ്ചങ്ങൾ ഉണ്ടെന്ന് അതിൽ അദ്ദേഹം സൂചിപ്പിക്കുന്നു. നക്ഷത്രങ്ങളുടെ ഊർജ്ജം തീർന്നുപോകുന്നതോടെ നമ്മുടെ പ്രപഞ്ചം ഇരുട്ടിലേക്ക് മാഞ്ഞുപോകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ ലോകാവസാനത്തിന് ശാസ്ത്ര പുരോഗതിയും അണുവായുധങ്ങളും കൃത്രിമവൈറസുകളുമെല്ലാം കാരണമായിത്തീരുമെന്നും തന്‍റെ അഭിമുഖങ്ങളിലും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 2600 ഓടെ ഭൂമി ഭീമാകാരമായ ഒരു അഗ്നിഗോളമായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.  

Follow Us:
Download App:
  • android
  • ios