ചൈനയിലെ Yushutun എന്ന ഗ്രാമത്തിലെ ഒരു ചൈനീസ് കർഷകനാണ് വാങ്. ഒരിക്കൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കിഹുവ ഗ്രൂപ്പ് അദ്ദേഹത്തിന്റെ കൃഷിസ്ഥലത്തിൽ മാലിന്യങ്ങൾ ഒഴുക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കൃഷിയിടങ്ങൾ നശിക്കാൻ തുടങ്ങി. പാവപ്പെട്ട അദ്ദേഹത്തിന് അത് തടയാനുള്ള വിദ്യാഭ്യാസമോ, സ്വാധീനമോ ഇല്ലായിരുന്നു. ഒടുവിൽ തന്റെ ജീവിതം പോലും വഴിമുട്ടുമെന്ന സാഹചര്യം വന്നപ്പോൾ അദ്ദേഹം ഈ കാര്യം ക്വിഖാറിലെ ലാൻഡ് റിസോഴ്‌സ് ബ്യൂറോയെ അറിയിച്ചു. ഒരുപാട് ദിവസം ഇതിനായി അദ്ദേഹം ആ ഓഫീസിൽ കയറി ഇറങ്ങി. പക്ഷേ, യാതൊരു ഗുണവും ഉണ്ടായില്ല. വെറും മൂന്നാം ക്ലാസുകാരനായ വാങ് പക്ഷേ തോറ്റുകൊടുക്കാൻ തയ്യാറായില്ല. അദ്ദേഹം സ്വയം ഇതിനെതിരെ പോരാടാൻ തീരുമാനിച്ചു. പണമോ സ്വാധീനമോ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ മുന്നിൽ ഒരു മാർഗ്ഗം മാത്രമേ ഉണ്ടായിരുന്നുളൂ. നിയമം പഠിക്കുക. തന്റെ ജീവിതത്തിലെ നീണ്ട 16 വർഷം വാങ് നിയമം പഠിക്കാനായി ചെലവാക്കി. അദ്ദേഹത്തിന്റെ ആ ഒറ്റയാൾ പോരാട്ടം വെറുതെയായില്ല. നിയമയുദ്ധത്തിൽ അദ്ദേഹം ഒടുവിൽ ജയിക്കുക തന്നെ ചെയ്‍തു.  ഇത് ആ കർഷകന്‍റെ അസാധാരണമായ പോരാട്ടത്തിന്റെ കഥയാണ്. 

2001 -ലാണ് അദ്ദേഹത്തിന്റെയും, അയൽക്കാരുടെയും കൃഷിയിടങ്ങളിൽ പതിനായിരക്കണക്കിന് ടൺ പോളി വിനൈൽക്ലോറൈഡ് എന്ന വിഷം ഒഴുകിയെത്താൻ തുടങ്ങിയത്. മൾട്ടി മില്യൺ ഡോളർ കമ്പനിയായ ക്വിഹുവ ഗ്രൂപ്പ് ഗ്രാമത്തിലേക്ക് വലിച്ചെറിഞ്ഞ ഈ വിഷദ്രാവകം കൃഷിക്കാരുടെ 71 ഏക്കർ വയലാണ് മലിനമാക്കിയത്. എന്നാൽ, ഇതിനെ കുറിച്ച് അധികാരികളോട് പരാതിപ്പെട്ടപ്പോൾ മലിനജലം ഭൂമിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കാണിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പഠിപ്പും അറിവും ഇല്ലാത്ത അദ്ദേഹത്തിന്റെ കൈയിൽ എടുത്തു കാണിക്കാൻ തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ആ പരാതിയെ കുറിച്ച് പഠിക്കാൻ പോലും മെനക്കെടാതെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പറഞ്ഞുവിട്ടു. "ഞാൻ പറയുന്നത് സത്യമാണ് എന്നെനിക്ക് അറിയാമായിരുന്നു. എന്നാൽ, കമ്പനി ഏതു നിയമം ലംഘിച്ചുവെന്നോ, തെളിവുകൾ എന്താണുള്ളതെന്നോ എനിക്കറിയില്ലായിരുന്നു" അദ്ദേഹം പറഞ്ഞു.  

തന്റെ കുടുംബത്തെ കൊടുംപട്ടിണിയിലേയ്ക്ക് തള്ളിവിടാൻ ഒരുങ്ങുന്ന ആ കമ്പനിക്കെതിരെ സ്വയം പോരാടാൻ അദ്ദേഹം തീരുമാനിച്ചു. ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ടു പോകാൻ അദ്ദേഹം തീരുമാനിച്ചു. ഏറ്റവും എളുപ്പമുള്ള വഴി ഒരു വക്കീലിനെ കാണുകയായിരുന്നു. എന്നാൽ, കൈയിൽ പണമില്ലാത്ത അദ്ദേഹം എങ്ങനെ വക്കീൽ ഫീസ് നൽകും? ഇനി അത് വേണ്ടെന്ന് വച്ച് നിയമം സ്വയം പഠിക്കാമെന്നു വച്ചാൽ തന്നെ, അതിനുള്ള പണം അദ്ദേഹത്തിന്റെ കൈയിൽ ഇല്ലായിരുന്നു. എന്നാൽ, മനസ്സുണ്ടെങ്കിൽ വഴിയും തെളിയും എന്ന് പറയുംപോലെ, അദ്ദേഹം അതിനുള്ള ഒരു മാർഗ്ഗം കണ്ടെത്തി. അടുത്തുള്ള ഒരു പുസ്‍തകക്കടയിലെ കടക്കാരനുമായി അദ്ദേഹം ഒരു രഹസ്യ ഉടമ്പടി ഉണ്ടാക്കി. അതിൻപ്രകാരം, പിറ്റേദിവസം മുതൽ അദ്ദേഹം ആ പുസ്‍തകക്കടയിൽ ഇരുന്നു നിയമ പുസ്‍തകങ്ങൾ വായിക്കാൻ തുടങ്ങി. തുടർന്ന്, പ്രസക്തമായ എല്ലാ വിവരങ്ങളും കൈകൊണ്ട് പകർത്തിയെടുത്തു. കടയിൽ സമയം ചെലവഴിക്കാനും അവിടെ ഇരുന്നു പഠിക്കാനും അനുവദിച്ചതിന് പകരമായി, കടയുടമയ്ക്ക് ഒരു ബാഗ് നിറയെ ധാന്യം അദ്ദേഹം വാഗ്ദാനം ചെയ്തു. പിന്നീടുള്ള നീണ്ട 16 വർഷക്കാലവും അദ്ദേഹം ഈ ശീലം തുടർന്നു പോന്നു. വെറും മൂന്നാം ക്ലാസ്സുകാരനായ ആ കർഷകൻ ഒരു നിഘണ്ടുവിന്റെ സഹായത്തോടെ ഡസൻ കണക്കിന് നിയമ പുസ്തകങ്ങള്‍  വായിച്ചു തീർത്തു. തന്റെ നിയമപരമായ അറിവ് ഉപയോഗിച്ച്, കമ്പനിക്കെതിരെ തെളിവുകൾ ശേഖരിക്കാൻ അദ്ദേഹത്തിനായി.  

2007 -ൽ, മലിനീകരണവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഒരു ചൈനീസ് നിയമസ്ഥാപനം വാങിനും അയൽക്കാർക്കും സൗജന്യ നിയമോപദേശം നൽകാനായി മുന്നോട്ട് വന്നു. കോടതിയിൽ ഹരജി നൽകാൻ കമ്പനി ഗ്രാമീണരെ സഹായിക്കുകയും ചെയ്‍തു. എന്നിരുന്നാലും, വ്യക്തമല്ലാത്ത സങ്കീർണതകൾ കാരണം, കോടതി 2015 -ൽ മാത്രമാണ് വാങിന്റെയും അയൽവാസികളുടെയും കേസ് പ്രോസസ്സ് ചെയ്യാൻ തുടങ്ങിയത്. നിവേദനം നൽകി എട്ട് വർഷത്തിനുശേഷമായിരുന്നു അത്. അതേസമയം, 16 വർഷത്തിനിടയിൽ മിസ്റ്റർ വാങ് ശേഖരിച്ച തെളിവുകൾ കേസിലെ വഴിത്തിരിവായി. വർഷങ്ങളുടെ വിചാരണയ്ക്ക് ശേഷം, ഒടുവിൽ ഗ്രാമത്തിലെ കുടുംബങ്ങൾക്ക് 820,000 യുവാൻ (71 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകാൻ കിഹുവ ഗ്രൂപ്പിനോട് ക്വിഖാറിലെ ആ ജില്ലാ കോടതി ആവശ്യപ്പെട്ടു. അങ്ങനെ വർഷങ്ങളുടെ കണ്ണീരിനും, കഷ്ടപ്പാടിനുമൊടുവിൽ കോടതിവിധി അവർക്കനുകൂലമായി വന്നു. 

എന്നാൽ, ഈ കോടതി തീരുമാനത്തിനെതിരെ കിഹുവ ഗ്രൂപ്പ് അപ്പീൽ നൽകിയിട്ടുണ്ട്. കേസ് ഇപ്പോഴും കോടതിയിൽ പരിഗണിക്കുകയാണ്. എന്നാൽ, ഇപ്രാവശ്യം കൂടുതൽ നിശ്ചയദാർഢ്യത്തോടെ വാങ് പറയുന്നു: 'ഞങ്ങൾ തീർച്ചയായും വിജയിക്കും. തോറ്റാലും ഞങ്ങൾ യുദ്ധം തുടരും.'