Asianet News MalayalamAsianet News Malayalam

സൗജന്യ ചികിത്സകൊണ്ട് താങ്ങായ ആശുപത്രി, ഇന്ന് കൊവിഡിനെ പ്രതിരോധിക്കാന്‍ വിട്ടുകൊടുത്ത് ബുദ്ധ സന്യാസി

ഇപ്പോൾ ആശുപത്രി മഹാമാരിയെ നിയന്ത്രിക്കാനായുള്ള പോരാട്ടത്തിലാണ്. ഒറ്റമുറികളുടെ അഭാവമുണ്ടെങ്കിലും, രോഗികളെ സാധ്യമായത്രയും സഹായിക്കാൻ ചോഗ്യാലിന്റെ ആശുപത്രി മുന്നോട്ട് വരുന്നു.

The fight against corona virus in Ladakh
Author
Ladakh, First Published Apr 1, 2020, 3:35 PM IST

ലാമ തുപ്സ്ഥാൻ ചോഗ്യാൽ എന്ന ബുദ്ധ സന്യാസി ഒരു പതിറ്റാണ്ട് മുമ്പ് ആരംഭിച്ചതാണ് ലഡാക്ക് ഹാർട്ട് ഫൗണ്ടഷൻ. മെഡിക്കൽ, പ്രത്യേകിച്ച് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിട്ടാണ് അദ്ദേഹം ഇത് ആരംഭിച്ചത്. പ്രധാന പട്ടണത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയിൽ ചികിത്സകളെല്ലാം സൗജന്യമാണ്. ഇന്ന് ഏറ്റവും കൂടുതൽ വരുമാനമുള്ള ഒരു മേഖലയാണ് വൈദ്യരംഗം. ആശുപത്രികളും, മരുന്നുലോബികളും രോഗികളെ മുതലെടുത്ത് പരമാവധി പണമുണ്ടാക്കുന്ന ഈ കാലത്ത് അദ്ദേഹവും, അദ്ദേഹത്തിന്റെ ആശുപത്രിയും വേറിട്ടുനിൽക്കുന്നു. അദ്ദേഹത്തിന്റെ ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ചികിത്സകൾ തീർത്തും സൗജന്യമായാണ് നൽകപ്പെടുന്നത്. അവിടെയുള്ളവർക്ക് ഒരു കൈത്താങ്ങായി തീർന്ന ഈ സ്ഥാപനം ഇന്ന് മറ്റൊരു ലക്ഷ്യത്തിനായി പോരാടുകയാണ്. ലഡാക്കിനെ കൊറോണ വൈറസിന്റെ പിടിയിൽനിന്ന് രക്ഷിക്കാൻ തങ്ങളെക്കൊണ്ടാവുന്നതെല്ലാം ഇന്നവർ ചെയ്യുന്നു.  

മൂന്നാഴ്ച മുൻപാണ് സർക്കാർ നടത്തുന്ന സോനം നോർബൂ മെമ്മോറിയൽ ആശുപത്രിയിൽ COVID-19 നുമായി ബന്ധപ്പെട്ട ഒന്നിലധികം സംശയകരമായ കേസുകൾ കണ്ടെത്താനായത്. ലേ ജില്ലാ ഭരണകൂടം ഉടനെ തന്നെ ചോഗ്യാലിനെ സമീപിച്ചു. ലഡാക്കിന്റെ ആരോഗ്യവകുപ്പ് അദ്ദേഹത്തിന്റെ ആശുപത്രി ഒരു ഐസൊലേഷൻ വാർഡാക്കി മാറ്റാമോ എന്ന് ചോദിച്ചു. “ഞങ്ങൾക്ക് അതിനുള്ള സൗകര്യമുണ്ട്, അത് ലഡാക്കിലെ ആളുകൾക്കായി പ്രയോജനപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇത് സർക്കാരിന് തന്നെ സ്വന്തമായി നടത്താൻ ആഗ്രഹമുണ്ടായിരുന്നു, ഞങ്ങൾ അതും സമ്മതിച്ചു, ”ചോഗ്യാൽ പറയുന്നു. അങ്ങനെ അദ്ദേഹം തന്റെ ആശുപത്രി സർക്കാരിന് വിട്ടുകൊടുത്തു. ഇത്തരം നിർണ്ണായകമായ സന്ദർഭത്തിൽ നമ്മൾ തീർച്ചയായും സർക്കാരിനെ സഹായിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

1997 ൽ ചോഗ്യാൽ ന്യൂഡൽഹിയിലുള്ളപ്പോഴാണ് ലഡാക്ക് ഹാർട്ട് ഫൗണ്ടേഷൻ ആരംഭിക്കുന്നത്. ഒരു ദിവസം അദ്ദേഹം ലഡാക്ക് ബുദ്ധ വിഹാർ സന്ദർശിക്കുകയും ലഡാക്കിൽ നിന്നുള്ള ആളുകളെ അവിടെ കാണുകയും ചെയ്യ്തു. അവരിൽ മിക്കവരും രോഗികളായിരുന്നു. റുമാറ്റിക് ഹൃദ്രോഗവുമായി (ആർ‌എച്ച്ഡി) മല്ലിടുന്ന കുട്ടികൾ ഉൾപ്പെടെയുള്ള രോഗികളെ അവിടെ അദ്ദേഹം കണ്ടു. ഇത് അദ്ദേഹത്തെ വല്ലാതെ സ്പർശിച്ചു. ഇതിന്റെ ചികിത്സയെക്കുറിച്ച് അദ്ദേഹം ഒരു പ്രാദേശിക ഡോക്ടറുടെ ഉപദേശം തേടി. വലിയ അളവിൽ പെൻസിലിൻ എന്ന ആന്റിബിയോട്ടിക്‌ വാങ്ങി ഗ്രാമങ്ങളിൽ വിതരണം ചെയ്യാൻ ഡോക്ടർ പറഞ്ഞു. ആർ‌എച്ച്‌ഡിയെക്കുറിച്ച് ശരിയായ വിദ്യാഭ്യാസം നൽകണമെന്നും, അങ്ങനെ നേരത്തെ തന്നെ രോഗം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.  “ഞാൻ 24,000 രൂപയ്ക്ക് പെൻസിലിൻ വാങ്ങി. പിന്നെ, ആളുകളെ ബോധവത്കരിക്കുന്നതിനായി ഗ്രാമങ്ങൾതോറും സഞ്ചരിച്ചു. വിദേശത്ത് സ്ഥിരതാമസമാക്കിയ എന്റെ സുഹൃത്തുക്കളോടും സഹായിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ക്രമേണ ഈ ഫൗണ്ടേഷന്റെ അടിത്തറ ഉയർന്നു.”  സമീപ വർഷങ്ങളിൽ, ലഡാക്കിൽ ആർ‌എച്ച്ഡിയുടെ പുതിയ കേസുകൾ ഇല്ല എന്ന് തന്നെ പറയാം.  

ഈ വിഷയത്തിൽ ചോഗ്യാലിന്റെ തീരുമാനം ശ്രദ്ധേയമാണ്. ദില്ലിയിലെ എയിംസിൽ നിന്ന് കാർഡിയോളജിസ്റ്റുകളുടെ സഹായം തേടിയ ശേഷം, ഉന്നത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ ഇവിടെ വന്ന് എല്ലാവർഷവും എൽഎച്ച്എഫിൽ ഒരു സമ്മർ ക്യാമ്പ് നടത്തുന്നു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധ ഡോക്ടർമാർ ചോഗ്യാലിന്റെ ആവശ്യപ്രകാരം ഇവിടെ വരുന്നു. ആ ഡോക്ടർമാരിൽ ഒരാളായ എയിംസിലെ കാർഡിയോ തോറാസിക് സർജറി പ്രൊഫസർ സമ്പത്ത് കുമാർ, മുഴുവൻ സമയ ജോലിക്കായി ലേയിലേക്ക് മാറുകയുമുണ്ടായി. “ആദ്യം ഞങ്ങൾക്ക് എക്കോ മെഷീൻ ഇല്ലായിരുന്നു. ഡോ. കുമാറും ഞാനും ദില്ലിയിൽ പോയി അത് സംഭരിച്ചു” അദ്ദേഹം പറയുന്നു. പ്ലാസ്റ്റിക് സർജറികൾക്കും മറ്റ് നടപടിക്രമങ്ങൾക്കും പുറമെ 300 ഓളം ഹൃദയ ശസ്ത്രക്രിയകളും അവിടെ ചെയ്യുന്നു. അതും സൗജന്യമായി.  

ഇപ്പോൾ ആശുപത്രി മഹാമാരിയെ നിയന്ത്രിക്കാനായുള്ള പോരാട്ടത്തിലാണ്. ഒറ്റമുറികളുടെ അഭാവമുണ്ടെങ്കിലും, രോഗികളെ സാധ്യമായത്രയും സഹായിക്കാൻ ചോഗ്യാലിന്റെ ആശുപത്രി മുന്നോട്ട് വരുന്നു. “ഞങ്ങളുടെ ഡോക്ടർമാർ, നഴ്‌സുമാർ, ക്ലീനർമാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർ ഭയമില്ലാതെ തങ്ങളുടെ കഴിവിനനുസരിച്ച് പ്രാദേശിക ഭരണകൂടത്തെ സഹായിക്കുന്നു. ലേയിൽ ജനസാന്ദ്രത കുറവാണ്. അതിനാൽ, ഇതിനെ നിയന്ത്രിക്കുന്നത് എളുപ്പമാണ്" അദ്ദേഹം പറയുന്നു. എന്നാൽ, ചോഗ്യാലിനെ സംബന്ധിച്ചിടത്തോളം, ഐസൊലേഷനിൽ ഇരിക്കുന്ന കുട്ടികളെ കാണുമ്പോൾ വല്ലാത്ത വേദനയാണ്. "കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ തന്നെ അവർക്ക് ഇങ്ങനെ മുറിയിൽ തന്നെ അടച്ചിരിക്കേണ്ടി വരുന്നല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടമാണ് തോന്നുന്നത്" അദ്ദേഹം പറഞ്ഞു. രണ്ട് മുതൽ രണ്ടര വയസ് വരെ പ്രായമുള്ള മൂന്ന് കുട്ടികളാണ് എൽ‌എച്ച്‌എഫിൽ ക്വാറന്‍റൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. "ഈ പകർച്ചവ്യാധിയുടെ മുൻ‌നിരയിൽ പോരാടുന്നവരോട് ഡോക്ടർമാർ, നഴ്‌സുമാർ, ഹോസ്പിറ്റൽ ക്ലീനർമാർ, ആംബുലൻസ് ഡ്രൈവർമാർ, പൊലീസ് ഉദ്യോഗസ്ഥർ, എയർപോർട്ട് / എയർലൈൻ സ്റ്റാഫ് എന്നിവരോട് എന്റെ നന്ദി ഞാൻ അറിയിക്കുന്നു. അവർ തങ്ങളുടെ കുടുംബങ്ങൾ ഉപേക്ഷിച്ചു, അചഞ്ചലമായ ഉത്തരവാദിത്വത്തോടെ ഈ യുദ്ധം നയിക്കുന്നു” ആ ബുദ്ധസന്യാസി പറയുന്നു.  

Follow Us:
Download App:
  • android
  • ios