ചിലർ സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിക്കുമ്പോൾ മറ്റ് ചിലർ രണ്ടറ്റവും കൂട്ടിമുട്ടാൻ പെടാപ്പാട് പെടുകയാവും. പണ്ട് തിരുവനന്തപുരത്തെ ചാലയിൽ ഒരുപാട് സ്വർണപ്പണിക്കാർ ഉണ്ടായിരുന്നു. അവർ സ്വർണം ഊതികാച്ചുമായിരുന്നു. ഓരോ പ്രാവശ്യം ഊതുമ്പോഴും സ്വർണത്തിന്റെ തരികൾ പരിസരത്ത് ചിതറിവീഴുമായിരുന്നു. ഒരുപാട് കുടുംബങ്ങൾ ആ സ്വർണത്തരികൾ ശേഖരിച്ച് കൊണ്ടുപോയി വിറ്റു ഉപജീവനം കഴിച്ചിരുന്നു. അതുപോലെയാണ് ലോകത്തിന്റെ ഏറ്റവും ഉയരമുള്ള ഇടമായ ആൻഡീസ്‌ പർവ്വതനിരകളിൽ താമസിക്കുന്ന ഒരു സമൂഹവും. അവർ ഉയരങ്ങളിൽ ചിതറിക്കിടക്കുന്ന സ്വർണത്തരികൾ ശേഖരിച്ച് കരിഞ്ചന്തകളിൽ കൊണ്ടുപോയി വിറ്റ് ഉപജീവനം കഴിക്കുന്നു. അവരെ pallaqueras എന്നാണ് വിളിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, സ്വർണ്ണം പെറുക്കുന്നവർ. അവരിലൊരാളാണ് ഇവാ ചുരയും. അവർ ഇപ്പോൾ ആൻ‌ഡീസിലെ ഒരു പട്ടണത്തിൽ അവരുടെ കുടുംബത്തോടൊപ്പം താമസിക്കുകയാണ്. 

12 വർഷം മുമ്പാണ് ചുര തന്റെ ജന്മനാട് വിട്ട് ഇവിടേയ്ക്ക് കുടിയേറിയത്. അവരുടെ എട്ട് മക്കളിൽ അഞ്ചുപേരും ഇപ്പോൾ അവരോടൊപ്പമുണ്ട്. മൂത്തവളായ നതാലയ്ക്ക് 13 വയസ്സുണ്ട്. ഒരു മണിക്കൂറോളം നടന്നാണ് ചുര ജോലി സ്ഥലത്ത് എത്തുന്നത്. "ചില ദിവസങ്ങളിൽ സ്വർണ്ണം കിട്ടും, ചിലപ്പോൾ ഇല്ല. അടുത്തകാലത്തായി സ്വർണ്ണം ലഭിക്കുന്നത് വളരെ കുറവാണ്" ചുര പറഞ്ഞു. പാറക്കടിയിലെ ഖനികളിൽ സ്വർണ്ണം കുഴിച്ചെടുക്കാൻ സ്ത്രീകൾക്ക് അനുവാദമില്ല. കാരണം ഖനികളിൽ കാവൽ നിൽക്കുന്ന ദേവതയ്ക്ക് അവളുടെ സ്വത്തുക്കൾ അപഹരിക്കുന്നത് ഇഷ്ടമല്ല എന്ന വിശ്വാസത്തിന്റെ പേരിൽ പുരുഷന്മാർ സ്ത്രീകളെ അവിടെ കുഴിക്കാൻ സമ്മതിക്കാറില്ല. അതുകൊണ്ട് തന്നെ മണ്ണിൽ ചിതറിക്കിടക്കുന്ന തരികൾ മാത്രമായിരിക്കും അവർക്ക് ലഭിക്കുക. വളരെ പ്രയാസപ്പെട്ട്, പാറക്കല്ലിന്റെ ഇടയിലും, കുത്തനെയുള്ള ഇറക്കത്തിലും എല്ലാം അവരുടെ കണ്ണുകൾ പരതിക്കൊണ്ടേയിരിക്കും. ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടു പോകുമത്. ഒടുവിൽ ലഭിക്കുന്ന സ്വർണത്തരികൾ അവിടത്തെ കരിഞ്ചന്തകളിൽ കൊണ്ടുപോയി വിൽക്കുന്നു.  

“ഒരാഴ്ചയ്ക്കുള്ളിൽ ചിലപ്പോൾ എനിക്ക് 1 ഗ്രാം അല്ലെങ്കിൽ 2 ഗ്രാം സ്വർണം ലഭിക്കും” ചുര പറഞ്ഞു. കരിഞ്ചന്തയിൽ വില വ്യത്യസമുണ്ടാകുമെങ്കിലും, ലണ്ടൻ വിപണിയിൽ 50 ഡോളർ അല്ലെങ്കിൽ 100 ഡോളർ വരെ ലഭിക്കും. എനിക്ക് ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ 20 ഗ്രാം വരെ കിട്ടും, പക്ഷേ, പലപ്പോഴും ഭാഗ്യം തുണക്കാറില്ല" അവർ കൂട്ടിച്ചേർത്തു. അവിടെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തങ്ങളുടെ ജീവൻ പണയപ്പെടുത്തി, പർവതത്തിന്റെ ശിഖരങ്ങളിൽ വലിഞ്ഞുകയറി, ആ തണുത്ത വായുവിൽ കിതച്ചും തളർന്നും സ്വർണ്ണപ്പൊട്ടുകൾക്കായി തിരയുന്നു. ഓരോ സ്ത്രീയും ശേഖരിക്കുന്ന അളവ് വളരെ ചെറുതാണ്. കാരണം ആയിരക്കണക്കിന് ആളുകളാണ് ഇതുപോലെ സ്വർണ്ണം തിരഞ്ഞു പോകുന്നത്. പെറുവിൽ 15,000 -ത്തിലധികം ഇങ്ങനെ ഉപജീവനം കഴിക്കുന്ന ആളുകളുണ്ടെന്നാണ് ചില കണക്കുകൾ പറയുന്നുത്. അതുകൊണ്ട് തന്നെ, ഒരാൾക്ക് ലഭിക്കുന്ന സ്വർണ്ണത്തിന്റെ അളവ് എത്രയെന്നു ഊഹിക്കാവുന്നതേ ഉള്ളു. 

സ്ത്രീകളിൽ പലരുടെയും ജീവിതം വളരെ ദാരുണമാണ്. "എന്റെ ഭർത്താവിൽനിന്നും എനിക്ക് യാതൊരു സഹായവും ലഭിക്കുന്നില്ല. എന്റെ മക്കൾക്ക് ഞാനാണ് അച്ഛനും അമ്മയും" ചുര പറഞ്ഞു. കുടുംബത്തിൽ ആരെങ്കിലും ഒന്ന് കിടന്നു പോയാൽ അവരെ സഹായിക്കാൻ ആരും തന്നെയില്ല. "മാലിന്യവും, അഴുക്കും, തണുപ്പും സഹിച്ച് ജീവിക്കുന്നത് വളരെ സങ്കടകരമാണ്. പക്ഷേ ജീവിച്ചല്ലേ പറ്റൂ. എന്റെ കുട്ടികൾക്ക് വേണ്ടിയെങ്കിലും എനിക്ക് ജീവിച്ചേ മതിയാകൂ" ചുര കൂട്ടിച്ചേർത്തു.  

എന്നാൽ, ഈ ജോലിയിൽ ഒരുപാട് അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. സ്വർണ്ണം വേർത്തിരിച്ചെടുക്കാനായി അവർ മെർക്കുറി എന്ന വിഷമാണ് ഉപയോഗിക്കുന്നത്. ഇത് അവിടെയുള്ള പുഴകളിൽ കലർന്ന് കുടിവെള്ളത്തെ മലിനമാക്കുന്നു. ഇതൊന്നും കൂടാതെ ഒരുപാട് അക്രമങ്ങളും ആ സമൂഹത്തിൽ നിലനിൽക്കുന്നു. തുരങ്കങ്ങളിൽ വച്ച് ഖനിത്തൊഴിലാളികൾ വെടിയേറ്റ് മരണപ്പെടുന്നു. യുവതികൾ വേശ്യാലയങ്ങളിലേയ്ക്ക് കടത്തപ്പെടുന്നു. തല്ലുംപിടിയും സർവ്വസാധാരണമാണ് അവിടെ. നിയമം നടപ്പാക്കാനോ ഖനനം നിയന്ത്രിക്കാനോ പൊലീസോ മറ്റ് അധികാരികളോ നഗരത്തിലെത്തുമ്പോൾ, തുരങ്കങ്ങൾ തുറക്കാൻ ഉപയോഗിക്കുന്ന ഡൈനാമെറ്റ് ഉപയോഗിച്ച് ഖനിത്തൊഴിലാളികൾ അവരെ ഭീഷണിപ്പെടുത്തുന്നു. പുരുഷന്മാരാകട്ടെ കുടിച്ച് ലക്കുകെട്ട് കുടുംബം നോക്കാതെ തോന്നിയപോലെ നടക്കുന്നു. "ആണുങ്ങൾ ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം ബാറുകളിലാണ് ചെലവഴിക്കുന്നത്" ചുര പറഞ്ഞു. എന്നാൽ, ഇപ്പോൾ സ്വർണ്ണം വളരെ കുറവാണ്. 

ചുരയുടെ മകൾ നതാലി ഇപ്പോൾ അമ്മയെ സഹായിക്കുന്നു. പക്ഷേ ഈ നരകത്തിൽ നിന്ന് തന്റെ മകളെങ്കിലും രക്ഷപ്പെടണമെന്ന് അവർ ആഗ്രഹിക്കുന്നു. ജീവിതത്തെ കുറിച്ച് ഒരുപാട് വലിയ സ്വപ്നങ്ങളൊന്നും അവർക്കില്ല. പകരം, വിശന്നു കരയുന്ന തന്റെ മക്കൾക്ക് ഒരുനേരമെങ്കിലും ആഹാരം നൽകണമെന്ന ഒരാഗ്രഹം മാത്രമേ അവർക്കുള്ളൂ.