വടക്കൻ അയർലന്‍ഡിലെ ബോഹോ ഹൈലാൻഡിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളിയുടെ മുറ്റത്ത് നിന്നുള്ള മണ്ണിന് പല അസുഖങ്ങളും സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ, ഇത് വെറും കെട്ടുകഥയാണോ എന്ന് സംശയം തോന്നിയ മൈക്രോബയോളജിസ്റ്റ് ഡോ. ജെറി ക്വിൻ അതിനെക്കുറിച്ച് ഗവേഷണം നടത്താൻ ഒരുങ്ങി. ഈ രോഗശമനത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്നറിയാൻ മണ്ണിന്റെ സാമ്പിളുകൾ പരിശോധിച്ച മൈക്രോബയോളജിസ്റ്റ് അത്ഭുതകരമായ കാര്യമാണ് കണ്ടെത്തിയത്. ആൻറിബയോട്ടിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്ട്രെപ്റ്റോമൈസിസിന്റെ സാന്നിധ്യം ആ മണ്ണിൽ ഡോ. ജെറി ക്വിൻ കണ്ടെത്തി. 

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മനുഷ്യന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ ഏറ്റവും അപകടകാരികളായ മൂന്ന് രോഗാണുക്കളെ ഇല്ലാതാക്കാൻ ഈ മണ്ണിന് കഴിയുമെന്നും ഡോ. ജെറി ക്വിൻ പറയുകയുണ്ടായി. “ഞങ്ങൾ മണ്ണ് ലബോറട്ടറിയിലേക്ക് കൊണ്ടുവന്നപ്പോൾ മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത ഒരു പുതിയ ഇനം സ്ട്രെപ്റ്റോമൈസിസ് മണ്ണിൽ കണ്ടെത്തി. അതിൽ ധാരാളം ആൻറിബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ചില ആൻറിബയോട്ടിക്കുകൾ ചില മൾട്ടി-റെസിസ്റ്റന്റ് രോഗകാരികളെ കൊല്ലാൻ കെല്‍പുള്ളവയാണ്” അദ്ദേഹം ബിബിസി ന്യൂസ് എൻഐയോട് പറഞ്ഞു.

"ഇതൊരു കെട്ടുകഥയോ അന്ധവിശ്വാസമോ ആവാമെന്നാണ് ഞാൻ കരുതിയിരുന്നത്. ഈ കഥകള്‍ക്ക് പിന്നിൽ ചില സത്യമുണ്ടെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കി, അല്ലെങ്കിൽ അവ ഇത്രയും കാലം നിലനിൽക്കില്ലല്ലോ?" അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ആൻറിബയോട്ടിക്കുകൾ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര ഗവേഷക സംഘത്തിന്റെ ഭാഗമാണ് ഡോ. ക്വിൻ. ബോഹോയിലെ ഈ കണ്ടെത്തൽ ഫ്രോണ്ടിയേഴ്‍സ് ഓഫ് മൈക്രോബയോളജിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബോഹോയുടെ ശ്‍മശാനത്തിൽ നിന്നുള്ള മണ്ണിൽ ഒന്നല്ല, എട്ട് വ്യത്യസ്‍ത സ്ട്രെപ്റ്റോമൈസിസ് അടങ്ങിയിരിക്കുന്നുവെന്നും, ഓരോന്നും പത്ത് മുതൽ ഇരുപത് വരെ വ്യത്യസ്‍ത ആൻറിബയോട്ടിക്കുകൾ ഉത്പാദിപ്പിക്കുന്നുവെന്നും ഗവേഷണത്തിൽ കണ്ടെത്തി.  

1815 -ൽ ചില ചികിത്സകളൊക്കെ നടത്തിയിരുന്ന ഇടവക വികാരി റെവറന്‍റ് ജെയിംസ് മക്ഗിറിനെ അടക്കിയ കാലം മുതലാണ് ഈ പാരമ്പര്യം ആരംഭിക്കുന്നത്.. മരണക്കിടക്കയിൽ, മക്ഗിർ തന്നെ പ്രഖ്യാപിച്ചിരുന്നു, “എന്നെ മൂടുന്ന മണ്ണ് ഞാൻ ജീവിച്ചിരിക്കുമ്പോൾ സുഖപ്പെടുത്തിയിരുന്ന എന്തസുഖത്തെയും സുഖപ്പെടുത്തും.” അതിനുശേഷം, ആ ഇടവകയിൽ ആർക്കെങ്കിലും അസുഖം വന്നാൽ, അയാൾ ഫാദർ മക്ഗിറിന്റെ ശവക്കുഴിയുടെ അരികിൽ മുട്ടുകുത്തി നിന്ന് ഒരു സ്പൂൺ നിറയെ മണ്ണ് എടുത്ത് ഒരു കോട്ടൺ സഞ്ചിയിൽ ഇടും. തുടർന്ന് അവർ ആ സഞ്ചി വീട്ടിൽ കൊണ്ടുപോയി തലയിണയ്ക്കടിയിൽ വയ്ക്കുകയും അതിൽ തലവച്ച് ഉറങ്ങുകയും ചെയ്യും. രാവിലെ ആകുമ്പോഴേക്കും രോഗം ശമിച്ചിട്ടുണ്ടാകുമെന്നെല്ലാം കഥകളുണ്ട്. പല്ലുവേദന, തൊണ്ടവേദന, മുറിവ് തുടങ്ങിയ പലതരം രോഗാവസ്ഥകൾ ഭേദമാക്കാൻ ആ മണ്ണിന് കഴിയുമെന്നും മണ്ണ് വേദനയോ മുറിവോ ഉള്ളിടത്ത് വച്ചുകൊടുത്താല്‍ മതിയെന്നോ ഗ്രാമവാസികൾ വിശ്വസിക്കുന്നു. അങ്ങനെ ചെയ്യുന്നുവരുമുണ്ട്. സുഖം പ്രാപിച്ചുകഴിഞ്ഞാൽ മണ്ണ് വീണ്ടും ശ്‍മശാനത്തിൽ തിരികെ കൊണ്ടുപോയി ഇടണം. മണ്ണ് തിരിച്ച് നൽകിയില്ലെങ്കിൽ അതൊരു ദുർനിമിത്തമായാണ് കരുതപ്പെടുന്നത്.

എന്നാല്‍, ഇതിലൊക്കെ എത്രത്തോളം സത്യമുണ്ട്, മണ്ണിലെന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്നതൊക്കെ കൂടുതല്‍ പഠനം ആവശ്യമുള്ള വിഷയങ്ങളാണ്. ഏതായാലും, മണ്ണിന്‍റെ പ്രത്യേകതകളെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടത്രെ.