1942 ഏപ്രിൽ 1 -നാണ് ഡെസ്‍മണ്ട് ഡോസ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയിൽ ചേരുന്നത്. മൂന്നര വർഷത്തിനുശേഷം, വൈറ്റ് ഹൗസിന് മുന്നിൽവച്ച്, അദ്ദേഹം ധീരതയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത പുരസ്‍കാരം വാങ്ങുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധസമയത്ത് പട്ടാളത്തിലുള്ള 16 ദശലക്ഷം സൈനികരിൽ 431 പേർക്ക് മാത്രം ലഭിക്കുന്ന അംഗീകാരമായിരുന്നു കോൺഗ്രസ് മെഡൽ ഓഫ് ഓണർ എന്നത്. എന്നാൽ, ഈ മൂന്നര വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും അദ്ദേഹം തോക്കുപയോഗിച്ചിട്ടില്ല, ഒരു ശത്രു സൈനികനെ പോലും വധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൈയിലുള്ള ആയുധങ്ങൾ ബൈബിളും, ദൈവത്തിലുള്ള വിശ്വാസവുമായിരുന്നു. എന്നിട്ടും അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ ഡെസ്‍മണ്ട് തോമസ് ഡോസിന്റെ കൈപിടിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഞാൻ നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു." തോക്കെടുക്കാത്ത, യുദ്ധം ചെയ്യാത്ത അദ്ദേഹത്തിന് എങ്ങനെയാണ് ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചത്? എങ്ങനെയാണ് ഒരു രാജ്യത്തിന്റെ മുഴുവൻ അഭിമാനമായി അദ്ദേഹം മാറിയത്? 

മരാശാരിയായിരുന്ന വില്യം ഡോസിന്റെയും ഫാക്ടറി തൊഴിലാളിയായിരുന്ന ബെർത്ത ഡോസിന്റെയും മകനായിട്ടാണ് ഡെസ്‍മണ്ട് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനികനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് മദ്യപാനിയും, വിഷാദരോഗത്തിനടിമയുമായിരുന്നു. എന്നിരുന്നാലും അമ്മ സ്ഥിരമായി മക്കളെ പള്ളിയിൽ കൂട്ടിക്കൊണ്ടുപോയി വിശ്വാസത്തിന്റെ തണലിൽ വളർത്തിക്കൊണ്ടുവന്നു. ഡെസ്‌മണ്ട് ന്യൂപോർട്ട് ന്യൂസ് നേവൽ കപ്പൽശാലയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു പേൾ ഹാർബർ ആക്രമിക്കപ്പെട്ടത്. തന്‍റെ രാജ്യത്തെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് തിരിച്ചറിഞ്ഞ ഡെസ്‍മണ്ട് പട്ടാളത്തിൽ ചേർന്നു. എന്നാൽ, ആയുധമെടുത്ത് യുദ്ധം ചെയ്യാൻ ആഗ്രഹിക്കാത്ത അദ്ദേഹം ഒരു ആർമി കോംബാറ്റ് മെഡിക്കായി ജോലി ചെയ്യാൻ തീരുമാനിച്ചു. കാലാൾപ്പടയുടെ ഒരു റൈഫിൾ കമ്പനിയിൽ അദ്ദേഹം നിയമിതനായി. തോക്ക് എടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഒരുപാട് അപമാനങ്ങളും, അവഹേളനങ്ങളും സഹസൈനികരിൽ നിന്ന് അദ്ദേഹം നേരിട്ടു. അവർ അദ്ദേഹത്തെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരിക്കൽ അതിലൊരാൾ ഡോസിനോട് പറഞ്ഞു, “ഡോസ്, യുദ്ധത്തിൽ ഏർപ്പെടുമ്പോൾ, നിങ്ങൾ ജീവനോടെ തിരിച്ചുവരില്ലെന്ന് ഞാൻ ഉറപ്പാക്കും.”

 

ഒരു നല്ല സൈനികനാകാനുള്ള ഗുണങ്ങളൊന്നും അദ്ദേഹത്തിനില്ലെന്ന് എല്ലാവരും വിശ്വസിച്ചു. അദ്ദേഹത്തിന്റെ ആയുധം എടുക്കാനുള്ള താൽപര്യക്കുറവ് ഭീരുത്വമായി കണക്കാക്കപ്പെട്ടു. എന്നാൽ, മറ്റുള്ളവരുടെ ജീവൻ എടുക്കാൻ ഒരു തികഞ്ഞ വിശ്വാസിയായ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. ഭയമല്ല, വിശ്വാസമാണ് അദ്ദേഹത്തെ പുറകോട്ട് വലിച്ചത്. പരിശീലനത്തിനിടെ കൂടെയുള്ളവർ ഡോസിന്റെ ജീവിതത്തെ നരകമാക്കി. ആദ്യമാദ്യം അധിക്ഷേപിക്കുക മാത്രം ചെയ്‍തിരുന്ന അവർ പിന്നീട് ഉപദ്രവിക്കാനും തുടങ്ങി. ഡോസിന്റെ ബറ്റാലിയനിലെ സേനാനികൾ അദ്ദേഹത്തിന് ഒരു പുഴുവിന്റെ വില പോലും നൽകിയില്ല. അദ്ദേഹത്തിന്‍റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുകയും അദ്ദേഹം പ്രാർത്ഥിക്കുമ്പോൾ ചെരുപ്പൂരി എറിയുകയും ചെയ്‍തുപോന്നു അവർ.  

ഒരിക്കൽ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ജാക്ക് ഗ്ലോവർ ഡോസിനെ സ്ഥലംമാറ്റാൻ ശ്രമിച്ചു. ഡോസ് അപ്പോൾ ഗ്ലോവറിനോട് പറഞ്ഞു, "എന്റെ ധൈര്യത്തെ ഒരിക്കലും സംശയിക്കരുത്, നിങ്ങൾ ജീവൻ എടുക്കുമ്പോൾ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞാനുണ്ടാകും." എന്നാൽ ഇത് കേട്ട ഗ്ലോവർ ദേഷ്യപ്പെട്ട് ഇങ്ങനെ പ്രതികരിച്ചു: "നിങ്ങൾ തോക്കെടുക്കാതെ ഇവിടെ തുടരാമെന്ന് വിചാരിക്കണ്ട." അദ്ദേഹത്തിന്റെ മനസ്സ് മാറ്റാൻ അവർ അദ്ദേഹത്തെ ഭീഷണിപ്പെടുത്താനും, ശകാരിക്കാനും, കഠിനമായ ജോലികൾ ചെയ്യിക്കാനും തുടങ്ങി. എന്നാൽ, എത്രയൊക്കെ ഉപദ്രവിച്ചിട്ടും അദ്ദേഹം പട്ടാളം വിട്ടുപോകാൻ സമ്മതിച്ചില്ല. ദൈവത്തെ അനുസരിക്കുകയും, തന്റെ രാജ്യത്തെ സേവിക്കുകയും ചെയ്യുകയെന്നതാണ് തന്റെ കടമയെന്ന് അദ്ദേഹം വിശ്വസിച്ചു.  

 

1945 മെയ് മാസത്തിൽ, ജർമ്മൻ സൈന്യം ലോകത്തിന്റെ മറുവശത്ത് കീഴടങ്ങുമ്പോൾ, ജാപ്പനീസ് സൈന്യം അവരുടെ അവസാന പ്രതിരോധ കേന്ദ്രങ്ങളായ ഓകിനാവയും, മേഡ മലഞ്ചെരിവ് സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. മേഡ മലഞ്ചെരിവ് പിടിച്ചെടുക്കാൻ അമേരിക്ക പുറപ്പെട്ടു. അവർ ചെങ്കുത്തായ മലകയറി മുകളിൽ എത്തിയപ്പോൾ, ചൈന അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിട്ടു. അമേരിക്കക്കാർ സ്‍തബ്‍ധരായി. പിടിച്ചു നിൽക്കാനാകാതെ, ഉടൻ പിന്മാറാൻ ഉദ്യോഗസ്ഥർ സൈനികരോട് ആവശ്യപ്പെട്ടു. സൈനികർ തിരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ഒരാൾ മാത്രം ആ ആജ്ഞ ധിക്കരിച്ച് അവിടെ തന്നെ നിന്നു. ചൈനയുടെ ആക്രമണത്തിൽ നൂറോ അതിൽ കൂടുതലോ സൈനികർ ഗുരുതരമായി പരിക്കേൽക്കുകയോ, മരിച്ചു വീഴുകയോ ചെയ്‌തു. എന്നാൽ, ആ സമയം ചുണ്ടുകളിൽ നിരന്തരമായ പ്രാർഥനയോടെ, പരിക്കേറ്റും, മരണപ്പെട്ടും താഴെവീഴുന്ന ആളുകളെ രക്ഷിക്കാൻ ഡോസ് ശ്രമിച്ചു കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ഇളകാത്ത ദൃഢനിശ്ചയവും ധൈര്യവും 75 പേരുടെ ജീവൻ രക്ഷിച്ചു, തന്നെ പുറത്താക്കാൻ ശ്രമിച്ച ഗ്ലോവറിന്‍റേതടക്കം.   

ഏതാനും ദിവസങ്ങൾക്ക് ശേഷം, മറ്റൊരു ആക്രമണത്തിൽ ഡോസിന് സാരമായി പരിക്കേറ്റു. ഒരു ജാപ്പനീസ് ഗ്രനേഡ് അദ്ദേഹത്തിന്റെ കാലിൽ വീണ്, കാലും ഇടുപ്പും തകർത്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ, ഒരു സ്നൈപർ ബുള്ളറ്റ് അദ്ദേഹത്തിന്റെ കൈയിലും തുളച്ചു കയറി. ഒരു കോംബാറ്റ് മെഡിസിൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനങ്ങൾ അതോടെ അവസാനിച്ചു. എന്നാൽ മുറിവേറ്റ, രക്തം വാർന്നൊഴുകുന്ന വേദന കൊണ്ട് പുളയുന്ന ആ സമയത്തും, അദ്ദേഹം മറ്റുള്ളവരെ സുരക്ഷിതരാക്കാൻ പരിശ്രമിച്ചു. ക്യാപ്റ്റൻ ജാക്ക് ഗ്ലോവർ ഉൾപ്പെടെ 12 മണിക്കൂറിനുള്ളിൽ 75 പേരെ ഡോസ് രക്ഷിച്ചുവെന്നാണ് പറയുന്നത്. അദ്ദേഹത്തെ അപമാനിച്ച അതേ പട്ടാളക്കാർ അപ്പോൾ  അദ്ദേഹത്തെ പ്രശംസിച്ചു. "ഞാൻ അദ്ദേഹത്തെ ഒരുപാട് പുച്ഛിച്ചിട്ടുണ്ട്. എന്നിട്ടും ഒടുവിൽ എന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹം വേണ്ടി വന്നു. ജീവിച്ചിരിക്കുന്ന ധീരരായ വ്യക്തികളിൽ ഒരാളാണ് ഡോസ്” ഗ്ലോവർ ഡോസിനെ പ്രശംസിച്ചു ഇങ്ങനെ പറഞ്ഞു.