Asianet News MalayalamAsianet News Malayalam

കഴിക്കുന്നത് ചവറ്റുകൂനയിലുപേക്ഷിച്ച മാംസത്തില്‍ നിന്ന് തയ്യാറാക്കുന്ന വിഭവം; വിശപ്പിനേക്കാള്‍ വലുതെന്തുണ്ട്?

പാഗ്‌പാഗ് മിക്ക ചേരി നിവാസികളുടെയും അവസാന ആശ്രയമാണ്. അരി വാങ്ങാൻ പണമില്ലാത്ത ഒരുപാട് കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണമാണ് പാഗ്‌പാഗ്.

The people who eat land filled meat
Author
Philippines, First Published Feb 2, 2020, 11:27 AM IST

ലോകത്ത് ഒരുനേരം പോലും ആഹാരം കിട്ടാത്തവർ ഇന്നും അനവധിയാണ്... നമ്മുടെ ഭക്ഷണത്തിൽ ഒരു കരടോ, മുടിയോ വീണാൽ നമ്മൾ അത് അപ്പോൾ തന്നെ കളയും. എന്നാൽ, തെരുവിലും, ചേരിയിലുമൊക്കെ കഴിയുന്നവർക്ക് അത് അമൃതായിരിക്കും. കാരണം വിശപ്പിനോളം ആഹാരത്തിന് രുചി പകരുന്ന മറ്റൊരു ചേരുവ ഇല്ല. ഫിലിപൈന്‍സിന്‍റെ തലസ്ഥാനമായ മനിലയിലെ ചേരികളിൽ താമസിക്കുന്ന ആളുകൾ വളരെയധികം കഷ്ടതകൾ അനുഭവിക്കുന്നവരാണ്. എല്ലാ ദിവസവും ആഹാരം കണ്ടെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളിയാണ്. അതിനായി അവർ കണ്ടുപിടിച്ച മാർഗ്ഗം ചിലപ്പോൾ നമുക്ക് അരോചകമായി തോന്നാം. പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം അത് ജീവൻ നിലനിർത്താനുള്ള അവസാന മാർഗ്ഗമാണ്. അവിടത്തെ ചേരികളിൽ ആളുകൾ വിശപ്പടക്കാനായി മാലിന്യക്കൂമ്പാരത്തിൽനിന്ന് മൃഗങ്ങള്‍ക്കും പക്ഷികൾക്കും ആഹാരമാകേണ്ട മാംസം പെറുക്കി പാകം ചെയ്ത് ഉപയോഗിക്കുകയാണ്.  'പാഗ്‌പാഗ്' എന്ന് വിളിക്കുന്ന ഈ വിഭവം അവിടെ വളരെ ജനപ്രിയമാണ്.

പാഗ്‌പാഗ് വളരെക്കാലമായി ഫിലിപ്പിനോ ചേരികളിലെ ആളുകളുടെ പ്രധാന ഭക്ഷണമാണ്. എന്നാൽ, സമീപ വർഷങ്ങളിൽ ഇത് മാലിന്യം ശേഖരിക്കുന്നവർക്കും, ചെറിയ റെസ്റ്റോറന്റ് ഉടമകൾക്കും ലാഭകരമായ ഒരു ബിസിനസ്സായി മാറിയിട്ടുണ്ട്. ആളുകൾ ഉപേക്ഷിച്ച മാംസം കുറഞ്ഞ വിലയ്ക്ക് വാങ്ങി വിവിധ വിഭവങ്ങൾ ഉണ്ടാക്കി വിൽക്കുകയാണിവര്‍. മുമ്പ്  ലോഹവും, പ്ലാസ്റ്റിക്ക് മാലിന്യവും ശേഖരിച്ചിരുന്ന മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾ ഇന്ന് ഫാസ്റ്റ്ഫുഡ് ശൃംഖലകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും അവശേഷിക്കുന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷണം ശേഖരിക്കുകയാണ്. പൂച്ചകൾക്കും, പാറ്റകൾക്കും, എലികൾക്കും ആഹാരമാകുന്ന അത് അവർ ശേഖരിച്ചശേഷം പ്ലാസ്റ്റിക് ബാഗുകളിൽ പാക്ക് ചെയ്ത്, ചെറിയ ലാഭത്തിന് വിൽക്കുന്നു.

റെനാറ്റോ കോന്ടെ കഴിഞ്ഞ അഞ്ച്‌ മാസമായി ഇങ്ങനെ ചവറുകൂനയിൽനിന്ന് മാംസം ശേഖരിച്ച് ഭക്ഷണശാലകളിൽ എത്തിക്കുന്ന ജോലി ചെയ്യുകയാണ്. രാത്രി 12 മണിക്ക് തുടങ്ങുന്ന ജോലി വെളുക്കുംവരെ തുടരുന്നു. "ആഴ്ചയിൽ 400 രൂപയാണ് എനിക്ക് മുതലാളി തരുന്നത്. എൻ്റെ വീട്ടുചെലവുകൾക്കും മറ്റും ഞാൻ ആ തുക ഉപയോഗിക്കുന്നു" അദ്ദേഹം പറഞ്ഞു. അവർ രാവും പകലും ജോലിചെയ്യുന്നു, തെരുവുകളിൽ കറങ്ങുന്നു, മാലിന്യങ്ങൾ ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിച്ച മാംസത്തുണ്ടുകൾ കടക്കാർക്ക് വിൽക്കുന്നു. കടക്കാർ അത് പാകം ചെയ്യുന്നതിന് മുൻപ് എല്ലുകൾ മാറ്റി മാംസം മാത്രമാക്കുന്നു. അതിനുശേഷം അഴുക്കുകൾ കളയുന്നതിനായി നല്ല വെള്ളത്തിൽ കഴുകി എടുക്കുന്നു. പിന്നീട് ഇത് വിവിധ സോസുകൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് റെസ്റ്റോറന്‍റില്‍ വിളമ്പുന്നു. ഒരു പ്ലേറ്റിന് 19 രൂപയാണ് പഗ്‌പാഗിൻ്റെ വില. ഐസ് കച്ചവടക്കാരനാണ് നോനോയ് മൊറാല്ലോസ്. അദ്ദേഹം സ്ഥിരമായി ഇത് കഴിക്കുന്നയാളാണ്. "എനിക്ക് ഇത് വളരെ ഇഷ്ടമാണ്. വളരെ സ്വാദുള്ള ഒരാഹാരമാണ് ഇത്" എന്നാണ് നോനോയ് പറയുന്നത്.  

പാഗ്‌പാഗ് മിക്ക ചേരിനിവാസികളുടെയും അവസാന ആശ്രയമാണ്. അരി വാങ്ങാൻ പണമില്ലാത്ത ഒരുപാട് കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണമാണ് പാഗ്‌പാഗ്. കഴുകി എടുത്ത ഭക്ഷണാവശിഷ്ടം കഴിക്കുന്നത് കുട്ടികളിൽ പോഷകകുറവുണ്ടാക്കുമെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, വയറിളക്കം, കോളറ എന്നിവ കുട്ടികളിൽ ഉണ്ടാകുമെന്നും ദേശീയ ദാരിദ്ര്യ വിരുദ്ധ കമ്മീഷൻ (എൻ‌എപിസി) മുന്നറിയിപ്പ് നൽകുന്നുണ്ട്. പക്ഷേ, വിശപ്പിൻ്റെ ആന്തലിൽ ഒന്നുമില്ലാത്തതിലും എത്രയോ ഭേദമാണ് ഇത് എന്നവർ വിശ്വസിക്കുന്നു. പാഗ്‌പാഗ് കഴിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ലെന്ന് ഒരു പാഗ്‌പാഗ് വിൽപ്പനക്കാരൻ അവകാശപ്പെടുന്നു. ദാരിദ്ര്യത്തില്‍ കഴിയുന്ന സമൂഹങ്ങൾ പാഗ്‌പാഗിനെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങുന്നത് സർക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്.

ഈ ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അത് എവിടെ നിന്നാണെന്ന് അറിയാം, ഒരു വയസ്സുള്ള കുഞ്ഞിനുപോലും ഈ ഭക്ഷണം കൊടുക്കാൻ അവർക്ക് ഭയമില്ല. കാരണം അവർക്ക് ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. മറ്റൊരാൾ കഴിച്ച് വലിച്ചെറിയുന്ന ഉച്ചിഷ്ട്ടം കഴിക്കേണ്ടി വരുന്നത് ഏതൊരു വ്യക്തിക്കും അപമാനകരമാണ്. എന്നാൽ ഇത് ദരിദ്രരിൽ ദരിദ്രരുടെ അതിജീവന മാർഗ്ഗമാണ്.


 

Follow Us:
Download App:
  • android
  • ios