Asianet News Malayalam

എഞ്ചിനീയറിം​ഗിൽ നിന്ന് ഫോട്ടോജേണലിസം വരെ, ഒടുവിൽ തേടിയെത്തിയത് പുലിറ്റ്സർ അവാർഡ്

തനിക്ക് ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോൾ, അച്ഛനും അമ്മയും തുടക്കത്തിൽ സമ്മതിച്ചില്ലെന്നും, പക്ഷേ ഒടുവിൽ, ഫോട്ടോഗ്രാഫിയോടുള്ള തന്റെ അഭിനിവേശം മനസ്സിലാക്കിയപ്പോൾ അതിന് സമ്മതിക്കുകയായിരുന്നെനും അനുശ്രീ കൂട്ടിച്ചേർത്തു. വാസ്തവത്തിൽ, 10 വർഷം മുമ്പ് ഫോട്ടോഗ്രാഫി ഏറ്റെടുക്കുമ്പോൾ അവർക്ക് സ്വന്തമായി ഒരു ക്യാമറ പോലും ഇല്ലായിരുന്നു.

The Pulitzer award winning photographer Anusree Fadnavis
Author
India, First Published May 15, 2020, 9:37 AM IST
  • Facebook
  • Twitter
  • Whatsapp

ഹോങ്കോങ്ങിൽ മാസങ്ങളായി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കയാണ്. പ്രതിഷേധക്കാരും പോലിസുമായി നിരന്തരം സംഘട്ടനത്തിലേർപ്പെടാറുണ്ട്. ചില സമയങ്ങളിൽ അത് രക്തകലുഷിതമാകാറുമുണ്ട്. അത്തരം സംഘർഷഭരിതമായ സന്ദർഭങ്ങൾ ചിത്രത്തിൽ പകർത്തുകയെന്നത് വളരെ സാഹസികമായ ഒരു കാര്യമാണ്. എന്നാൽ ഒട്ടും ഭയമില്ലാതെ ഒരു സ്ത്രീ അതിനായി മുന്നിട്ടിറഞ്ഞി. ഇന്ത്യൻ ഫോട്ടോഗ്രാഫർ അനുശ്രീ ഫഡ്‌നാവിസ്. സ്ത്രീകൾ കാലുകുത്താൻ മടിക്കുന്ന അത്തരം ഇടങ്ങളിൽ അവർ ക്യാമറയുമായി നടന്ന് ചിത്രങ്ങൾ പകർത്തി. റോയിട്ടേഴ്‌സിന്റെ ബ്രേക്കിംഗ് ന്യൂസ് വിഭാഗത്തിൽ ഫോട്ടോഗ്രാഫറാണ് അനുശ്രീ. ഒടുവിൽ അവരുടെ ആത്മാർത്ഥതയ്ക്കും, കഴിവിനും ഈ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരം തന്നെ അവരെ തേടി വന്നു, പുലിറ്റ്‌സർ അവാർഡ്. 

അവാർഡിന് അർഹമായ ചിത്രങ്ങൾ പകർത്തിയ ആ ദിവസം അനുശ്രീ ഓർത്തു. അന്ന് പ്രതിഷേധം നടന്നത് ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. പ്രതിഷേധക്കാർക്കിടയിൽ അനുശ്രീയുമുണ്ടായിരുന്നു. "പ്രതിഷേധത്തിനിടയിൽ അവർ വിമാനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പോലീസ് ഓടിച്ചു വിട്ടപ്പോൾ മെട്രോ സ്റ്റേഷനിൽ എത്തി അവിടെ സബ്‌വേ ട്രെയിനുകളുടെ ചലനം തടസ്സപ്പെടുത്താനായി ശ്രമം. ഞാനും അവരെ പിന്തുടർന്നു. തുംഗ് ചുങ് മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ, പ്രതിഷേധക്കാർ ഇഷ്ടികയും ബാരിക്കേഡുകളും ഉപയോഗിച്ച് റോഡുകൾ ഉപരോധിക്കാൻ തുടങ്ങി” അനുശ്രീ ഓർത്തു. ഈ നിമിഷത്തിലാണ് ഇരുണ്ട ആകാശത്തിന് താഴെ, വിമാനത്താവളത്തിലെത്താനായി ആളുകൾ തങ്ങളുടെ ലഗേജുകളുമായി ആ റോഡിലൂടെ കടന്നുപോകുന്നത്. "പ്രതിഷേധത്തിനിടയിൽ ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കാണിക്കുന്നതിനായിരുന്നു ഞാൻ ആ ചിത്രം തന്നെ പകർത്തിയത്” അനുശ്രീ പറയുന്നു.  

 

ഈ മേഖലയിലേയ്ക്ക് കടന്നുവരാൻ അനുശ്രീയെ പ്രേരിപ്പിച്ചത് അച്ഛനാണ്. "അച്ഛൻ എപ്പോഴും എന്റെയും, എന്റെ സഹോദരിയുടെയും ചിത്രങ്ങൾ എടുക്കുമായിരുന്നു. ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഫോട്ടോഗ്രാഫി ഞാൻ ഒരു ഹോബിയായി കൊണ്ടുനടക്കുന്ന സമയം. എനിക്ക് ജേണലിസം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എങ്ങനെ ആരംഭിക്കണമെന്ന് അറിയാതെ ഉഴറുകയായിരുന്നു. അപ്പോഴാണ് ഒരു ദിവസം ഞാൻ ആർക്കോ ദത്തയെ കണ്ടുമുട്ടുന്നത്. അദ്ദേഹം ചിത്രങ്ങളെക്കുറിച്ച് അഭിനിവേശത്തോടെ സംസാരിക്കുന്നത് ഞാൻ കണ്ടു, അത് എന്നെ വല്ലാതെ സ്വാധീനിച്ചു.  ചിത്രങ്ങളിലൂടെ കഥകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അന്ന് എനിക്ക് മനസ്സിലായി” അനുശ്രീ പറഞ്ഞു. തനിക്ക് ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോൾ, അച്ഛനും അമ്മയും തുടക്കത്തിൽ സമ്മതിച്ചില്ലെന്നും, പക്ഷേ ഒടുവിൽ, ഫോട്ടോഗ്രാഫിയോടുള്ള തന്റെ അഭിനിവേശം മനസ്സിലാക്കിയപ്പോൾ അതിന് സമ്മതിക്കുകയായിരുന്നെനും അനുശ്രീ കൂട്ടിച്ചേർത്തു. വാസ്തവത്തിൽ, 10 വർഷം മുമ്പ് ഫോട്ടോഗ്രാഫി ഏറ്റെടുക്കുമ്പോൾ അവർക്ക് സ്വന്തമായി ഒരു ക്യാമറ പോലും ഇല്ലായിരുന്നു.

സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന ഒരു മേഖലയാണ് ഇത്. സ്ത്രീ കാഴ്ചപ്പാടിലൂടെ കഥകൾ പറയുന്നത് എല്ലാവർക്കുമൊരു പുതിയ അനുഭവമാണ് എന്ന് അനുശ്രീ പറഞ്ഞു. “വളരെക്കാലമായി, ഒരു പുരുഷന്റെ വീക്ഷണകോണിലാണ് നമ്മൾ ലോകത്തെ കണ്ടത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. നമ്മുടെ കാലത്തെയും നമ്മെയും കുറിച്ചുള്ള കഥകൾ സ്ത്രീകൾക്കും പറയാൻ അവകാശമുണ്ട്. അത് കഴിയുന്നത്ര സെൻസിറ്റീവായി പറയുക എന്നതാണ് ഇവിടെയുള്ള വെല്ലുവിളി,” ഫോട്ടോഗ്രാഫർ പറഞ്ഞു.    

ഒരു പുരുഷ ഫോട്ടോഗ്രാഫറും വനിതാ ഫോട്ടോഗ്രാഫറും തമ്മിലുള്ള വ്യത്യാസം ആളുകളുടെ കാഴ്ചപ്പാടിലാണുള്ളതെന്ന് അവർ വിശ്വസിക്കുന്നു. “സമൂഹം സ്ത്രീകളെ കാണുന്ന രീതിയിൽ തീർച്ചയായും ഒരു മാറ്റം ആവശ്യമാണ്. നമ്മൾ സ്ത്രീകളെ ആരാധിക്കുന്നു, എന്നാൽ നമ്മുടെ ജീവിതത്തിൽ സ്ത്രീകളെയും, അവരുടെ ആഗ്രഹങ്ങളെയും ബഹുമാനിക്കാൻ നാം തയ്യാറാകുന്നില്ല. ഈ കാഴ്ചപ്പാടിൽ മാറ്റം വന്നാൽ മാത്രമേ സ്ത്രീകൾക്ക് പുറത്തുവരാനും, ജോലി ചെയ്യാനും, തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും, സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കാനും കഴിയുകയുളളൂ ” അനുശ്രീ പറഞ്ഞു. 

പത്രപ്രസാധകനായ ജോസഫ് പുലിറ്റ്‌സറിന്റെ പേരിലുള്ള പുരസ്‌കാരമാണ് പുലിറ്റ്‌സർ പ്രൈസ് അവാർഡ്. ദിനപത്രം, മാഗസിൻ, ഓൺലൈൻ ജേണലിസം, ഫോട്ടോ ജേണലിസം, സാഹിത്യം എന്നിവക്കാണ് വർഷം തോറും ഈ പുരസ്‌കാരം നൽകുന്നത്. കൊളംബിയ സർവകലാശാലയാണ് അവാർഡ് നൽകുന്നത്. 

Follow Us:
Download App:
  • android
  • ios