അതിനു ശേഷം അദ്ദേഹം എങ്ങനെയാണ് ജീവിച്ചത്? സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടം എങ്ങനെയായിരുന്നു സാധ്യമായത്? നമ്പി നാരായണന്‍റെ ജീവിതം എഴുതിയ ജി പ്രജേഷ് സെന്‍, ദില്ലിയിലെ മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ അനുഭവങ്ങളിലൂടെ പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

നമ്പി നാരായണന്‍. ജീവിതത്തിന്‍റെ ഭ്രമണപഥത്തില്‍ നിന്നും നിനച്ചിരിക്കാതെ അനീതിയുടെ പടുകുഴിലേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യന്‍. അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടിയ നീതിക്ക് കണ്ണീരിന്‍റെ കരുത്തുണ്ട്. കേവലം പണം കൊണ്ട് നികത്താനാവാത്ത, മുഖ്യധാരാപൊതുബോധത്തിന് ഒരിക്കലും തിരിച്ചറിയാനാവാത്ത ദുരിതപ്പാടുകളുടെ ദൂരമുണ്ട് നീതി തേടിയുള്ള ആ യാത്രകള്‍ക്ക്. ആ കഥകളെപ്പറ്റി നമ്പി നാരായണന്‍റെ ആത്മകഥാകാരന്‍ ജി പ്രജേഷ് സെന്‍ പറയുന്നതു കേട്ടാല്‍ കണ്ണുനിറയും. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒരു മനുഷ്യന്‍റെ മുറിവില്‍ മുളകരച്ചുതേച്ചു രസിച്ച കഥകള്‍ മാധ്യമപ്രവര്‍ത്തകനായ പ്രജേഷ് സെന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവച്ചു.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നമ്പി നാരായണനെ കാണാന്‍ പ്രജേഷ് സെന്‍ ആദ്യമായി പോകുന്നത്. ഒരു അഭിമുഖത്തിനു വേണ്ടിയായിരുന്നു ശ്രമം. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം വിസമ്മതിച്ചു. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നോട് ചെയ്‍ത ക്രൂരത അദ്ദേഹം എങ്ങനെ മറക്കാനാണ്? അതാവും അനുമതി നിഷേധിച്ചതെന്ന് പ്രജേഷ് പറയുന്നു. പക്ഷേ പിന്നീട് കാണാന്‍ അദ്ദേഹം സമ്മതം നല്‍കി. ഭരണകൂടം തല്ലിത്തകര്‍ത്ത, മാധ്യമങ്ങള്‍ ചവച്ചുതുപ്പിയ ആ മുഖത്ത് വേദനയുടെ ദൈന്യത ഉണ്ടായിരുന്നില്ല. സത്യം തെളിയിക്കും എന്ന തന്‍റേടമായിരുന്നു.

മാറി വന്ന സര്‍ക്കാരുകളൊക്കെ അദ്ദേഹത്തെ ഉപദ്രവിച്ചിട്ടേയുള്ളൂ. ആ മനുഷ്യന്‍റെ ജീവിതം തകര്‍ത്ത ഉദ്യോഗസ്ഥര്‍ക്കു വേണ്ടി സര്‍ക്കാര്‍ അഭിഭാഷകര്‍ വരിനിന്നപ്പോള്‍ സ്വന്തം പെൻഷന്‍ പണം ഉപയോഗിച്ചും സ്വത്തു വിറ്റുമൊക്കെയായിരുന്നു കേസ് നടത്താനുള്ള പണം നമ്പിനാരായണന്‍ കണ്ടെത്തിയിരുന്നത്. ഭരണകൂടത്തിന്‍റെ പ്രതികാര നടപടികള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. 

കേസിന്‍റെ ഒരു ഘട്ടത്തില്‍ നമ്പി നാരായണന്‍റെ അപ്പീല്‍ ഫീസ് കോടതി ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ സാമ്പത്തിക ബാധ്യത പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ അദ്ദേഹത്തിനു പത്തുലക്ഷം രൂപ ഇടക്കാല നഷ്‍ടപരിഹാരമായി നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ ഭരണകൂടം പ്രതികാരം ചെയ്തു. നമ്പി നാരായണന് ഇപ്പോള്‍ ബാധ്യതകളൊന്നുമില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തി ഒഴിവാക്കിയ ഫീസ് അദ്ദേഹത്തെക്കൊണ്ട് തിരിച്ചടപ്പിച്ചു അന്നത്തെ സര്‍ക്കാര്‍. നഷ്‍ടപരിഹാരമായി കിട്ടിയ തുകയില്‍ നിന്നും ഏകദേശം ഒമ്പതുലക്ഷം രൂപയോളം ഇങ്ങനെ അടപ്പിച്ചതായി പ്രജേഷ് പറയുന്നു.

കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും ഏഷ്യാനെറ്റും ടി എന്‍ ഗോപകുമാര്‍, എം ജി രാധാകൃഷ്‍ണന്‍ തുടങ്ങിയ വിരലില്‍ എണ്ണാവുന്ന മാധ്യമപ്രവര്‍ത്തകരും മാത്രമാണ് അന്ന് നമ്പിനാരായണന് ഒപ്പമുണ്ടായിരുന്നതെന്നും പ്രജേഷ് ഓര്‍ക്കുന്നു. കഴിഞ്ഞ ഒമ്പതുവര്‍ഷമായി അദ്ദേഹത്തോട് ചേര്‍ന്നു നടക്കുന്ന പ്രജേഷിന് ഗുരുസ്ഥാനീയനാണ് നമ്പി നാരായണന്‍. എന്നും വിളിക്കും, സംസാരിക്കും. ജീവിക്കാനൊരു പ്രചോദനമാണ് ആ ജീവിതം, പ്രജേഷ് പറയുന്നു. സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി വന്ന ദിവസം കണ്ടിരുന്നു. ഞാന്‍ ചെയ്യേണ്ടതെല്ലാം ചെയ്‍തു. ആ യുദ്ധം അവസാനിച്ചു. അതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ആദരണീയനായ ഒരു മനുഷ്യനെ വര്‍ഷങ്ങളോളം നീതിക്കു വേണ്ടി ഇട്ടോടിച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയെങ്കിലും തെറ്റാവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷ. 'നമ്പി ദ സയന്‍റിസ്റ്റ്' എന്ന ഡോക്യുമെന്‍ററിയുടെ പണിപ്പുരയിലിരുന്ന് പ്രജേഷ് പറയുന്നു.

കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ഇടയ്ക്കിടെ ദില്ലിയിലെത്തിയിരുന്ന നമ്പി നാരായാണനെ ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ട്. പലപ്പോഴും ഫ്ലൈറ്റ് ടിക്കറ്റിനുള്ള പണം പോലും കഷ്‍ടിയായിരുന്നു അദ്ദേഹത്തിന്‍റെ കൈയ്യില്‍. ദില്ലിയിലെത്തിയാല്‍ കേരള ഹൗസിലോ അല്ലെങ്കില്‍ മറ്റു ചിലവു കുറഞ്ഞ ഇടങ്ങളിലോ അന്തിയുറങ്ങും. സിബി മാത്യൂസിന്‍റെയും മറ്റും അഭിഭാഷകര്‍ ഇടയ്ക്കിടെ കേസ് മാറ്റി വയ്പ്പിക്കുമ്പോള്‍ സുപ്രീം കോടതി വരാന്തയില്‍ തളര്‍ന്നിരിക്കുന്ന ആ വയോധികനെ മാധ്യമപ്രവര്‍ത്തകനായ എം ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നുണ്ട്. വീണ്ടും ഒരിക്കല്‍ക്കൂടി ദില്ലിയിലെത്താനുള്ള വണ്ടിക്കൂലിയെപ്പറ്റി ഓര്‍ക്കുമ്പോള്‍, തല ചായ്ക്കാനും ഭക്ഷണത്തിനുമുള്ള ചെലവ് ഓര്‍ക്കുമ്പോള്‍ എങ്ങനെ ആധിവരാതിരിക്കാനാണ്? ആ വേദന തിരിച്ചറിയണമെങ്കില്‍ ജീവിതത്തിന്‍റെ ഭ്രമണപഥത്തില്‍ നിന്നും നിനച്ചിരിക്കാതെ നമ്മളുമൊരിക്കല്‍ വലിച്ചെറിയപ്പെടണം, നമ്മളോരോരുത്തരും നമ്പി നാരായണനാകണം.