1790 -കളിലെ ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് കേൾക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഫ്രഞ്ച് രാജവാഴ്‍ചയെ അട്ടിമറിക്കുകയും ജനങ്ങൾക്ക് അധികാരം നൽകുകയും ചെയ്‍ത ഫ്രഞ്ച് വിപ്ലവം ലോകചരിത്രത്തിന്റെ ഗതിതന്നെ മാറ്റി. നെപ്പോളിയൻ ബോണപാർട്ട്, ജീൻ-ഷാക്ക് റൂസോ തുടങ്ങി ഈ വിപ്ലവവുമായി ബന്ധപ്പെട്ട ഒരുപാട് നേതാക്കളുടെ പേരുകൾ നമ്മൾ കേട്ടിരിക്കാം. എന്നാൽ, ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുത്ത ഒരു ഇന്ത്യൻ അടിമയെ കുറിച്ച് കേട്ടിരിക്കില്ല. ജീവിതകാലം മുഴുവൻ രാജ്ഞിയുടെ അടിമയായി അപമാനവും, അവഗണനയും ഏൽക്കേണ്ടി വന്നു അദ്ദേഹത്തിന്. ഒടുവിൽ ഉച്ചനീചത്വത്തിനെതിരെ പൊരുതാനായി ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുത്ത ചിറ്റഗോംഗിൽ നിന്നുള്ള സമോർ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഇത്.  

1762 -ൽ ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശ്) ചിറ്റഗോംഗിലാണ് സമോർ ജനിച്ചത്. സമോർ ഒരുപക്ഷേ സിദ്ദി അല്ലെങ്കിൽ ഹബ്ഷി സമുദായത്തിലെ അംഗമായിരുന്നുവെന്ന് അനുമാനിക്കുന്നു. പക്ഷേ, കാഴ്‍ചയിൽ അവൻ ഒരു ആഫ്രിക്കക്കാരനെ പോലെയായിരുന്നു. അക്കാലത്തെ ചിറ്റഗോംഗ് കിഴക്കൻ ഭാഗത്തെ ഏറ്റവും വലിയ തുറമുഖമായിരുന്നു. ലോകമെമ്പാടുമുള്ള വ്യാപാരികളും ബിസിനസുകാരും ഇവിടെ പതിവായി സന്ദർശനം നടത്താറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവിടെ അടിമക്കച്ചവടം ഒരു സാധാരണമായ കാഴ്‍ചയായിരുന്നു.  

അടിമക്കച്ചവടത്തിന്റെ ഇരയായിരുന്നു സമോറും. പതിനൊന്ന് വയസ്സുള്ളപ്പോൾ ബ്രിട്ടീഷ് അടിമക്കച്ചവടക്കാർ അവനെ അവിടെ നിന്ന് തട്ടിക്കൊണ്ടുപോയി ഫ്രാൻസിലെ രാജാവ് ലൂയി പതിനാലാമന് ഒരു അടിമയായി വിറ്റു. രാജാവ് അവനെ തന്റെ ഭാര്യയായ കൗണ്ടസ് ഡു ബാരിക്ക് സമ്മാനിച്ചു. അവർ അവനെ ലൂയിസ്-ബെനോയിറ്റ് സമോർ എന്ന് പേരുമിട്ടു. അവന്റെ രൂപവും, കറുപ്പ് നിറവും കണ്ട് അവൻ ഒരു  ആഫ്രിക്കക്കാരനാണെന്നും അവർ കരുതി. അടിമകളെല്ലാം ആഫ്രിക്കൻ വംശജരാണ് എന്ന് പൊതുവെ ഒരു ധാരണ അക്കാലത്ത് ഉണ്ടായിരുന്നു. ഒരു നായക്കുട്ടിയെ വളർത്താൻ കിട്ടിയ സന്തോഷമായിരുന്നു ഡു ബാരിക്ക്.  ഡു ബാരി ഇഷ്ടപ്പെട്ട മൂന്ന് 'വസ്തുക്കളുടെ' പട്ടികയിൽ രണ്ടാമതായിരുന്നു സമോർ എന്നും, അവരുടെ വളർത്തുനായായ ഡോറിനാണ് സമോറിനെക്കാൾ മുൻഗണനയെന്നും ഡു ബാരിയുടെ ഓർമ്മക്കുറിപ്പുകളിൽ അവർ എഴുതി. അതായത് അവന് അവിടെ ഒരു നായയുടെ വില പോലുമുണ്ടായിരുന്നില്ല എന്ന് ചുരുക്കം. 

രാജ്ഞിയുടെ വസ്ത്രത്തിന്റെ തുമ്പ് താഴെ കിടന്നിഴയാതിരിക്കാൻ അതും പിടിച്ച് അവർ പോകുന്നിടത്തെല്ലാം അവൻ നടന്നു. അവർ എവിടെയൊക്കെ പോയോ അവൻ അവരെ പിന്തുടരും, 'അവരുടെ മേലങ്കിയുടെ തുമ്പും ചുമന്ന്'. യൂറോപ്പിലെ ഉയർന്ന സമൂഹങ്ങളിൽ അടിമയെ സ്വന്തമാക്കുകയും അവരുടെ പടം വരക്കുകയും ചെയ്യുന്നത് ആ കാലത്ത് ഒരു പ്രവണതയായിരുന്നു. മാഡം ഡു ബാരിയും സമോറിന്റെ ഒരു ഛായാചിത്രം വരപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കപ്പും ചുമന്ന് മാഡം ഡു ബാരിയുടെ സമീപത്ത് അവനെ നിര്‍ത്തി. അവന്‍ മറ്റുള്ളവർക്ക് ഒരു കാഴ്‍ച വസ്‍തുവായിരുന്നു. അവനെ വായിൽ വരുന്നതെല്ലാം അവർ വിളിച്ചു. 'രണ്ട് കാലുകളുള്ള പഗ്', 'കുരങ്ങൻ' എന്നിങ്ങനെ അവന്റെ പേരുകളുടെ ലിസ്റ്റ് നീണ്ട് കിടന്നു.   

 

ഡു ബാരിയ്ക്ക് അവൻ ഒരു പാവയോ, കളിപ്പാട്ടമോ ഒക്കെയായിരുന്നു. അവനെ അപമാനിക്കാൻ കൊട്ടാരത്തിലെ ആളുകളെയെല്ലാം അവർ  അനുവദിച്ചു. കൊട്ടാരത്തിലെ ആളുകൾ അവനെ നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്‍തു. അപമാനവും, ഒറ്റപ്പെടലും സഹിച്ച് അവൻ ആ കൊട്ടാരത്തിൽ കഴിഞ്ഞു. എല്ലാവരുടെയും കൈയിലെ ചെണ്ടയായിരുന്നു അവൻ. എല്ലാവരുടെയും ദേഷ്യവും, പകയും തീർക്കുന്നത് അവന്റെ അടുത്താണ്. 

അങ്ങനെ ജീവിതം തള്ളിനീക്കുമ്പോഴാണ്, അവന്റെ 27 -ാമത്തെ വയസ്സിൽ ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത്. സമോറിന് തത്വചിന്തയിൽ അതീവ താല്പര്യം ഉണ്ടായിരുന്നു, റൂസോയുടെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവൻ അതിൽ പങ്ക് ചേർന്നു. 1792 -ൽ സവർണരെ സംരക്ഷിച്ചതിന് പൊലീസ് ഡു ബാരിയെ അറസ്റ്റുചെയ്യുകയുണ്ടായി. കൗണ്ടസിനെ കുറിച്ച് വിവരങ്ങൾ ചോർത്തിക്കൊടുത്തത് സമോറായിരുന്നു. അതിനുശേഷം, സമോർ കൂടുതൽ സജീവമായി വിപ്ലവത്തിൽ ഏർപ്പെട്ടു. ഒടുവിൽ വിപ്ലവ സർക്കാരിൽ ഒരു സെക്രട്ടറിയായി അദ്ദേഹം നിയമിതനായി. കൗണ്ടസിനെതിരായ ആരോപണങ്ങൾക്കൊടുവിൽ അവരെ വധശിക്ഷയ്ക്ക് വിധിച്ചു. വിചാരണയിൽ, സമോർ തന്റെ ജന്മസ്ഥലം ബംഗാൾ സുബയിലെ ചിറ്റഗോംഗ് ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

എന്നാൽ, അദ്ദേഹത്തിന്റെ ജീവിതം ഒട്ടും സുഖകരമല്ലായിരുന്നു. പാരീസിലെ ലാറ്റിൻ ക്വാർട്ടേഴ്‍സിനടുത്ത് ഒരു വീട് വാങ്ങിയ അദ്ദേഹം ഒരു സ്‍കൂൾ അദ്ധ്യാപകനായി ജോലി നോക്കി. ജീവിതകാലം മുഴുവൻ കടുത്ത ദാരിദ്ര്യത്തിലാണ് അദ്ദേഹം കഴിഞ്ഞത്. 1820 -ൽ സമോർ അന്തരിച്ചു. അങ്ങനെ ബംഗാളിന്റെ മകന് സ്വന്തം വീടും വീട്ടുകാരും നാടും വിട്ട്, ലോകത്തിന്റെ മറ്റേയറ്റത്ത് ഒറ്റയ്ക്ക് കിടന്ന് മരിക്കേണ്ടി വന്നു. ലോകത്തെ മാറ്റിമറിച്ച ഒരു വിപ്ലവത്തിന്റെ നായകനായി മാറിയ അടിമ, നാട്ടിലേക്ക് മടങ്ങുകയെന്ന സ്വപ്‍നം സാധിക്കാതെ പാരീസിന്റെ ഏതോകോണിൽ അടക്കം ചെയ്യപ്പെട്ടു.