Asianet News MalayalamAsianet News Malayalam

മരിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പ് ആ എഴുത്തുകാരി ഭര്‍ത്താവിന് ഇണയെത്തേടി ഒരു പരസ്യം തയ്യാറാക്കുകയായിരുന്നു

ആമിയുടെ മരണത്തിനപ്പുറമുള്ള തന്റെ ജീവിതത്തെക്കുറിച്ചും ദുഃഖത്തെക്കുറിച്ചും ജേസൺ പിന്നീട് മനസ്സ് തുറന്നു. അദ്ദേഹത്തിന് സംഭവിക്കാറുള്ള അപ്രതീക്ഷിത പാനിക് അറ്റാക്കുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു.

The special gift wife gave to her husband before her death
Author
Chicago, First Published Jul 7, 2020, 12:12 PM IST

പലപ്പോഴും ജീവിതത്തിന്‍റെ പ്രതിസന്ധിഘട്ടങ്ങളിൽ നമ്മെ തളർത്തുന്നത് നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ആശങ്കയാണ്. നമുക്കെന്തെങ്കിലും സംഭവിച്ചാൽ അവർ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയമാണ് നമ്മളെ കൂടുതൽ തളർത്തുന്നത്. ചിക്കാഗോയില്‍ നിന്നുള്ള ബാലസാഹിത്യകാരി ആമി ക്രൗസ് റോസെന്താലിനും ജീവിതത്തിൽ അത്തരമൊരു ഘട്ടത്തെ നേരിടേണ്ടി വന്നിട്ടുണ്ട്. ഭർത്താവും, മൂന്ന് കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുകയായിരുന്ന അവരുടെ ലോകം ഒറ്റ നിമിഷത്തിലാണ് തകർന്നുവീണത്. തനിക്ക്  അർബുദമാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം അവർ ആദ്യം ചിന്തിച്ചത് തന്റെ മക്കളെ കുറിച്ചാണ്, ഭർത്താവിനെ കുറിച്ചാണ്... തന്നെ കാത്തിരിക്കുന്ന വേദനയുടെ നാളുകൾ അപ്പോൾ അവളുടെ വിഷയമായിരുന്നില്ല. മരണത്തെപ്പോലും അവൾ ഭയന്നില്ല. താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ കുടുംബമായിരുന്നു അപ്പോൾ അവരുടെ മനസ്സ് മുഴുവൻ. 2017 മാർച്ചിൽ മരിക്കുന്നതിന് പത്ത് ദിവസം മുമ്പ്, ന്യൂയോർക്ക് ടൈംസിൽ എഴുത്തുകാരി ഒരു ലേഖനം പ്രസിദ്ധീകരിച്ചു: 'നിങ്ങൾ എന്‍റെ ഭർത്താവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടാകും' എന്നതായിരുന്നു അതിന്റെ തലക്കെട്ട്.  

വേദനകൊണ്ട് വിറങ്ങലിച്ച അവർ മോർഫിന്റെ ഡോസുകളിൽ പിടിച്ചുനില്‍ക്കാൻ ശ്രമിച്ചു. ഒരു മൂടൽമഞ്ഞിലെന്നപോലെ അവരുടെ ചിന്തകളും അവ്യക്തമായിരുന്നു. പേനയെടുത്തെഴുതാൻ പോലും കഴിയാത്ത ആ അവസ്ഥയിലും ആ 51 -കാരി 26 വർഷം ഒന്നിച്ച് ജീവിച്ച ഭർത്താവിനായി ഹൃദയസ്പർശിയായ ഒരു സ്വകാര്യ പരസ്യം എഴുതി. അതിൽ അവർ എഴുതി: ജേസൺ, ആർക്കും പ്രണയം തോന്നുന്ന വ്യക്തിയാണ്... അദ്ദേഹം ഒരു നല്ല അഭിഭാഷകനാണ്, അച്ഛനാണ്, സാഹസിക സഹയാത്രികനാണ്, സർവോപരി ഒരു നല്ല പാചകക്കാരനുമാണ്.  

തന്റെ മക്കളോടും, ഭർത്താവിനോടും കൂടി ജീവിച്ച് കൊതിതീർന്നില്ലെങ്കിലും, ശരിയായ വ്യക്തി ഇത് വായിക്കുമെന്നും, ജേസണെ പ്രണയിക്കുമെന്നും അവർ വളരെ പ്രതീക്ഷിച്ചു. വിവാഹത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും വർഷങ്ങൾക്കുശേഷം ജേസൺ എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നുണ്ട് അവരുടേത് ഒരു 'ഫെയറി-ടെയിൽ റൊമാൻസ്' ആണെന്ന് ആമി എല്ലായ്‌പ്പോഴും പറയുമായിരുന്നുവെന്ന്. 1989 ജൂലൈയിലാണ് ഇരുവരും കണ്ടുമുട്ടിയത്. അന്ന് ആമി പരസ്യമേഖലയിൽ വളർന്ന് വരുന്നൊരു താരമായിരുന്നു. ജേസൺ, ഒരു നിയമവിദ്യാർത്ഥിയും. ആമി അദ്ദേഹത്തെ കണ്ടമാത്രയിൽ പ്രണയത്തിലായി. എന്നാൽ, ജേസണ്‍ കുറച്ച് സമയമെടുത്തു. 1991 -ൽ അവർ വിവാഹിതരായി. മൂന്ന് പതിറ്റാണ്ടോളം അവർ പ്രണയിച്ചും, മധുരസ്വപ്‍നങ്ങൾ നെയ്‍തും ജീവിച്ചു. ആ ജീവിതത്തിൽ അവർ പാലിച്ചുവന്ന രസകരമായ ചില നിയമങ്ങളുണ്ടായിരുന്നു. അത്താഴസമയത്ത് ടിവി കാണില്ല, ആരോഗ്യകരമായ ഭക്ഷണം മാത്രം വീട്ടിൽ സൂക്ഷിക്കും, എന്തിലെങ്കിലും ഒപ്പിടുമ്പോഴെല്ലാം അവർ രണ്ടുപേരും ചേർന്ന് മാത്രമേ ഒപ്പിടുകയുള്ളൂ, എല്ലാ വർഷവും തങ്ങളുടെ കുട്ടികളുടെ ശബ്‌ദം റെക്കോർഡുചെയ്യും, ലൈംഗിക ജീവിതം രസകരമാക്കും എന്നിയവയാണ് ആ നിയമങ്ങൾ. അവർ അവർക്കിടയിൽ പ്രതീക്ഷയുടെയും, സ്നേഹത്തിന്റെയും ഒരു ലോകം തീർത്തു. സന്തോഷം നിറഞ്ഞ അവർ മാത്രമുള്ള ആ ലോകത്തിൽ പക്ഷേ പ്രതീക്ഷിക്കാതെ വന്ന അതിഥിയായി മരണം. 

ആമിയുടെ മരണത്തിനപ്പുറമുള്ള തന്റെ ജീവിതത്തെക്കുറിച്ചും ദുഃഖത്തെക്കുറിച്ചും ജേസൺ പിന്നീട് മനസ്സ് തുറന്നു. അദ്ദേഹത്തിന് സംഭവിക്കാറുള്ള അപ്രതീക്ഷിത പാനിക് അറ്റാക്കുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. "പുരുഷന്മാർ ദുർബലരാകാൻ പാടില്ലെന്ന് സമൂഹം പണ്ടേ കല്പിച്ചിരിക്കുന്നു. അവന് കരയാൻ പാടില്ല, സങ്കടങ്ങൾ പ്രകടിപ്പിക്കാൻ പാടില്ല, അവന് വികാരങ്ങളൊന്നും പാടില്ല" അദ്ദേഹം പറഞ്ഞു. പക്ഷെ അങ്ങനെയല്ല. നിങ്ങൾക്ക് സങ്കടം വന്നാൽ നിങ്ങൾ കരയുക തന്നെ ചെയ്യണമെന്ന് ജേസൺ പറഞ്ഞു. ‘നിങ്ങളുടെ ഭാര്യ മരിച്ചാൽ, നിങ്ങൾ സങ്കടം ശമിക്കുമാറ് നിലവിളിക്കുക... നിങ്ങളുടെ വളർത്തുമൃഗത്തെയോ ജോലിയെയോ വിവാഹത്തെയോ ഇണയെയോ നഷ്ടപ്പെടുകയാണെങ്കിൽ, അത് കരഞ്ഞ് തീർക്കുക! വീട്ടിൽ നിന്ന് എന്റെ ഭാര്യയെ സ്‌ട്രെച്ചറിൽ കിടത്തി കൊണ്ടുപോയപ്പോൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഞാൻ അലറിക്കരഞ്ഞു. പിന്നീട് വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ചില പാട്ടുകൾ കേട്ടാൽ അറിയാതെ എന്റെ കണ്ണ് നിറയുമായിരുന്നു.' അദ്ദേഹം പറഞ്ഞു. 

എന്നാൽ, ഇതെല്ലാം കേട്ട് കഴിയുമ്പോൾ നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്ന ഒരു ചോദ്യമുണ്ടാകും, എന്നിട്ട് പരസ്യം കണ്ട് ആരെങ്കിലും എത്തിയോ? ആമി ഒഴിച്ചിട്ട ആ സ്ഥാനത്തേയ്ക്ക് ആരെങ്കിലും വന്നോ? എല്ലാവരും പ്രതീക്ഷിച്ച പോലെ അങ്ങനെ ഒരാൾ വരിക തന്നെ ചെയ്‍തു. 'തവിട്ടുനിറത്തില്‍ കണ്ണുകളുള്ളവൾ' എന്നാണ് അദ്ദേഹം അവളെ വിളിച്ചത്. അവർ ഒരുമിച്ച് പുറത്തുപോകാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ആമിയുടെ സ്ഥാനത്ത് ഒരു പുതിയ വ്യക്തിയെ ലോകം അംഗീകരിക്കുമോ എന്നദ്ദേഹം ഭയന്നു. പക്ഷേ, മക്കളും കൂട്ടുകാരും ആ ബന്ധത്തെ സ്വാഗതം ചെയ്‍തു. 26 ആനന്ദകരമായ വർഷങ്ങൾ പങ്കിട്ട തന്റെ പ്രിയപ്പെട്ട ആമിയോടും, ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നൽകിയ ഇപ്പോഴത്തെ പ്രണയത്തോടും അദ്ദേഹം നന്ദി പറഞ്ഞു. അദ്ദേഹം ഇപ്പോൾ എല്ലാ ദിവസവും എഴുന്നേൽക്കുന്നത് തുറന്ന ഹൃദയത്തോടെ നന്ദി പറഞ്ഞുകൊണ്ടാണ്, "ഈ സമ്മാനം തന്നതിന് നന്ദി ആമി!"   

Follow Us:
Download App:
  • android
  • ios