ഹിരോഷിമയിലും, നാഗസാക്കിയിലും നടന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. രേഖപ്പെടുത്തിയ മരണസംഖ്യ കണക്കനുസരിച്ച്, ഹിരോഷിമയിൽ 140,000 പേരും, നാഗസാക്കിയിൽ 74,000 പേരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്നു. 1945 ഓഗസ്റ്റ് 14 -ന് ജപ്പാൻ സഖ്യകക്ഷികൾക്ക് കീഴടങ്ങിയതോടെ ഏഷ്യയിലെ യുദ്ധം അവസാനിക്കുകയായിരുന്നു. ലോകത്തെ നടുക്കിയ ആ ബോംബാക്രമണത്തെ അതിജീവിച്ചവരെ ഹിബാകുഷ എന്നാണ് വിളിക്കുന്നത്. റേഡിയേഷൻ സൃഷ്‌ടിച്ച ആരോഗ്യപ്രശ്‍നങ്ങളും, മാനസികാഘാതവും ഉൾപ്പെടെ ആ ദുരന്തത്തെ അതിജീവിച്ചവർക്ക് ഭയാനകമായ ഒരു ഭാവിയെയാണ് നേരിടേണ്ടി വന്നത്. ബ്രിട്ടീഷ് ഫോട്ടോ ജേണലിസ്റ്റ് ലീ കാരെൻ സ്റ്റോവ് 75 വർഷം മുമ്പ് നടന്ന ആ ബോംബാക്രമണത്തെ അതിജീവിച്ച മൂന്ന് സ്ത്രീകളുമായി നടത്തിയ അഭിമുഖമാണിത്. ബിബിസി പ്രസിദ്ധീകരിച്ചത്.

എമിക്കോ ഒകാഡ

ഹിരോഷിമയിൽ അണുബോംബ് വീണപ്പോൾ എമിക്കോയ്ക്ക് എട്ട് വയസ്സായിരുന്നു. മൂത്ത സഹോദരി മീകോയും മറ്റ് നാല് ബന്ധുക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. സഹോദരിയെ അവസാനമായി കണ്ടത് അവർ ഇന്നും ഓർക്കുന്നു. "പിന്നെ കാണാം എന്ന് പറഞ്ഞാണ് എന്റെ സഹോദരി അന്ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. നല്ല ചുറുചുറുക്കുള്ള അവൾക്ക് അപ്പോൾ വെറും പന്ത്രണ്ടു വയസ്സായിരുന്നു” എമിക്കോ പറയുന്നു. പക്ഷേ യാത്ര പറഞ്ഞ് പോയവൾ പിന്നെ ഒരിക്കലും തിരിച്ചെത്തിയില്ല. അവൾക്ക് എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. എമിക്കോയുടെ മാതാപിതാക്കൾ സഹോദരിയെ തിരഞ്ഞ് പോകാത്തതായി ഒരിടവും ഇല്ല. പക്ഷേ, അവർക്ക് ഒരിക്കലും അവളുടെ മൃതദേഹം കണ്ടെത്താനായില്ല. അവൾ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാകുമെന്ന് ആ കുടുംബം ഇന്നും പ്രത്യാശിക്കുന്നു.  

“ആ സമയത്ത് എന്റെ അമ്മ ഗർഭിണിയായിരുന്നു, പക്ഷേ ഗർഭം അലസിപ്പോയി. ഞങ്ങൾക്ക് കഴിക്കാൻ ഒന്നുമില്ലായിരുന്നു. റേഡിയേഷനെക്കുറിച്ചൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതിനാൽ നല്ലതാണോ അല്ലയോ എന്നൊന്നും നോക്കാതെ കൈയിൽ കിട്ടിയതെല്ലാം ഞങ്ങൾ കഴിച്ചു" എമിക്കോ പറഞ്ഞു. നാട് മുഴുവൻ കടുത്ത ദാരിദ്ര്യത്തിൽ അകപ്പെട്ട സമയം. കഴിക്കാൻ ഒന്നുമില്ലാത്തതിനാൽ ആളുകൾ ഭക്ഷണം മോഷ്ടിക്കുമായിരുന്നു. ഏറ്റവും വലിയ പ്രശ്‍നം വിശപ്പായിരുന്നു. വെള്ളം വളരെ വിലപിടിപ്പുള്ള സ്വാദേറിയ ഒരു പാനീയമായി മാറിയ ഒരു കാലമായിരുന്നു അത്. 

"എന്റെ മുടി പൊഴിയാൻ തുടങ്ങി. മോണയിൽ നിന്ന് രക്തസ്രാവമുണ്ടായി. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ ഞാൻ നിരന്തരം ഉറങ്ങിക്കൊണ്ടിരുന്നു. റേഡിയേഷൻ എന്താണെന്ന് അക്കാലത്ത് ആർക്കും അറിയില്ലായിരുന്നു. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് എനിക്ക് എപ്ലാസ്റ്റിക് അനീമിയ ഉണ്ടെന്ന് കണ്ടെത്തിയത്" അവർ പറഞ്ഞു. സൂര്യാസ്‍തമയസമയത്ത് ആകാശത്തെ കടും ചുവപ്പ് നിറം കാണുമ്പോൾ അണുബോംബിംഗ് സമയത്ത് മൂന്ന് പകലും മൂന്ന് രാത്രിയും നഗരം നിന്ന് കത്തിക്കൊണ്ടിരിക്കുന്നതാണ് ഓർമ്മ വരുന്നതെന്ന് അവർ പറഞ്ഞു. ഇപ്പോൾ സൂര്യാസ്‍തമയത്തെ വെറുപ്പാണ് അവർക്ക്. "പലരും ലോകസമാധാനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുവെങ്കിലും, ആരും കാര്യമായൊന്നും ചെയ്യുന്നില്ല. ഞങ്ങളുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും മനസ്സ് തുറന്ന് ചിരിക്കാൻ സാധിക്കുന്ന ഒരു ലോകത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു" എമിക്കോ പറഞ്ഞു. 

തെരുക്കോ യുനോ

1945 ഓഗസ്റ്റ് 6 -ന് ഹിരോഷിമയിൽ നടന്ന അണുബോംബിൽ നിന്ന് രക്ഷപ്പെടുമ്പോൾ തെരുക്കോയ്ക്ക് 15 വയസ്സായിരുന്നു. ഹിരോഷിമ റെഡ്ക്രോസ് ഹോസ്പിറ്റലിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു തെരുക്കോ അപ്പോൾ. ബോംബ് ആക്രമണത്തിനെ തുടർന്ന് ആശുപത്രിയിലെ വിദ്യാർത്ഥികളുടെ ഡോർമിറ്ററിക്ക് തീപിടിച്ചു. അവൾ രക്ഷപ്പെട്ടെങ്കിലും, അവളുടെ സഹപാഠികളിൽ പലരും തീപിടുത്തത്തിൽ മരിച്ചു. തുടർന്ന് ഒരാഴ്ചക്കാലം പരിക്കേറ്റ ആളുകളെ ചികിത്സിക്കാനായി രാവും പകലും അവൾ പ്രവർത്തിച്ചു. അതും പലപ്പോഴും ഭക്ഷണമോ, വെള്ളമോ ഇല്ലാതെ. പിന്നീട് ബിരുദാനന്തരവും തെരുക്കോ ആ ആശുപത്രിയിൽ തന്നെ തുടർന്നു. അവിടെ പല ശസ്ത്രക്രിയകളിലും അവൾ ഭാഗമായി. രോഗിയുടെ തുടയിൽ നിന്ന് തൊലി എടുത്ത്, പൊള്ളലേറ്റതിന്റെ ഫലമായി ഉണ്ടായ വ്രണത്തിൽ ഒട്ടിച്ചു. അണുബോംബിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു വ്യക്തിയായ തത്സുയുകിയെ അവർ പിന്നീട് വിവാഹം കഴിച്ചു. ആദ്യത്തെ കുട്ടിയെ തെരുക്കോ ഗർഭം ധരിച്ചപ്പോൾ, കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് അവൾ വളരെ ആശങ്കപ്പെട്ടു. എന്നാൽ അവരുടെ ആശങ്കകളെ അസ്ഥാനത്താക്കി ടൊമോക്കോ എന്ന മിടുമിടുക്കി ജനിച്ചു. തെരുക്കോയ്ക്ക് ജീവിതത്തിൽ കൂടുതൽ പ്രതീക്ഷ കൈവന്നു.  

"ഞാൻ നരകത്തിൽ പോയിട്ടില്ല, അതുകൊണ്ട് തന്നെ അതെങ്ങനെയാണ് എന്നെനിക്കറിയില്ല. ഒരുപക്ഷേ ഞങ്ങൾ കടന്നുപോയതായിരിക്കാം നരകം. ഇത് ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കരുത്" തെരുക്കോ പറയുന്നു. ആണവായുധങ്ങൾ നിർത്തലാക്കാൻ ശക്തമായ ശ്രമങ്ങൾ ലോകത്തിൽ  നടന്നുവരികയാണ്. പ്രാദേശിക ഭരണകൂട നേതാക്കൾ അതിനെതിരെ നടപടിയെടുക്കുക എന്നതാണ് ആദ്യപടിയെന്ന് തെരുക്കോ കരുതുന്നു.  

ബോംബാക്രമണത്തെ തുടർന്ന് എല്ലാം കത്തിനശിച്ചു. മരങ്ങൾ, മൃഗങ്ങൾ, മനുഷ്യർ, പക്ഷികൾ എല്ലാം. അതിനുശേഷം, രക്ഷാപ്രവർത്തനത്തിനായി നഗരത്തിൽ വന്നവരും, കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടെത്താൻ വന്നവരും മരണപ്പെട്ടു. അതിജീവിച്ചവർ രോഗബാധിതരായി. "75 വർഷത്തോളം ഇവിടെ പുല്ലും മരങ്ങളും ഒന്നും വളരുകയില്ലെന്ന് ആളുകൾ പറഞ്ഞു. പക്ഷേ, പച്ചപ്പും നദികളും ഉള്ള ഒരു മനോഹരമായ നഗരമായി ഹിരോഷിമ മാറി" തെരുക്കോയുടെ മകൾ ടോമോകോ പറഞ്ഞു. എന്നിരുന്നാലും, റേഡിയേഷന്റെ അനന്തരഫലങ്ങൾ തുടർന്നും ആ നഗരം അനുഭവിക്കുന്നു. ഹിരോഷിമയുടെയും, നാഗസാകിയുടെയും ഓർമ്മകൾ ആളുകളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാൻ തുടങ്ങിയിരിക്കുന്നു. ഭാവി നമ്മുടെ കൈയിലാണെന്നും, സമാധാനം കെട്ടിപ്പടുക്കുന്നതിന് ഓരോ ദിവസവും അശ്രാന്ത പരിശ്രമങ്ങൾ തുടരണമെന്നും അവർ പറഞ്ഞു.

 റെയ്കോ ഹഡ

11.02 -ന് സ്വന്തം പട്ടണമായ നാഗസാക്കിയിൽ അണുബോംബ് വീണപ്പോൾ റെയ്കോ ഹഡയ്ക്ക് ഒൻപത് വയസ്സായിരുന്നു. അന്ന് രാവിലെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് ഉണ്ടായിരുന്നു, അതിനാൽ റെയ്കോ വീട്ടിൽ തന്നെ തങ്ങി. കുറേനേരം കഴിഞ്ഞപ്പോൾ, അവൾ അടുത്തുള്ള ആരാധനാലയത്തിലേക്ക് പോയി. പതിവ് വ്യോമാക്രമണ മുന്നറിയിപ്പുകൾ കാരണം അവളുടെ സമീപത്തുള്ള കുട്ടികൾ സ്‍കൂളിൽ പോകുന്നതിനുപകരം അവിടെയിരുന്നാണ് പഠിക്കുന്നത്. അവിടെ ഏകദേശം 40 മിനിറ്റ് പഠിച്ച ശേഷം അധ്യാപകർ കുട്ടികളോട് വീടുകളിലേക്ക് പൊയ്‌ക്കൊള്ളാൻ പറഞ്ഞു. റെയ്കോ വീട്ടിലേക്ക് നടന്നു. “ഞാൻ എന്റെ വീടിന്റെ പടി കടന്നതും, അത് സംഭവിച്ചു. എന്റെ കണ്ണുകളിലുടനീളം ഒരു ജ്വലിക്കുന്ന പ്രകാശം. മഞ്ഞ, കാക്കി, ഓറഞ്ച് നിറങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. ഞാൻ ഒറ്റക്കാണെന്ന് തോന്നി. അടുത്ത നിമിഷം ഒരു വലിയ അലർച്ചയുണ്ടായി. പിന്നെ ഞാൻ കരിയിൽ മുങ്ങി" റെയ്‌കോ പറഞ്ഞു.  

കുറച്ചു കഴിഞ്ഞപ്പോൾ, റെയ്‌കോ പുറത്ത് വന്ന് അമ്മയെ തിരക്കി. അടിയന്തിര സാഹചര്യങ്ങളിൽ ഒരു ഷെൽട്ടറിലേക്ക് പോകാൻ അവളുടെ ടീച്ചർ അവളെ പഠിപ്പിച്ചിരുന്നു. അതിനാൽ അവൾ അമ്മയോടൊപ്പം സമീപത്തുള്ള  അഭയകേന്ദ്രത്തിലേക്ക് പോയി. അവൾക്ക് ഒരു പോറൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ, പർവതത്തിന്റെ മറുവശത്തുള്ള ആളുകൾക്ക് സ്ഥിതി വ്യത്യസ്തമായിരുന്നു. അവർ  ക്രൂരമായ അവസ്ഥകളെ നേരിട്ടു. കണ്ണുകൾ പുറത്തേക്ക് തള്ളി, മുടി പാറിപ്പറന്നു, നഗ്നരായി നടന്നടുക്കുന്ന അവരുടെ തൊലി താഴേക്ക് തൂങ്ങിക്കിടന്നിരുന്നു. "എന്റെ അമ്മ വീട്ടിലുള്ള വസ്ത്രങ്ങളും, ഷീറ്റുകളും എടുത്ത് കൊണ്ടു വന്നു.  "ആളുകൾ എന്നോട് വെള്ളം ചോദിച്ചു. അടുത്തുള്ള നദിയിൽ നിന്ന് ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്നു ഞാൻ അവർക്ക് കൊടുത്തു. ഒരു കവിൾ വെള്ളം കുടിച്ച ശേഷം അവർ ഒന്നിനു പുറകെ ഒന്നായി മരിച്ചു വീണുകൊണ്ടിരുന്നു" റോയ്‌ക്കോ പറഞ്ഞു.    

അതൊരു വേനൽക്കാലമായിരുന്നു. അസഹ്യമായ ഗന്ധം കാരണം മൃതദേഹങ്ങൾ ഉടനടി സംസ്‌കരിക്കേണ്ടിവന്നു. കോളേജിലെ നീന്തൽക്കുളത്തിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് വിറകുകൊണ്ട് സംസ്‌കരിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ആളുകൾ ആരാണെന്ന് ആ അവസ്ഥയിൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. "ഭാവിതലമുറയ്ക്ക് ഒരിക്കലും സമാനമായ അനുഭവത്തിലൂടെ കടന്നുപോകേണ്ടിവരില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ആണവായുധങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. സമാധാനം സൃഷ്ടിക്കുന്നത് ആളുകളാണ്. വിവിധ രാജ്യങ്ങളിൽ താമസിച്ചാലും, വ്യത്യസ്ത ഭാഷകൾ സംസാരിച്ചാലും, നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് ഒരു കാര്യം തന്നെയാണ്: സമാധാനത്തോടെയുള്ള ജീവിതം"  റോയ്‌ക്കോ പറഞ്ഞു. 

(കടപ്പാട്:ബിബിസി)