പണ്ടുമുതലേ ക്ഷേത്രങ്ങളിൽ പാലും, പൂക്കളും, പഴങ്ങളും നേദിക്കുന്ന പതിവുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്ന പാലും, പുഷ്പങ്ങളും, അഭിഷേകം കഴിഞ്ഞാൽ പക്ഷേ, കളയുകയാണ് ചെയ്യുന്നത്. അത് പലപ്പോഴും വലിയ വിമർശനങ്ങൾക്ക് കരണമാകാറുമുണ്ട്. പട്ടിണിയും ദാരിദ്ര്യവും നിലനിൽകുന്ന ഒരു രാജ്യത്ത് ഇങ്ങനെ പാഴായിപ്പോകുന്ന പാലിൻ്റെയും, പഴങ്ങളുടെയും കണക്കുകൾ പലരെയും അസ്വസ്ഥരാക്കാറുണ്ട്. പക്ഷേ, ഇനി അത്തരം വേവലാതികൾ ഒന്നും വേണ്ട.  ഒരു വിപ്ലകരമായ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങൾ. ഈ പാഴാക്കൽ കുറയ്ക്കുന്നതിനും, മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനുമായി സജീവമായ പല പരിപാടികളും പലയിടത്തും തുടങ്ങിക്കഴിഞ്ഞു.  

മുംബൈയിലെ പാർലേശ്വർ, മഹാലക്ഷ്മി ക്ഷേത്രങ്ങളും, ബംഗളൂരുവിലെ ഗംഗാധരേശ്വര ശിവക്ഷേത്രവും അതിൽ ചിലതാണ്. പാർലേശ്വറിലും, മഹാലക്ഷ്മി ക്ഷേത്രത്തിലും പൂജക്കെടുക്കുന്ന പൂക്കളും ഇലകളും, ഇപ്പോൾ നൂറ്റിയമ്പതോളം മരങ്ങൾക്ക് വളമായി ഉപയോഗിക്കുകയാണ്. അമ്പലത്തിൻ്റെ പരിസരത്ത് ഇതിനായി മൂന്ന് കമ്പോസ്റ്റ് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്‌. കമ്പോസ്റ്റിൻ്റെ ആരോഗ്യകരമായ പിഎച്ച് മൂല്യങ്ങൾ നിലനിർത്താനായി ക്ഷേത്രത്തിലെ മറ്റ് ഭക്ഷ്യമാലിന്യങ്ങളും അതിൽ ചേർക്കുന്നു. ഈ രീതിയിൽ, ക്ഷേത്രങ്ങൾ ഓരോ മാസവും ആറ് മുതൽ ഏഴ് ചാക്ക് വരെ കമ്പോസ്റ്റ് ഉണ്ടാക്കുന്നു. ഇത് സമീപത്തുള്ള നൂറ്റിയമ്പതോളം മരങ്ങൾക്ക് വളമായി ഉപയോഗിക്കുകയും ചെയ്യുന്നു.  

അതുപോലെ തന്നെയാണ് ബംഗളൂരുവിലെ ഗംഗാധരേശ്വര ശിവക്ഷേത്രവും. അവിടത്തെ ഒരു വഴിപാടാണ് പാലഭിഷേകം. അഭിഷേകം ചെയ്ത പാൽ സാധാരണയായി മറ്റൊന്നിനും ഉപയോഗിക്കാറില്ല. ഇതുകാരണം, നിരവധി ലിറ്റർ പാലാണ് അനുദിനം പാഴായിപ്പോകുന്നത്. പ്രധാന പൂജാരി ഈശ്വരാനന്ദ സ്വാമി പക്ഷേ അതിനൊരു മാർഗ്ഗം കണ്ടെത്തി. “പാൽ വളരെ പ്രധാനപ്പെട്ട ഒരു ഉൽ‌പ്പന്നമായതിനാൽ അത് പാഴാക്കാതിരിക്കാൻ എന്താണ്‌ മാർഗ്ഗം എന്ന് ഞാൻ ചിന്തിച്ചു" അദ്ദേഹം പറഞ്ഞു. അങ്ങനെ അഭിഷേകം ചെയ്ത പാൽ മോരാക്കി ഭക്തർക്ക് തന്നെ തിരിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനായി ഉപയോഗിക്കുന്ന പാൽ മറ്റേതെങ്കിലും വഴിപാടുകളുമായി കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ പാലിൻ്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. "അഭിഷേകം നടത്തുമ്പോൾ ഉപയോഗിക്കുന്ന സേമിയയും, മഞ്ഞൾ പോലുള്ള മറ്റ് വസ്തുക്കളും പാലിൽ കലരാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനാൽ പാൽ ഒരിക്കലും കേടാകാറില്ല" അദ്ദേഹം പറഞ്ഞു.  ഇങ്ങനെ ശേഖരിച്ച പാൽ പിന്നീട് മോരാക്കി മാറ്റുന്നു.അതുമാത്രവുമല്ല, വളരെ പരിസ്ഥിതി സൗഹാർദ്ദപരമായാണ് അവർ അത് ചെയ്യുന്നത്. അവിടെ മോര് ഉണ്ടാക്കാനും, വിളമ്പാനും പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറില്ല. “ഞങ്ങൾ കർശനമായ ശുചിത്വരീതി പിന്തുടരുന്നു. ഞങ്ങൾ മോര് നൽകാൻ തുടങ്ങിയപ്പോൾ മുതൽ ഭക്തരിൽ നിന്ന് കൂടുതൽ പാൽ ലഭിക്കാൻ തുടങ്ങി.” എന്നാൽ, ഇവരുടെ ഒരു സവിശേഷത ഇവരുണ്ടാകുന്ന മോര് അമ്പലത്തിൽ വരുന്ന ഭക്തർക്ക് മാത്രമല്ല കൊടുക്കുന്നത് മറിച്ച്  ദാഹിച്ചുവലഞ്ഞു വരുന്ന ആർക്കും ഇവിടെ മോര് ലഭ്യമാണ്. രാധാദേവി എന്ന ഭക്ത പറഞ്ഞതുപോലെ, “പാൽ നൽകുന്ന ഭക്തർക്ക് മാത്രമല്ല മോര് കോടുക്കുക. ആർക്കുവേണമെങ്കിലും അത് വാങ്ങാം. വേണമെങ്കിൽ വീട്ടിലും കൊണ്ട് പോകാം."

വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും കെട്ടുപാടുകളിൽ മാത്രം ഉടക്കി കിടക്കാതെ, അതിനുമപ്പുറം മനുഷ്യസ്നേഹത്തിൻ്റെയും, പ്രകൃതിസ്നേഹത്തിൻ്റെയും തീർത്തും വിശാലമായ ഒരു ജീവിത ദർശനമാണ് ഇവിടെ പ്രതിഫലിക്കുന്നത്. എന്തിൻ്റെ പേരിലായാലും, ഭക്ഷ്യ വസ്തുക്കൾ പാഴാക്കുന്നത് ന്യായീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങൾ വളരെയധികം അഭിനന്ദനാർഹമാണ്.