സരോജ് രാജ് ചൗധരി. ഒഡിഷയുടെ ആദ്യത്തെ വന്യജീവി സംരക്ഷണ ഓഫീസർ. ഇന്ത്യയിലെ വന്യജീവി സംരക്ഷണത്തിന്റെ, പ്രത്യേകിച്ച് കടുവകളുടെ സംരക്ഷണത്തിന്റെ, തുടക്കകാരിൽ ഒരാൾ. 2004 വരെ ഇന്ത്യയിൽ കടുവ സെൻസസ് നടത്തുന്നതിന് സഹായകമായ കാലടി നോക്കിയുള്ള ട്രാക്കിംഗ് സാങ്കേതികത വികസിപ്പിച്ചെടുതത് ചൗധരിയാണ്. അദ്ദേഹം ടൈഗർ റിസർവിന്റെ ആദ്യത്തെ ഫീൽഡ് ഡയറക്ടറായി ചുമതലയേൽക്കുന്ന സമയത്താണ് ആരോ ഉപേക്ഷിച്ച ഒരു പാവം കടുവക്കുട്ടിയെ കണ്ടെത്തുന്നത്. പക്ഷേ, അതൊരു അപൂർവ്വ ബന്ധത്തിന്റെ തുടക്കമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി സംരക്ഷണ വിദഗ്ധരിൽ ഒരാളും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കടുവ ഖൈരിയും തമ്മിലുള്ള ഏഴ് വർഷത്തെ സ്നേഹബന്ധത്തിന്റെ ആരംഭമായിരുന്നു അത്. ഒരു മകളെ പോലെ അദ്ദേഹം അവളെ സ്നേഹിച്ചു. അവരുടെ ആ അപൂർവ്വ ബന്ധം ദേശീയ മാധ്യമങ്ങളുടെയും ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികളുടെയും ഇടയിൽ ഒരു വാർത്തയായി.  
 

1924 ഓഗസ്റ്റ് 13 -ന് ഒഡീഷയിലെ കട്ടക്കിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ചൗധരി ജനിച്ചത്. അദ്ദേഹത്തിന്റെ വീടിന്റെ സമീപം കടുവകൾ ഉൾപ്പെടെയുള്ള വന്യജീവികളെ കാണാമായിരുന്നു. കുട്ടിക്കാലത്ത് താൻ കടുവകളെ കാണാറുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്റെ അക്കാദമിക് പ്രബന്ധത്തിൽ എഴുതിയിരുന്നു. കാടിന്റെ അടുത്ത് ജീവിച്ച അദ്ദേഹത്തിന് കാടും, കാട്ടുമൃഗങ്ങളും എന്നും ഒരു കൗതുകമായിരുന്നു. അങ്ങനെ വലുതായപ്പോൾ അദ്ദേഹം ഒഡീഷയിൽ ഗവൺമെന്റിൽ ഫോറസ്റ്റ് ഓഫീസറായി ജോലി ആരംഭിച്ചു. ചൗധരി 1966 -ൽ ഒഡിഷയിലെ ആദ്യത്തെ വന്യജീവി സംരക്ഷണ ഓഫീസർ ആയി. 1960 -കളോടെ അദ്ദേഹം വന്യജീവി സംരക്ഷണത്തിലെ ഒരു പ്രധാന വ്യക്തിയായി.

അങ്ങനെ ഇരിക്കുമ്പോഴാണ്, 1974 ഒക്ടോബർ 5 -ന് അദ്ദേഹത്തിന് ഒരു കടുവക്കുട്ടിയെ ലഭിക്കുന്നത്. തേൻ ശേഖരിക്കാൻ പോയ ഖരിയ ഗോത്ര സമുദായത്തിലെ അംഗങ്ങളാണ് ഖൈരി നദിക്ക് സമീപത്ത് നിന്ന് കടുവക്കുഞ്ഞിനെ കണ്ടെത്തിയത്. അവർ അതിനെ എടുത്ത് ചൗധരിയുടെ അടുത്ത് കൊണ്ടുവന്നു. ഖൈരി നദിയുടെ സമീപത്ത് നിന്ന് ലഭിച്ച അതിനെ അദ്ദേഹം ഖൈരി എന്ന് പേരുമിട്ടു. തുടർന്ന് അവളെ അദ്ദേഹത്തിന്റെ ജാഷിപൂരിലെ ബംഗ്ലാവിലേയ്ക്ക് കൊണ്ടുപോയി. അവിടെ അവൾ ഒരുപാട് സ്നേഹം കിട്ടി വളർന്നു. ഭക്ഷണമായി മട്ടനും പാൽപ്പൊടിയും കഴിച്ചു വളർന്ന അവൾ പെട്ടെന്നു തടിച്ച് കൊഴുത്തു. കണ്ടാൽ ആദ്യമൊന്ന് ഭയക്കുമെങ്കിലും, അവൾ വീട്ടുകാരുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരിയായിരുന്നു. അദ്ദേഹത്തിന്റെ കട്ടിലിൽ ഉറങ്ങുകയും പലപ്പോഴും കുടുംബാംങ്ങളോടൊപ്പം കളിക്കുകയും ചെയ്‍തു അവൾ. കടുവകളുടെ വിവിധ പെരുമാറ്റരീതികൾ പഠിക്കാൻ ചൗധരി അവളെ സൂക്ഷ്‍മമായി നിരീക്ഷിച്ചു.

ഖൈരിക്ക് പുറമേ, തന്റെ ജാഷിപൂർ ബംഗ്ലാവിൽ നിരവധി മൃഗങ്ങളെ ചൗധരി വളർത്തിയിരുന്നു. എങ്കിലും ഖൈരിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം മറ്റാരുമായും ഉണ്ടായിരുന്നില്ല. ആകെയുള്ള ഒരു പോരായ്‍മ ഖൈരി വെറുമൊരു വളർത്തുമൃഗമായി തീർന്നു എന്നതാണ്. പലതവണ അവർ അവളെ കാട്ടിൽ കൊണ്ട് പോയിവിടാൻ ശ്രമിച്ചെങ്കിലും അവൾ തിരികെ വരികയായിരുന്നു. അവൾ ഒരിക്കലും സ്വന്തമായി ഒരു കുടുംബം ഉണ്ടാക്കാൻ ആഗ്രഹിച്ചില്ല. കാരണം, അവളുടെ കുടുംബം ചൗധരിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം താമസിക്കാനാണ് അവൾ ആഗ്രഹിച്ചത്.  

 


1981 -ൽ ഏഴ് വയസ്സുള്ളപ്പോഴാണ് ഖൈരി മരിക്കുന്നത്. വഴിതെറ്റി വന്ന ഒരു പേപ്പട്ടിയുടെ കടിയേറ്റശേഷം അവൾക്കും റാബീസ് പിടിപെട്ടു. സംഭവം നടക്കുമ്പോൾ ചൗധരി ദില്ലിയിലായിരുന്നു. അദ്ദേഹം തിരിച്ചെത്തുമ്പോഴേക്കും റാബിസ് പ്രതിരോധ വാക്സിൻ നൽകാൻ വൈകിയിരുന്നു. ഒടുവിൽ തീരെ വയ്യാതായ അവളെ ദയാവധത്തിന് വിധേയമാക്കി. അദ്ദേഹത്തിന് ഖൈരി സ്വന്തം മകളെപ്പോലെയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതം ഏറെക്കുറെ അവളെ ചുറ്റിപ്പറ്റിയായിരുന്നു. അതിനാൽ അവളുടെ പെട്ടെന്നുള്ള ക്രൂരമായ മരണം മാതാപിതാക്കൾക്ക് ഒരു കുട്ടിയെ നഷ്ടപ്പെടുന്നതിന് തുല്യമായിരുന്നു.  

അവളെ നഷ്ടപ്പെട്ട് ഒരു വർഷത്തിനുശേഷം 1982 മെയ് 4 -ന് ഹൃദയാഘാതത്തെ തുടർന്ന് ചൗധരിയും യാത്രയായി. ഖൈരിയുടെ നഷ്ടത്തിൽ നിന്ന് അദ്ദേഹം ഒരിക്കലും കരകയറിയിരുന്നില്ലെന്ന് ചിലർ പറയുന്നു. മകളുടെ വിയോഗത്തിൽ വേദനിച്ച് വേദനിച്ചാണ് അദ്ദേഹം മരണപ്പെട്ടത്. അങ്ങനെ അത്യപൂർവ്വമായ ആ സ്നേഹബന്ധത്തിന്റെ തിരി എരിഞ്ഞു തീരുകയായിരുന്നു. ഇന്നും മൃഗസ്നേഹികളുടെ ഇടയിൽ ചൗധരിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഖൈരിയും ഒളിമങ്ങാത്ത സ്നേഹത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു.