ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ ക്യൂബിലോസ്. ചരിത്രം കണ്ട ഏറ്റവും നീചനായ സീരിയൽ കില്ലർമാരിൽ ഒരാൾ. 'ലാ ബെസ്റ്റിയ' അല്ലെങ്കിൽ 'ദ ബീസ്റ്റ്' എന്നറിയപ്പെടുന്ന ആ സ്‍‍പാനിഷുകാരനെ പ്രാദേശിക മാധ്യമങ്ങൾ ‘ലോകത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ’ എന്നാണ് വിശേഷിപ്പിച്ചത്. അയാൾ നടത്തിയ എണ്ണമറ്റ കൊലപാതകങ്ങളാണ് അയാളെ ഇത്രയ്ക്ക് ശ്രദ്ധേയനാക്കിയത്. 172 കൊലപാതകങ്ങളാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നതെങ്കിലും, അതിൽ 139 എണ്ണം മാത്രമാണ് തെളിഞ്ഞിട്ടുള്ളത്. പക്ഷേ, വാസ്‍തവത്തിൽ അയാൾ ഏകദേശം 300 മുതൽ 400 വരെ കൊലപാതകങ്ങൾ ചെയ്‌തിരിക്കാമെന്നാണ് അനുമാനിക്കുന്നത്.

ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്ന ഒരു പ്രധാന ഘടകമാണ് അയാളുടെ കുട്ടിക്കാലം. ഗ്രാവിറ്റോയുടെ ബാല്യകാലം അക്രമവും, അവഗണനയും നിറഞ്ഞതായിരുന്നു. ഗ്രാവിറ്റോയുടെ പിതാവ് കടുത്ത മദ്യപാനിയായിരുന്നു. വേശ്യയായ അമ്മയെ ഗ്രാവിറ്റോയുടെ പിതാവ് അടിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു. ഗ്രാവിറ്റോയെ പോലും അയാൾ വെറുതെ വിട്ടില്ല. അവനെയും അയാൾ നിരന്തരം ശാരീരികവും, മാനസികവുമായി പീഡിപ്പിച്ചിരുന്നു. അവന്റെ അമ്മ അന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാൻ ആ ദുഷ്‍ടന്‍ സ്വന്തം മകനെ നിർബന്ധിച്ചിരുന്നുവെന്നും പറയപ്പെടുന്നു. പകയുടെയും, വെറുപ്പിന്റെയും അഗ്നി കൊച്ചു ഗ്രാവിറ്റോയുടെ മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്നു.
 

ഒടുക്കം പതിനാറാമത്തെ വയസ്സിൽ, ഗ്രാവിറ്റോ വീട്ടിൽ നിന്ന് ഓടിപ്പോയി. പിതാവിന്റെ കരങ്ങളിൽ നിന്ന് രക്ഷപ്പെട്ട് സ്വസ്ഥമായൊരു ജീവിതം നയിക്കാൻ അയാൾ തീരുമാനിച്ചു. ഒരു ജോലി കണ്ടെത്താൻ അയാൾക്ക് കൊളംബിയയിലുടനീളം സഞ്ചരിക്കേണ്ടിവന്നു. ഒടുവിൽ കടയിൽ ജീവനക്കാരനായും, പ്രാർത്ഥനാകാർഡുകളും മതചിഹ്നങ്ങളും വിൽക്കുന്ന ഒരു കച്ചവടക്കാരനായും അയാൾ പല പല ജോലികൾ ചെയ്‌തു. നിരന്തരമായ ആ യാത്രകൾക്കിടയിലും ഗ്രാവിറ്റോയുടെ കൂടെ ഒരു കാമുകിയുണ്ടായിരുന്നു. അവളുടെ മകനോട് ഗ്രാവിറ്റോ നന്നായിട്ടാണ് പെരുമാറിയിരുന്നത്. സുഹൃത്തുക്കളും അദ്ദേഹത്തെ ഒരു ദയാലുവെന്ന് വിശേഷിപ്പിച്ചു. എങ്കിലും അയാളുടെ അനിയന്ത്രിതമായ കോപം എല്ലാവരും ശ്രദ്ധിച്ചിരുന്നു.  

എന്നാൽ, അധികം താമസിയാതെ, അയാൾ തന്റെ അച്ഛന്റെ പാത സ്വീകരിച്ച് ഒരു തികഞ്ഞ മദ്യപാനിയായി മാറി. അയാളുടെ ജീവിതത്തിന്റെ താളം പതുക്കെ തെറ്റാൻ തുടങ്ങി. പൊലീസ് റിപ്പോർട്ടുകൾ അനുസരിച്ച്, ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ച അയാൾ അഞ്ച് വർഷത്തോളം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സായിലായിരുന്നു. ഗ്രാവിറ്റോയുടെ കുട്ടിക്കാലവും, യുവത്വവും ക്രൂരതയും, കുറ്റകൃത്യവും, അരക്ഷിതാവസ്ഥയും നിറഞ്ഞതായിരുന്നു. ജീവിതത്തിൽ ശരിയും തെറ്റും പറഞ്ഞുകൊടുക്കാൻ അയാൾക്ക് ആരും തന്നെയുണ്ടായിരുന്നില്ല.  

1992 മുതലാണ് ഗ്രാവിറ്റോ തന്റെ കൊലപാതക പരമ്പര ആരംഭിക്കുന്നത്. ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളായിരുന്നു അയാളുടെ ഇരകൾ. അതും അവരെല്ലാം അനാഥരോ, പാവപ്പെട്ടവരോ ഒക്കെ ആയിരുന്നു. അദ്ദേഹത്തിന്റെ സമീപനവും എല്ലായ്പ്പോഴും സമാനമായിരുന്നു. ചിലപ്പോൾ അയാൾ ഒരു പുരോഹിതനായി വേഷംകെട്ടി, മറ്റ് ചിലപ്പോൾ ഒരു മയക്കുമരുന്ന് ഇടപാടുകാരൻ അതുമല്ലെങ്കിൽ ഒരു തെരുവ് കച്ചവടക്കാരൻ. ഇങ്ങനെ പലപല വേഷങ്ങളിൽ അയാൾ കുട്ടികളുടെ അടുത്തെത്തി. അയാളോടൊപ്പം വന്നാൽ മധുരപലഹാരങ്ങളോ പണമോ നൽകാമെന്ന് പറഞ്ഞ് അവരെ പ്രലോഭിപ്പിച്ചു. എന്നിട്ട് അവരെ വിദൂര പ്രദേശങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. അവിടെയിട്ട് അയാൾ അവരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും അവസാനം കൊലപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇതെല്ലാം ചെയ്യുന്നതിന് മുൻപ് ആദ്യം അയാൾ ആ ആൺകുട്ടികളെ കുറെ ദൂരം നടത്തിക്കും. ഒടുവിൽ പ്രതിരോധിക്കാൻ ശേഷിയില്ലെന്ന് ബോധ്യപ്പെടുമ്പോൾ മാത്രമാണ് അയാൾ അവരെ കെട്ടിയിട്ട് ആക്രമിക്കുക.        

അതിക്രൂരമായിട്ടാണ് അയാൾ ലൈംഗികമായി കുട്ടികളെ ഉപയോഗിച്ചിരുന്നത്. ഇരകളുടെ ശരീരത്തിൽ ലൈംഗിക ചൂഷണത്തിന്റെ വ്യക്തമായ അടയാളങ്ങൾ എപ്പോഴും അയാൾ അവശേഷിപ്പിക്കുമായിരുന്നു. ആൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ കഠിനമായ വസ്‍തുക്കൾ തിരുകികയറ്റുമായിരുന്നു അയാൾ. വേദനകൊണ്ട് പുളയുന്ന കുട്ടികളുടെ കരച്ചിൽ അയാൾ ആവേശത്തോടെ കേട്ടിരിക്കും. പലപ്പോഴും ഗുരുതരമായ പരിക്കുകളേറ്റ ആ കുരുന്നുകൾ അയാളോട് തങ്ങളെ അഴിച്ചു വിടാൻ കരഞ്ഞപേക്ഷിക്കുമായിരുന്നു. പല കേസുകളിലും, ഇരകളുടെ വൃഷണങ്ങൾ വരെ അയാൾ മുറിച്ചുമാറ്റി, അവരുടെ വായിൽ അത് കുത്തിത്തിരുകുമായിരുന്നു. കാലിക്കുപ്പികളും, ലൂബ്രിക്കന്റിന്റെ ട്യൂബുകളും പലപ്പോഴും മൃതദേഹങ്ങൾക്ക് സമീപം പൊലീസ് കണ്ടെത്തിയിരുന്നു. സഹതാപം എന്തെന്ന് അയാൾക്കറിയില്ലായിരുന്നു. ഗ്രാവിറ്റോയുടെ ഇരകൾ സഹിച്ച വേദനകൾ ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ഇതൊന്നും പോരാതെ, ഇരകളുടെ തൊണ്ട സ്ക്രൂഡ്രൈവറോ, കത്തിയോ ഉപയോഗിച്ച് മുറിക്കുമായിരുന്നു. പോരാത്തതിന്, അവരുടെ ശരീരം മുഴുവൻ കത്തികൊണ്ട മുറിപാടുകൾ ഉണ്ടായിരുന്നു. പലപ്പോഴും അന്വേഷണത്തിൽ നീണ്ടുനിൽക്കുന്ന പീഡനത്തിന്റെ തെളിവുകൾ കുട്ടികളുടെ ശരീരത്തിൽ നിന്ന് ലഭിച്ചിരുന്നു.  

1992 -ൽ കൊളംബിയയിൽ നിരവധി കുട്ടികൾ പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ, അതിന് ഇത്തരമൊരു ബന്ധം ആരും കണ്ടില്ല. ആഭ്യന്തര യുദ്ധം കാരണം കൊളംബിയ ഇതിനകം സുരക്ഷിതമല്ലാത്ത ഒരു രാജ്യമായിത്തീർന്നിരുന്നു. കൊളംബിയയിലെ തെരുവുകൾ വിശന്ന ആൺകുട്ടികളാൽ നിറഞ്ഞിരുന്നു. ആ സന്ദർഭത്തിൽ, അപരിചിതനായ ഒരാൾ അവരോടടുത്തപ്പോൾ ഭക്ഷണം കഴിക്കാനും രാത്രി സുരക്ഷിതമായി ഉറങ്ങാനും ഒരവസരം ലഭിച്ചുവെന്ന് കുട്ടികൾ തെറ്റിദ്ധരിച്ചു. എന്നാൽ, ആ അപരിചിതൻ അവരുടെ ശരീരത്തെ പിച്ചിച്ചീന്താൻ ഒരുങ്ങുന്ന ഒരു രാക്ഷസനാണ് എന്നവർ തിരിച്ചറിഞ്ഞില്ല. തെരുവിൽ കുട്ടികളെ കാണാതായപ്പോൾ ആരും തന്നെ അത് ശ്രദ്ധിച്ചില്ല. ഒടുവിൽ പെരേരയിലെ ഒരു മലയിടുക്കിൽ ഗ്രാവിറ്റോയുടെ ഇരകളുടെ 27 ശവങ്ങൾ കണ്ടെത്തിയപ്പോഴാണ് ഇത്തരമൊരു കൊലപാതകത്തിന്റെ സാധ്യതയെ കുറിച്ച് പൊലീസ് ചിന്തിക്കുന്നത്.  

പതുക്കെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും സമാനമായ ശവശരീരങ്ങൾ കണ്ടെടുക്കാൻ തുടങ്ങിയപ്പോൾ, ഈ കേസിന്റെ ഗൗരവം ഉദ്യോഗസ്ഥർക്ക് മനസ്സിലായി. എന്നിരുന്നാലും, വളരെക്കാലം തെളിവുകളോ, സാക്ഷികളോ ഒന്നും ലഭിക്കാതെ പൊലീസ് വട്ടം കറങ്ങി. 1998 -ൽ അന്വേഷണത്തിൽ ഒരു വഴിത്തിരിവുണ്ടായി. കൊലനടന്ന സ്ഥലത്ത് വെച്ച് ആയുധവും, വിലാസമുള്ള ഒരു രേഖയും പൊലീസ് കണ്ടെടുത്തു. അന്വേഷിച്ച് ചെന്നപ്പോൾ ഗ്രാവിറ്റോയുടെ കാമുകിയുടെ വിലാസമായിരുന്നു അത്. അങ്ങനെ ഗ്രാവിറ്റോയിലേക്ക് അന്വേഷണം എത്തിച്ചേർന്നു. ഒടുവിൽ ഒരു ബലാത്സംഗ ശ്രമത്തിന് 1999 ഏപ്രിലിൽ ഗ്രാവിറ്റോ അറസ്റ്റിലായി. കോടതി വിചാരണക്കൊടുവിൽ, അയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. തുടർന്ന്, തടവിന് അയാൾ ശിക്ഷിക്കപ്പെട്ടു.

കൊളംബിയയിൽ ഏറ്റവും കൂടുതൽ തടവ് ശിക്ഷ 40 വർഷമാണ്. കൂടാതെ, ഗ്രാവിറ്റോ കുറ്റസമ്മതം നടത്തുകയും, പൊലീസുമായി സഹകരിച്ച് ചില മൃതദേഹങ്ങളുടെ സ്ഥാനം കാണിച്ചു കൊടുക്കുകയും ചെയ്‌തു. ഇത് പിഴ 22 വർഷമായി കുറയ്ക്കാൻ കാരണമായി. അങ്ങനെ നോക്കിയാൽ 2021 അയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങേണ്ടതാണ്.  എന്നിരുന്നാലും, കൊളംബിയയിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ അങ്ങനെ എളുപ്പത്തിൽ ജയിലിൽ നിന്ന് പുറത്തുവരാനുള്ള സാധ്യത വളരെ കുറവാണ്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളുകൾക്ക് ‘നീതിയുടെ ഒരു ആനുകൂല്യവും ലഭിക്കില്ല’ എന്നൊരു നിയമവും കൊളംബിയയിലുണ്ട്. അതിനാൽ, അദ്ദേഹം മിക്കവാറും 60 മുതൽ 80 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെ വന്നാൽ താൻ ചെയ്‍ത തെറ്റുകളുടെ ആഴം വിശകലനം ചെയ്‌ത്‌ അയാൾക്ക് അവസാന ശ്വാസം വരെ ജയിൽ തന്നെ കിടക്കാം.