നമുക്ക് കാടും കാട്ടാറും പ്രകൃതിയും ഒക്കെ പ്രിയപ്പെട്ടതായിരിക്കാം. എന്നാൽ, കാട്ടിലെ മൃഗങ്ങളുമായി ചങ്ങാത്തം കൂടാൻ നമ്മൾ ശ്രമിക്കാറില്ല. വേറെ ഒന്നുമല്ല പണികിട്ടുമെന്ന ഭയം തന്നെ. എത്ര പ്രകൃതിസ്നേഹിയാണ് എന്ന് പറഞ്ഞാലും ജീവൻ വച്ച് കളിയ്ക്കാൻ നമ്മളെ കിട്ടില്ല. എന്നാൽ, ഇന്ത്യൻ സിവിൽ സർവീസസ് ഉദ്യോഗസ്ഥനായിരുന്ന ആദിത്യ സിംങ്ങും ഭാര്യ പൂനവും അങ്ങനെയല്ല. നഗരത്തിലെ അഭിമാനകരമായ ജോലിയും സുഖപ്രദമായ ജീവിതവും ഉപേക്ഷിച്ച് അവർ പ്രകൃതിയെ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങി. വർഷങ്ങൾക്ക് മുമ്പ് ഈ ഇന്ത്യൻ ദമ്പതികൾ ദില്ലിയിലെ വീട് വിട്ട് രാജസ്ഥാനിലെ ഒരു വിദൂര പ്രദേശത്തേക്ക് ചേക്കേറി. രാജസ്ഥാനിലെ രൺതമ്പോർ കടുവ സംരക്ഷണ കേന്ദ്രത്തിനടുത്തായിരുന്നു ആ സ്ഥലം.  

ഒന്നോർത്തു നോക്കൂ, കാലത്തെഴുന്നേറ്റ് നോക്കുമ്പോൾ മുറ്റത്ത് കടുവ നമ്മെ നോക്കിയിരിക്കുന്ന ഒരവസ്ഥ. അവിടത്തെ സ്ഥിതിയും ഏകദേശം ഇതുപോലെയൊക്കെ തന്നെയായിരുന്നു. ആദ്യമായി ഭഡ്‌ലാവ് സന്ദർശിച്ചപ്പോൾ കടുവയെ ഭയന്ന് അവിടത്തെ ആളുകൾ ഭൂമി വിൽക്കാൻ ഒരുങ്ങുന്നതാണ് അദ്ദേഹം കണ്ടത്. എന്നാൽ, അദ്ദേഹത്തിന് ആ പ്രദേശം വല്ലാതെ ഇഷ്‍ടപ്പെട്ടു. അങ്ങനെ ദമ്പതികൾ അവിടെ ഭൂമി വാങ്ങാൻ ഒരുങ്ങി. അവിടെയുള്ള കർഷകരുടെ കൈയിൽ നിന്ന് 40 ഏക്കറോളം ഭൂമി അവർ വാങ്ങി. അവർ വാങ്ങിയ ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കാതെ, പ്രകൃതിക്ക് വിട്ടുകൊടുത്തു. അവിടേയ്ക്ക് മാറിയ ശേഷം ദമ്പതികൾ ഉപജീവനത്തിനായി ഒരു ടൂറിസ്റ്റ് റിസോർട്ട് തുറന്നു. ഒരു ഫോട്ടോഗ്രാഫറായി ജോലി നോക്കുന്ന അദ്ദേഹം കഴിഞ്ഞ 20 വർഷമായി ആ ഭൂമിയെ ഒരു വനമാക്കി മാറ്റുകയാണ്. ഇപ്പോൾ സമൃദ്ധമായ ആ ഹരിത വനത്തിൽ പുള്ളിപ്പുലി, കടുവ, കാട്ടുപന്നി എന്നിവയുൾപ്പെടെ നിരവധി ജീവജാലങ്ങളുണ്ട്.

ആകാശ ഫോട്ടോകൾ നോക്കിയാൽ, സിങ്ങിന്റെ ഭൂമിയും, കടുവ സംരക്ഷണ കേന്ദ്രവും തമ്മിലുള്ള വ്യത്യാസം കാണാൻ കഴിയും. ദേശീയ ഉദ്യാനം തരിശുഭൂമിയാണെങ്കിൽ, സിങ്ങിന്റെ ഭൂമി മരങ്ങളാൽ സമൃദ്ധമാണ്. വേനൽക്കാലത്ത് കാട്ടുമൃഗങ്ങൾക്ക് വെള്ളം കിട്ടാനായി ഈ ദമ്പതികൾ കരയ്ക്ക് ചുറ്റും നിരവധി വാട്ടർഹോളുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ വനം ഉണ്ടായത് മുതൽ ദേശീയ പാർക്കിൽ നിന്നുള്ള കടുവകളും മറ്റ് വന്യമൃഗങ്ങളും കർഷകരുടെ വയലുകളിലേക്ക് വരാതായി. ധാരാളം ഭക്ഷണവും വെള്ളവും ഒളിഞ്ഞിരിക്കാൻ സുരക്ഷിതമായ സ്ഥലവും ലഭിച്ച ആ മൃഗങ്ങൾ ഇപ്പോൾ കാട് ഇറങ്ങാറില്ല.    

പൂർണ്ണമായും കാറ്റും സൗരോർജ്ജവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഹോംസ്റ്റേ തുറക്കാനും അദ്ദേഹം പദ്ധതിയിടുന്നു.  ആ ഭൂമിയിൽ നിന്ന് കോടികൾ സമ്പാദിക്കാൻ നിരവധി പദ്ധതികളുമായി പലരും അവരെ സമീപിക്കുകയുണ്ടായി. എന്നാൽ, പണത്തിന് വേണ്ടി സ്വന്തം ഭൂമിയെ ഒറ്റിക്കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന് പണത്തേക്കാൾ വലുത് പ്രകൃതിയോടുള്ള സ്‌നേഹമായിരുന്നു. “പണം ഒരിക്കലും എന്‍റെ പരിഗണനയിലില്ല. പ്രകൃതിയോടും വന്യജീവികളോടുമുള്ള എന്റെ പ്രണയം മാത്രമാണ് ഇതിന് പിന്നിൽ...” അദ്ദേഹം പറഞ്ഞു. ആദിത്യയും പൂനവും ഒരുമിച്ച് സൃഷ്ടിച്ചത് കടുവകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന സമാധാനപരമായ ഒരു സങ്കേതമാണ്.  പ്രകൃതിയും മനുഷ്യരും സമാധാനത്തോടെ ജീവിച്ചു പോരുന്ന ഒരിടമായി അത് ഇന്ന്.