ഇനി യാത്ര പോകാം, കൂടുതല്‍ കരുതലോടെ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 6:00 PM IST
travel yamuna
Highlights

ചെറുതും വലുതുമായ യാത്രകൾ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ ഏതു യാത്രയും ഇരട്ടി മധുരമുള്ളതാക്കാം.

ഒറ്റ ദിവസത്തേക്കുള്ള യാത്രയാണെങ്കിൽ അതിരാവിലെ പുറപ്പെടുന്നതാണ് നല്ലത്. തലേന്ന് നേരത്തെ കിടന്നാൽ, രാവിലെ  കുട്ടികളെ ഒരുക്കാൻ പ്രയാസപ്പെടേണ്ടി വരില്ല. റോഡ് മാർഗ്ഗമാണോ, ട്രെയിനിലാണോ, അതോ സ്വയം ഡ്രൈവ് ചെയ്താണോ പോകുന്നതെന്ന് നേരത്തെ തീരുമാനിക്കണം. സ്വന്തം വാഹനമാണെങ്കിൽ കണ്ടീഷൻ പരിശോധിപ്പിച്ച് ഉറപ്പു വരുത്തണം. ആദ്യമായി പോകുന്ന സ്ഥലമാണെങ്കിൽ റൂട്ട്, കാണാൻ പോകുന്ന സ്ഥലത്തിന്‍റെ പ്രത്യേകതകൾ, അപകട സാധ്യത (വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ തുടങ്ങിയവ) വല്ലതുമുണ്ടോ, അടുത്ത് നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ എന്നിവയൊക്കെ ടീമിൽ ഒരാളെങ്കിലും അറിഞ്ഞിരിക്കണം.

യാത്രകളെ സ്നേഹിക്കാത്തവരായി ആരാണുള്ളത്. ഒരു വാഹനത്തിൽ കേറി റ്റാ റ്റാ എന്ന് കൈ വീശിക്കാണിച്ചാൽ സ്വന്തം അമ്മയുടെ ഒക്കത്തിരിക്കുന്ന ഇത്തിരിക്കുഞ്ഞു പോലും ചാടി വാഹനത്തിൽ കേറും. പോയി വന്നു കഴിയുമ്പോൾ ഉണ്ടാവുന്ന മേലുവേദനയിൽ കുഴമ്പിട്ട് ചൂടുപിടിച്ചു കൊടുക്കാൻ മക്കളുണ്ടെന്ന് ഉറപ്പുകൊടുത്താൽ മാത്രം മതി, നമ്മുടെ വീട്ടിലെ മുത്തശ്ശിമാരും മുത്തശ്ശന്മാരും യാത്രക്ക് പുറപ്പെടും. യാത്രാപ്രേമത്തിന്‍റെ കഥ അങ്ങനെയാണെന്നിരിക്കെ, ആരോഗ്യമുള്ളവരുടെ കാര്യം പറയാനുണ്ടോ..

ചെറുതും വലുതുമായ യാത്രകൾ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ ഏതു യാത്രയും ഇരട്ടി മധുരമുള്ളതാക്കാം. 

ഒറ്റ ദിവസത്തേക്കുള്ള യാത്രയാണെങ്കിൽ അതിരാവിലെ പുറപ്പെടുന്നതാണ് നല്ലത്. തലേന്ന് നേരത്തെ കിടന്നാൽ, രാവിലെ  കുട്ടികളെ ഒരുക്കാൻ പ്രയാസപ്പെടേണ്ടി വരില്ല. റോഡ് മാർഗ്ഗമാണോ, ട്രെയിനിലാണോ, അതോ സ്വയം ഡ്രൈവ് ചെയ്താണോ പോകുന്നതെന്ന് നേരത്തെ തീരുമാനിക്കണം. സ്വന്തം വാഹനമാണെങ്കിൽ കണ്ടീഷൻ പരിശോധിപ്പിച്ച് ഉറപ്പു വരുത്തണം. ആദ്യമായി പോകുന്ന സ്ഥലമാണെങ്കിൽ റൂട്ട്, കാണാൻ പോകുന്ന സ്ഥലത്തിന്‍റെ പ്രത്യേകതകൾ, അപകട സാധ്യത (വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ തുടങ്ങിയവ) വല്ലതുമുണ്ടോ, അടുത്ത് നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ എന്നിവയൊക്കെ ടീമിൽ ഒരാളെങ്കിലും അറിഞ്ഞിരിക്കണം. ആകെക്കൂടി ഉള്ള ഒരു ദിവസം റൂട്ടറിയാതേയും ഭക്ഷണത്തിന് ഹോട്ടൽ തപ്പി നടന്നും കളയേണ്ടല്ലോ. ബീച്ച്, വാട്ടർ തീം പാർക്ക് ഒക്കെ പോലെയുള്ള സ്ഥലങ്ങളാണ് ലക്ഷ്യമെങ്കിൽ, വെള്ളത്തിലിറങ്ങാനുള്ള വസ്ത്രങ്ങളും നനഞ്ഞ വസ്ത്രങ്ങൾ സൂക്ഷിക്കാനുള്ള കാരിബാഗും കരുതാം. കൊച്ചു കുഞ്ഞുങ്ങളുണ്ടെങ്കിൽ ഡയപ്പർ പാക്കറ്റ് മറക്കാതെ എടുക്കാം. ഹെവിയായി ഭക്ഷണം കഴിച്ച് വയറു കേടാക്കാതെയും ശ്രദ്ധിക്കാം.

ദീർഘദൂര യാത്രകളിൽ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. യാത്ര തീരുമാനിച്ചു കഴിഞ്ഞാൽ ബഡ്ജറ്റിംഗ്, ടിക്കറ്റ് ബുക്കിങ്, താമസത്തിനായുള്ള ഹോട്ടലിലെ ബുക്കിങ് എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മിക്കവാറും ഇടങ്ങളിൽ അതാത് ഭരണാധികാരികൾ തന്നെ സൈറ്റ് സീയിങ് പാക്കേജുകൾ കൊടുക്കുന്നുണ്ട്. താത്പര്യമുണ്ടെങ്കിൽ അത്തരം പാക്കേജുകൾ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. അതാത് സ്ഥലത്തെ പബ്ലിക്ക് ട്രാൻസ്പോർട്ട് മാർഗ്ഗങ്ങൾ ഉപയോഗിച്ചും സ്ഥലങ്ങൾ കണ്ടു വരാം.

കൊണ്ടു പോകേണ്ട സാധനങ്ങൾ ഒരു ലിസ്റ്റ് തയ്യാറാക്കി അതിനനുസരിച്ച് ഒരുക്കുക.
1. വസ്ത്രങ്ങൾ:
വസ്ത്രങ്ങൾ ഓരോരുത്തരുടേയും പ്രത്യേകം, പ്രത്യേകം കാരിബാഗുകളിലാക്കി വേണം വലിയ ട്രാവൽ ബാഗിൽ വയ്ക്കേണ്ടത്. മാറ്റി ധരിക്കാൻ നേരത്ത് മുഴുവൻ വസ്ത്രങ്ങളും വാരിവലിച്ച് തിരയേണ്ടി വരരുത്. പോകുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വസ്ത്രങ്ങൾ എടുത്തു വയ്ക്കാൻ ഓർക്കുക.
2. മരുന്നുകൾ
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ,  ഫസ്റ്റ് എയ്ഡ് സാമഗ്രികൾ എന്നിവ ഉറപ്പായും ട്രാവൽകിറ്റിന്‍റെ ഭാഗമായിരിക്കണം. യാത്രകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നവർ, പ്രായമായവർ, കുട്ടികൾ തുടങ്ങിയവർ, യാത്രക്കുമുമ്പ് ഒരു ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകൾ വാങ്ങി കൈയിൽ കരുതേണ്ടതാണ്. 
3. പണം
യാത്രയ്ക്കാവശ്യമായ മുഴുവൻ പണവും കറൻസിയായിത്തന്നെ കരുതേണ്ട കാര്യമില്ല. കാർഡ് ഉപയോഗിക്കുന്നതാവും കൂടുതൽ സൗകര്യം. മോഷണങ്ങളെ സൂക്ഷിക്കുക.
4. രേഖകൾ
ഐ ഡി കാർഡുകൾ, യാത്രാരേഖകൾ, ബുക്കിങ്ങുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ മറക്കാതിരിക്കുക. 
5 ഗാഡ്ജറ്റുകൾ
ഫോൺ, കാമറ, ചാർജറുകൾ, മെമ്മറി കാർഡുകൾ, ഹെഡ് ഫോൺ, പുസ്തകങ്ങൾ ഇവയൊന്നും വിട്ടുപോവല്ലേ.
6. ടോയ്ലറ്റ് ബാഗ് പ്രത്യേകം ഒരുക്കുക. ബ്രഷ്, പേസ്റ്റ്, ഷേവിംഗ് കിറ്റ് എന്നിവയെല്ലാം അതിൽ സൂക്ഷിക്കാമല്ലോ.
7. ഷൂ, ചെരിപ്പുകൾ, ക്യാപ്പ്, സൺഗ്ലാസ് എന്നിവയെല്ലാം മറക്കാതെ എടുത്തു വയ്ക്കണം.
8. അതിർത്തികൾ കടന്നുള്ള യാത്രകളാണെങ്കിൽ ലഗേജിന്റെ ഭാരം ശ്രദ്ധിക്കണം. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി നമ്മുടെ പ്രിയപ്പെട്ട സാധനങ്ങൾ എയർപോർട്ടിൽ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയുണ്ടാകരുത്. ബാഗിൽ ഉൾക്കൊള്ളിക്കാൻ അനുവദനീയമായ സാധനങ്ങൾ മാത്രം പാക്ക് ചെയ്യാൻ ശ്രദ്ധിക്കണം. 
9. വെള്ളം, സ്നാക്ക്സ്, ചില്ലറയായി കുറച്ചു പണം, ഒരു ടവൽ തുടങ്ങി ഇടയ്ക്കിടെ വേണ്ടി വരുന്ന സാധനങ്ങൾ പ്രത്യേകം ഒരു ബാഗിലാക്കി കൈയിൽ കരുതാം. 
10. ലഗേജ് ലോക്ക്, അതിന്റെ കീ രണ്ടും ശ്രദ്ധിക്കാൻ മറക്കല്ലേ.

കുറച്ചുനാളത്തേക്ക് വീട്ടിൽ ഉണ്ടാവില്ലെന്ന് തൊട്ടയൽപക്കത്തിലുള്ളവരെ അറിയിക്കാം. വീട്ടിലേക്ക് അവരുടെ ഒരു ശ്രദ്ധ ഉണ്ടാവുമല്ലോ. പാൽ, പത്രം ഇതൊന്നും അത്രയും ദിവസം ഇടണ്ട എന്ന് അതാത് ആളുകളോടും പറയാം. ഒരാഴ്ചത്തെ പത്രം മുറ്റത്ത് കൂടിക്കിടക്കില്ലല്ലോ. 

ഇത്രയും ഒരുക്കങ്ങളായിക്കഴിഞ്ഞാൽ ഗ്യാസും മറ്റു മെയിൻ സ്വിച്ചുകളും ഓഫ് ചെയ്ത് വാതിലും ഗെയ്റ്റും പൂട്ടി ഇറങ്ങാം.

ലക്ഷ്യസ്ഥലത്തെത്തിക്കഴിഞ്ഞാൽ, 
ശുചിയായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. അതാത് സ്ഥലത്തെ വിശേഷപ്പെട്ട ഭക്ഷണം രുചിക്കാൻ മറന്നു പോകല്ലേ. യാത്രയിലെ ഡീ ഹൈഡ്രേഷൻ ഒഴിവാക്കാൻ ധാരാളം ശുദ്ധജലം കുടിക്കുക.

ഓരോ ദിവസവും കാണേണ്ട സ്ഥലങ്ങൾ, ഓരോയിടത്തും ചിലവഴിക്കാനുള്ള സമയം, തിരികെ താമസ സ്ഥലത്തെത്താൻ എടുക്കുന്ന സമയം ഇവയൊക്കെ ഒന്നു കണക്കാക്കി വച്ചാൽ നല്ലതാണ്. ഒന്നും കാണാൻ വിട്ടു പോകരുതല്ലോ.

കൂടുതൽ കരുതലാവശ്യമുള്ള, പ്രായമായവരും കുട്ടികളും ചേർന്നുള്ള യാത്രകൾ മേൽപ്പറഞ്ഞത്രയും ശ്രദ്ധിച്ചാണ് വേണ്ടതെന്നതിൽ സംശയമില്ല. 

എന്നാൽ, മറ്റൊരു തരം യാത്രകളുണ്ട്. നിന്ന നില്‍പിൽ തീരുമാനിച്ച്, കൈയിൽ കിട്ടിയ വസ്ത്രങ്ങളുമെടുത്ത്, ബൈക്കിലോ കാറിലോ ട്രെയിനിലോ എന്നൊന്നും ഓർക്കാതെ, എവിടെ താമസിക്കുമെന്നോ എന്തു കഴിക്കുമെന്നോ പ്ലാൻ ചെയ്യാതെ, ബുക്കിങ് ചെയ്യാതെ, അത്രമേൽ അലസമായി, എന്നാൽ ഉല്ലാസമായി, അനിശ്ചിതത്വങ്ങളിൽ ആവേശം പൂണ്ട്... അങ്ങനെയുമുണ്ട് ചില ഉന്മാദ യാത്രകൾ.

(In collaboration with FTGT Pen Revolution)

loader