പലർക്കും സ്വപ്‍നങ്ങൾ പലതായിരിക്കും. ചിലർ ചെറിയ ചെറിയ സ്വപ്‍നങ്ങളിൽ തൃപ്‍തരാകുമ്പോൾ, മറ്റ് ചിലർ കേട്ടാൽ ഞെട്ടുന്ന സ്വപ്‍നങ്ങളുടെ പുറകെയായിരിക്കും. ചുട്ടുപഴുത്ത ഒരു അഗ്നിപർവത ലാവയുടെ മുകളിലൂടെ നടക്കുക എന്നതായിരുന്ന അലക്സാണ്ടർ വർഷങ്ങളായി താലോലിച്ചു നടന്ന സ്വപ്‍നം. ചില്ലറയൊന്നുമല്ലോ ആഗ്രഹം എന്ന് തോന്നിപ്പോകാമെങ്കിലും അദ്ദേഹം അത് നേടിയെടുക്കുക തന്നെ ചെയ്‌തു. വർഷങ്ങളുടെ പരിശീലനത്തിന് ശേഷം ഏപ്രിൽ 15 -ന് സജീവമായ ഒരു അഗ്നിപർവ്വതത്തിന് മുകളിലൂടെ ഒരു ചരടിന്മേൽ നടന്ന് അദ്ദേഹവും സുഹൃത്തും ലോക റെക്കോർഡ് നേടിയെടുത്തു. തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ടന്ന ദ്വീപിലെ യാസൂർ അഗ്നിപർവ്വതത്തിന്‍റെ മുകളിലൂടെയാണ് ജർമ്മനിയിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ അലക്സാണ്ടർ ഷുൾസും, ബ്രസീലിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ റാഫേൽ ബ്രിഡിയും നടന്നത്. ഒരിഞ്ച് വീതിയുള്ള കയറിലൂടെയാണ് അവർ നടന്നത്.  
 

ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് യാസൂർ അഗ്നിപർവ്വതം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഏറ്റവും അപകടകാരിയായ ഇത് തീജ്വാലയും പുകയും കൊണ്ട് നിറഞ്ഞതാണ്. 853 അടി ഉയരത്തിലൂടെയാണ് ഇവർ നടന്നത്.  ഇത് ഏറ്റവും ദൈർഘ്യമേറിയതും, സജീവമായതുമായ ഒരു അഗ്നിപർവ്വതത്തിന് മുകളിലുമുള്ള ആദ്യത്തെ ഞാണ്ണിന്മേലുള്ള നടത്തവുമാണ്. 400 മീറ്റർ ഉയരവും നൂറുകണക്കിന് ഡിഗ്രി ചൂടുള്ളതുമായ ലാവയും, സൾഫ്യൂറിക് ആസിഡും അവർ നടക്കാൻ ഉപയോഗിച്ച ചരടിന് കേടുപാടുകൾ വരുത്തുമോ എന്നവർ ഭയന്നിരുന്നു. 

അലക്സാണ്ടർ പറഞ്ഞു: 'അന്ന് ഞാൻ നടന്നപ്പോൾ ശക്തമായ കാറ്റുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് നടന്നുപോകുന്നത് അസാധ്യമായിരുന്നു. പലപ്പോഴും ഗർത്തത്തിലേക്ക് വീണുപോകുമോ എന്ന് ഞാൻ ഭയന്നു. മുമ്പൊരിക്കലും ഞാൻ പ്രകൃതിയുമായി ഇത്ര അടുത്തിടപഴകിയിട്ടില്ല! അഗ്നിപർവ്വതത്തിൽ നിന്നും ഓരോ പ്രാവശ്യം ശബ്‌ദം കേൾക്കുമ്പോഴും എന്റെ പൾസ് ഒരു നിമിഷത്തേക്ക്  നിന്നുപോകുമായിരുന്നു. തുടർന്ന് വേഗത്തിൽ മിടിക്കാൻ തുടങ്ങും.'  

 

"പൊട്ടിത്തെറിക്കുന്ന ചുവന്ന ചുട്ടുപൊള്ളുന്ന ലാവയും ശക്തമായ ചാരക്കാറ്റും ഞങ്ങളെ വല്ലാതെ തളർത്തി. ചില സമയങ്ങളിൽ ചൂട് സഹിക്കാനാകാതെ ഞാൻ നിശ്ചലനായി നിന്ന് പോകുമായിരുന്നു. ഇത് ഒരു സ്വപ്‍നമാണോ എന്നുവരെ തോന്നിപ്പോകും. അതേസമയം, പ്രകൃതിയുടെ ഈ ശക്തിയ്ക്ക് മുൻപിൽ എന്റെ ജീവിതം ഞാൻ സമർപ്പിച്ചു" അലക്സാണ്ടർ പറഞ്ഞു. അഗ്നിപർവ്വതത്തിൽ നിന്ന് പുറത്തുവരുന്ന സൾഫ്യൂറിക് വാതകത്തിൽ നിന്ന് രക്ഷനേടാൻ അവർ മാസ്‍ക് ധരിച്ചിരുന്നു.    

ഇത് ചിത്രീകരിക്കുന്നതിനായി സംവിധായകനും നിർമ്മാതാവുമായ ജോഹന്നാസ് ഓൾ‌സ്വെസ്‍കി, ഡി‌പി ഫെലിക്സ് റീചെർട്ട് എന്നിവർ ഇവരോടൊപ്പം പോയിരുന്നു. ഇത് ചിത്രീകരിക്കുമ്പോൾ കൊവിഡ് -19 കാരണം പ്രൊഡക്ഷൻ ക്രൂ ഒരു ഗ്രാമത്തിൽ ക്വാറന്‍റൈനിലായിരുന്നു. 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി നിലവിൽ പോസ്റ്റ് പ്രൊഡക്ഷനിലാണ്.