തലശ്ശേരിയിലെ ഹോസ്റ്റല്‍ കാലത്തായിരുന്നു ആ വിഷു. 

ഞങ്ങള്‍ പന്ത്രണ്ടു പേരൊഴികെ ബാക്കിയെല്ലാരും വിഷു ആഘോഷിക്കാന്‍ വീട്ടില്‍ പോയിരുന്നു. കൂട്ടത്തില്‍ ഏറ്റവും ഇളയവളും കൊഞ്ചിപ്പാറുവുമായ സിന്ധുവാണ് വിഷുക്കണികാണണം എന്ന വാശിയുമായി എത്തിയത്. .

കണി കാണാന്‍ ഹിന്ദുപ്പിള്ളേര്‍ക്കൊക്കെ ആഗ്രഹമുണ്ടെങ്കിലും കന്യാസ്ത്രീമാര്‍ നടത്തുന്ന ഹോസ്റ്റലില്‍ അതത്ര ഈസിയായി നടക്കൂല, ആഗ്രഹമൊക്കെ അടക്കിവക്കാനേ തരമുള്ളൂ.

എന്നാലും അങ്ങനെയങ്ങു വിടാന്‍ പറ്റില്ലാലോ!

ചെയ്യാന്‍ പറ്റാത്ത എന്തുകാര്യവും ഏറ്റെടുക്കുക എന്നൊരു ദുശ്ശീലം കൂടപ്പിറപ്പായുള്ള ഞാനും, കൂട്ടായി ഡെയ്‌സിയും . രാത്രിയിലെ കൂലംകഷമായ ചര്‍ച്ചകള്‍ക്കുശേഷം കണിയൊരുക്കുന്ന കാര്യത്തില്‍ തീരുമാനമായി.

രാവിലെതന്നെ താലവും നിലവിളക്കും ഹോസ്റ്റലിന്റെ തൊട്ടടുത്ത് താമസിക്കുന്ന സുഹൃത്ത് സുഹാഗിയുടെ വീട്ടില്‍ നിന്നുകിട്ടി. കൃഷ്ണന്റെ പ്രതിമയുള്ള ജിഷയുടെ റൂം അവള്‍ നാട്ടില്‍പ്പോയതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. പലപല താക്കോലുകള്‍ പരീക്ഷിച്ചിട്ടും പൂട്ട് നമ്മളോടൊരു കരുണയും കാണിക്കുന്നില്ല, സാക്ഷാല്‍ ജിഷക്കില്ലാത്ത വല്ലാത്ത ബലംപിടുത്തം. പിന്നെ രണ്ടും കല്‍പ്പിച്ച് കയ്യിലുള്ള ആക്‌സോ ബ്ലേഡ് കൊണ്ടുള്ള കളിയില്‍ കള്ളകൃഷ്ണന്‍ നമ്മുടെ കയ്യില്‍. കാര്യം പറഞ്ഞാല്‍ ജിഷക്കൊരു കുഴപ്പവുമുണ്ടാകില്ലെന്നുറപ്പുണ്ട് , എന്നാലും റൂം തുറന്നു കിടക്കുന്നതു ശരിയല്ലാത്തതിലാല്‍, അതിലേറെ വാര്‍ഡന്‍ അറിഞ്ഞാലുള്ള വശപ്പെശകു മുന്‍നിര്‍ത്തി ഡെയ്‌സിയുടെ റൂമിന്റെ പൂട്ടിട്ട് ജിഷയുടെ റൂം പൂട്ടി.

രാത്രിയിലെ കൂലംകഷമായ ചര്‍ച്ചകള്‍ക്കുശേഷം കണിയൊരുക്കുന്ന കാര്യത്തില്‍ തീരുമാനമായി.

ജോലിയുള്ളതിനാല്‍ വാര്‍ഡന്‍ സിസ്റ്റര്‍ പകല്‍സമയം ഹോസ്റ്റലില്‍ കാണില്ല, വൈകിട്ട് ഏഴുമണികഴിഞ്ഞേ ആള് തിരിച്ചെത്തു. അതിനിടയില്‍ വേണ്ടകാര്യങ്ങളെല്ലാം റൂമിലെത്തിക്കണം . മറ്റു കന്യാസ്ത്രീമാരെ പറ്റിക്കാന്‍ അത്ര ബുദ്ധിമുട്ടില്ല. അവരെയൊക്കെ വാചകമടിച്ച് ഒരു തരത്തില്‍ പാട്ടിലാക്കിയിട്ടുണ്ട് . എങ്ങനാണെന്നറിയില്ല, എന്തു ചോദിച്ചാലും കൃത്യമായൊരു മുട്ടാന്യായം നമ്മുടെ വായില്‍ റെഡിയായി ഉണ്ടാവും.

പൂത്തുലഞ്ഞുനിക്കുന്ന ഇമ്മിണി വലിയൊരു കണിക്കൊന്ന ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ തന്നയുണ്ട്. പണ്ടേ മരംകേറിയായ നമ്മക്കൊരു ഭീഷണിയെന്ന് പറയാന്‍ വയ്യ, എന്നാലും ധൃതിമൂലം കൈമുട്ടിനു താഴെയായി ഇത്തിരിയധികം പെയിന്റ് ഉരഞ്ഞുപോയി . കാര്യം നടന്നതിനാല്‍ വേദനയൊന്നും സാരമാക്കിയില്ല. എന്തായാലും മാവില്‍ വലിഞ്ഞുകേറി ആവശ്യത്തിന് മാങ്ങയും പറിച്ചു വന്നപ്പോഴേക്കും ചോരപൊടിഞ്ഞുവരുന്നത് നില്‍ക്കുന്നില്ല. ഇത്തിരി ഡെറ്റോള്‍ ഒഴിച്ച് കഴുകി. പക്ഷേ വേദനക്കുപകരം കടുത്ത നീറ്റല്‍. കഷ്ടകാലത്തിനു തോന്നിയ പൊട്ടബുദ്ധിയെ ശപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍ ...

ചെറിയ ചക്കകള്‍ അടുത്ത വീട്ടിലെ പ്ലാവില്‍ നിറയെ ചിരിതൂകി തൂങ്ങിക്കിടപ്പുണ്ട്.പക്ഷേ ചോദിച്ചു വാങ്ങിയാല്‍ മിക്കവാറും വാര്‍ഡന്‍ സിസ്റ്ററിന്റെ ചെവിയിലെത്തും. . കായംകുളം കൊച്ചുണ്ണിയുടെ ശിഷ്യത്വം സ്വമേധയാ സ്വീകരിച്ച നമുക്കുണ്ടോ വല്ല നാണക്കേടും ...? അഞ്ചു മിനിറ്റിനുള്ളില്‍ ചെറിയൊരു ഇടിച്ചക്കയുമായി ഡെയ്‌സിയും എത്തി. 

ഞങ്ങള്‍ രണ്ടാളുമല്ലാതെ വേറെയാരെയും കാര്യങ്ങള്‍ അറിയിച്ചിട്ടില്ല. ശരിക്കുമൊരു സര്‍പ്രൈസ്. അതാണ് ലക്ഷ്യം.പേരിനെങ്കിലും ക്രിസ്ത്യാനികളായ ഞങ്ങള്‍ രണ്ടാളും അതുവരെ വിഷുക്കണി കണ്ടട്ടില്ല. സുഹാഗിയുടെ വലിയമ്മയോട് കണിയൊരുക്കേണ്ട വിധമൊക്കെ ചോദിച്ചു മനസ്സിലാക്കിയിരുന്നു.

വെള്ളരിയും തേങ്ങയും കടയില്‍ നിന്നും വാങ്ങി. വാല്‍ക്കണ്ണാടിക്ക് പകരം ഷര്‍മിളയുടെ വട്ടത്തിലുള്ള കണ്ണാടിയും, പുതുവസ്ത്രമായി അതുവരെ ഉപയോഗിച്ചിട്ടില്ലാത്ത തോര്‍ത്തുമുണ്ടും എടുത്തു വച്ചു.

എല്ലാരും കിടന്നുകഴിഞ്ഞാണ് കണിയൊരുക്കല്‍ തുടങ്ങിയത്.

'ആദിയില്‍ വചനമുണ്ടായി' എന്നെഴുതിവച്ച ബൈബിളിനേക്കാളും മികച്ചൊരു ഗ്രന്ഥം ക്രിസ്ത്യാനികളാല്‍ സജ്ജമാക്കപ്പെട്ട വിഷുക്കണിയില്‍ പാടില്ലല്ലോ. പിന്നെ ആകെവേണ്ടത് സ്വര്‍ണം... എന്റെ കഴുത്തിലുള്ള ചെറിയൊരു മിന്നല്‍ക്കണ്ണി മാല. അതിനും തീരുമാനമായി. 

രാത്രിയാവാന്‍ കട്ട വെയിറ്റിംഗ്. എല്ലാരും കിടന്നുകഴിഞ്ഞാണ് കണിയൊരുക്കല്‍ തുടങ്ങിയത്. എല്ലാവര്‍ക്കും എളുപ്പത്തില്‍ വരാന്‍ പറ്റുന്ന റൂമിലാണ് കണിയൊരുക്കുന്നത്. കുട്ടികളെല്ലാം വീട്ടില്‍ പോയതിനാല്‍ വാര്‍ഡന്റെ രാത്രിയിലെ 'ഊരുചുറ്റല്‍' ഉണ്ടാവില്ലെന്നുറപ്പാണ്. ഉറങ്ങിക്കിടക്കുന്ന രണ്ടുപേരെ ഒരുതരത്തിലും ശല്യപ്പെടുത്താതെ മെല്ലെ കണിയൊരുക്കല്‍ തുടങ്ങി. ലൈറ്റിടാതെ മെഴുകുതിരി കത്തിച്ചുവച്ചിട്ടുണ്ട്.

എന്നാലും എല്ലാ കള്ളത്തരങ്ങളും ഒറ്റയടിക്ക് വെളിവാകും വിധം ഡെയ്‌സിയുടെ കയ്യില്‍നിന്നും എണ്ണക്കുപ്പി താഴെവീണുപൊട്ടിച്ചിതറി. നിലവിളക്കില്‍ എണ്ണയൊഴിക്കാനെടുത്ത വെളിച്ചെണ്ണക്കുപ്പിയാണ്. അതും ഉറങ്ങിക്കിടന്ന ജയചേച്ചിക്ക് എണീറ്റുവരാന്‍ പാകത്തിലുള്ള ഒച്ചപ്പാടോടുകൂടി.

മൂന്നാമതൊരാള്‍ അറിഞ്ഞതിനേക്കാളും വിഷയമായത് നിലത്തുമുഴുവന്‍ പരന്നുകിടക്കുന്ന എണ്ണയും കുപ്പിച്ചില്ലുകളും. ഒരു തരത്തില്‍ അതെല്ലാം അടിച്ചുവാരി വീണ്ടും അടുത്ത റൂമിലേക്ക് .നല്ലവണ്ണം ഒരുക്കിക്കഴിഞ്ഞു എന്നു വിചാരിച്ചപ്പോഴാ ജയചേച്ചി പറയുന്നത് സ്വര്‍ണ്ണം കാണാന്‍ പാകത്തിലില്ലാന്ന്. പിന്നെ പുള്ളിക്കാരി കഴുത്തില്‍ക്കിടന്ന വലിയമാല താലത്തില്‍ വച്ചു. 

കണിവെച്ചിരിക്കുന്നിടത്തേക്ക് ഓടിപ്പോയ ഡെയ്‌സി ജയേച്ചിയെ ഉച്ചത്തില്‍ വിളിച്ചു.

എല്ലാ ദുര്‍ഘടങ്ങളും മാറി, എല്ലാവരെയും അതിശയപ്പെടുത്തി ഗംഭീരമായൊരു വിഷുക്കണി ഒരുക്കാനായതിന്റെ ഗമയിലായിരുന്നു ഞങ്ങള്‍ രണ്ടാളും. പുലര്‍ച്ചക്കു തന്നെ ഓരോരുത്തരെയായി കണികാണിച്ചു. ഇത്തിരിപോലും ക്ലൂ കൊടുക്കാതിരുന്നതിനാല്‍ അവരുടെ കണ്ണിലെ തിളക്കം ഞങ്ങളിലേക്കും പകര്‍ന്നു ....

രാവിലെ തന്നെ വാര്‍ഡന്‍ സിസ്റ്റര്‍ കാണാതെ എല്ലാം എടുത്തു മാറ്റിവക്കാന്‍ തീരുമാനിച്ചെങ്കിലും സിന്ധുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, വൈകിട്ടുവരെ അവിടെത്തന്നെ വെക്കാന്‍ തീരുമാനിച്ചു. അലമാര നിരക്കിവച്ച് ഒറ്റയടിക്ക് കാണാത്തവിധത്തിലാക്കി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വാര്‍ഡന്‍ സിനിമക്കുപോകാനുള്ള അനുവാദം തന്നത്. മോര്‍ണിംഗ് ഷോ. എല്ലാരും ചടുപടാ ഒരുങ്ങി സിനിമക്കുപോയി..

സിനിമക്കുശഷം ഐസ്‌ക്രീമും കഴിച്ച് അടിച്ചുപൊളിച്ചു ഹോസ്റ്റലില്‍ എത്തി. കണിവെച്ചിരിക്കുന്നിടത്തേക്ക് ഓടിപ്പോയ ഡെയ്‌സി ജയേച്ചിയെ ഉച്ചത്തില്‍ വിളിച്ചു. അവളുടെ മുഖമിത്തിരി പരിഭ്രാന്തിയിലാണ്. 'ചേച്ചി മാലയെടുത്തിരുന്നോ ?'

എല്ലാ സന്തോഷങ്ങളും ഒറ്റയടിക്ക് കാറ്റില്‍പ്പറത്തി ജയേച്ചിയും പരിഭ്രാന്തിയില്‍ .. 'ഇല്ലെടാ ... അവിടെത്തന്നെ ഉണ്ടാരുന്നല്ലോ ..'

ശ്വാസം നിന്നുപോയെന്നുപറയാം. മൂന്നരപവന്റെ മാലയാണ്. എല്ലാരും ഒരുമിച്ചാണ് സിനിമക്ക് പോയതും. ഇനി കിച്ചണില്‍ പണിയെടുക്കുന്ന ചേച്ചിയെങ്ങാനും...?

പക്ഷേ ഉച്ചക്കത്തെ സദ്യയൊരുക്കുന്ന തിരക്കില്‍ അവര്‍ക്കൊരിക്കലും ഇവിടെവരാന്‍ സമയമുണ്ടാവില്ല . ആകപ്പാടെ കണ്‍ഫ്യൂഷന്‍. എങ്ങനെ മാല കണ്ടെത്തും .വാര്‍ഡന്‍ അറിഞ്ഞാലുള്ള പുകില്‍ വേറെ. 

പൊട്ടിയൊഴുകാന്‍ പാകത്തില്‍ ജയേച്ചിയുടെയും ഡെയ്‌സിയുടെയും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്

ജയേച്ചിയാണ് എല്ലാരുടേം ബാഗുകള്‍ തപ്പാം എന്നുപറഞ്ഞത്. ഏതുനിമിഷവും പൊട്ടിയൊഴുകാന്‍ പാകത്തില്‍ ജയേച്ചിയുടെയും ഡെയ്‌സിയുടെയും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. എന്റെ മനസ്സാകെ തകര്‍ന്നുതരിപ്പണമായി. ഒരാളുടെപോലും മുഖത്തുനോക്കാനോ മിണ്ടാനോ വയ്യ. അതിനിടയില്‍ ലഞ്ചിനുള്ള ബെല്‍ മുഴങ്ങി. വിഷുവിനുള്ള സ്‌പെഷ്യല്‍ സദ്യയാണ്. ഏറെ നാളായി കാത്തിരിക്കുന്നത്. സാധാരണ ദിവസങ്ങളിലെ ഭക്ഷണം നിവൃത്തിയില്ലാതെ കഴിക്കുന്നുവെങ്കിലും വിശേഷദിവസങ്ങളില്‍ പൊതുവെ നല്ല ഭക്ഷണമാവും. ആരും ചെല്ലാതിരുന്നതിനാല്‍ രണ്ടാംവട്ടവും ബെല്ലടിച്ചു. ഇനിയും ചെന്നില്ലേല്‍ പുകിലുവേറെയാകും.

കൊല്ലാന്‍ കൊണ്ടുപോകുന്ന ആടുകളെപ്പോലെ ഓരോരുത്തരും മെസ്സ് ഹാളിലേക്ക്. ആരുടേയും വായില്‍ നാവില്ല. കിച്ചണിലെ വിലാസിനിച്ചേച്ചി വലിയ സന്തോഷത്തോടെ വിളമ്പാന്‍ വന്നെങ്കിലും ഞങ്ങളുടെ മുഖം കണ്ട് തിരിച്ചുപോയി. പിന്നെ വന്നത് വാര്‍ഡനെ കൂട്ടിക്കൊണ്ടാണ്. 

'എന്താ എല്ലാരുടേം മുഖം വല്ലാതിരിക്കുന്നേ ? ഫുഡ് ഇഷ്ടമായില്ലെന്നുണ്ടോ ....? നിര്‍ബന്ധമായും എല്ലാരും കഴിച്ചുകൊള്ളണം .... വെറുതെ കളയാന്‍ പറ്റില്ല. ' കടുത്ത മുഖത്തോടൊപ്പം കടുത്തവാക്കുകളും.

എന്നിട്ടും ആരുടേയും മുഖത്ത് മാറ്റമില്ല. സിസ്റ്ററുടെ മുഖം ഒന്നുകൂടി കടുത്തു.

ആരാ കണിയൊരുക്കിയതെന്ന ചോദ്യത്തിന്, എങ്ങനെ ഉത്തരം പറയും?

'ഇനി ആര്‍ക്കെങ്കിലും എന്തേലും പറയാനുണ്ടോ? ഇല്ലേല്‍ മര്യാദക്ക് കഴിച്ചിട്ട് പൊക്കോ!'

എന്റെയും ജയേച്ചിയുടെയും കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടി. എന്തായാലും വാര്‍ഡനോട് പറയുകതന്നെ. വരുന്നിടത്തുവച്ചു കാണാം. 

ഞാനാണ് പറഞ്ഞുതുടങ്ങിയതെങ്കിലും ജയേച്ചി കാര്യങ്ങള്‍ അവതരിപ്പിച്ചു.വിഷുക്കണിയും മാല കാണാതെ പോയതും. 

ആരാ കണിയൊരുക്കിയതെന്ന ചോദ്യത്തിന്, എങ്ങനെ ഉത്തരം പറയും? ക്രിസ്ത്യാനികളായ ഞങ്ങളുടെ പേരുകേട്ടാല്‍ പിന്നവിടെ ഉണ്ടാകുന്ന പൂരം പറഞ്ഞറിയിക്കേണ്ടി വരില്ല. ഒരു ശിവരാത്രി ആഘോഷത്തിന്റെ വെടിക്കെട്ട് എന്നും ഓര്‍മ്മയിലുണ്ട്. ഇനിയിപ്പോ വിഷുക്കണികൂടി!

'ഞാനും ജയേച്ചിയും....'. സിന്ധുവാണ് ഉച്ചത്തില്‍ പറഞ്ഞത്. ഒരു എട്ടാം ക്‌ളാസ്സുകാരിയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണം ഹോ ...ചെറിയൊരു ആശ്വാസം.

'ഉം... ' വലിയൊരു മൂളല്‍. രണ്ടാളും ഹിന്ദുക്കള്‍ ആയതിനാലാവും സിസ്റ്ററുടെ മുഖത്ത് പ്രതീക്ഷിച്ച അത്ര ദേഷ്യം കാണുന്നില്ല.

'ഒരു നല്ലദിവസം പ്രമാണിച്ച് ചീത്ത പറയുന്നില്ല. പക്ഷേ അനുവാദം വാങ്ങാതെ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍...പറഞ്ഞില്ലാന്നു വേണ്ടാ. ഉത്തരവാദിത്തമില്ലാതെ ഓരോന്ന് ചെയ്തുകൂട്ടും, എന്നിട്ടിരുന്നു മോങ്ങണം'.

പിന്നെ പോക്കറ്റില്‍ കയ്യിട്ട് ഒരു മായാജാലക്കാരിയുടെ ഭാവത്തോടെ മാലയെടുത്തു ജയേച്ചിയുടെ കഴുത്തിലിട്ടു.

ഒരു വിഷുവല്ല, ഒരായിരം വിഷുവന്നാലും കണ്ടാലും അന്നത്തെ ആ 'മായാജാലം'! അതില്‍ക്കൂടുതലായൊരു വിഷുക്കണി എനിക്കുണ്ടാവില്ല.!