ഹനാന്റെ കേസില്‍ എന്താണ് സംഭവിച്ചത്? ഒറ്റ ദിവസം കൊണ്ട് ഒരുവള്‍ മാലാഖയും പിശാചുമായി മുദ്രകുത്തപ്പെട്ടത് എങ്ങനെയാണ്? ആരാണ് അതിനുത്തരവാദികള്‍?കെ.പി റഷീദ് എഴുതുന്നു

നമുക്കു പാര്‍ക്കാന്‍ ഇനിയും മുന്തിരിപ്പാടങ്ങളുണ്ടാവും. നമുക്ക് തിമിര്‍ക്കാനും പൊങ്കാലയിടാനും നന്‍മ പ്രദര്‍ശിപ്പിക്കാനും ഇനിയും ആളുകള്‍ വരും. നാമവയില്‍ അടിമുടി മുങ്ങിയും പൊങ്ങിയും ഉല്ലാസത്തോടെ കഴിയും. അടുത്ത തവണയും നമ്മുടെ നന്‍മകളെ ഉത്തേജിപ്പിക്കുന്ന വല്ലതും കണ്ടാല്‍ നാം ആവേശഭരിതരാവും. നമ്മുടെ നന്‍മകളെ അപമാനിക്കുന്നുവെന്ന് ആരെക്കുറിച്ചെങ്കിലും ആരെങ്കിലും പറഞ്ഞാല്‍ കത്തിയെടുക്കും. വിര്‍ച്വല്‍ കാലത്തെ രസകരമായ കളി ആയതിനാല്‍ ഇതിങ്ങനെ തുടരുക തന്നെ ചെയ്യും. കെ.പി റഷീദ് എഴുതുന്നു

ഹനാന്റെ കേസില്‍ എന്താണ് സംഭവിച്ചത്? 
ഒറ്റ ദിവസം കൊണ്ട് ഒരുവള്‍ മാലാഖയും പിശാചുമായി മുദ്രകുത്തപ്പെട്ടത് എങ്ങനെയാണ്? 
ആരാണ് അതിനുത്തരവാദികള്‍?

ഹനാന്‍ വായിക്കപ്പെട്ടതിന്റെ മൂന്നാം നാളില്‍ ചര്‍ച്ചകള്‍ ഈ വഴിക്കാണ്. അതുമായി ബന്ധപ്പെട്ട പലതരം പോസ്റ്റുകള്‍. തെറ്റു പറ്റിയെന്നു പറയുന്നവര്‍. ഇപ്പോഴും സംശയമുണ്ടെന്ന് പറയുന്നവര്‍. പാവമായ മലയാളികള്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പറയുന്നവര്‍. വിശകലനം ചെയ്ത് എങ്ങോട്ടോ പോവുന്നവര്‍. 'ആ പാവം കുട്ടി ജീവിച്ചുപോട്ടെ' എന്ന് ഹനാനെക്കുറിച്ച് നിരന്തരം സ്റ്റാറ്റസുകളില്‍ അഭ്യര്‍ത്ഥന നടത്തുന്നവര്‍.

നോക്കൂ, ചങ്ങാതിമാരേ, ഇത്ര ബുദ്ധിമുട്ടണമെന്നില്ല. അവള്‍ ജീവിച്ചോളും!

അതിനാരുടെയും ഔദാര്യം വേണ്ട. വിലാപവും അഭ്യര്‍ത്ഥനയും വേണ്ട. ആ പത്രവാര്‍ത്തയ്ക്കു മുമ്പും അവളുണ്ടായിരുന്നു. അതിനു ശേഷവും ഉണ്ടാവും. കാരണം ഇത് അവളുടെ ജീവിതമാണ്. കൊച്ചുന്നാളിലേ, ജീവിതത്തിന്റെ യുദ്ധഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടവളാണ്. മാതൃകകളോ ഉദാഹരണങ്ങളോ മുന്നിലില്ലാത്ത നേരം സ്വയം പാതവെട്ടിനടന്നവള്‍. ഒറ്റയ്ക്ക് മുന്നോട്ടുപോവാനാവുമെന്ന് ജീവിതം കൊണ്ട് തെളിയിച്ചവള്‍. അവളിനിയും അവളുടെ ജീവിതം ജീവിക്കുകതന്നെ ചെയ്യും.

അതിനിടെ ആകെ സംഭവിച്ചത് അവളൊരു വാര്‍ത്തയായി മാറി എന്നതാണ്. നന്‍മയും സഹതാപവും സമൃദ്ധമായുള്ള നമ്മളില്‍ പലര്‍ക്കും നമ്മുടെ നന്‍മ ഇറക്കിവെക്കാനാവുന്ന ഒരിടമായി അവള്‍ മാറി എന്നതാണ്. നമ്മുടെ ഉദാരത കൊണ്ട് രക്ഷപ്പെടുത്താനാവുന്ന ഒരാളായി അവളെ കണ്ടു എന്നതാണ്.

പക്ഷേ, അത് നമ്മുടെ മാത്രം കാര്യമാണ്. അവള്‍ക്കതല്ല.

നമുക്ക് മറ്റൊരു വിഷയം കിട്ടുവോളം ചര്‍ച്ച ചെയ്യാനുള്ള ഒരു വിഷയം മാത്രമാണവള്‍. മറ്റൊരു വിവാദമുണ്ടാവുകയോ സംഭവമുണ്ടാവുകയോ എരിവും പുളിയുമുള്ള ഒരു പോസ്‌റ്റോ കമന്‍റാ ഉണ്ടാവുകയോ ചെയ്യും വരെ ചര്‍ച്ച ചെയ്യാനുള്ള ഇടവേളാ വിനോദം. അതോടൊപ്പം നമ്മുടെ നന്‍മയ്ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഒരു ബിംബവും. നമുക്ക് നമ്മുടെ നന്‍മ ഇറക്കിവെക്കാതെ പറ്റില്ല. നാലാളോട് അത് പ്രകടിപ്പിക്കാതെ പറ്റില്ല. നന്‍മയുടെ മരങ്ങളായി സ്വയം ഉയര്‍ന്നുനില്‍ക്കാതെ പറ്റില്ല. അതിനാല്‍, നമ്മളാ വാര്‍ത്ത ലൈക്ക് ചെയ്തു. ഷെയര്‍ ചെയ്തു. വലിയ നെടുങ്കന്‍ കുറിപ്പുകളിട്ട് ആവേശഭരിതരായി. അവള്‍ക്കു വേണ്ടി നാലാളോട് അഭ്യര്‍ത്ഥിച്ചു.

അവള്‍ക്കോ? അവള്‍ക്കിത് ജീവിതം. ഇന്നലെയും ഇന്നും നാളെയും മുന്നോട്ടു കൊണ്ടുപോവാന്‍ ബാധ്യതപ്പെട്ട ഒന്ന്. നമ്മളേതു വിഷയത്തിലേക്ക് മാറിയാലും അവളുടെ വിഷയം എന്നും അവള്‍ തന്നെയായിരിക്കും. അതിജീവനം തന്നെയായിരിക്കും. അത് കൊണ്ടാണ് എനിക്ക് നിങ്ങളുടെ പണം വേണ്ട, വൈറലാവണ്ട, ഔദാര്യം വേണ്ട എന്നവള്‍ ആവര്‍ത്തിക്കുന്നത്.

അതിനാല്‍, തന്നെ ആരെങ്കിലും പറയുന്നത് കേട്ട് സ്വയം മറ്റൊരാളായി മാറാന്‍ അവള്‍ക്കാവില്ല. നമുക്കാവും. അതാണ് സംഭവിച്ചത്.

ഫേസ്ബുക്ക് ലൈവിന്റെ ഉന്നം
കൂട്ടത്തിലാരോ അവള്‍ ഒരു പെരും തട്ടിപ്പാണെന്ന്, ഒരു വസ്തുതയുടെയും പിന്‍ബലമില്ലാതെ, ഒരു തെളിവുമില്ലാതെ, വെറുതെ, ഉത്തരവാദിത്തമില്ലാതെ, അലക്ഷ്യമായി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. തങ്ങളുടെ ഔദാര്യത്തിന് വിധേയയായ ഒരുവള്‍ തങ്ങളാഗ്രഹിക്കുന്ന വിധം നടക്കുന്നില്ലല്ലോ എന്ന കലിപ്പ് മാത്രമായിരുന്നു ആ ഗൂഢാലോചനാ തിയറിയുടെ മര്‍മ്മം. ലൈക്കുകളും വ്യൂസുമാണ് ഒരു ഫേസ്ബുക്ക് ലൈവിന്റെ ഉന്നം. പരമാവധി ആളുകളില്‍ എത്തണം. അതിനു വേണ്ട സ്റ്റഫ് അതിലുണ്ടാവണം. അത്തരം ഉന്നം മനസ്സില്‍ കണ്ടുകൊണ്ടുള്ള ലക്ഷണമൊത്ത ആ ഫേസ്ബുക്ക് ലൈവ് ലക്ഷ്യം കണ്ടു. ആളുകള്‍ അത് വേദവാക്യമായി എടുത്തു. ഒരു പെണ്‍കുട്ടി ജീവിച്ച ജീവിതത്തിന്റെ തീയാകെ മറന്നു.

ങേ, നന്‍മമരങ്ങളെ അപഹസിക്കുന്നോ എന്ന ഞെട്ടല്‍ ആദ്യം വന്നു. എന്റെ ലൈക്ക്, എന്റെ ഷെയര്‍, എന്റെ സാഹിത്യം കുറുക്കിയ വാചകങ്ങള്‍-അവ പാഴായല്ലോ എന്ന അരിശമായി അതു മാറി. ആ ഫേസ്ബുക്ക് ലൈവില്‍ പറയുന്നതെന്ത് എന്നാരും ആലോചിച്ചില്ല. അത് സത്യമാണോ എന്നാരും ഓര്‍ത്തില്ല. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അയാളത് പറഞ്ഞത് എന്നോര്‍ത്തില്ല. പകരം, തങ്ങളുടെ ഔദാര്യങ്ങളുടെയും നന്‍മയുടെയും ഗുണഭോക്താവായ ഒരാള്‍ വഞ്ചിച്ചു എന്ന ഞെട്ടലിലേക്കാണ് നമ്മള്‍ എത്തിയത്.

ഹനാന്‍ ഫേക്കാണെന്ന് കേള്‍ക്കുന്നു, അതൊരു സിനിമാ പ്രമോഷനു വേണ്ടിയുള്ള നാടകമായിരുന്നുവെന്ന് അറിയുന്നു എന്ന, ഒട്ടും ഉറപ്പില്ലാത്തമട്ടിലായിരുന്നു ആദ്യം ഇതു സംബന്ധിച്ചുവന്ന പോസ്റ്റുകള്‍. അക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളോ വസ്തുതകളോ വ്യക്തതയോ ഒന്നും പിന്നെ ഉണ്ടായില്ലെങ്കിലും, ആദ്യത്തെ സംശയം തീര്‍ന്നു എന്ന മട്ടിലായി പിന്നെ പോസ്റ്റുകള്‍. ആടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടി എന്നു പറഞ്ഞ് തല്ലിക്കൊല്ലുകയും ചെയ്യുന്ന നാട്ടുനടപ്പിന്റെ വിര്‍ച്വല്‍ മാതൃക നടപ്പായി. അതോടെ സംശയം മാറി ഉറപ്പുകളായി. തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന മട്ടില്‍, വഞ്ചകരോട് കാണിക്കാവുന്ന പകയോടെയും നീരസത്തോടെയും അക്രമണമായി. അപ്പുറത്ത് ഒരു പെണ്ണാവുമ്പോള്‍ വീര്യം കൂടുകയും ഭാഷ കട്ടത്തെറിയും ലൈംഗിച്ചുവയുള്ളതും അശ്‌ളീലവുമാവുന്ന ഫേസ്ബുക്ക് രീതിയിലേക്ക് സ്ഥിരം വേട്ടക്കാരുടെ ആണത്തത്വര ഉണര്‍ന്നു. ലൈക്കിനും ഷെയറിനുമപ്പുറം തങ്ങള്‍ക്ക് ഒരു തരത്തിലും പങ്കാളിത്തം അവകാശപ്പെടാനില്ലാത്ത വിഷയം ആയിട്ടും ഹനാന്റെ ഫേസ്ബുക്ക് പേജിലേക്ക് അവര്‍ പാഞ്ഞടുത്തു. ആണുങ്ങള്‍ മാത്രമല്ല, യുക്തിഭദ്രമായി കാര്യങ്ങള്‍ നോക്കിക്കാണുന്നുവെന്ന് അവകാശപ്പെടുന്ന പെണ്ണുങ്ങള്‍ പോലും പുച്ഛവും തമാശയും ട്രോളുമായി ഉറഞ്ഞു. ആണ്‍വേട്ടക്കാരുടെ വര്‍ദ്ധിതവീര്യത്തിന് കൈയടിയുമായി ഒപ്പം അണിനിരന്നു. ഈ വേട്ടക്കാരുടെയും പുച്ഛക്കാരുടെയും കൂട്ടത്തില്‍ എല്ലാ പാര്‍ട്ടിക്കാരും എല്ലാ മതക്കാരും ജാതിക്കാരുമുണ്ടായിരുന്നു. സ്വന്തം രാഷ്ട്രീയമോ നിലപാടോ മത ജാതി സ്പിരിറ്റോ ലിംഗപരമായ സാഹോദര്യമോ ഒന്നും ഹനാനെ ആക്രമിക്കുന്നതില്‍നിന്ന് ആരെയും തടഞ്ഞില്ല.

നന്‍മ തന്നെയായിരുന്നു ഇതിന്റെയും പ്രഭവകേന്ദ്രം. തങ്ങളുടെ നന്‍മയില്‍ ഊറ്റം കൊള്ളുന്നവര്‍ ആ നന്‍മയെ ആരോ അപമാനിച്ചു എന്ന വിധമാണ് ഈയവസ്ഥയെ നേരിട്ടത്. അതിനു മുന്നില്‍ യുക്തിയോ രാഷ്ട്രീയ ബോധമോ മനുഷ്യത്വമോ ഒന്നും വിലപ്പോയില്ല. ഉദാഹരണത്തിന്, ആ മാധ്യമ റിപ്പോര്‍ട്ടിലുള്ള സംശയങ്ങള്‍ ചൂണ്ടിക്കാട്ടി ഹനാന്‍ ഫേക്ക് ആണെന്ന് പറഞ്ഞവരുടെ കാര്യം എടുക്കുക. അവര്‍ക്കറിയാം ഈ റിപ്പോര്‍ട്ട് ഒരു ജേണലിസ്റ്റ് എഴുതിയതാണ്, മറ്റൊരു ജേണലിസ്റ്റ് എഡിറ്റ് ചെയ്തതാണ്, ഒരു മാധ്യമ സ്ഥാപനം ഇറക്കിയതാണ് എന്ന കാര്യങ്ങളൊക്കെ. വാര്‍ത്തയില്‍ പറയുന്ന ആള്‍ക്ക് ആ റിപ്പോര്‍ട്ട് നാളെ വരാന്‍ പോവുന്നത് എങ്ങനെ ആയിരിക്കുമെന്ന ധാരണപോലും ഉണ്ടാവില്ലെന്നും എല്ലാവര്‍ക്കും അറിയാം. എന്നാലും, ആ റിപ്പോര്‍ട്ടിന്റെ പേരില്‍ അവര്‍ തിരഞ്ഞുപോയത് അതിലുള്ള പെണ്‍കുട്ടിയെയായിരുന്നു. മാധ്യമപ്രവര്‍ത്തകരോടുള്ള തുടര്‍കലിപ്പ് വെച്ച് ചിലര്‍ മാതൃഭൂമിയെയും ലേഖകനെയും തെറിപറഞ്ഞുവെങ്കിലും ഉന്നം ആ പെണ്‍കുട്ടി തന്നെയായിരുന്നു. യുക്തിയായിരുന്നില്ല, തങ്ങള്‍ക്കിഷ്ടപ്പെട്ട ഇരയെ ഒത്തുകിട്ടിയതിലുള്ള തിമിര്‍പ്പ് മാത്രമായിരുന്നു അവരെ ഭരിച്ചത്.

പച്ചനുണകളുടെ മേല്‍ തീര്‍ത്ത ഗൂഢാലോചനകള്‍
അവ്യക്തതയുടെയും സംശയങ്ങളുടെയും ദുരൂഹതയുടെയും കള്ളങ്ങളുടെയും പകയുടെയും ഈ അന്തരീക്ഷത്തിലാണ് നിങ്ങളീ പറയുന്നത് കള്ളമാണെന്ന് അവളുടെ കൂട്ടുകാര്‍ക്കും സ്ഥാപന അധികൃതര്‍ക്കും ഒപ്പം മീന്‍ വിറ്റവര്‍ക്കുമടക്കം പരസ്യമായി പറയേണ്ടിവന്നത്. പച്ചനുണകളുടെ മേല്‍ തീര്‍ത്ത ഗൂഢാലോചനകള്‍ വസ്തുതയുടെ അടിസ്ഥാനത്തില്‍, പൊളിക്കേണ്ടി വന്നത്. ജീവിതകാലമത്രയും സ്വന്തം ശരിയുടെ വെളിച്ചത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സ്വയം സ്ഥാപിക്കാന്‍ വേണ്ടി താനാരാണെന്ന് നിരന്തരം ആവര്‍ത്തിക്കേണ്ടിവന്നത്. അവള്‍ക്കെതിരായ ആരോപണങ്ങളിലെ വസ്തുതാ വിരുദ്ധതയും കള്ളവും ബോധ്യമായ മറ്റു ചിലര്‍ അവള്‍ക്കു വേണ്ടി സംസാരിക്കാന്‍ തുടങ്ങിയത്.

അതു കേട്ടുകേട്ടാണ്, 'അയ്യോ, അങ്ങനെയായിരുന്നോ എന്ന് ഇതേ ആള്‍ക്കൂട്ടം അമ്പരന്നത്. ഇതൊന്നും തങ്ങള്‍ അറിഞ്ഞില്ലല്ലോ, ആലോചിച്ചില്ലല്ലോ എന്ന് നിഷ്‌കളങ്കമായി പറഞ്ഞ് കൈകഴുകിയത്. തങ്ങള്‍ വീണ്ടും വഞ്ചിക്കപ്പെട്ടുവെന്ന് വിലപിച്ചത്. ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക് തങ്ങള്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്തമോ ഗൗരവമോ കാണിക്കാതെയാണ് തങ്ങള്‍ വിധിയെഴുത്ത് നടത്തിയതെന്നോ ഒരാളെ കുറ്റക്കാരനായി വിധിച്ചതെന്നോ ശിക്ഷ നടപ്പാക്കിയതെന്നോ ഓര്‍ക്കാന്‍ ഈ ആള്‍ക്കൂട്ടം ഇഷ്ടപ്പെട്ടതേയില്ല. തങ്ങളാരാണെന്ന് വെളിപ്പെട്ട ആ നിമിഷങ്ങളെ റിമൂവ് ചെയ്തും ഹൈഡ് ചെയ്തും വീണ്ടും നന്‍മയുടെ മാമരങ്ങളാവാന്‍ അവര്‍ കഠിനമായി ശ്രമിച്ചു. പൊടുന്നനെ മലക്കം മറിഞ്ഞു. ഹനാനെതിരായി നടന്ന ആക്രമണങ്ങള്‍ ആദ്യമായി കണ്ടുവെന്ന മട്ടില്‍ ആശ്ചര്യം കൂറി. 'എന്നോടും ഹനാനോടും കളിക്കാന്‍ ആരെടാ' എന്ന് െചങ്കോല്‍ സിനിമയിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെ അനുസ്മരിക്കും വിധം അലറി.

കഥ ഇപ്പോള്‍ ഇവിടെ വരെയെത്തി.

ഇപ്പോള്‍ കേരളം അവള്‍ക്കൊപ്പമാണ്. മുഖ്യമന്ത്രി അവള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. പൊലീസ് അവളെ അപമാനിച്ചവര്‍ക്കെതിരെ നിലപാട് എടുക്കുന്നു. സോഷ്യല്‍ മീഡിയയും മീഡിയയും മൊത്തമായി അവള്‍ക്കൊപ്പം നില്‍ക്കുന്നു. ജീവിതം മൂന്നു നാള്‍ കൊണ്ട് എത്ര മാത്രം മാറിപ്പോയെന്ന് അമ്പരക്കുന്ന വിധം അവള്‍ ഇതിനെല്ലാമിടയില്‍ നില്‍പ്പു തുടരുന്നു.

ഇതിങ്ങനെ തുടരുക തന്നെ ചെയ്യും
​​​​​​​അപ്പോള്‍ ഇനി? നമ്മളീ കലാപരിപാടി അവസാനിപ്പിക്കുമോ? ഈ അനുഭവം നമ്മളെ പാഠം പഠിപ്പിക്കുമോ?

ഒന്നുമുണ്ടാവില്ല. നമുക്കു പാര്‍ക്കാന്‍ ഇനിയും മുന്തിരിപ്പാടങ്ങളുണ്ടാവും. നമുക്ക് തിമിര്‍ക്കാനും പൊങ്കാലയിടാനും നന്‍മ പ്രദര്‍ശിപ്പിക്കാനും ഇനിയും ആളുകള്‍ വരും. നാമവയില്‍ അടിമുടി മുങ്ങിയും പൊങ്ങിയും ഉല്ലാസത്തോടെ കഴിയും. അടുത്ത തവണയും നമ്മുടെ നന്‍മകളെ ഉത്തേജിപ്പിക്കുന്ന വല്ലതും കണ്ടാല്‍ നാം ആവേശഭരിതരാവും. നമ്മുടെ നന്‍മകളെ അപമാനിക്കുന്നുവെന്ന് ആരെക്കുറിച്ചെങ്കിലും ആരെങ്കിലും പറഞ്ഞാല്‍ കത്തിയെടുക്കും. വിര്‍ച്വല്‍ കാലത്തെ രസകരമായ കളി ആയതിനാല്‍ ഇതിങ്ങനെ തുടരുക തന്നെ ചെയ്യും. ബുദ്ധി ഉപയോഗിച്ചോ അല്ലാതെയും ആര്‍ക്കും വികാരാവേശം കൊള്ളിക്കാവുന്ന ആള്‍ക്കൂട്ടമായി നാം തുടരുക തന്നെ ചെയ്യും. മറക്കേണ്ടവ മറന്നും ഓര്‍ക്കേണ്ടവ ഓര്‍ത്തും വളരെ കംഫര്‍ട്ടബിളായുള്ള തുടര്‍ച്ച.

സംശയമുണ്ടെങ്കില്‍, തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുന്ന ശ്രീജിത്തിനെ ഒന്നോര്‍ക്കുക. അയാള്‍ക്കായി നാം മുഴക്കിയ മുദ്രാവാക്യങ്ങള്‍, രോഷങ്ങള്‍, സങ്കടങ്ങള്‍. ഏറെ മാറിപ്പോയ ഒരു ജീവിതം മുന്നില്‍ വെച്ച്, ഒന്നും ചെയ്യാനാവാതെ, ആരും കേള്‍ക്കാനാവാതെ നിസ്സഹായനായി അതേ കിടപ്പു തുടരുന്ന അയാള്‍ നമ്മുടെ നന്‍മയുടെയും കൂട്ടായ സാമൂഹ്യബോധത്തിന്റെയും ആഘാതശേഷിയുടെ ലക്ഷണമൊത്ത മാതൃക തന്നെയാണ്.