ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും പ്രായം കുറവുള്ള ശതകോടീശ്വരി. ഈ ബഹുമതി നോര്‍വേക്കാരിയായ അലക്‌സാണ്‍ഡ്ര ആന്‍ഡേഴ്‌സണിന് സ്വന്തം. ഫോര്‍ബ്‌സ് മാസികയുടെ കണക്കെടുപ്പിലാണ് അലക്‌സാണ്‍ഡ്ര ഈ ബഹുമതി നേടിയത്. സഹോദരി കാതറിനയും (20) ആഗോള സമ്പന്ന പട്ടികയില്‍ പെടുന്നു. ലോകത്തെ സമ്പന്നരില്‍ 1475 റാങ്ക് ഉള്ള അലക്‌സാണ്‍ഡ്രയ്ക്ക് വെറും 19 വയസ്സേ ഉള്ളൂ. സമ്പാദ്യം 1200 കോടി ഡോളര്‍. 

അതിസമ്പന്നനായ പിതാവ് ജോണ്‍ എഫ് ആന്‍ഡേഴ്‌സണില്‍നിന്നാണ് ഈ സമ്പാദ്യം അലക്‌സാണ്‍ഡ്രയില്‍ എത്തിച്ചേര്‍ന്നത്. പുകയില ഉല്‍പ്പാദന രംഗത്തെ വമ്പന്‍ കമ്പനിയുടെ ഉടമയാണ് ജോണ്‍ എഫ് ആന്‍ഡേഴ്‌സണ്‍. നോര്‍വേയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ ഫ്രെഡ് ഹോള്‍ഡിംഗ്‌സിന്റെ 80 ശതമാനം ഓഹരികളും 2007ലാണ് പിതാവ് മക്കളായ അലക്‌സാണ്‍ഡ്രയ്ക്കും സഹോദരി കാതറിനുമായി നല്‍കിയത്. ഇതോടെയാണ് ഇവരും സമ്പന്നരുടെ പട്ടികയില്‍ വന്നത്. 

'വലിയ ഉത്തരവാദിത്തമാണ് എനിക്ക് കൈവന്നത്. ഞാനിതിന് അര്‍ഹയാണോ എന്ന സംശയമുണ്ടായിരുന്നു എനിക്ക്. എന്നാല്‍, കമ്പനിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ കഠിനാധ്വാനം
ചെയ്യാന്‍ തയ്യാറാണ്'

ഇപ്പോള്‍ ജര്‍മനിയില്‍ കഴിയുകയാണ് അലക്‌സാണ്‍ഡ്ര. മികച്ച കുതിര സവാരിക്കാരി കൂടിയാണ് അലക്‌സാണ്‍ഡ. യൂറോപ്യന്‍ ജൂനിയര്‍ ഹോഴ്‌സ് റെഡേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

തനിക്ക് കൈവന്ന ഈ ഭാഗ്യത്തെ വലിയ ഉത്തരവാദിത്തമായാണ് അലക്‌സാണ്‍ഡ്ര കാണുന്നത്. ഈയിടെ പുറത്തുവന്ന ഒരഭിമുഖത്തില്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്: 'വലിയ ഉത്തരവാദിത്തമാണ് എനിക്ക് കൈവന്നത്. ഞാനിതിന് അര്‍ഹയാണോ എന്ന സംശയമുണ്ടായിരുന്നു എനിക്ക്. എന്നാല്‍, കമ്പനിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണ്'