Asianet News MalayalamAsianet News Malayalam

സ്വർണ കള്ളക്കടത്ത് തടയാൻ മാർഗമുണ്ട്: നീതി ആയോഗ് ഗോൾഡ് റിപ്പോർട്ട് നടപ്പാക്കണം; കേന്ദ്ര ബജറ്റിൽ വലിയ പ്രതീക്ഷ

രാജ്യത്തേക്കുളള സ്വർണത്തിന്റെ ഇറക്കുമതി ഓരോ വർഷവും 800 മുതൽ 1000 ടൺ വരെയാണ്. ഇതിന്റെ വലിയ മടങ്ങ് നിർഭാഗ്യവശാൽ കളളക്കടത്തായി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.

Gems and Jewellery Industry in India union budget 2021 expectations by adv s abdul nasar
Author
Thiruvananthapuram, First Published Jan 22, 2021, 2:27 PM IST

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുകയാണ്. കൊവിഡും ഉയർന്ന നികുതി ഭാരവും കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (PMLA) പരിധിയിലേക്ക് മേഖലയെ കൂട്ടിച്ചേർത്തതും ഉൾപ്പെ‌ടെയുളള നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് ജ്വല്ലറി വ്യവസായം. വ്യവസായത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് സർക്കാരുകളുടെ പിന്തുണ അനുവാര്യമാണ്.

വരാനിരിക്കുന്ന എൻഡിഎ സർക്കാരിന്റെ ബജറ്റിനെ ഏറെ പ്രതീക്ഷകളോടെയാണ് ജ്വല്ലറി വ്യവസായ രംഗം സമീപിക്കുന്നത്. പ്രധാനമായും സ്വർണത്തിന്റെ ഇറക്കുമതി ചുങ്കത്തിലാണ് മേഖല ഇളവ് തേടുന്നത്. ഈ ഉയർന്ന നികുതി ഭാരം രാജ്യത്തേക്കുളള കള്ളക്ക‌ടത്ത് കൂടാനും ഇടയാക്കിയിട്ടുണ്ട്. രാജ്യത്തേക്കുളള സ്വർണത്തിന്റെ ഇറക്കുമതി ഓരോ വർഷവും 800 മുതൽ 1000 ടൺ വരെയാണ്. ഇതിന്റെ വലിയ മടങ്ങ് നിർഭാഗ്യവശാൽ കളളക്കടത്തായി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. വിമാനത്താവളങ്ങൾ, കടൽമാർഗം, രാജ്യാതിർത്തികൾ വഴി എന്നിവയിലൂടെയാണ് കള്ളക്കടത്ത് സ്വർണം വരുന്നത്. വിമാനത്താവളങ്ങൾ വഴി വരുന്നത് മാത്രമാണ് വല്ലപ്പോഴും പിടിക്കപ്പെടുന്നത്. കടൽ വഴിയുള്ളത് ഇപ്പോഴും നിർബാധം തുടരുകയാണ്.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമാണ്. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഇത് കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്.

കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. എയർപോർട്ട് ഉദ്യോഗസ്ഥരും, പോലീസും, കള്ളക്കടത്ത് സംഘങ്ങൾക്ക് തണലൊരുക്കുമ്പോൾ കള്ളക്കടത്ത് നിർബാധം തുടരുകയും ചെയ്യുന്നു. ഇത്തരത്തിൽ കള്ളക്കടത്തായി വരുന്ന സ്വർണം എവിടെ കൊണ്ടു പോകുന്നു, ആരാണ് ആഭരണം നിർമ്മിക്കുന്നത്, എവിടെയാണ് വിൽക്കപ്പെടുന്നത് ഇതൊക്കെ അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളും ജിഎസ്ടി ഉദ്യോഗസ്ഥരുമാണ്. പക്ഷേ, നിർഭാഗ്യം എന്ന് പറയട്ടെ ഇത്തരം കാര്യങ്ങളിൽ വലിയ അന്വേഷണം രാജ്യത്ത് നടക്കാറില്ല.

 രണ്ട് ലക്ഷം കോടി രൂപയുടെ അനധികൃത സ്വർണ വ്യാപാരം

കേരളത്തിൽ ജി എസ് ടി യിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള 7,000 ഓളം വരുന്ന സ്വർണ വ്യാപാരികളുടെ വാർഷിക വിറ്റുവരവ് ഏകദേശം 30,000 മുതൽ 40,000 കോടി വരെ രൂപയുടേതാണ്.

എന്നാൽ, രണ്ട് ലക്ഷം കോടി രൂപയുടേതാണ് അനധികൃത സ്വർണ വ്യാപാര മേഖല എന്ന് പലവിധ അന്വേഷണ റിപ്പോർട്ടുകളിലൂടെ മുൻകാലങ്ങളിൽ തെളിഞ്ഞിട്ടുളളതുമാണ്. 2004 ൽ രണ്ട് ശതമാനം ആയിരുന്ന ഇറക്കുമതിച്ചുങ്കം പിന്നീട് 10 ശതമാനമായി വർദ്ധിപ്പിച്ചു. പിന്നീടത് ഇത് 12:5 ശതമാനമായും ഉയർത്തി. നികുതി വരുമാനം വർദ്ധിപ്പിക്കാനെന്നാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അഭിപ്രായപ്പെ‌ട്ടത്.

കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതിയേക്കാൾ കുടുതൽ നികുതി ഇറോഷനാണ് സംഭവിക്കുന്നതെന്ന സത്യം സർക്കാർ മനസ്സിലാക്കുന്നില്ലെന്നത് വിഷമകരമാണ്. കള്ളക്കടത്ത് അനാകർഷകമാക്കാൻ കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം എടുത്തു കളയുകയോ, നികുതി നാല് ശതമാനം ആക്കി കുറയ്ക്കുകയോ ചെയ്താൽ, കള്ളക്കടത്ത് ഇല്ലാതാക്കാൻ കഴിയും.

ഏകദേശം 250 ടണ്ണിലധികം സ്വർണമാണ് കള്ളക്കടത്തായി രാജ്യത്തേക്ക് വരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 950 ലക്ഷം കോടി രൂപയുടെ 1,500 ടൺ കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തലുകൾ സുചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉചിതമായ നിലപാട് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള പണത്തിന് എന്തുചെയ്യാൻ കഴിയുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. കള്ളക്കടത്തുകാർ രാജ്യത്ത് നിർലോഭം വിലസുന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. എന്നാൽ വിലയേറിയ ലോഹങ്ങളുടെയും ഡയമണ്ട്, പ്രഷ്യസ് സ്റ്റോണുകളുടെയും വ്യാപാരികൾ അവർക്ക് ഇപ്പോൾ ബാധകമായിട്ടുള്ള കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനോട് (PMLA) പോരാടാൻ ശ്രമിക്കുന്നു.  ഇന്ത്യയെ ആത്മ നിർഭാരമാക്കി മാറ്റുന്നതിൽ പ്രധാന പങ്കാണ് സ്വർണ വ്യാപാര മേഖല വഹിക്കുന്നത്. രാജ്യത്തെയും സ്വർണാഭരണ വ്യവസായത്തെ പരാജയപ്പെടുത്തുന്ന കള്ളക്കടത്ത് പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. സർക്കാർ ഇറക്കുമതി ചുങ്കത്തിൽ കുറവുകളൊന്നും വരുത്തിയില്ലെങ്കിൽ സ്വർണ വ്യാപാര മേഖല തളർച്ചയിലേക്ക് വീഴാൻ അധികകാലം വേണ്ടിവരില്ല.

ജിഎസ്‌ടി മൂന്ന് ശതമാനമാനത്തിൽ നിന്നും ഒരു ശതമാനമായി കുറയ്ക്കണം

നീതി ആയോഗ് ഗോൾഡ് റിപ്പോർട്ടിന്റെ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. ഹാൾ മാർക്കിംഗിൽ ബുദ്ധിമുട്ടിക്കുന്ന വ്യവസ്ഥകളുണ്ട് അത് പിൻവലിക്കണം. പി‌എം‌എൽ‌എ, പാൻ കാർഡ്, ജിഎസ്ടി, ഉപഭോക്തൃ സംരക്ഷണം എന്നിവയിൽ സ്വർണ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യവസ്ഥകൾ പിൻവലിച്ച് കൊവിഡ് ധനകാര്യ പ്രതിസന്ധി രൂക്ഷമായ മേഖലയെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷ.

പാൻ കാർഡിന്റെ ആവശ്യകത 5,00,000 രൂപയായി വർദ്ധിപ്പിക്കുക, രത്‌ന, ജ്വല്ലറി മേഖലയിൽ നിന്ന് കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി‌എം‌എൽ‌എ) വ്യവസ്ഥകൾ നീക്കം ചെയ്യുക എന്നിവയുമാണ് സർക്കാരിന് മുന്നിൽ മേഖലയ്ക്ക് സമർപ്പിക്കാനുളള പ്രധാന ആവശ്യങ്ങൾ. ജിഎസ്‌ടി നികുതി നിർണയത്തിലെ അപകതകൾ പരിഹരിക്കണമെന്ന് വർഷങ്ങളായി വ്യാപാര മേഖല ആവശ്യപ്പെടുന്നതാണ്. സ്വർണത്തിന്റെ ജിഎസ്ടി നിരക്ക് മൂന്ന് ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കുകയും സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ജോബ് വർക്ക് മാത്രം ചെയ്യുന്ന പണിക്കാർക്കുള്ള  ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറയ്ക്കുകയും വേണം.  

ഓൺലൈൻ വ്യാപാര മേഖല ഇന്ന് ഏറെ സജീവമാണ്. ഇന്റർനെറ്റ് വിൽപ്പന മാധ്യമത്തിലൂടെ സ്വർണ്ണാഭരണ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക, വിദേശനാണ്യത്തിനെതിരായ ചില്ലറ വിൽപ്പന കയറ്റുമതിയായി കണക്കാക്കണം. അടച്ച ഡ്യൂട്ടി റീഫണ്ട് വിൽപ്പന തീയതി മുതൽ ആയിരിക്കണം. ഡ്യൂട്ടി റീഫണ്ട് ചെയ്യുന്ന പ്രക്രിയ ലളിതവും തടസ്സമില്ലാത്തതും സങ്കീർണ്ണമല്ലാത്തതും സമയബന്ധിതവും 30 ദിവസമോ അതിൽ കുറവോ ഉള്ളിൽ അടയ്ക്കണം.  ഇത് കയറ്റുമതിക്കാരെ കയറ്റുമതി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സ്വർണാഭരണ വ്യവസായ മേഖലയുടെ പ്രതീക്ഷ.

- ലേഖകനായ അഡ്വ എസ് അബ്ദുൽ നാസർ, ഓൾ ഇൻഡ്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമാണ്. 

Follow Us:
Download App:
  • android
  • ios