Asianet News MalayalamAsianet News Malayalam

ധനികർക്കുള്ള നികുതിയിളവുകൾ കഴിഞ്ഞ 50 വർഷത്തിനിടെ ഒരു രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും രക്ഷിച്ചിട്ടില്ല; പഠനം

ധനികർ കൂടുതൽ ധനികരാവുന്നതിന്റെ പേരിൽ കാര്യമായ ഒരു ഗുണവും താഴെക്കിടയിലുള്ള പാവങ്ങളുടെ ജീവിത നിലവാരത്തിൽ ഉണ്ടായിട്ടില്ല എന്നും പഠനം നിരീക്ഷിക്കുന്നു. 
 

tax rebates for the rich do not trickle down to the poor says study by LSE
Author
London, First Published Feb 8, 2021, 4:15 PM IST

സമ്പന്നർക്ക് നികുതിയിളവുകൾ നൽകിയാൽ, അത് അവർക്ക് അഭിവൃദ്ധിയുണ്ടാക്കുമെന്നും, അതിന്റെ ഫലം താഴേക്കിറങ്ങിയിറങ്ങി വന്ന്, സമൂഹത്തിൽ തൊഴിലവസരങ്ങളും, വ്യാപാരാവസരങ്ങളും ഏറി, ഒടുവിൽ അതിന്റെ ഗുണം പാവപ്പെട്ടവർക്കും കിട്ടും എന്നതാണ് അമേരിക്കയിലെ കൺസർവേറ്റിവ് പക്ഷം അടക്കമുള്ള പലരുടെയും പതിറ്റാണ്ടുകളായിട്ടുള്ള നിലപാട്.  എന്നാൽ, ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് അടുത്തിടെ നടത്തിയ ഒരു പഠനം- 50 വർഷത്തിനിടെ നല്കപ്പെട്ടിട്ടുള്ള നികുതിയിളവുകളുടെ കണക്കുകൾ പരിശോധിച്ച് നടത്തിയ സമഗ്രമായ ഒരു പഠനം, അടിവരയിട്ടു തെളിയിക്കുന്നത് ഒരേയൊരു കാര്യമാണ്. ഈ നികുതിയിളവുകളുടെ ഗുണഭോക്താക്കൾ ഒരേയൊരു കൂട്ടർ മാത്രമാകുന്നു; ഈ നികുതിയിളവുകൾ നൽകപ്പെട്ട സമ്പന്നവർഗം. 

ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിലെ ഡേവിഡ് ഹോപ്പും, ലണ്ടൻ കിങ്‌സ് കോളേജിലെ ജൂലിയൻ ലിംബർഗും ചേർന്നെഴുതിയ ഈ അക്കാദമിക് പ്രബന്ധം, പതിനെട്ടു വികസിത രാജ്യങ്ങളിലെ 1965 മുതൽ 2015 വരെയുള്ള 50 വർഷത്തെ കണക്കുകൾ വിശകലനം ചെയ്ത് നടത്തിയ പഠനത്തിന്റെ ഫലമാണ്. ഓസ്‌ട്രേലിയ മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളിൽ ഇത്തരത്തിൽ ധനികവർഗത്തിന് നികുതിയിളവുകൾ നല്കപ്പെട്ടിട്ടുള്ള വർഷങ്ങളിൽ ആ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ, അത്തരത്തിലുള്ള നികുതിയിളവുകൾ ഇല്ലാതിരുന്ന രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുന്നുണ്ട് ഈ പഠനത്തിൽ.ഉദാ. 1982 -ൽ അമേരിക്കയിൽ റീഗൻ പ്രസിഡന്റായ സമയത്ത് ധനികർക്ക് നികുതിയിളവുകൾ അനുവദിക്കപ്പെട്ടിരുന്നു. നികുതിയിളവുകൾ നൽകപ്പെട്ട വർഷം തൊട്ടുള്ള അഞ്ചു വർഷക്കാലത്ത് അമേരിക്കയ്ക്കുണ്ടായ സാമ്പത്തിക വളർച്ചയെ മറ്റുള്ള വികസിത രാജ്യങ്ങളോട് താരതമ്യം ചെയ്യുന്നു പഠനം. പ്രതിശീർഷ വരുമാന, ജിഡിപി, തൊഴിലില്ലായ്മ, വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയ ഒരു വിധം മാനകങ്ങൾ എല്ലാം തന്നെ അമേരിക്കയ്ക്കും മറ്റുള്ള വികസിത രാജ്യങ്ങൾക്കും ആ കാലയളവിൽ ഒരുപോലെ ആയിരുന്നു എന്നും, ഇങ്ങനെ ഒരു നികുതിയിളവുകൊണ്ട്, അതിന്റെ പ്രത്യക്ഷ ഫലം എന്ന നിലയ്ക്ക് പറയത്തക്ക ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

പഠനത്തിൽ തെളിഞ്ഞ മറ്റൊരു ശ്രദ്ധേയമായ വസ്തുത, ഇത്തരത്തിൽ നികുതിയിളവ് അനുവദിക്കപ്പെട്ട രാജ്യങ്ങളിൽ ധനികരായ വ്യവസായികളുടെ ആസ്തിയിൽ കാര്യമായ വർധനവുണ്ടായി എന്നതാണ്. ആ വർധനവിന്റെ നിരക്ക് നികുതിയിളവ് കിട്ടാതിരുന്ന രാജ്യങ്ങളുടേതിനേക്കാൾ വളരെ അധികമായിരുന്നു. ധനികർ കൂടുതൽ ധനികരാവുന്നതിന്റെ പേരിൽ കാര്യമായ ഒരു ഗുണവും താഴെക്കിടയിലുള്ള പാവങ്ങളുടെ ജീവിത നിലവാരത്തിൽ ഉണ്ടായിട്ടില്ല എന്നും പഠനം നിരീക്ഷിക്കുന്നു. 

 

 

 

Follow Us:
Download App:
  • android
  • ios