Asianet News Malayalam

ഗുരുമൂര്‍ത്തിയിലൂടെ റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍

ഗുരുമൂര്‍ത്തിയെ നിയമിച്ച സര്‍ക്കാര്‍ നടപടി റിസര്‍വ് ബാങ്കിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് കോണ്‍ഗ്രസ്സ് വക്താവായ രണ്‍ദീപ് സൂര്‍ജാവാല നേരത്തെ പ്രതികരിച്ചിരുന്നു. സൂര്‍ജാവാലയുടെ ഈ പ്രതികരണം പിന്നീട് കോണ്‍ഗ്രസ്- ബിജെപി വാക്പോരായി മാറുകയും ചെയ്തു. 

Accountant Swaminathan Gurumurthy shaking up Reserve Bank of India
Author
Mumbai, First Published Dec 3, 2018, 10:39 AM IST
  • Facebook
  • Twitter
  • Whatsapp

ആര്‍എസ്എസിന്‍റെ സാമ്പത്തിക കാര്യ വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചിന്‍റെ മുന്‍ കോ- കണ്‍വീനറായിരുന്ന സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയിലൂടെ റിസര്‍വ് ബാങ്കില്‍ സര്‍ക്കാര്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുകയാണ്. ആഗസ്റ്റിലാണ് റിസര്‍വ് ബാങ്കിന്‍റെ സയറക്ടര്‍ ബോര്‍ഡിലേക്ക് ഗുരുമൂര്‍ത്തിയെത്തിയത്. 

റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ആര്‍ബിഐയുടെ വായ്പനയങ്ങളെയും ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെയും സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് രാജ്യത്ത് വലിയ ചര്‍ച്ച വിഷയമായിരുന്നു. ഇതോടെ വാര്‍ത്ത മാധ്യമങ്ങളില്‍ ഗുരുമൂര്‍ത്തി ശ്രദ്ധാകേന്ദ്രമായി മാറി.  

ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനുളള ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും, കിട്ടാക്കടമായി പരിണമിച്ചേക്കാവുന്ന വായ്പകള്‍ക്ക് ഫണ്ട് നീക്കിവെക്കുന്നതിനുളള നയം രൂപീകരിക്കുന്നതും അടക്കമുളള സര്‍ക്കാര്‍ നടപടികളെ റിസര്‍വ് ബാങ്ക് പിന്തുണയ്ക്കാത്തതിനെ ഗുരുമൂര്‍ത്തി രൂക്ഷമായി അന്ന് വിമര്‍ശിച്ചിരുന്നു. 

ഗുരുമൂര്‍ത്തിയെ നിയമിച്ച സര്‍ക്കാര്‍ നടപടി റിസര്‍വ് ബാങ്കിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് കോണ്‍ഗ്രസ്സ് വക്താവായ രണ്‍ദീപ് സൂര്‍ജാവാല നേരത്തെ പ്രതികരിച്ചിരുന്നു. സൂര്‍ജാവാലയുടെ ഈ പ്രതികരണം പിന്നീട് കോണ്‍ഗ്രസ്- ബിജെപി വാക്പോരായി മാറുകയും ചെയ്തു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടന്ന ബോര്‍ഡ് യോഗങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി ദേശീയ മാധ്യമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെതായ ആശങ്ങളുളളതായും അതിനായി അദ്ദേഹം ബോര്‍ഡില്‍ വലിയ സമ്മര്‍ദ്ദം ചെലത്തിയിരുന്നതായിയും' റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥന്‍റെ പ്രതികരണത്തെ മുന്‍നിര്‍ത്തി ഇക്കണോമിക്സ് ടൈംസ് വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മിലുളള അധികാര തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഒരുഘട്ടത്തില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു.

സ്വദേശി ജാഗരണ്‍ മഞ്ചില്‍ ഗുരുമൂര്‍ത്തിയുടെ സഹപ്രവര്‍ത്തകനായിരുന്ന അശ്വനി മഹാജന്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗത്തിലെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. 'കഴിഞ്ഞ 25 വര്‍ഷമായി തനിക്ക് ഗുരുമൂര്‍ത്തിയെ അറിയാം, റിസര്‍വ് ബാങ്ക് ബോര്‍ഡ് ഇത്രയും കാലം വെറും റബ്ബര്‍ സ്റ്റാമ്പ് മാത്രമായിരുന്നെന്നും ഗുരുമൂര്‍ത്തിയെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയതെന്നുമാണ് അശ്വനി മഹാജന്‍ പറയുന്നത്'. സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെപ്പറ്റി ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെ സംബന്ധിച്ച് പരാമര്‍ശമുളളത്. റിസര്‍വ് ബാങ്ക്- കേന്ദ്ര സര്‍ക്കാര്‍ അധികാര തര്‍ക്കം രൂക്ഷമായ നാളുകളില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഗുരുമൂര്‍ത്തിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു. 

അക്കൗണ്ടന്‍റായി തുടങ്ങി റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക്

തമിഴ്നാട് സ്വദേശിയായ 69 കാരന്‍ ഗുരുമൂര്‍ത്തി അക്കൗണ്ടന്‍റായാണ് തന്‍റെ തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. ഇന്ത്യന്‍ എക്സപ്രസ് പത്രത്തിന്‍റെ ഓഡിറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് പത്രത്തില്‍ കോളമിസ്റ്റാവുകയും ചെയ്തു. 1987 ല്‍ രാഷ്ട്രീയ സ്വാധീനം മൂലമുളള കേസില്‍ ഗുരുമൂര്‍ത്തി അറസ്റ്റിലായി. 2015 ല്‍ നടന്ന ഗുരുമൂര്‍ത്തിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ അതിഥികളെ കണ്ട് മറ്റുള്ളവര്‍ അത്ഭുതപ്പെട്ടു. ബിജെപി പ്രസിഡന്‍റ് അമിത് ഷായും അരുണ്‍ ജെയ്റ്റിലിയും അടക്കമുളള ഉന്നത നേതാക്കളാണ് അന്ന് ദില്ലിയില്‍ നിന്ന് ചെന്നൈയിലേക്ക് അതിഥികളായി പറന്നിറങ്ങിയത്. 

ഒരു തമിഴ് മാഗസിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ വളര്‍ച്ച പിന്നീട് വേഗത്തിലായിരുന്നു. ഒടുവില്‍ റിസര്‍വ് ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വരെ ആ വളര്‍ച്ച നീണ്ടു. 

റിസര്‍വ് ബാങ്കിന്‍റെ പണനയ സമിതിയുടെ യോഗം അടുത്ത ദിവസങ്ങളില്‍ ചേരാനിരിക്കേ ഗുരുമൂര്‍ത്തി ബോര്‍ഡ് യോഗത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാകും. കേന്ദ്ര സര്‍ക്കാരും- റിസര്‍വ് ബാങ്കും തമ്മിലുളള അധികാര തര്‍ക്കം തുടരുന്നതിനിടെ ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന പണനയ സമിതി യോഗം ഏറെ നിര്‍ണ്ണായകമാണ്. 
 

Follow Us:
Download App:
  • android
  • ios